Monday, July 27, 2009

ഇന്നത്തെ ഈസോപ്പ്

i091_th

123. കാണാതെ പോയ കുഞ്ഞാട്‌

ഒരു കുഞ്ഞാടിനെ കാണാതെ പോയ ഒരാട്ടിടയൻ അതിനെത്തിരഞ്ഞ്‌ കാടു മുഴുവൻ നടന്നു. ആടിനെ എങ്ങും കണ്ടുകിട്ടാതായപ്പോൾ അയാൾ ഇങ്ങനെയൊരു നേർച്ചയും നേർന്നു: തന്റെ ആടിനെ കട്ടവനെ കാണിച്ചുതന്നാൽ താനൊരാടിനെ ബലി നലികിയേക്കാം. എന്നിട്ട്‌ ഒരു കുന്നിനു മുകളിൽക്കയറിനിന്നു നോക്കുമ്പോൾ അയാൾ കണ്ടത്‌ ഒരു സിംഹം തന്റെ ആടിനെ തിന്നുകൊണ്ടുനിൽക്കുന്നതാണ്‌. ഉടനെ അയാൾ ഇങ്ങനെ പ്രാർത്ഥിച്ചു: തന്നെ സിംഹത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെടുത്തിയാൽ ആടിന്റെ കൂടെ ഒരു കാളയെക്കൂടി താൻ ബലി നൽകിക്കോളാം.

വേണ്ടത്ര ആലോചനയില്ലാതെ നാം നടത്തുന്ന അപേക്ഷകളൊക്കെ സഫലമായാൽ അവ കൊണ്ടുതന്നെ നാം നശിക്കുകയും ചെയ്യും.
image29

124.കഴുതയും പടക്കുതിരയും

തേച്ചുവിളക്കിയ പടക്കോപ്പുമണിഞ്ഞ്‌ നിരത്തിലൂടെ ച്‌ആടിക്കുതിച്ചുവന്ന പടക്കുതിര ഭാരവുമേന്തി പ്രാഞ്ചിനടക്കുന്ന കഴുതയെ അവജ്ഞയോടെ ആട്ടി: 'എന്റെ കാലിനടിയിൽ പോകേണ്ടെങ്കിൽ വഴീന്നു മാറെടോ!' കഴുത ഒന്നും മിണ്ടാതെ ഓരം മാറി നിന്നു കൊടുത്തു. എന്നിട്ടധികനാളായില്ല അവൻ അതേ കുതിരയെ അതേ നിരത്തിൽ വച്ച്‌ വീണ്ടും കണ്ടുമുട്ടി; യുദ്ധത്തിനു പോയ കുതിരയ്ക്ക്‌ സാരമായ പരിക്കു പറ്റി; അവന്റെ യജമാനൻ യുദ്ധത്തിൽ മരിക്കുകയും ചെയ്തു. ഒരു കണ്ണും പോയി, മുടന്തിനടക്കുന്ന അവൻ ഇന്ന്‌ മറ്റൊരാളുടെ ചാട്ടയടിയുമേറ്റ്‌ വലിയൊരു ചുമടും പേറി നടന്നുപോവുകയാൺ​‍്‌.

