67. സഞ്ചാരികളും കരടിയും
രണ്ടു ചങ്ങാതിമാർ കാട്ടുവഴിയിലൂടെ നടന്നുപോകുമ്പോൾ എതിരെ ഒരു കരടി വരുന്നതു കണ്ടു. അതിലൊരാൾ തന്റെ ചങ്ങാതിയെക്കുറിച്ചൊരു വിചാരവുമില്ലാതെ അടുത്തുകണ്ട മരത്തിൽ ഓടിക്കയറി ഒളിച്ചിരുപ്പായി. താനൊറ്റയ്ക്കു കരടിയെ നേരിടാൻ അശക്തനാണെന്നു ബോധ്യമായ മറ്റേച്ചങ്ങാതിയാവട്ടെ വെട്ടിയിട്ടപോലെ തറയിലേക്കു വീണ് ചത്തപോലെ കിടന്നു; കരടികൾ ശവം തൊടാറില്ലെന്ന് അയാൾ എന്നോ കേട്ടിരുന്നു. അയാൾ അങ്ങനെ കിടക്കുമ്പോൾ കരടി അടുത്തുവന്ന് അയാളുടെ മൂക്കും ചെവിയും നെഞ്ചുമൊക്കെ മണപ്പിച്ചുനോക്കി; അയാൾ പക്ഷേ ശ്വാസം പിടിച്ച് അനക്കമറ്റു കിടന്നു. അയാൾക്കു ജീവനില്ലെന്നു ബോധ്യം വന്ന കരടി ഒടുവിൽ നടന്നകന്നു. കരടി കണ്ണിൽ നിന്നു മറഞ്ഞതും മരത്തിന്മേലിരുന്ന ചങ്ങാതി ഇറങ്ങിവന്ന് കരടിയെന്താ ചെവിയിലോതിയതെന്ന് മറ്റേയാളോടന്വേഷിച്ചു. 'ഓ, വലിയ രഹസ്യമൊന്നുമല്ല,' അയാൾ പറഞ്ഞു. 'കൂടെ നടക്കുന്നവനെ സൂക്ഷിക്കണമെന്നും ആപത്തു വരുമ്പോൾ ഇട്ടേച്ചുപോകുന്നവരെ വിശ്വസിക്കാൻ കൊള്ളില്ലെന്നുമാണ് അതു പറഞ്ഞത്.'
ചങ്ങാതിയാരെന്ന് ആപൽക്കാലത്തറിയാം.
68. വളർത്തുനായയും ചെന്നായയും
പട്ടിണി കിടന്നു മെലിഞ്ഞ ഒരു ചെന്നായ നല്ല നിലാവുള്ള ഒരു രാത്രി തടിച്ചുകൊഴുത്തൊ രു നായയെ കണ്ടുമുട്ടി. കുശലപ്രശ്നങ്ങളൊക്കെക്കഴിഞ്ഞ് ചെന്നായ മയത്തിൽ ഇങ്ങനെ ചോദിച്ചു, 'അല്ലാ, ചങ്ങാതീ, നീയിങ്ങനെ മിനുമിനായിരിക്കുന്നതിന്റെ രഹസ്യമെന്താ? നിനക്കു വേണ്ടതൊക്കെ കിട്ടുന്നുണ്ടെന്നു തോന്നുന്നല്ലോ. ഞാനാണെങ്കിലോ, രാവും പകലും കിടന്നു വിയർപ്പൊഴുക്കിയിട്ടും വിശപ്പു മാറിയിട്ടൊരു ദിവസമില്ല!' 'ശരി,' നായ പറഞ്ഞു, 'എന്നെപ്പോലെ സുഖമായി ജീവിക്കണമെങ്കിൽ ഞാൻ പറയുന്നതുപോലെ കേട്ടാൽ മതി.' 'ഞാനെന്താ ചെയ്യേണ്ടത്?' ചെന്നായ വ്യഗ്രതയോടെ ചോദിച്ചു. 'നീ വീടിനു കാവലിരിക്കണം,' നായ പറഞ്ഞു. 'രാത്രിയിൽ വീട്ടിൽ കള്ളൻ കയറാതെ നോക്കണം.' 'അതൊക്കെ ഞാൻ ചെയ്തോളാം,' ചെന്നായ ഉത്സാഹത്തോടെ പറഞ്ഞു. 'ഞാൻ വലിയ കഷ്ടത്തിലാണു ചങ്ങാതീ. മഞ്ഞും മഴയും കാരണം കാട്ടിൽ നിൽക്കാൻ പറ്റാതായി. തലയ്ക്കു മേൽ ഒരു കൂരയും വയറു നിറയെ ഭക്ഷണവും കിട്ടിയാൽ ഞാൻ കാടു വിട്ട് നാട്ടിലേക്കു വന്നോളാം.' 'എന്നാൽ എന്റെ കൂടെ വാ,' നായ ചെന്നായയെ ക്ഷണിച്ചു. അങ്ങനെ അവർ കൂട്ടുകൂടി ഓടുന്നതിനിടയിൽ നായയുടെ കഴുത്തിലെ ഒരു പാട് ചെന്നായയുടെ കണ്ണിൽപ്പെട്ടു; അതെങ്ങനെ വന്നുവെന്ന് അവൻ ആകാംക്ഷയോടെ തിരക്കി. 'ഓ, അതോ!' നായ കാര്യമാക്കാത്ത മട്ടിൽ പറഞ്ഞു. 'അതൊന്നുമില്ല.' 'എന്നാലും ഒന്നു പറയെന്നേ,' ചെന്നായക്ക് അതറിഞ്ഞേ പറ്റൂ എന്നായി. 'എന്നെ തുടലിട്ടു പൂട്ടുന്ന കോളറുരഞ്ഞുണ്ടായതായിരിക്കും,' നിസ്സാരം പോലെ നായ പറഞ്ഞു. 'തുടലോ!' ചെന്നായ അന്തം വിട്ടുപോയി. 'ഇഷ്ടമുള്ളിടത്ത് ഇഷ്ടമുള്ളപ്പോൾ കറങ്ങി നടക്കാൻ പറ്റില്ലെന്നാണോ നീ പറയുന്നത്?' 'എന്നു ഞാൻ പറഞ്ഞില്ല,' നായ വിശദീകരിച്ചു. 'ഞാൻ എല്ലാവരെയും കടിക്കാൻ ചെല്ലുന്നുവെന്നാണ് വീട്ടുകാരുടെ പരാതി. അതുകാരണം പകൽസമയത്ത് അവർ ചിലപ്പോൾ എന്നെ പൂട്ടിയിടാറുണ്ട്. എന്നുവച്ച് രാത്രിയിൽ എനിക്ക് എവിടെ വേണമെങ്കിലും പോകാം. യജമാന നാണെങ്കിൽ സ്വന്തം പാത്രത്തിലാണ് എനിക്കു ഭക്ഷണം തരുന്നത്; വേലക്കാരുടെ വക വേറെ. എല്ലാവർക്കും എന്നെ ഭയങ്കരയിഷ്ടമാണ്- അല്ലാ, എന്തു പറ്റി? താൻ എങ്ങോട്ടു പോകുന്നു?' 'ഞാൻ പോട്ടെ ചങ്ങാതീ,' ചെന്നായ പറഞ്ഞു. 'നീ പറഞ്ഞ സുഖങ്ങളൊക്കെ നീ അനുഭവിച്ചോ. സ്വാതന്ത്ര്യത്തോടെ ഒരുണക്കറൊട്ടി തിന്നാൻ പറ്റിയാൽ എനിക്കതു മതി; തുടലും കൊണ്ടു നിൽക്കുന്ന രാജാവ് എന്തൊക്കെ വച്ചുനീട്ടിയാലും ഞാൻ ചെന്നു തല വച്ചുകൊടുക്കില്ല!'
69. ആമയും മുയലും
കൊച്ചുകാലും വച്ച് ഇഴഞ്ഞുനടക്കുന്ന ആമയെ മുയൽ കണക്കിനു പരിഹസിച്ചു. ആമ പക്ഷേ അതു കാര്യമാക്കിയില്ല; അവൻ ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, 'നീ കാറ്റിനെക്കാൾ വേ•ത്തിൽ പായുന്നവനാണെങ്കിലും ഒരോട്ടപ്പന്തയം വച്ചാൽ ഞാനായിരിക്കും ജയിക്കുക.' 'അതുശരി,' മുയൽ പറഞ്ഞു. 'ആരാ കേമനെന്നൊന്നു കാണണമല്ലോ.' അങ്ങനെ ഓട്ടപ്പന്തയത്തിനുള്ള വഴിയും ലക്ഷ്യവും നിശ്ചയിക്കാൻ കുറുക്കനെ ഏർപ്പാടാക്കി. പന്തയം തുടങ്ങിയപ്പോൾ ആമ തന്റെ പതിവുശൈലിയിൽ ഒരേവേഗത്തിൽ ഇഴഞ്ഞുനീങ്ങി; ഒരു നിമിഷംപോലും അവനൊന്നു നിൽക്കുകയോ കിടക്കുകയോ ചെയ്തില്ല. മുയൽ ആമയെ ബഹുദൂരം പിന്നിലാക്കിയെന്നു പറയേണ്ടതില്ലല്ലോ. പകുതി വഴിയെത്തിയപ്പോൾ അവനൊന്നുനിന്നു; കറുകപ്പുൽ വളർന്നുനിൽക്കുന്നതു കണ്ടപ്പോൾ അതൊന്നു കടിച്ചാലെന്തെന്നുമായി; രസിക്കാൻ വേറെയും വഴികളുണ്ടായിരുന്നു. നല്ല ചൂടുള്ള ദിവസമായതു കൊണ്ട് തണലത്തു കിടന്ന് ഒന്നു മയങ്ങിയാൽക്കൊള്ളാമെന്നും അവനു തോന്നി. ഇനിയഥവാ ഉറങ്ങുന്നതിനിടയിൽ ആമ തന്നെ കടന്നുപോയാലും അവൻ ലക്ഷ്യത്തിലെത്തുന്നതിനു മുമ്പ് തനിക്കവനെ പിന്നിലാക്കാവുന്നതേയുള്ളു. ഈ സമയത്ത് ദൃഢചിത്തനായ ആമ തന്റെ ലക്ഷ്യം മുന്നിൽക്കണ്ടുകൊണ്ട് ഒരു നിമിഷം പാഴാക്കാതെ ഇഴഞ്ഞുനീങ്ങുകയായിരുന്നു. മുയൽ മയക്കത്തിൽ നിന്നുണർന്നപ്പോൾ ആമയെ അടുത്തെവിടെയും കാണാനുണ്ടായിരുന്നില്ല; അവൻ ലക്ഷ്യത്തിനു നേർക്ക് കഴിയുന്നത്ര വേ•ത്തിൽ കുതിച്ചോടി. എന്തുഫലം, അവൻ അവിടെയെത്തുമ്പോൾ ആമ പന്തയവും പൂർത്തിയാക്കി അവൻ വരുന്നതും കാത്ത് അവിടെയിരുന്നു വിശ്രമിക്കുകയാണ്.
എടുത്തുചാട്ടത്തിനല്ല, സ്ഥിരചിത്തതയ്ക്കാണ് അന്തിമവിജയം.
70. എലിയും തവളയും
എലിയുടെ ഒരു ഭാഗ്യക്കേടു നോക്കണേ, അവനൊരു തവളയുമായി ചങ്ങാത്തത്തിലായി; ഇരുവരുമൊരുമിച്ചായി യാത്രകൾ. തവള എലിയോട് വലിയ ഇഷ്ടമൊക്കെ കാണിച്ചുകൊണ്ട് ഒരു ദിവസം അവനെ തന്റെ കുളത്തിലേക്കു ക്ഷണിച്ചു. കൂട്ടുകാരന് അപകടമൊന്നും വരാതിരിക്കാൻ അവൻ എലിയുടെ മുൻകാൽ തന്റെ പിൻകാലിനോടു ചേർത്തുകെട്ടിയിരുന്നു. കുളത്തിനടുത്തെത്തിയപ്പോൾ പേടിക്കാനൊന്നുമില്ലെന്നും താനല്ലേ കൂടെയുള്ളതെന്നും പറഞ്ഞ് അവൻ എലിയെ ധൈര്യപ്പെടുത്തി. എന്നിട്ടവൻ കുളത്തിലേക്കിറങ്ങി; പക്ഷേ നടുക്കെത്തിയപ്പോൾ അവൻ എലിയേയും കൊണ്ട് അടിയിലേക്കൊറ്റ ഊളിയിടൽ. പാവം എലി വെള്ളം കുടിച്ച് കൈയും കാലുമിട്ടടിച്ചു. എലിയുടെ പരാക്രമങ്ങൾ ഒരു പ്രാപ്പിടിയന്റെ കണ്ണിൽപ്പെട്ടു; അവൻ പറന്നുവന്ന് എലിയെ റാഞ്ചിയെടുത്തുകൊണ്ടുപോയി; എലിയുടെ കാലിൽ കെട്ടിയിരുന്നതു കൊണ്ട് തവളയ്ക്കും അതേ ഗതി തന്നെയുണ്ടായി. തന്റെ ചങ്ങാതിയോട് വിശ്വാസവഞ്ചന കാണിച്ചതിനു തക്ക ശിക്ഷയാണ് അവനു കിട്ടിയത്.
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും.
71. ചുണ്ടെലിയും സിംഹവും
സിംഹം മടയിൽ ഉറങ്ങിക്കിടക്കുമ്പോൾ ചുണ്ടെലി അബദ്ധത്തിൽ അവന്റെ മൂക്കിന്മേൽ ഓടിക്കയറി ഉറക്കം കെടുത്തി. കോപിഷ്ടനായ സിംഹം അവനെ ആട്ടിപ്പിടിച്ച് തന്റെ കൈയിലിട്ടു ഞെരിച്ചുകൊല്ലാൻ തുടങ്ങുമ്പോൾ പാവം ചുണ്ടെലി മാപ്പാക്കണേയെന്നിരന്നു. താൻ അറിയാതെ ചെയ്തുപോയതാണെന്നും സിംഹത്തിനെ ശല്യപ്പെടുത്താനുള്ള ഒരാഗ്രഹവും തനിക്കില്ലായിരുന്നുവെന്നും അവൻ ആണയിട്ടുപറഞ്ഞു. ഇത്ര നിസ്സാരനായ ഒരു ജന്തുവി നെക്കൊന്നിട്ട് രാജാവു തന്റെ തൃക്കൈകൾ മലിനമാക്കണോ എന്നുകൂടി അവൻ സംശയം പ്രകടിപ്പിച്ചു. അവന്റെ പേടി കണ്ടു കരുണ തോന്നിയ സിംഹം പുഞ്ചിരിയോടെ അവനെ വിട്ടയക്കുകയും ചെയ്തു. ഈ സംഭവം നടന്ന് അധികനാളായിട്ടില്ല, കാട്ടിൽ ഇര തേടി നടക്കുകയായിരുന്ന സിംഹം വേട്ടക്കാർ വിരിച്ച വലയിൽ കുടുങ്ങി. തനിക്കു വലയിൽ നിന്നു രക്ഷപ്പെടാനാവില്ലെന്നു മനസ്സിലായ സിംഹം ഒരു ഗർജ്ജനം മുഴക്കി; കാടെങ്ങും അതു മാറ്റൊലിക്കൊണ്ടു. തന്റെ രക്ഷകന്റെ ശബ്ദം തിരിച്ചറിഞ്ഞ ചുണ്ടെലി അക്ഷണം സ്ഥലത്തെത്തി സമയം കളയാതെ വല കടിച്ചുമുറിയ്ക്കാൻ തുടങ്ങി. അത്ര നേരമൊന്നുമെടുത്തില്ല, അവൻ വല മുറിച്ച് സിംഹത്തെ രക്ഷ്പെടുത്തുകയും ചെയ്തു. കാരുണ്യത്തോടെ ചെയ്ത ഒരു പ്രവൃത്തി ഒരിക്കലും പാഴാകില്ലെന്നും, ഒരു ജന്തു എത്ര നിസ്സാരനായിക്കോട്ടെ, തന്നോടു കാണിച്ച് ഉപകാരത്തിനു പകരം ചെയ്യാനുള്ള കഴിവ് അവനുണ്ടാകുമെന്നും അങ്ങനെ ചുണ്ടെലി സിംഹത്തെ ബോധ്യപ്പെടുത്തി.
തന്നിലെളിയവരെ തള്ളിക്കളയരുത്.
No comments:
Post a Comment