Tuesday, July 28, 2009

ഇന്നത്തെ ഈസോപ്പ്

132.പൂജാവിഗ്രഹം

ഒരാൾ ഒരു ദാരുവിഗ്രഹം വച്ചു പൂജിച്ചിരുന്നു. തനിക്ക്‌ എല്ലാ ഐശ്വര്യങ്ങളും തരണേയെന്ന്‌ എല്ലാദിവസവും അയാൾ അതിനോടു പ്രാർഥിക്കും. പക്ഷേ ആ നിർഭാഗ്യവാന്റെ ദാരിദ്ര്യം ഒഴിഞ്ഞുപോയില്ല. ഒരു ദിവസം അയാൾ ദേഷ്യം പിടിച്ച്‌ വിഗ്രഹമെടുത്ത്‌ തറയിലേക്കെറിഞ്ഞു. വിഗ്രഹം രണ്ടായി മുറിഞ്ഞുവീണു; അതിൽ നിന്നു പുറത്തേക്കു ചിതറിയതോ സ്വർണനാണയങ്ങളും!
i066_th

133. കൃഷിക്കാരനും വാനമ്പാടിയും

രാത്രി മുഴുവൻ വാനമ്പാടിയുടെ പാട്ടുകേട്ടുകിടന്ന ഒരു കൃഷിക്കാരൻ പിറ്റേന്നു രാത്രി കെണിവച്ച്‌ അതിനെ പിടിച്ചു. 'ഇനി മുതൽ നീ എനിക്കു വേണ്ടി പാടണം,' അയാൾ അതിനോടു പറഞ്ഞു. 'ഞങ്ങൾ വാനമ്പാടികൾ കൂട്ടിൽക്കിടന്നു പാടാറില്ല,' കിളി പറഞ്ഞു. 'എന്നാൽ ഞാൻ നിന്നെ തിന്നാൻ പോവുകയാണ്‌,' കൃഷിക്കാരൻ ഭീഷണിപ്പെടുത്തി .'പൊരിച്ച വാനമ്പാടികൾക്ക്‌ നല്ല രുചിയാണെന്നാണു ഞാൻ കേട്ടിരിക്കുന്നത്‌.' 'എന്നെ കൊല്ലരുതേ,' കിളി അപേക്ഷിച്ചു .'എന്നെ കൊല്ലാതെവിട്ടാൽ എന്റെയീ പാവം ശരീരത്തെക്കാൾ വിലയേറിയ മൂന്നു കാര്യങ്ങൾ ഞാൻ പറഞ്ഞുതരാം.' കൃഷിക്കാരൻ അതുകേട്ട്‌ വാനമ്പാടിയെ വിട്ടയച്ചു; അവൾ ഒരു മരത്തിന്റെ കൊമ്പത്തു പറന്നുചെന്നിരുന്നിട്ട്‌ ഇങ്ങനെ പറഞ്ഞു: 'ഒരിക്കലും ഒരു തടവുകാരന്റെ വാഗ്ദാനങ്ങൾ വിശ്വസിച്ചുപോകരുത്‌; അതാണ്‌ ഒന്നാമത്തെ കാര്യം. അടുത്തതിതാണ്‌: ഉള്ളതു കളയരുത്‌. മൂന്നാമത്തെ ഉപദേശം കേൾക്കുക: നഷ്ടമായതിനെച്ചൊല്ലി ഖേദിക്കരുത്‌.' എന്നിട്ടു വാനമ്പാടി പറന്നും പോയി.
i040_th

134. തലച്ചോറില്ലാത്ത കഴുത

രണ്ടു കുടുംബങ്ങൾക്കും തമ്മിൽ വിവാഹബന്ധമായിക്കൂടേ എന്നു ചോദിച്ചുകൊണ്ട്‌ സിംഹം കഴുതയ്ക്ക്‌ കത്തു കൊടുത്തയച്ചു: അതു കുറുക്കന്റെ ബുദ്ധിയായിരുന്നു. രാജകുടുംബത്തിൽ ചാർച്ചക്കാരനാവുന്നതു കേമമായിക്കണ്ട കഴുത നിശ്ചയിച്ച സ്ഥലത്ത്‌ സിംഹത്തെ കാണാൻ ചെന്നു. സിംഹം ഒറ്റയടിക്ക്‌ കഴുതയുടെ കഥ കഴിച്ചു; എന്നിട്ട്‌ കുറുക്കനോടു പറഞ്ഞു: 'നമ്മുടെ അത്താഴം ശരിയായി. ഞാനൊന്നു തല ചായ്ച്ചിട്ടു വരാം. ഇതിൽ തൊട്ടുപോയാൽ നിന്റെ കുരലു ഞാനെടുക്കും.' സിംഹം ഉറങ്ങാൻ പോയപ്പോൾ കുറുക്കൻ കാത്തിരുന്നു; പക്ഷേ ഏറെ നേരം കഴിഞ്ഞിട്ടും സിംഹത്തെ കാണാതായപ്പോൾ അവന്റെ ക്ഷമ നശിച്ചു. അവൻ ധൈര്യത്തിന്‌ കഴുതയുടെ തല പൊട്ടിച്ച്‌ തലച്ചോറെടുത്തു തിന്നു. അൽപനേരം കഴിഞ്ഞ്‌ സിംഹം അത്താഴം കഴിക്കാനെത്തി; കഴുതക്കു തലച്ചോറില്ലാത്തതു ശ്രദ്ധയിൽപ്പെട്ടപ്പോൾ അവൻ കുറുക്കനെ വിരട്ടി; 'ഇവന്റെ തലച്ചോറെവിടെപ്പോയി?' 'തലച്ചോറോ തമ്പുരാനേ! അതുണ്ടായിരുന്നെങ്കിൽ ഇവൻ അങ്ങയുടെ കെണിയിൽ വന്നു വീഴുമായിരുന്നോ?'

135. മൂഷികസ്ത്രീ

ജീവികൾക്കു പ്രകൃതി പകരുമോയെന്ന കാര്യത്തിൽ പണ്ടൊരിക്കൽ ദേവകൾക്കിടയിൽ വലിയ തർക്കമായി. അങ്ങനെ സംഭവിക്കാമെന്ന്‌ ജൂപ്പിറ്റർ വാദിച്ചപ്പോൾ ഒരിക്കലുമില്ലെന്ന്‌ വീനസ്‌ തർക്കിച്ചു. എങ്കിൽ അതൊന്നു തീരുമാനമാക്കാമെന്നു പറഞ്ഞുകൊണ്ട്‌ ജൂപ്പിറ്റർ ഒരു പൂച്ചയെ മനുഷ്യസ്ത്രീയാക്കി മാറ്റി അവളെ ഒരു യുവാവിനു വിവാഹം ചെയ്തു കൊടുത്തു. ചടങ്ങു കഴിഞ്ഞ്‌ നവദമ്പതികൾ വിരുന്നിനിരുന്നു. 'കണ്ടോ?,' ജൂപ്പിറ്റർ വീനസിനോടു ചോദിച്ചു.'എന്തു യോഗ്യമായിട്ടാണവൾ പെരുമാറുന്നത്‌. ഇന്നലെ വരെ അവൾ ഒരു പൂച്ചയായിരുന്നെവെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? അവളുടെ സ്വഭാവം ശരിക്കും മാറി.' 'ഒന്നു നിൽക്കണേ,' എന്നു പറഞ്ഞുകൊണ്ട്‌ വീനസ്‌ ഒരു പൂച്ചയെ കല്യാണപ്പന്തലിനുള്ളിലേക്കു കടത്തിവിട്ടു. പൂച്ചയെ കാണേണ്ട താമസം വധു ചാടിയെഴുന്നേറ്റ്‌ അതിന്റെ പിന്നാലെ ഓടി. 'ഞാനെന്താ പറഞ്ഞത്‌?' വീനസ്‌ ചോദിച്ചു

.'വാസന നശിക്കില്ല.'
image28

136. തടവിലായ കുഴലൂത്തുകാരൻ

യുദ്ധം നടക്കുന്നതിനിടയിൽ ഒരു പക്ഷത്തെ കുഴലൂത്തുകാരൻ മറുപക്ഷത്തിന്റെ പിടിയിൽപ്പെട്ടു. അവർ അയാളെ കൊല്ലാൻ തീരുമാനിച്ചു. തന്നെ കൊല്ലുന്നതു നീതിയല്ലെന്ന്‌ കുഴലൂത്തുകാരൻ വാദിച്ചു. 'ഞാൻ യുദ്ധത്തിലൊന്നും പങ്കെടുത്തില്ല. എന്റെ കൈയ്യിൽ ഒരായുധം പോലുമില്ല; ഞാൻ വെറുതെ കുഴലു വിളിക്കുന്നതേയുള്ളു; അതുകൊണ്ട്‌ നിങ്ങൾക്കു യാതൊന്നും പറ്റാനും പോകുന്നില്ല. എന്നിട്ടും എന്തിനാണെന്നെ കൊല്ലുന്നത്‌?' 'നീ യുദ്ധം ചെയ്യുന്നില്ലെന്നു പറയുന്നതു ശരിയാണെന്നു സമ്മതിച്ചു,' അവർ പറഞ്ഞു.'പക്ഷേ നിന്റെ കുഴൽവിളി കേട്ടിട്ടാണ്‌ മറ്റുള്ളവർ യുദ്ധത്തിലേക്കെടുത്തുചാടുന്നത്‌.'

യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കുന്നവരെക്കാൾ അവരെ അതിലേക്കു തള്ളിവിടുന്നവരെയാണ്‌ ശിക്ഷിക്കേണ്ടത്‌.

137. പൂച്ചയും പിടക്കോഴിയും

പിടക്കോഴി കിടപ്പിലാണെന്നറിഞ്ഞ്‌ പൂച്ച സുഖാന്വേഷണത്തിനു ചെന്നു .'എങ്ങനെയുണ്ടു കൊച്ചുപെണ്ണേ? പേടിക്കാനൊന്നുമില്ല കേട്ടോ? അസുഖമൊക്കെ പെട്ടെന്നു മാറിക്കോളും. എന്താ വേണ്ടതെന്നു വച്ചാൽ എന്നോടു പറഞ്ഞാൽ മതി; ഞാൻ എവിടുന്നെങ്കിലും ശരിപ്പെടുത്തിക്കൊണ്ടുവരാം.' 'വളരെ ഉപകാരം,' പിടക്കോഴി പറഞ്ഞു .'ഇനിയൊന്നു പോയാട്ടെ. എന്റെ അസുഖം താനേ മാറിക്കോളും; എനിക്കതിൽ പേടിയൊന്നുമില്ല.'

വിളിക്കാതെ വരുന്നവരെ ഇറക്കിവിടണം.

138. കൊമ്പു ചോദിച്ച ഒട്ടകം

മിക്ക മൃഗങ്ങൾക്കും കൊമ്പുള്ളപ്പോൾ തനിക്കു മാത്രം കൊമ്പില്ലാത്തതു സങ്കടമാണെന്നു പറഞ്ഞുകൊണ്ട്‌ ഒട്ടകം ജൂപ്പിറ്റർദേവനെച്ചെന്നുകണ്ടു. അവന്റെ അലട്ടൽ കൊണ്ട്‌ അരിശം മൂത്ത ദേവനാവട്ടെ, അവനു കൊമ്പു കൊടുത്തതുമില്ല, ചെവി കത്രിച്ചുകളയുകയും ചെയ്തു.

വേണ്ടതിലധികം വേണമെന്നാഗ്രഹിക്കുമ്പോൾ ഉള്ളതുകൂടി ഇല്ലാതെപോകും.

139.ഡോൾഫിനും മത്തിയും

പണ്ടൊരിക്കൽ ഡോൾഫിനുകളും തിമിംഗലങ്ങളും തമ്മിൽ വലിയൊരു പോരു നടന്നു. യുദ്ധം മൂർച്ഛിച്ചുനിൽക്കുമ്പോൾ ഒരു ചെറുമത്തി മാദ്ധ്യസ്ഥം പിടിക്കാൻ ചെന്നു. ഇതു കണ്ട്‌ ഡോൾഫിൻപക്ഷത്തുനിന്ന്‌ ഒരാൾ ഇങ്ങനെ വിളിച്ചൂപറഞ്ഞു: 'താനൊന്നു പോയാട്ടെ. തന്റെ മദ്ധ്യസ്ഥതയിൽ രാജിയാവുന്നതിനെക്കാൾ മാനം ഈ യുദ്ധത്തിൽ മരിച്ചുവീഴുന്നതാണ്‌.'
image78

140. കുരുടനും ചെന്നായ്ക്കുട്ടിയും

തന്റെ കൈയിൽ വച്ചുകൊടുക്കുന്ന ഏതൊരു ജന്തുവിനേയും ത്‌ഒട്ടറിയാൻ വൈദഗ്ധ്യമുള്ള ഒരു കുരുടനുണ്ടായിരുന്നു. ഒരിക്കൽ ആളുകൾ അയാളുടെ മടിയിൽ ഒരു ചെന്നായ്ക്കുട്ടിയെ വച്ചുകൊടുത്തു. അയാൾ അതിനെ അടിമുടി തൊട്ടുനോക്കിയിട്ട്‌ അൽപം സംശയത്തോടെ ഇങ്ങനെ അഭിപ്രായപ്പെട്ടു; 'നിന്റെ തന്ത നായയാണോ ചെന്നായയാണോ എനിക്കു നല്ല തീർച്ചയില്ല. പക്ഷേ ഒന്നു ഞാൻ പറയാം, ഒരാട്ടിൻപറ്റത്തിനിടയിൽ നിന്നെക്കണ്ടാൽ സംശയിക്കണം.'

ദു:സ്വഭാവങ്ങൾ ചെറുതിലേ വെളിപ്പെടും.
183-1

141.പുരപ്പുറത്തു കയറിയ കഴുത

ഒരിക്കൽ ഒരു കഴുത പുരപ്പുറത്തു കയറി ഓടിക്കളിക്കാൻ തുടങ്ങി. കളികൂടി മേച്ചിലോടുകൾ തകരാൻ തുടങ്ങിയപ്പോൾ നാട്ടുകാർ ഓടിക്കൂടി അവനെ തല്ലിത്താഴെയിറക്കി. കഴുത പരിഭവിച്ചു: 'ഇതു കൊള്ളാം; ഇന്നലെ ഒരു കുരങ്ങൻ പുറപ്പുറത്തു കയറി കാട്ടിക്കൂട്ടി യതൊക്കെവലിയ തമാശ പോലെ നിങ്ങൾ കണ്ടുനിൽക്കുകയായിരുന്നല്ലോ!'

ഇരിക്കേണ്ടിടത്തിരിക്കാത്തവനെ അടിച്ചിരുത്തണം.

No comments: