Friday, July 10, 2009

ഇന്നത്തെ ഈസോപ്പ്‌

image2

47. പ്രേമത്തിൽപ്പെട്ട സിംഹം

വളരെക്കാലം മുമ്പ്‌ സിംഹത്തിന്‌ ഒരു മരംവെട്ടിയുടെ മകളോടു സ്നേഹമായി. അവൻ അയാളെ ചെന്നുകണ്ട്‌ മകളെ തനിക്കു വിവാഹം കഴിച്ചുതരാൻ ആവശ്യപ്പെട്ടു. മരം വെട്ടിയ്ക്ക്‌ അതത്ര ബോധ്യമായില്ല; അപകടം പിടിച്ച ആ വിവാഹബന്ധം തന്റെ മകൾക്കു വേണ്ടെന്ന്‌ അയാൾ സിംഹത്തോടു പറഞ്ഞു. പക്ഷേ സിംഹം തന്റെ അസംതുഷ്ടി പ്രകടമാക്കുകയും ആ പാവത്തെ ഭീഷണിപ്പെടുത്തുകയും ചെയത്പ്പോൾ ശക്തനായ ആ മൃഗത്തെ പിണക്കിവിടുന്നതിലെ അപകടം അയാൾ കണ്ടു; ഒടുവിൽ അയാൾ ഒരുപായം കണ്ടുപിടിച്ചു. 'അവിടുന്ന്‌ എന്റെ മകളെ വിവാഹം കഴിക്കാമെന്നു പറഞ്ഞത്‌ അവിടുത്തെ മഹാമനസ്കത തന്നെ,' മരംവെട്ടി പറഞ്ഞു. 'എന്നാലും തിരുമനസ്സേ, എത്ര വലിയ പല്ലുകളാണങ്ങയുടേത്‌! നഖങ്ങൾ എത്ര നീണ്ടവ! ഒരു കൊച്ചുപെൺകുട്ടി ഇതൊക്കെക്കണ്ടാൽ പേടിക്കാതിരിക്കുമോ? അവിടുന്ന്‌ ആ പല്ലുകളൊക്കെ പറിച്ച്‌, നഖങ്ങളും പിഴുതുകളഞ്ഞിട്ടു വന്നാൽ ഞാൻ എന്റെ മകളെ തീർച്ചയായും അങ്ങയ്ക്കുതന്നെ തരാം.' ഒക്കെ സമ്മതിച്ച സിംഹം (പ്രേമത്തിന്റെ പേരിൽ ആരെന്തുതന്നെ ചെയ്യില്ല?) പറഞ്ഞപോലെയൊക്കെ ചെയ്തിട്ട്‌ വീണ്ടും മരംവെട്ടിയെ ചെന്നുകണ്ട്‌ തന്നെ ജാമാതാവായി സ്വീകരിക്കാൻ പറഞ്ഞു. പക്ഷേ പല്ലും നഖവും പോയ ഒരു ജന്തുവിനെ മരംവെട്ടി എന്തിനു ഭയക്കണം? അയാൾ ഒരു മുട്ടൻ വടിയെടുത്ത്‌ ആ വിഡ്ഢിയെ തല്ലിയോടിച്ചു.

image5

49. കലമാനും കുതിരയും


കുതിരയ്ക്കു മേയാൻ സ്വന്തമായിട്ടൊരു പുൽത്തകിടിയുണ്ടായിരുന്നു; പക്ഷേ ഒരു കലമാൻ വന്നുകേറി അതു ചവിട്ടിനശിപ്പിച്ചുകളഞ്ഞു. അവനോട്‌ എങ്ങനെയെങ്കിലും പകവീട്ടണമെന്ന വൈരാഗ്യബുദ്ധി മനസ്സിൽ വച്ചുകൊണ്ടുനടന്ന കുതിര മനുഷ്യനെ കണ്ടപ്പോൾ തന്നെ സഹായിക്കാമോയെന്നു ചോദിച്ചു. 'സഹായിക്കാം,' മനുഷ്യൻ പറഞ്ഞു. 'പക്ഷേ ഞാൻ നിനക്കു കടിഞ്ഞാണിടും; നിന്റെ പുറത്തു കേറാൻ എന്നെ സമ്മതിക്കുകയും വേണം. എങ്കിൽ കലമാനെ ശിക്ഷിക്കാനുള്ള ആയുധം ഞാൻ കണ്ടുപിടിയ്ക്കാം.' കുതിര എല്ലാം സമ്മതിച്ചു; മനുഷ്യൻ അവന്റെ പുറത്തുകേറുകയും ചെയ്തു. പക്ഷേ അന്നു മുതൽ അവൻ മനുഷ്യന്റെ അടിമയാവുകയാണുണ്ടായത്‌; അവന്റെ പ്രതികാരം ഒട്ടു നടന്നതുമില്ല.

പ്രതികാരത്തിനു വില സ്വാതന്ത്ര്യമാണെന്നു വന്നാൽ അതൊരു നഷ്ടക്കച്ചവടമാണ്‌.

image163

51. കള്ളനും അവന്റെ അമ്മയും

ഒരു വിദ്യാർത്ഥി തന്റെ സഹപാഠിയുടെ പുസ്തകം മോഷ്ടിച്ച്‌ അമ്മയ്ക്കു കൊണ്ടുവന്നു കൊടുത്തു. അവരാവട്ടെ, അവനെ ശിക്ഷിക്കുന്നതിനു പകരം പ്രോത്സാഹിപ്പിക്കുകയാണു ചെയ്തത്‌. കാലം ചെന്നതോടെ അവൻ വലിയൊരു കള്ളനായി മാറി; ഒടുവിൽ അവൻ പിടിയിലാവുകയും ചെയ്തു. കോടതി കൂടി അവനെ കൊല്ലാൻ വിധിച്ചു. കൊലമരത്തിലേക്കു കൊണ്ടുപോകുംവഴി ആൾക്കൂട്ടത്തിനിടയിൽ തന്റെ അമ്മ നിൽക്കുന്നത്‌ കള്ളൻ കണ്ടു. മാറത്തടിച്ചു നിലവിളിക്കുകയാണവർ. അമ്മയോട്‌ രണ്ടു വാക്കു സംസാരിക്കാൻ തന്നെ അനുവദിക്കണമെന്ന കള്ളന്റെ അപേക്ഷ അധികാരികൾ അനുവദിച്ചുകൊടുത്തു. അവർ വ്യഗ്രതയോടെ അടുത്തുവന്ന്‌ അവൻ പറയുന്നതു കേൾക്കാൻ ചെവിയടുപ്പിച്ചപ്പോൾ അവൻ ഒറ്റക്കടിക്ക്‌ അവരുടെ കാതു കടിച്ചെടുക്കുകയാണു ചെയ്തത്‌. അവർ അലറിക്കരഞ്ഞപ്പോൾ ചുറ്റും കൂടിയവർ ഇങ്ങനെയുമുണ്ടോ ഒരു മകൻ എന്നു പറഞ്ഞ്‌ അവനെ ഭത്സിച്ചു. അപ്പോ ൾ കള്ളൻ തിരിഞ്ഞുനിന്നു പറഞ്ഞതിതാണ്‌: 'അവർ കാരണമാണ്‌ ഞാൻ നശിച്ചത്‌! അന്നു ഞാൻ പുസ്തകം മോഷ്ടിച്ചുകൊണ്ടുചെന്നു കൊടുത്തപ്പോൾ അവരെന്നെ പിടിച്ചുകെട്ടി തല്ലിയിരുന്നെങ്കിൽ ഞാനിങ്ങനെ വഴിപിഴച്ചു പോകുമായിരുന്നില്ല; ഞാനിങ്ങനെ മരിക്കേണ്ടിയും വരുമായിരുന്നില്ല.'

തിന്മയെ മുളയിലേ നുള്ളണം.
image34

52. ഈറ്റയും തേക്കും

കൊടുംകാറ്റിൽ കടപുഴകിയ ഒരു തേക്കുമരം പുഴയിലൂടൊഴുകി ഈറ്റ വളർന്നുനിൽക്കുന്ന കരയ്ക്കടിഞ്ഞു. തന്നെപ്പോലെ കരുത്തുറ്റ ഒരു വന്മരത്തെപ്പോലും കടപുഴക്കിയ കൊടുംകാറ്റിനു മുന്നിൽ ഈ നിസ്സാരജീവികൾ എങ്ങനെ പിടിച്ചുനിന്നുവെന്നോർത്ത്‌ തേക്കുമരം വിസ്മയം പൂണ്ടു. 'അതിൽ അത്ഭുതപ്പെടാനൊന്നുമില്ല,' ഈറ്റകൾ പറഞ്ഞു. 'കൊടുംകാറ്റിനോട്‌ എതിർത്തുനിന്നതു കൊണ്ടാണ്‌ അങ്ങു നിലംപറ്റിയത്‌. ഞങ്ങളാവട്ടെ, ഏതിളംകാറ്റിനും തല കുനിച്ചുകൊടുത്ത്‌ അതിജീവിക്കുന്നു.'
030-1

53. പുൽത്തൊട്ടിയിലെ നായ

ഒരു നായ തൊഴുത്തിലെ പുൽത്തൊട്ടിയിൽ ചെന്നു കിടപ്പായി; കുതിരകൾ പുല്ലു തിന്നാൻ ചെല്ലുമ്പോൾ പല്ലിളിച്ചുകാട്ടിയും മുരണ്ടും അവൻ അവരെ ഭീഷണിപ്പെടുത്തി. ' ആ നശിച്ച നായയെ നോക്ക്‌!' ഒരു കുതിര പറയുകയായിരുന്നു. 'അവൻ പുല്ലു തിന്നില്ല; മറ്റുള്ളവർ പുല്ലു തിന്നാനൊട്ടു സമ്മതിക്കുകയുമില്ല.'

നമുക്കനുഭവിക്കാൻ യോഗമില്ലാത്തത്‌ മറ്റൊരാൾ അനുഭവിക്കുന്നതിന്‌ നാം തടസ്സം നിൽക്കരുത്‌.

No comments: