Sunday, July 5, 2009

ഇന്നത്തെ ഈസോപ്പ്‌

101-2

21. കുറുക്കനും സിംഹവും

ഒരു കുറുക്കൻ അന്നുവരെ സിംഹത്തെ കണ്ടിട്ടില്ല. ആദ്യമായിട്ടൊരു സിംഹത്തെ നേരിട്ടുക ണ്ടപ്പോൾ അവൻ പേടിച്ചരണ്ടുപോയി; ജീവൻ പോയില്ലെന്നേ പറയേണ്ടു. രണ്ടാമത്തെ തവണ സിംഹത്തെ കാണുമ്പോൾ അവനു പേടിയുണ്ടായില്ലെന്നല്ല; പക്ഷേ അതവനു പുറത്തു കാണിക്കാതിരിക്കാൻ കഴിഞ്ഞു. മൂന്നാമതും സിംഹത്തെ കണ്ടപ്പോൾ അവനു തീരെ പേടിയുണ്ടായില്ലെന്നുമാത്രമല്ല, അടുത്തുചെന്ന്‌ കുശലം പറയാനുള്ള ധൈര്യം കൂടി അവൻ കാണിച്ചു.

അതിപരിചയം അവജ്ഞ വളർത്തും.

101-1

22. സിംഹവും കുറുക്കനും കഴുതയും വേട്ടയ്ക്കുപോയി

ഒരുദിവസം സിംഹവും കഴുതയും കുറുക്കനുമൊരുമിച്ച്‌ വേട്ടയ്ക്കു പോയി. നായാടിക്കി ട്ടുന്നത്‌ ഒരുമിച്ചു വീതിക്കാമെന്നായിരുന്നു അവരുടെ തീരുമാനം. ഒരു വലിയ കലമാനിനെ പിടിച്ചു കോന്നിട്ട്‌ അവർ ഭക്ഷണത്തിനിരുന്നു. ഭക്ഷണം പങ്കുവയ്ക്കാൻ സിംഹം കഴുത യോടൂ പറഞ്ഞു; അവനാകട്ടെ, അതു മൂന്നായി ഭാഗി‍ച്ചിട്ട്‌ ഓരോരുത്തരും ഇഷ്ടമുള്ള തെടുത്തോളാൻ പറഞ്ഞു. സിംഹം കലികയറി ഒറ്റയടിയ്ക്ക്‌ കഴുതയുടെ കഥ കഴിച്ചു. സിംഹം പിന്നെ കുറുക്കനോട്‌ തിരിഞ്ഞ്‌ അവനോട്‌ അതു വീതിക്കാൻ പറഞ്ഞു. കുറുക്കൻ ചെറിയൊരു കഷണം മാത്രം തനിക്കു നീക്കിവച്ചിട്ട്‌ ബാക്കിയുള്ളതങ്ങനെ തന്നെ സിംഹത്തി നു മുന്നിലേക്കു നീക്കിവച്ചുകൊടുത്തു. 'അല്ലാ ചങ്ങാതി,' സിംഹം ചോദിച്ചു, 'ഇത്ര തുല്യ മായി പങ്കുവയ്ക്കാൻ ആരാ നിന്നെ പഠിപ്പിച്ചത്‌?' 'കഴുതയുടെ ഗതിയാണങ്ങുന്നേ എന്നെ പാഠം പഠിപ്പിച്ചത്‌,' കുറുക്കൻ പറഞ്ഞു.

സ്വയം തെറ്റുചെയ്തു പിന്നെ തിരുത്തുന്നതിനെക്കാൾ നല്ലത്‌ അന്യ രുടെ തെറ്റു കണ്ട്‌ സ്വയം തിരുത്തുകയാൺ്‌.

160

23. ഒട്ടകവും കുരങ്ങനും

മൃഗങ്ങളുടെ വലിയൊരു മേള നടക്കുന്ന വേദിയിൽ കയറി കുരങ്ങൻ ഒരു നൃത്തപ്രകടനം കാഴ്ച്ചവച്ചു; എല്ലാവർക്കും അതു രസിച്ചു; അവർ അവനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മറ്റൊരാൾ കേമനാകുന്നതിൽ അസൂയ തോന്നിയ ഒട്ടകമാവട്ടെ, അതൊക്കെ തനിക്കുമാവും എന്നു വീമ്പു പറഞ്ഞുകൊണ്ട്‌ ചാടിക്കയറി എന്തൊക്കെയോ കാട്ടിക്കൂട്ടി; പക്ഷേ അവന്റെ കോപ്പിരാട്ടി കണ്ട്‌ ക്ഷുഭിതരായ മൃഗങ്ങൾ അവനെ തല്ലിയോടിക്കുകയാണുണ്ടായത്‌.

കൈയെത്തുന്നിടത്തോളമേ കൈ നീട്ടാവൂ.

image20

24. ആടും ചെന്നായയും

വേട്ടനായ്ക്കളോടേറ്റുമുട്ടി മുറിവുപറ്റിയ ചെന്നായക്ക്‌ അനങ്ങാൻ പറ്റാതെയായി. അതുവഴി പോയ ഒരാടിനോട്‌ അടുത്തുള്ള അരുവിയിൽ ചെന്ന്‌ കുടിക്കാൻ അൽപം വെള്ളം കൊണ്ടു കൊടുക്കാൻ അവൻ അപേക്ഷിച്ചു. 'നീ കുടിക്കാൻ എന്തെങ്കിലും കൊണ്ടുവന്നാൽ തിന്നാനുള്ളത്‌ ഞാൻ കണ്ടെത്തിക്കോളാം,' ചെന്നായ പറഞ്ഞു. 'അതെയതെ,' ആടു പറഞ്ഞു. 'എനിക്കതിൽ ഒരു സംശയവുമില്ല. വെള്ളവും കൊണ്ടു ഞാൻ നിന്റെയടുത്തു വന്നാൽ തിന്നാനുള്ളതും നീ എന്നെക്കൊണ്ടു കണ്ടോളും!'

കപടനാട്യവും നുണപറച്ചിലും തമ്മിലൊക്കും.

No comments: