Sunday, July 12, 2009

ഇന്നത്തെ ഈസോപ്പ്

183-2

60. കഴുതയും കോഴിയും സിംഹവും

കഴുതയും പൂവൻകോഴിയും ഒരേ കൃഷിക്കളത്തിലെ താമസക്കാരായിരുന്നു. വിശന്നുവലഞ്ഞ ഒരു സിംഹം അതുവഴി പോകുമ്പോൾ തടിച്ചുകൊഴുത്തു നിൽക്കുന്ന കഴുതയെ കണ്ട്‌ അവനെ തട്ടാമെന്നു തീരുമാനിച്ചു. കോഴിയുടെ കൂവൽ പോലെ സിംഹത്തെ ഈറ പിടിപ്പി ക്കുന്ന മറ്റൊരു സംഗതിയില്ലെന്നാണു പറയുക. ഭാഗ്യത്തിന്‌ കോഴിക്കു കൂവാൻ തോന്നിയത്‌ ആ നേരത്താണ്‌. അതു കേട്ട സിംഹം ഒറ്റയോട്ടം വച്ചുകൊടുത്തു. വെറുമൊരു പക്ഷിക്ക്‌ ഒരു സിംഹത്തെ വിരട്ടിയോടിക്കാൻ കഴിയുമെങ്കിൽ തനിക്കും അതെന്തു കൊണ്ടായിക്കൂടാ എന്നാലോചിച്ചു രസം കേറിയ കഴുതയാവട്ടെ, ധൈര്യം സംഭരിച്ച്‌ സിംഹത്തിന്റെ പിന്നാലെ കുതിച്ചുചെന്നു; താൻ മൃഗങ്ങളുടെ രാജാവിനെ തുരത്തിയോടിക്കുകയാണെന്നായിരുന്നു അവന്റെ ഭാവം. പക്ഷേ അധികമങ്ങോട്ടു ചെന്നില്ല, സിംഹം വെട്ടിത്തിരിഞ്ഞുനിന്നു; എന്നിട്ട്‌ ആ കഴുതയുടെ മേൽ ചാടിവീണ്‌ നിമിഷനേരത്തിൽ അവന്റെ കഥ കഴിക്കുകയും ചെയ്തു.

അറിവില്ലായ്മയിൽ നിന്നു മുളപൊട്ടുന്ന അഹംഭാവം നാശത്തിലാണവസാനിക്കുക.
i074_th

61. ദീനക്കാരനായ സിംഹം

സിംഹത്തിനു പ്രായമായപ്പോൾ ആരോഗ്യമൊക്കെ ക്ഷയിച്ച്‌ ഇരതേടി പുറത്തേക്കിറങ്ങാനൊന്നും പറ്റാതെയായി. ശ്വാസമെടുക്കാൻ പോലും വിഷമിച്ചുകൊണ്ട്‌ മടയ്ക്കുള്ളിൽ കിടപ്പായി അവൻ. പക്ഷേ താൻ സുഖമില്ലാതെ കിടക്കുകയാണെന്നുള്ള വിവരം അവൻ എങ്ങനെയോ കാട്ടിലെത്തിച്ചിരുന്നു. അവന്റെ ദയനീയാവസ്ഥയിൽ സഹതാപം തോന്നിയ മൃഗങ്ങൾ അവനെ കാണാൻ ചെന്നു. ഓരോരുത്തരായി ഗു‍ഹയ്ക്കുള്ളിൽ കയറുന്ന ആ പാവങ്ങളെ അവൻ നിഷ്പ്രയാസം കീഴ്പ്പെടുത്തി തന്റെ ഭക്ഷണമാക്കി. അവൻ അങ്ങനെ തടിച്ചുകൊഴുക്കുകയായിരുന്നു. കുറുക്കനു പക്ഷേ എന്തോ കള്ളക്കളി മണത്തു. അവൻ ഒരു ദിവസം സിംഹത്തിന്റെ രോഗം അന്വേഷിക്കാൻ ചെന്നു. കുറെ ദൂരെ മാറിനിന്നുകൊണ്ട്‌ തിരുമനസ്സിനെങ്ങനെയുണ്ടെന്ന്‌ അവൻ ചോദിച്ചു. 'അല്ലാ, ഇതാര്‌,എന്റെ ചങ്ങാതിയോ!' സിംഹം മധുരംകൂട്ടി വിളിച്ചു. 'എന്താ താനിത്ര ദൂരെ മാറി നിന്നു കളഞ്ഞത്‌? അടുത്തുവാ ചങ്ങാതീ, ഇനി അധികനാളില്ലാത്ത ഈ കിഴവന്റെ ചെകിട്ടിൽ എന്തെങ്കിലുമൊന്നു പറ ഞ്ഞാട്ടെ.' 'ക്ഷമിക്കണം തിരുമനസ്സേ,' കുറുക്കൻ പറഞ്ഞു. 'സത്യം പറയാമല്ലോ, ഇവിടുത്തെ കാൽപ്പാടുകൾ കണ്ടിട്ട്‌ എന്റെ മനസ്സിനൊരു വല്ലായ്മ. ഒക്കെ ഗുഹയുടെയുള്ളിലേക്കു പോകുന്നതേയുള്ളു; ഒന്നും പുറത്തേക്കു വരുന്നതായി ഞാൻ കാണുന്നില്ലല്ലോ!'

പുറത്തേക്കൊരു വഴി കണ്ടിട്ടല്ലാതെ ഒന്നിലും ചെന്നു ചാടരുത്‌.

i068_th

62. സിംഹവും മൂന്നു കാളകളും

വലിയ ചങ്ങാതിമാരായ മൂന്നു കാളക്കൂറ്റന്മാർ ഒരേ പാടത്തു തന്നെയാണ്‌ പുല്ലു മേഞ്ഞിരുന്നതും. അവരെ വീഴ്ത്താൻ കച്ചകെട്ടിയിറങ്ങിയ സിംഹത്തിനു പക്ഷേ, അവർ ഒരുമിച്ചുനിൽക്കുന്നിടത്തോളം കാലം തന്റെ പരിപാടി നടക്കാൻ പോകുന്നില്ലെന്നു ബോധ്യമായി. അവരെ തമ്മിൽ പിരിക്കാൻ അവനൊരു വിദ്യ കണ്ടു. ഒരാൾ മറ്റൊരാളെക്കുറിച്ചു പരദൂഷണം പറയുന്നതായി അവൻ പറഞ്ഞുപരത്തി. ഒടുവിൽ കാളകൾക്കിടയിൽ അസൂയയും അവിശ്വാസവും ഉടലെടുത്തു. അങ്ങനെ അവർ തമ്മിൽപ്പിരിഞ്ഞ്‌ ഒറ്റയ്ക്കൊറ്റയ്ക്കു നിന്നു മേയുന്നതു കാണേണ്ട താമസം, സിംഹം മൂന്നിനേയും അനായാസം തന്റെ തീറ്റയാക്കി.

ഒന്നിച്ചുനിന്നവർ ഭിന്നിച്ചാൽ വീഴും.

i045_th

63. വൃദ്ധനായ സിംഹം

പ്രായം കൊണ്ടവശനായ സിംഹം എഴുന്നേൽക്കാനാവതില്ലാതെ, മരണവും പ്രതീക്ഷിച്ച്‌ കൈയും കാലും നീട്ടി നിലത്തുകിടക്കുകയായിരുന്നു. പഴയൊരു പക മനസ്സിൽ വച്ചു കൊണ്ടുനടന്ന ഒരു കാട്ടുപന്നി അടുത്തുചെന്ന്‌ തേറ്റകൾ കൊണ്ട്‌ സിംഹത്തെ ആക്രമിച്ചു. അവന്റെ ഊഴം കഴിഞ്ഞപ്പോൾ ഒരു കാളക്കൂറ്റൻ കൊമ്പുകൾ കൊണ്ട്‌ അവനെ കുത്തി തന്റെ വൈരാഗ്യം തീർത്തു. അപ്പോഴാണ്‌ കഴുതയുടെ വരവ്‌. സിംഹം തിരിച്ചൊന്നും ചെയ്യില്ലെന്നു ബോധ്യമായ കഴുത തന്റെ വിദ്വേഷം കാണിക്കാനായി അവന്റെ മുഖത്തിട്ട്‌ ഒരു തൊഴി കൊടുത്തു. മരണമടുത്ത സിംഹം അപ്പോൾ കഴുതയോടു വിളിച്ചുപറഞ്ഞു, 'ബലവാന്മാരുടെ അധിക്ഷേപങ്ങൾ, വേദനിപ്പിച്ചെങ്കിലും എനിക്കു സഹിക്കാൻ പറ്റി. പക്ഷേ പ്രകൃതിക്കു തന്നെ അപമാനമായ നിന്നെപ്പോലൊരു ഹീനജന്തുവിന്റെ അവമതി സഹി ക്കേണ്ടിവരുന്നത്‌ രണ്ടാമതൊരു മരണം പോലെയാണ്‌.'

64. ചെന്നായയും ആട്ടിടയന്മാരും

ചെന്നായ കുടിലിനുള്ളിലേക്കൊളിഞ്ഞുനോക്കിയപ്പോൾ കുറേ ആട്ടിടയന്മാർ ആട്ടിറച്ചിയും നിന്ന്‌ സുഖമായിട്ടിരിക്കുന്നതു കണ്ടു. 'ഞാൻ ഇങ്ങനെയൊരത്താഴം കഴിക്കുന്നത്‌ ഇവരുടെ കണ്ണിൽപ്പെട്ടിരുന്നെങ്കിൽ ഇവരെന്നെ നരകം കാണിച്ചേനെ,' ചെന്നായ ആരോടുമല്ലാതെ പറഞ്ഞു.

തങ്ങൾ ചെയ്യുന്ന തെറ്റുകൾ മറ്റുള്ളവർ ചെയ്തു കണ്ടാലെ ചിലർക്കു കണ്ണിൽപ്പെടൂ.

i029_th

65. കാക്കയും അരയന്നവും

അരയന്നത്തിന്റെ തൂവെള്ളത്തൂവലുകൾ കണ്ടിട്ട്‌ കാക്കയ്ക്കു സഹിച്ചില്ല. വെള്ളത്തിൽ കഴിയുന്നതുകൊണ്ടാണ്‌ അതിനിത്ര ചന്തം വന്നതെന്നായി അവന്റെ ചിന്ത. അങ്ങനെ താൻ ഇത്രനാൾ ഉച്ഛിഷ്ടം തിന്നു ജീവിച്ച ബലിപീഠങ്ങൾ ഉപേക്ഷിച്ച്‌ കാക്ക അരുവികളും കുളങ്ങളും തേടിപ്പോയി. പക്ഷേ വെള്ളത്തിൽത്തന്നെ കഴിഞ്ഞിട്ടും എത്ര തേച്ചുകുളിച്ചിട്ടും കറുപ്പിനൊരു കുറവും കണ്ടില്ല. എന്നിട്ടൊടുവിൽ ആഹാരം കിട്ടാതെ അവൻ ചത്തു പോവുകയും ചെയ്തു.

മാറിയിരുന്നാൽ ആളു മാറുമോ?
i034_th

66. കുറുക്കനും കാട്ടുപന്നിയും

കാട്ടുപന്നി മരത്തിന്മേലുരച്ച്‌ തേറ്റ മൂർച്ച കൂട്ടുന്നതിനിടയിൽ അതുവഴി വന്ന കുറുക്കൻ ഇതെന്തു പണിയാണെന്നന്വേഷിച്ചു. 'ഇപ്പോഴിതിന്റെ ആവശ്യമെന്താ?' കുറുക്കൻ ചോദിച്ചു. 'നായ്ക്കളെയും കാണാനില്ല, നായാട്ടുകാരെയും കാണാനില്ല. ഞാൻ നോക്കിയിട്ട്‌ ഒരപകടവും കാണുന്നില്ല.' 'അതൊക്കെ ശരിയാണ്‌,' കാട്ടുപന്നി പറഞ്ഞു. 'പക്ഷേ അപകടം വരുന്ന സമയത്ത്‌ തേറ്റ മൂർച്ച കൂട്ടുന്ന കാര്യമായിരിക്കില്ല എന്റെ മനസ്സിൽ.'

വാളൂരേണ്ട നേരത്ത്‌ വാളു മൂർച്ച കൂട്ടാൻ നിന്നാൽ വൈകിപ്പോകും.

No comments: