Thursday, July 2, 2009
തനേഡാ സൻടോകാ (1882-1940)
വഴി മാറിനടന്ന ഹൈകുകവി. ദുരന്തപൂർണ്ണമായ ജീവിതം. ധൂർത്തനും സ്ത്രീലമ്പടനുമായ അച്ഛൻ. എട്ടുവയസ്സുള്ളപ്പോൾ അമ്മ കിണറ്റിൽച്ചാടിച്ചത്തു. കോളേജിൽ ചേർന്നുവെങ്കിലും പഠനം പൂർത്തിയാക്കിയില്ല. അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി വിവാഹിതനായെങ്കിലും അതും തകർന്നു. തികഞ്ഞ മദ്യപാനിയായി. ഒരിക്കൽ ട്രെയിനിന്റെ മുമ്പിൽ ചാടി ആതമഹത്യയ്ക്കു ശ്രമിച്ചെങ്കിലും ഡ്രൈവർ കണ്ടതിനാൽ അതും പരാജയപ്പെട്ടു. ഒടുവിൽ ഒരു സെൻമഠത്തിൽ ചേർന്നു. അവിടെയും അധികകാലം നിൽക്കാതെ പരിവ്രാജകനായി. പതിനാറുകൊല്ലം ഭിക്ഷയെടുത്തു നടന്നു. വിശപ്പും രോഗവും രൂക്ഷമായ പ്രകൃതിയും സഹിച്ച് ഇരുപത്തെണ്ണായിരത്തോളം മൈൽ നടന്നുവത്രെ. അവസാനം സ്നേഹിതന്മാർ കെട്ടിക്കൊടുത്ത ഒരു കുടിലിൽ താമസമാക്കിയെങ്കിലും പത്തുമാസത്തിനു ശേഷം മരിച്ചു.
1
പടിഞ്ഞാറുള്ളവർക്കിഷ്ടം
മലകളെ കീഴടക്കാൻ-
കിഴക്കുള്ളവർക്കിഷ്ടം
മലകളെനോക്കി ധ്യാനിക്കാൻ-
എനിക്കിഷ്ടം
മലകളെ രുചിച്ചുനോക്കാൻ.
2
ബുദ്ധന്റെ കുഞ്ഞുവിഗ്രഹം-
മനുഷ്യർക്കു വേണ്ടിയല്ലേ
അതു മഴകൊള്ളുന്നു?
3
അസ്തമിക്കുന്ന ചന്ദ്രനെ
കണ്ടുനിൽക്കെ
ഞാൻ ഞാനാകുന്നു.
4
ജീവിതത്തിനും
മരണത്തിനിമിടയിൽ
തോരാത്ത
മഞ്ഞുമഴ.
5
നടന്നിരക്കുമ്പോൾ
തലയ്ക്കു മേൽ
എരിയുന്ന വാനം.
6
ചീവീടിൻ ശബ്ദപ്രളയത്തിൽ
ഞാൻ മുങ്ങിത്താഴുന്നു.
7
ചന്ദ്രനുദിക്കുന്നു
ഒന്നിനും കാത്തുനിൽക്കാതെ.
8
ഏകാന്തത
ഈ നേർവഴി
നിറയെ.
9
ഓരോ നാളും
കാണുന്നു നാം
അസുരന്മാരെ
ബുദ്ധന്മാരെ.
10
കാലിടറി
ഞാൻ വീണു-
മലകൾ
അനങ്ങിയില്ല.
11
കുതിർന്ന മലകളിലേക്ക്
ഞാൻ എന്നെയെറിയുന്നു.
12
വഴിയമ്പലങ്ങളില്ലാത്ത
വഴിയിലൂടെ
ചന്ദ്രന്റെ പിന്നാലെ
ഞാൻ.
13
ഒഴിഞ്ഞ വയറ്റിൽ
തറച്ചുകേറുന്നു
നിലാവ്.
14
ഉറക്കം വരാതെ
ആ കൂമൻ
ഈ ഞാൻ.
15
മയക്കംവിട്ടെഴുന്നേൽക്കുമ്പോൾ
ചുറ്റും മലകൾ.
Labels:
കവിത,
ജപ്പാന്,
ജാപ്പനീസ്,
വിവര്‍ത്തനം,
ഹൈക്കു
Subscribe to:
Post Comments (Atom)
1 comment:
kollaaam...................
Post a Comment