അഹന്തയുടെ വഴി ചതിക്കുഴികൾ നിറഞ്ഞതാണ്‌.
i043_th

125. എലികളും കീരികളും

എലികളും കീരികളും തമ്മിൽ എന്നും പോരായിരുന്നു. എന്നും തോൽക്കുന്നത്‌ എലികളുമായിരുന്നു. ഇതെങ്ങനെ സംഭവിക്കുന്നുവെന്നു ചർച്ച ചെയ്യാൻ അവർ വിളിച്ചുകൂട്ടിയ യോഗത്തിൽ തീരുമാനമായത്‌ അച്ചടക്കമില്ലായ്മ ഒന്നു മാത്രമാണ്‌ അതിനു കാരണം എന്നായിരുന്നു. അങ്ങനെ അവർ പടനായകന്മാരെ നിയമിച്ചു. ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരാകട്ടെ, പുതിയ സ്ഥാനലബ്ധി വലിയൊരു കാര്യമായിക്കണ്ടു. തങ്ങളെ വേർതിരിച്ചറിയാനും വേർതിരിച്ചുനിർത്താനുമായി അവർ തലയിൽ കൊമ്പുമായി നടക്കാൻ തുടങ്ങി. വൈകാതെ കീരികളുമായി വീണ്ടും യുദ്ധമുണ്ടായി. പതിവുപോലെ എലികൾ തോറ്റോടുകയും ചെയ്തു. സാധാരണക്കാരായ എലിപ്പോരാളികൾ മാളങ്ങളിൽ കയറി രക്ഷപ്പെട്ടുകളഞ്ഞു. പക്ഷേ സ്ഥാനികൾക്ക്‌ തലയിൽ കൊമ്പുള്ളതു കാരണം മാളത്തിലേക്കു കയറാൻ പറ്റാതെ വന്നു; ഒക്കെ കീരികൾക്കിരയാവുകയും ചെയ്തു.

126. എലിയും കീരിയും

പട്ടിണി കിടന്നു മെലിഞ്ഞ ഒരു എലി വളരെ കഷ്ടപ്പെട്ട്‌ ചോളമിട്ടുവച്ചിരുന്ന ഒരു കുടത്തി നുള്ളിൽ കയറിപ്പറ്റി. ഉള്ളിലെത്തിയതും അവൻ ആർത്തിപിടിച്ച്‌ വാരിവലിച്ചുതിന്നു. ഒടുവിൽ പുറത്തു കടക്കാൻ നോക്കുമ്പോഴാണ്‌ കുടത്തിന്റെ ചെറിയ വാവട്ടത്തിലൂടെ തിന്നുപെരുത്ത തന്റെ ശരീരം പുറത്തെടുക്കാൻ പറ്റില്ലെന്ന്‌ അവനു മനസ്സിലാവുന്നത്‌. അവനങ്ങനെ ഖേദി ച്ചിരിക്കുമ്പോൾ ദൂരെ മാറി ഇതൊക്കെക്കണ്ട്‌ രസിച്ചിരിക്കുകയായിരുന്ന ഒരു കീരി അടുത്തുചെന്ന്‌ ഇങ്ങനെയൊരുപദേശം നൽകി്: 'കേൾക്ക്‌ ചങ്ങാതി, ഇനി നിനക്കു പുറത്തു കടക്കാൻ ഒരു വഴിയേയുള്ളു; എത്ര മെലിഞ്ഞും വിശന്നുമാണ്‌ നീ അകത്തു കടന്നത്‌, വീണ്ടും അത്രയുമാകുന്നതു വരെ കാത്തിരിക്കുക.'

127. കൃഷിക്കാരനും സിംഹവും

കളത്തിൽ കയറിയ സിംഹത്തിനെ കുടുക്കാനായി കൃഷിക്കാരൻ പടിയടച്ചുകളഞ്ഞു. തനിക്കു രക്ഷപ്പെടാൻ പറ്റില്ലെന്നു മനസ്സിലായ സിംഹമാവട്ടെ, ആടുകളെയും പശുക്കളെയും കൊന്നു തിന്നാനും തുടങ്ങി. താൻ തന്നെ സിംഹത്തിനിരയാവുമോയെന്നു പേടിച്ച കൃഷിക്കാരൻ ഒടുവിൽ പടി തുറന്നു കൊടുത്തു; സിംഹം ഓടി രക്ഷപ്പെടുകയും ചെയ്തു. തന്റെ കാലികൾ പോയതോർത്തു കരയുന്ന കൃഷിക്കാരനെ ഭാര്യ ശാസിച്ചു: 'നിങ്ങൾക്കിതു കിട്ടണം! ദൂരെ ഒരു സിംഹം നിൽക്കുന്നതു കണ്ടാൽ മുട്ടിടിക്കുന്ന നിങ്ങൾ വീട്ടിൽക്കയറിയ സിംഹത്തിനെ പിടിക്കാമെന്നു കരുതി, അല്ലേ?'

കള്ളനെ കുടുക്കാൻ നോക്കുന്നതിനെക്കാൾ നല്ലത്‌ അവനെ തുരത്തിയോടിക്കുകയാണ്‌.
052-2

128.കുറുക്കനും കൊക്കും

കുറുക്കൻ കൊക്കിനെ വീട്ടിലേക്കു ക്ഷണിച്ചു. വിരുന്നുകാരനെ ഒന്നു കളിയാക്കിക്കളയാം എന്ന ഉദ്ദേശത്തോടെ അന്നു കഞ്ഞിയാണുണ്ടാക്കിയത്‌; വിളമ്പിയതോ, പരന്ന പാത്രത്തിലും. കുറുക്കൻ സുഖമായി കഞ്ഞി കുടിച്ചു; കൊക്കിന്‌ ഒന്നുരണ്ടു വറ്റു പെറുക്കിത്തിന്നാനേ പറ്റിയുള്ളു. വന്നുകയറിയ വിശപ്പോടെ അവനു് ഇറങ്ങിപ്പോരേണ്ടിവന്നു. കഞ്ഞിക്കു രുചി പോരാഞ്ഞിട്ടാണോ ഒന്നും കഴിക്കാത്തതെന്ന കുറുക്കന്റെ മുനവച്ച ചോദ്യത്തിനു മറുപടി പറയാതെ അടുത്താഴ്ച്ച തന്റെ വീട്ടിലേക്കു വരാൻ കൊക്ക്‌ കുറുക്കനെ ക്ഷണിച്ചു. ഒരാഴ്ച്ച കഴിഞ്ഞ്‌ കുറുക്കൻ കൃത്യമായി കൊക്കിന്റെ വീട്ടിലെത്തി. വിരുന്നുമേശ കണ്ടപ്പോൾ കുറുക്ക ന്റെ മനസ്സിടിഞ്ഞുപോയി. ഇടുങ്ങിയ വാവട്ടമുള്ള നീണ്ടൊരു ഭരണിയിലാണ്‌ ആഹാരം വിളമ്പിയിരിക്കുന്നത്‌. വീട്ടുകാരൻ തന്റെ നീണ്ട കൊക്ക്‌ കുപ്പിയിലിറക്കി കുശാലായി വയറു നിറച്ചപ്പോൾ വിരുന്നുകാരന്‌ പാത്രത്തിന്റെ വക്കും നക്കി ഇരിക്കേണ്ടിവന്നു. ഒടുവിൽ ജാള്യത്തോടെ ഇറങ്ങിപ്പോരുമ്പോൾ തനിക്കു കിട്ടേണ്ടതാണു കിട്ടിയതെന്ന കാര്യത്തിൽ കുറുക്കനു സംശയമില്ലായിരുന്നു

അന്യനെ ചതിക്കുന്നവന്‌ അതേ നാണയത്തിൽ തിരിച്ചുകിട്ടും.

129. കുട്ടിയും ചൊറുതണവും

പാടത്തു കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ചൊറുതണമാട്ടി. കുട്ടി ഓടിവന്ന്‌ അമ്മയോടു പരാതി പറഞ്ഞു: 'ഞാനതിനെ ഒന്നു തൊട്ടതേയുള്ളു അമ്മേ, എന്നിട്ടും അതെന്നെ ആട്‌ടി.' 'അതുകൊണ്ടു തന്നെയാണു നിനക്കു ചൊറിഞ്ഞതും,' അമ്മ കുട്ടിയോടു പറഞ്ഞു.' അടുത്ത തവണ ചൊറുതണത്തെ പിടിക്കുമ്പോൾ കടയ്ക്കൽത്തന്നെ മുറുക്കിപ്പിടിക്കണം. അപ്പോൾ അതു നിന്നെ ആട്ടുകയുമില്ല.'

പിടിക്കുമ്പോൾ മുറുകെപ്പിടിക്കുക.
084

130. നീന്താൻ പോയ കുട്ടി

പുഴയിൽ നീന്താനിറങ്ങിയ കുട്ടി ഉള്ളിലേക്കു പോയി ഒരു കയത്തിൽപ്പെട്ടു. ഭാഗ്യത്തിന്‌ ആ സമയത്ത്‌ പുഴക്കരയിലൂടെ ഒരാൾ നടന്നുപോകുന്നുണ്ടായിരുന്നു. കുട്ടി ഒച്ചയുണ്ടാക്കി അയാളെ സഹായത്തിനു വിളിച്ചു. അയാൾ പക്ഷേ പുഴയിലിറങ്ങി അവനെ രക്ഷിക്കാൻ നോക്കുന്നതിനു പകരം കരയിൽ നിന്ന്‌ അവൻ കാണിച്ച ബുദ്ധിമോശത്തെക്കുറിച്ച്‌ ഉപന്യസിക്കാനാണു തുടങ്ങിയത്‌. അതങ്ങനെ നീണ്ടുപോയപ്പോൾ കുട്ടിക്ക്‌ ഒടുവിൽ ഇങ്ങനെ പറയേണ്ടിവന്നു: 'അമ്മാവാ, എനിക്കിപ്പോൾ വേണ്ടത്‌ സഹായമാണ്‌. ഉപദേശം കരയിലെത്തിയിട്ടു ഞാൻ കേട്ടോളാം.'

131. കിഴവിയും വേലക്കാരികളും

പിശുക്കിയായ ഒരു കിഴവി രണ്ടു വേലക്കാരികളെ വച്ചിരുന്നു. പുലർച്ചെ കോഴി കൂകുന്നതു കേൾക്കേണ്ട താമസം അവർ രണ്ടു പേരെയും വിളിച്ചുണർത്തും. ഇത്രയും നേരത്തേ ഉറക്കമുണരുന്നതിൽ അരിശം മൂത്ത വേലക്കാരികൾ ഇതിനു കാരണക്കാരനായ പൂവൻകോഴിയെ ഒരു ദിവസം കഴുത്തു ഞെരിച്ചുകൊന്നു. പക്ഷേ കോഴികൂവൽ കേൾക്കാതായതോടെ കിഴവിയുടെ സമയബോധം നഷ്ടപ്പെടുകയാണുണ്ടായത്‌; അവരിപ്പോൾ പാതിരയ്ക്കുതന്നെ വേലക്കാരികളെ വിളിച്ചുണർത്താൻ തുടങ്ങി.

കൗശലം കവിഞ്ഞുപോയാൽ ഉദ്ദേശിച്ചതു നടക്കാതെപോകും. 
image79a

132. കോടതിയിൽ കൂടുകൂട്ടിയ കിളി

മീവൽപ്പക്ഷി കൂടുകൂട്ടിയത്‌ കോടതിവരാന്തയിൽ. പക്ഷേ അവളുടെ കുഞ്ഞുങ്ങൾ പറക്ക മുറ്റുന്നതിനു മുമ്പ്‌ ഒരു പാമ്പു വന്നുകേറി അവയെ തിന്നുകളഞ്ഞു. ഒഴിഞ്ഞ കൂടു നോക്കി വിലപിക്കുന്ന അമ്മക്കിളിയെ ഇതാദ്യമായിട്ടല്ലല്ലോ കിളികൾക്കു കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്നതെന്നു പറഞ്ഞ്‌ ഒരാൾ സമാശ്വസിപ്പിച്ചു. അതു കേട്ട്‌ മീവൽപ്പക്ഷി പറഞ്ഞതിതാണ്‌: 'എന്റെ കുഞ്ഞുങ്ങളെ ഓർത്തുമാത്രമല്ല ഞാൻ കരയുന്നത്‌; സാധുക്കൾ നീതി തേടി ഓടിയെത്തുന്ന അതേ സ്ഥലത്തുവച്ചു തന്നെ ഇതു സംഭവിച്ചതിലാണ്‌ എനിക്കു കൂടുതൽ ദു:ഖം.'

No comments: