39. ചെന്നായയും ആട്ടിൻകുട്ടിയും
അരുവിയിൽ വെള്ളം കുടിച്ചുകൊണ്ടുനിൽക്കുമ്പോൾ കുറേ താഴെയായി ഒറ്റതിരിഞ്ഞ് ഒരാട്ടിൻകുട്ടി നിൽക്കുന്നത് ചെന്നായയുടെ കണ്ണിൽപ്പെട്ടു. അതിനെ ശാപ്പിടാൻ അവൻ തീർച്ചയാക്കി; എന്നാലും പറയാൻ ഒരു ന്യായം വേണമല്ലോ. 'ഫ, തെമ്മാടീ!' അതിനടുത്തേക്കോടിച്ചെന്നുകൊണ്ട് അവൻ അലറി. 'ഞാൻ കുടിക്കുന്ന വെള്ളം കലക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നു!' 'അയ്യോ, യജമാനനേ,' ആട്ടിൻകുട്ടി വളരെ താഴ്മയായി പറഞ്ഞു, 'അങ്ങു മുകളിലല്ലേ വെള്ളം കുടിച്ചുകൊണ്ടുനിന്നത്; ഞാനിങ്ങു താഴെയായിരുന്നു. പിന്നെങ്ങനെയാണ് ഞാൻ അങ്ങയെ ശല്യപ്പെടുത്തിയതെന്ന് എനിക്കു മനസ്സിലാവുന്നില്ലേ.' 'അതു കള,' ചെന്നായ മറ്റൊരു ന്യായം കണ്ടു. 'കഴിഞ്ഞ കൊല്ലമല്ലേ നീയെന്റെ പിന്നാലെ നടന്ന് എന്നെ പുലഭ്യം പറഞ്ഞത്?' 'അയ്യോ, അങ്ങുന്നേ,' ആ പെരുംനുണ കേട്ട് ആട്ടിൻകുട്ടി പറഞ്ഞു, 'ഞാൻ ജനിച്ചിട്ട് ഒരു കൊല്ലം പോലുമായിട്ടില്ലല്ലോ!' 'ആങ്ങ്‌ഹാ,' ചെന്നായ തറപ്പിച്ചു പറഞ്ഞു, 'നീയല്ലെങ്കിൽ നിന്റെ തള്ളയായിരിക്കും; രണ്ടായാലും എനിക്കൊന്നുതന്നെ. പിന്നെ, നീ തർക്കിച്ചാൽ എന്റെ അത്താഴം മുടങ്ങാനും പോകുന്നില്ല.' എന്നിട്ടവൻ ആ പാവം ആട്ടിൻകുട്ടിയുടെ മേൽ ചാടിവീണ് അതിനെ കടിച്ചുകീറി.
സ്വേച്ഛാധിപതികൾ തങ്ങളുടെ ദുഷ്ചെയ്തികൾക്ക് എന്തെങ്കിലുമൊരു ന്യായം കാണും. അതിനാൽ അവരോടു ന്യായവാദം ചെയ്താൽ നീതി ലഭിക്കുമെന്നു കരുതുന്നത് മൗഢ്യമാണ്.
40. തവളയും കാളയും
ചതുപ്പുനിലത്തിൽ കിടന്നു പുളച്ചുമറിയുകയായിരുന്ന തവളക്കുട്ടന്മാർ അതുവഴി മേഞ്ഞു നടന്ന ഒരു കാളക്കൂറ്റന്റെ ചവിട്ടടിയിൽപ്പെട്ടു. കുറേയെണ്ണം ചത്തു; ജീവനും കൊണ്ടു രക്ഷപെട്ട ഒരു തവളക്കുട്ടൻ ഓടിപ്പോയി അമ്മയോട് ആ ദാരുണരംഗത്തെപ്പറ്റി വിവരിച്ചു. 'നാലുകാലുള്ള വലിയൊരു ജന്തുവാണമ്മേ ഈ അക്രമം കാണിച്ചത്!' തള്ളത്തവള ഒരു പൊങ്ങച്ചക്കാരിയായിരുന്നു; എത്ര വലുതും അവൾക്ക് തന്നെക്കാൾ ചെറുതായിരുന്നു. 'വലുതെന്നു വച്ചാൽ? ഇത്രയും വലുതോ?' വായു പിടിച്ച് ശരീരം വീർപ്പിച്ചുകൊണ്ട് അവൾ ചോദിച്ചു. 'ഓ, ഇതൊന്നുമല്ല,' തവളക്കുട്ടൻ പറഞ്ഞു. 'ഇതിനേക്കാൾ എത്രയൊ വലുതാണത്!' 'ഇത്രയും വലുതായിരുന്നോ?' ഒന്നുകൂടി ഊതിപ്പെരുക്കിക്കൊണ്ട് തള്ള ചോദിച്ചു. 'ഇതിലും വലുതായിരുന്നമ്മേ!' മകൻ പറഞ്ഞു. 'എനിക്കു തോന്നുന്നത് അതിന്റെ പാതി വലിപ്പമെത്തുമ്പോഴേക്കും അമ്മയുടെ വയറു പൊട്ടുമെന്നാണ്!' തന്റെ കഴിവിനെ ഇങ്ങനെ കുറച്ചു കണ്ടതിൽ ഈർഷ്യ തോന്നിയ തള്ളത്തവള ഉള്ള ശക്തിയൊക്കെയെടുത്ത് വീണ്ടും വായുപിടിച്ചു നിന്നു; അതോടെ അവൾ വയറു പൊട്ടി ചത്തുമലയ്ക്കുകയും ചെയ്തു.
തനിക്കു പറഞ്ഞിട്ടുള്ളതിൽ ഒതുങ്ങിനിൽക്കുക.
41. മുക്കുവന്റെ സംഗീതം
ഓടക്കുഴൽ വായിക്കാനറിയുന്നൊരു മുക്കുവനുണ്ടായിരുന്നു; വലവീശി മീൻപിടിക്കുന്നതിനേക്കാൾ അയാൾക്കു രസം കടൽക്കരയിലിരുന്ന് ഓടക്കുഴൽ വായിക്കുന്നതിലായിരുന്നു. അങ്ങനെയൊരു ദിവസം കടലിൽ മീൻ കിടന്നുമറിയുന്നത് അയാൾ കണ്ടു; ഉടനേ ഓടക്കുഴലെടുത്ത് വായനയും തുടങ്ങി. സംഗീതം കേട്ട് മീനുകൾ കടലിൽ നിന്നെടുത്തുചാടി തന്റെ വലയിൽ വന്നുവീഴുമെന്നായിരുന്നു അയാളുടെ വിചാരം. പക്ഷേ മീനുകളുണ്ടോ അയാളെ അനുസരിക്കുന്നു! അയാൾക്കാകെ നിരാശയായി. അയാൾ വലയെടുത്ത് കടലിലേക്കെറിഞ്ഞു; നല്ലൊരു കോരാണു കിട്ടിയത്. വല വലിച്ചുകേറ്റിയപ്പോൾ മീനുകൾ കിടന്നു തുള്ളാനും പിടയ്ക്കാനും തുടങ്ങി; അയാൾ അവയെ ശാസിച്ചു: 'ഞാൻ ഓടക്കുഴൽ വായിച്ചപ്പോൾ നിനക്കൊക്കെ ഒന്നു നൃത്തം ചെയ്യാൻ വലിയ പ്രിയമായിരുന്നല്ലോ; ഇനിയിപ്പോൾ ഈ തുള്ളലിൽ ഞാൻ വീഴാനും പോകുന്നില്ല.'
വേണ്ട നേരത്ത് വേണ്ടതു ചെയ്യാനും ഒരു കഴിവു വേണം.
42. കഴുതയുടെ നിഴൽ
വേനൽക്കാലത്തൊരിക്കൽ, നല്ല ചൂടുള്ളൊരു ദിവസം ഒരു യാത്രക്കാരൻ ഏഥൻസിൽ നിന്നു മെഗാറയിലേക്കു പോകാനായി ഒരു കഴുതയെ വാടകയ്ക്കെടുത്തു. ഉച്ചയ്ക്ക് വെയിലിനു കട്ടികൂടിയപ്പോൾ അയാൾ കഴുതപ്പുറത്തു നിന്നിറങ്ങി കഴുതയുടെ നിഴലത്തിരുന്ന് അൽപനേരം വിശ്രമിക്കാമെന്നു കരുതി. പക്ഷേ കഴുത തന്റെയായ സ്ഥിതിയ്ക്ക് അതിന്റെ നിഴൽ വീഴുന്ന സ്ഥലവും തനിക്കുള്ളതാണെന്ന് കഴുതക്കാരൻ തർക്കിച്ചു. 'ഇതെന്തു ന്യായം!' യാത്രക്കാരൻ ഒച്ചവച്ചു. 'കഴുതയെ ഞാൻ വാടകയ്ക്കെടുത്തിരിക്കുകയല്ലേ?' 'അതൊക്കെ ശരി,' കഴുതക്കാരന്റെ മറുപടി ഇങ്ങനെ, 'നിങ്ങൾ കഴുതയെ മാത്രമേ വാടകയ്ക്കെടുത്തിട്ടുള്ളു, കഴുതയുടെ നിഴൽ വാടകയ്ക്കെടുത്തിട്ടില്ല.' അവരിങ്ങനെ വാശിയും തർക്കവുമായി നിൽക്കുമ്പോൾ കഴുത ഇതുതന്നെ തരമെന്നു കണ്ട് ഓടി രക്ഷപെട്ടു.
നിഴലിനെക്കുറിച്ചു തർക്കിക്കാൻ പോയാൽ നിഴലിനു പിന്നിലുള്ളതു കാണാതെ പോകും.
43. എണ്ണയാട്ടുകാരനും മകനും അവരുടെ കഴുതയും
എണ്ണയാട്ടുകാരനും മകനും കൂടി കഴുതയെ വിൽക്കാൻ ചന്തയ്ക്കു പോവുകയായിരുന്നു. അവർ ഏറെ ദൂരം അങ്ങോട്ടു പോയിട്ടില്ല, കുറേ പെൺകുട്ടികൾ എതിരെ വരുന്നതു കണ്ടു. തമാശ പറഞ്ഞും ചിരിച്ചും നല്ല രസത്തിലാണ് അവരുടെ വരവ്; അച്ഛനെയും മകനെയും കണ്ടപ്പോൾ ഒരുത്തി പറഞ്ഞു, 'നോക്കെടീ! കഴുതയുണ്ടായിട്ടും നടന്നുപോകുന്ന മണ്ടന്മാരെ നീ കണ്ടിട്ടുണ്ടോ!' ഇതു കേട്ട കിഴവൻ മകനെ കഴുതപ്പുറത്തു
കയറ്റിയിരുത്തിയിട്ട് താൻ കഴുതയോടൊപ്പം നടപ്പായി. അപ്പോഴുണ്ട് കാര്യമായിട്ടെന്തോ ചർച്ചചെയ്തും കൊണ്ട് ഒരു കൂട്ടമാളുകൾ നടന്നുവരുന്നു. 'കണ്ടോ!' ഒരാൾ പറഞ്ഞു. 'ഞാൻ പറഞ്ഞതിന് ഇനിയെന്തു തെളിവാണു വേണ്ടത്? ഇക്കാലത്ത് മനുഷ്യർക്ക് പ്രായമായവരോട് ഒരു ബഹുമാനവുമില്ല. പ്രായമായ അച്ഛൻ നടന്നുപോകുമ്പോൾ കഴുതപ്പുറത്തു കയറി സുഖിക്കുന്ന ആ മടിയനെ കണ്ടില്ലേ? ഇറങ്ങെടാ താഴെ! അങ്ങേരൊന്നു കൈയും കാലും നീർക്കട്ടെ!' ഇതു കേട്ടയുടനെ കിഴവൻ
മകനെ താഴെയിറക്കിയിട്ട് കഴുതയുടെ പുറത്തു കയറി. വീണ്ടും കുറെ ദൂരം ചെന്നപ്പോൾ അവർ ഒരു സംഘം സ്ത്രീകളെയും കുട്ടികളെയും കണ്ടു. 'ഇതെന്തു കഥ കിഴവച്ചാരെ!' പല നാവുകൾ ഒരേസമയം
പറഞ്ഞു. 'താനിങ്ങനെ കഴുതപ്പുറത്തു കയറിയി
രിക്കുമ്പോൾ ആ പാവം കൊച്ചനെങ്ങനെ ഒപ്പമെത്തും!' അതും ശരിയാണെന്നു തോന്നിയ കിഴവൻ മകനെയും കൂടി തന്റെ പിന്നിൽ കയറ്റിയിരുത്തി. അവർ ചന്തയോടടുക്കാറായപ്പോൾ ഒരു പട്ടണവാസി
ചോദിച്ചു, 'ഈ കഴുത നിങ്ങളുടെയാണോ?' 'അതെ,' കിഴവൻ പറഞ്ഞു. 'എന്നിട്ടാണോ രണ്ടു പേരും കൂടി അതിന്റെ മുകളിൽ കയറിയിരിക്കുന്നത്! ആ പാവം ജന്തുവിനെ നിങ്ങൾ ചുമക്കുകയാണു വേണ്ടത്!' 'എങ്കി ൽ അങ്ങനെയാവാം,' കിഴവൻ പറഞ്ഞു. 'ഒന്നു ശ്രമിച്ചുനോക്കുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല.' അങ്ങനെ അച്ഛനും മകനും കഴുതപ്പുറത്തു നിന്നിറങ്ങി അതിന്റെ കാലു നാലും കൂട്ടിക്കെട്ടി ഒരു മുളംതണ്ടിലേറ്റി നടന്നു. ഒരു പാലം കടന്നു വേണം പട്ടണത്തിലേക്കു കയറാൻ. ഈ അത്ഭുതദശ്യം കാണാൻ ആളുകൾ ഓടിക്കൂടി. പക്ഷേ കഴുതയ്ക്ക് ഈ ബഹളവും തന്റെ കിടപ്പും അത്രയ്ക്കിഷ്ടപ്പെട്ടില്ല; അവൻ കിടന്നു പിടയ്ക്കാനും തൊഴിക്കാനും തുടങ്ങി. ഒടുവിൽ കെട്ടു പൊട്ടി അവൻ താഴെ പുഴയിലേക്കു വീഴുകയും ചെയ്തു. ഇതുകൂടിയായപ്പോൾ കിഴവൻ ലജ്ജയും കോപവും സഹിക്കാനാവാതെ നേരെ വീട്ടിലേക്കു നടന്നു. എല്ലാവരെയും പ്രീതിപ്പെടുത്താൻ പോയ താൻ ആരെയും പ്രീതിപ്പെടുത്തിയില്ലെന്നും അതിനിടയിൽ തനിക്കു കഴുത നഷ്ടപ്പെട്ടതു മാത്രം മിച്ചമെന്നും അയാൾക്കു ബോധ്യമായിക്കഴിഞ്ഞിരുന്നു.
No comments:
Post a Comment