Tuesday, July 14, 2009

ഇന്നത്തെ ഈസോപ്പ്

image101

72. വീട്ടമ്മയും പിടക്കോഴിയും

ഒരു വീട്ടമ്മയ്ക്ക്‌ മുടങ്ങാതെ മുട്ടയിടുന്നൊരു പിടക്കോഴിയുണ്ടായിരുന്നു. ഗുണമുള്ള മുട്ടയായതുകൊണ്ട്‌ അതിനു നല്ല വിലയും കിട്ടിപ്പോന്നു. അങ്ങനെയിരിക്കെ വീട്ടമ്മയ്ക്ക്‌ ഇങ്ങനെയൊരു ചിന്തയുണ്ടായി, 'ഇപ്പോഴത്തേതിന്റെ ഇരട്ടി തീറ്റ കൊടുത്താൽ ഇവൾ ദിവസം രണ്ടു മുട്ട ഇടില്ലേ?' എന്നല്ല, അവർ തന്റെ പദ്ധതി നടപ്പാക്കുകയും ചെയ്തു. പക്ഷേ ഉണ്ടായതെന്താണ്‌, കോഴി തിന്നു തടിച്ചുകൊഴുത്തു; അവൾ പിന്നെ മുട്ടയിടാനും പോയില്ല.

കണക്കുകൂട്ടലുകൾ എപ്പോഴും ശരിയാവണമെന്നില്ല.
170

73. ആട്ടിൻകുട്ടിയും ചെന്നായയും

നല്ല ഉയരത്തിലുള്ള ഒരു പാറയുടെ മുകളിൽ കയറിനിൽക്കുമ്പോൾ, താഴെക്കൂടി ഒരു ചെന്നായ നടന്നുപോകുന്നത്‌ ആട്ടിൻകുട്ടി കണ്ടു. അവൻ അതിനെ വെല്ലുവിളിക്കാനും അസഭ്യം പറയാനും തുടങ്ങി. ചെന്നായ തിരിഞ്ഞുനിന്ന്‌ ഇതേ പറഞ്ഞുള്ളു: 'ഭീരു! ഇതു കേട്ടതുകൊണ്ട്‌ ഞാനിളകാനൊന്നും പോകുന്നില്ല. നീയല്ല, നീ കയറിനിൽക്കുന്ന സ്ഥാനമാണ്‌ എന്നെ വെല്ലുവിളിക്കുന്നതെന്നേ ഞാൻ കരുതൂ!'
image104

74. കഴുകനും കുറുക്കനും

കഴുകനും കുറുക്കനും അടുത്തടുത്തു താമസക്കാരാണ്‌. ഉയരമുള്ളൊരു മരത്തിനു മുകളിലാണ്‌ കഴുകൻ കൂടുകൂട്ടിയിരിക്കുന്നത്‌; മരത്തിനു ചോടെയുള്ള മാളത്തിൽ കുറുക്കനും താമസിക്കുന്നു. അങ്ങനെയിരിക്കെ, കുറുക്കൻ ദൂരെയെവിടെയോ പോയിരിക്കുകയാണ്‌; കഴുകന്‌ തന്റെ കുഞ്ഞുങ്ങളെ തീറ്റാൻ ഇരയൊന്നും കിട്ടിയില്ല. അവൾ നേരേ വന്ന്‌ കുറുക്കന്റെ ഒരു കുഞ്ഞിനെ റാഞ്ചിയെടുത്തുകൊണ്ടുപോയി; തന്റെ കൂട്‌ അത്ര ഉയരത്തിലായതുകൊണ്ട്‌ കുറുക്കന്‌ തന്നെ ഒന്നും ചെയ്യാൻ പറ്റില്ലെന്നായിരുന്നു അവളുടെ വിചാരം. അവൾ കുറുക്കൻകുഞ്ഞിനെ തന്റെ കുട്ടികൾക്കു വീതിച്ചു കൊടുക്കാൻ തുടങ്ങുമ്പോഴാണ്‌ കുറുക്കൻ മടങ്ങിയെത്തുന്നത്‌. തന്റെ കുട്ടിയെ തിരിച്ചുതരാൻ അവൾ കഴുകനോടു കരഞ്ഞുപറഞ്ഞു. പക്ഷേ കഴുകൻ കുട്ടിയെ തിരിച്ചുകൊടുക്കാൻ തയ്യാറായില്ല. തന്റെ അപേക്ഷകളെല്ലാം വിഫലമായെന്നു കണ്ടപ്പോൾ കുറുക്കൻ അടുത്തുള്ള പാടത്തേക്കോടിപ്പോയി അവിടെക്കണ്ട ഒരു ഹോമകുണ്ഡത്തിൽ നിന്ന്‌ ഒരു തീക്കൊള്ളി എടുത്തു കൊണ്ടുവന്ന്‌ കഴുകൻ പാർക്കുന്ന മരത്തിനു തീവച്ചു. തീയും പുകയും ഉയർന്ന്‌ കൂട്ടിലേക്കെത്തിയപ്പോൾ കഴുകന്‌ തന്റെ ജീവനിൽ പേടിയായി. അവൾ ഉടനേതന്നെ കുറുക്കന്റെ കുഞ്ഞിനെ തിരിയെ കൊടുക്കുകയും ചെയ്തു.

പീഡകൻ എല്ലാക്കാലത്തും താൻ പീഡിപ്പിക്കുന്നവരിൽ നിന്നു സുരക്ഷിതനാവില്ല.

75. കുട്ടിയും തേളും

ഒരു കുട്ടി വെട്ടുക്കിളികളെ പിടിച്ചുകളിക്കുകയായിരുന്നു. കുറേയെണ്ണത്തിനെ പിടിച്ചു കൈയിൽ വച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ മതിലിൽ ഒരു തേളിരിക്കുന്നത്‌ അവൻ കണ്ടത്‌. അതും വെട്ടുക്കിളിയാണെന്ന വിചാരത്തോടെ കുട്ടി അതിനെ പൊത്തിപ്പിടിക്കാൻ തുടങ്ങുമ്പോൾ തേൾ വാലുയർത്തിക്കൊണ്ട്‌ കുട്ടിയോടു പറഞ്ഞു: 'നീയെന്നെയൊന്നു പിടിച്ചുനോക്ക്‌; നിനക്ക്‌ എന്നെയും കിട്ടില്ല, നിന്റെ കൈയിലുള്ളതു പോവുകയും ചെയ്യും.'
i057_th

76. കുറുക്കനും ആടും

കുറുക്കൻ കാലു തെറ്റി കിണറ്റിൽ വീണു; കേറിപ്പോരാൻ ഒരു വഴിയും കണ്ടില്ല. കുറേ കഴി ഞ്ഞപ്പോൾ ഒരു മുട്ടാട്‌ വെള്ളം തേടി ആ വഴിക്കെത്തി. കിണറ്റിൽ കുറുക്കനെ കണ്ടപ്പോൾ വെള്ളമെങ്ങനെയുണ്ട്‌, കുടിക്കാൻ കൊള്ളാമോയെന്ന്‌ ആടു ചോദിച്ചു. താൻ അപകടത്തിൽപ്പെട്ടിരിക്കുകയാണെന്ന വാസ്തവം പുറത്തുകാണിക്കാതെ കുറുക്കൻ ഇങ്ങനെ പറഞ്ഞു; 'ഇറങ്ങിവാ, ചങ്ങാതീ. ഹായ്‌, ഈ പഞ്ചാരവെള്ളം കുടിച്ചിട്ട്‌ എനിക്കു മതിവരുന്നില്ലെന്നേ. അതോ കുടിച്ചിട്ടു തീരുന്നുമില്ല.' ഇതു കേൾക്കേണ്ട താമസം ആട്‌ കിണറ്റിലേക്കൊറ്റച്ചാട്ടം. അവൻ ദാഹം തീർത്തപ്പോഴാണ്‌ കുറുക്കൻ തങ്ങളുടെ യഥാർത്ഥസ്ഥിതി വെളിപ്പെടുത്തുന്നത്‌. അതേസമയം രണ്ടു പേർക്കും രക്ഷപ്പെടാൻ താനൊരു വഴി കണ്ടെത്തിയിട്ടുണ്ടെന്ന്‌ അവൻ ആട്ി‍നെ സമാധാനിപ്പിക്കുകയും ചെയ്തു. 'നീ കിണറ്റിന്റെ മതിലിൽ മുൻകാൽ ചവിട്ടിനിൽക്കണം. ഞാനപ്പോൾ നിന്റെ പുറത്തുകൂടി കയറി വെളിയിൽ വരാം. എന്നിട്ടു ഞാൻ നിന്നെയും വലിച്ചുകയറ്റാം.' ആട്‌ ചാടിക്കയറി അതും സമ്മതിച്ചു. കുറുക്കനാവട്ടെ, ആടിന്റെ മുതുകത്തു ചവിട്ടി കിണറ്റിനു പുറത്തുവന്നു. എന്നിട്ടു പക്ഷേ ആടിനെ വലിച്ചു കേറ്റാനൊന്നും നിൽക്കാതെ അവൻ ഒറ്റയോട്ടം കൊടുത്തു. തന്നെക്കൂടി വലിച്ചുകേറ്റാനും ഇച്ചെയ്തതു ശരിയായില്ലെന്നുമൊക്കെ ആടു പയ്യാരം പറഞ്ഞപ്പോൾ കുറുക്കൻ തിരിഞ്ഞു നിന്നുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: 'നിനക്കു നിന്റെ താടിയുടെ പാതിനീളം ബുദ്ധിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ആലോചനയില്ലാതെ എടുത്തുചാടുമായിരുന്നോ? എനിക്കിനി നിന്റെകൂടെ നിൽക്കാനൊന്നും പറ്റില്ല. അത്യാവശ്യമായിട്ടൊരു സ്ഥലം വരെ പോകാനുണ്ട്‌!'

എടുത്തുചാടുന്നതിനു മുൻപ്‌ ഒരു നിമിഷം ഒന്നു നിന്നാലോചിക്കണം.

 

77. ചക്രക്കരച്ചിൽ

കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ കാളകൾ വണ്ടി വലിച്ചുപോകുമ്പോൾ ചക്രങ്ങളുരഞ്ഞ്‌ ഒച്ചയുണ്ടാക്കി. അതുകേട്ട വണ്ടിക്കാരൻ ഇങ്ങനെ വണ്ടിയെ ഭത്സിച്ചു: 'വിവരംകെട്ടവനേ! പണിയെടുക്കുന്നത്‌ ആ പാവങ്ങൾ; എന്നിട്ടവ കമാന്നു മിണ്ടുന്നില്ല. നിനക്കാണല്ലോ വലിയ കരച്ചിൽ!'

ഏറ്റവും ഉച്ചത്തിൽ കരയുന്നവരായിരിക്കണമെന്നില്ല ഏറ്റവുമധികം പീഡനമേൽക്കുന്നത്‌.

i015_th

78.ഇടയക്കുട്ടിയും ചെന്നായയും

ഒരു ഗ്രാമത്തിനടുത്ത്‌ ആടുമേച്ചിരുന്ന ഒരു പയ്യൻ ഒരു രസത്തിനായി ഇടയ്ക്കിടയ്ക്ക്‌ 'ചെന്നായ വരുന്നേ! ചെന്നായ വരുന്നേ!' എന്നു വിളിച്ചുകൂവുക പതിവായിരുന്നു. രണ്ടു മൂന്നു തവണ നാട്ടുകാർ ചെന്നായയെ ഓടിക്കാൻ കല്ലും തടിയുമായി ഓടിയെത്തി. തങ്ങളെ പറ്റിക്കാൻ ചെയ്ത വിദ്യയാണതെന്ന്‌ പിന്നീടാണവർക്ക്‌ മനസ്സിലാവുക. അങ്ങനെയൊരു ദിവസം ചെന്നായ തന്നെ വന്നു; പയ്യൻ കാര്യമായിത്തന്നെ വിളിച്ചുകൂവുകയും ചെയ്തു. എന്തു ഫലം, നാട്ടുകാർ അതു കേട്ടെങ്കിലും അനങ്ങാൻ പോയില്ല; പയ്യൻ പഴയ പോലെ തങ്ങളെ കളിയാക്കാൻ നോക്കുകയാണെന്നായിരുന്നു അവരുടെ ധാരണ. അങ്ങനെ അവന്റെ ആടുകൾ മുഴുവൻ ചെന്നായക്കു തീറ്റയായി.

നുണയന്മാർ നേരു പറഞ്ഞാലും ആളുകൾക്കു വിശ്വാസമാവില്ല.

No comments: