Saturday, July 11, 2009

ഇന്നത്തെ ഈസോപ്പ്‌

154

54. ഉറുമ്പുകളും പച്ചത്തുള്ളനും

മഞ്ഞുകാലത്തൊരു ദിവസം തെളിച്ചം കണ്ടപ്പോൾ ഉറുമ്പുകൾ തങ്ങൾ വേനൽക്കാലത്തു സംഭരിച്ച ധാന്യമണികൾ പുറത്തേക്കെടുത്ത്‌ വെയിലുകൊള്ളിക്കുകയായിരുന്നു. വിശന്നു പ്രാണൻ പോവാറായ ഒരു പച്ചത്തുള്ളൻ അതുവഴി വന്നു; വിശപ്പിനെന്തെങ്കിലും തരണമെന്ന്‌ അവൻ ഉറുമ്പുകളോടിരന്നു. 'നീ വേനൽക്കാലത്തെന്തെടുക്കുകയായിരുന്നു?' ഉറുമ്പുകൾ ആരാഞ്ഞു. 'അതു ഞാൻ പകലും രാത്രിയും പാട്ടും പാടി നടക്കുകയായിരുന്നു,' പച്ചത്തുള്ളൻ പറഞ്ഞു. 'അതു ശരി,' ഉറുമ്പുകൾ ചിരിച്ചുകൊണ്ടുപറഞ്ഞു; 'വേനൽക്കാലത്ത്‌ നിനക്കു പാടിക്കൊണ്ടു നടക്കാനല്ലേ നേരമുണ്ടായുള്ളു; വിഷമിക്കേണ്ട, മഞ്ഞുകാലം നിനക്ക്‌ ആടിത്തീർക്കാം.' എന്നിട്ടവർ കലവറ അടയ്ക്കുകയും ചെയ്തു.

മടിയും പിടിച്ചിരുന്നാൽ ഒടുവിൽ ഇരന്നുനടക്കേണ്ടിവരും.
image98

55. പേടമാനും മാൻകുട്ടിയും

മാൻകുട്ടി അമ്മയോട്‌ തന്റെയൊരു സംശയം ഇങ്ങനെ അവതരിപ്പിച്ചു: 'അമ്മേ, അമ്മ ഒരു വേട്ടനായേക്കാൾ വലുതാണ്‌, അതിനേക്കാൾ വേഗത്തിലോടാനും അമ്മയ്ക്കു കഴിയും. എത്ര നേരം പിടിച്ചുനിൽക്കാനുള്ള കഴിവുമുണ്ടമ്മയ്ക്ക്‌; കൊമ്പുകളാണെങ്കിൽ നല്ലൊരായുധവുമാണ്‌. എന്നിട്ടുമെന്താണമ്മേ, ഒരു വേട്ടനായെ കാണുമ്പോഴേക്കും അമ്മ പേടിച്ചോടുന്നത്‌?' പേടമാൻ കുട്ടിയോടു പറഞ്ഞതിതാണ്‌: 'നീ പറഞ്ഞതൊക്കെ ശരിയാണു കുഞ്ഞേ; എനിക്കതൊക്കെ അറിയുകയും ചെയ്യാം. എന്നാൽക്കൂടി ഒരു നായയുടെ കുര കേൾക്കുമ്പോഴേക്കും എന്റെ സർവാംഗം തളർന്നുപോകുന്നു; പിന്നെ പ്രാണനും കൈയ്യിൽപ്പിടിച്ച്‌ ഓടിരക്ഷപെടാനേ എനിക്കറിയൂ.'

ഭീരുവിനോടു യുക്തിവാദം ചെയ്തിട്ടു കാര്യമില്ല.
167

56. മല എലിയെ പെറ്റു

വളരെക്കാലം മുമ്പു നടന്ന സംഗതിയാണ്‌: മലയുടെയുള്ളിൽ നിന്നു വലിയൊരു മുഴക്കം കേട്ടു; ആളുകൾ പറഞ്ഞു, മലയ്ക്കു പേറ്റുനോവാണെന്ന്‌. മല പ്രസവിക്കാൻ പോകുന്നതെന്താണെന്നറിയാനുള്ള കൗതുകത്തോടെ നാടെങ്ങുനിന്നും ആളുകൾ തടിച്ചുകൂടി. ഏറെ നേരത്തെ ആകാംക്ഷാഭരിതമായ കാത്തിരുപ്പിനു ശേഷം അതാ പുറത്തുചാടുന്നു- ഒരു ചുണ്ടെലി!

ഗംഭീരമായ തുടക്കങ്ങൾ പലപ്പോഴും പ്രതീക്ഷയ്ക്കൊത്തുയരാതെ അവസാനിക്കും.

57. രണ്ടു സഞ്ചികൾ

പണ്ടുള്ളവർ പറയാറുണ്ട്‌, കഴുത്തിൽ രണ്ടു സഞ്ചിയും ഞാത്തിയിട്ടുകൊണ്ടാണ്‌ മനുഷ്യൻ ജനിക്കുന്നതെന്ന്‌-ഒന്നു മുന്നിലും മറ്റൊന്നു പിന്നിലും; ദോഷങ്ങളാണു രണ്ടും നിറയെ. പക്ഷേ ഒരു വ്യത്യാസമുണ്ട്‌-മുന്നിലുള്ള സഞ്ചിയിൽ അയൽക്കാരന്റെ ദോഷങ്ങളാണെങ്കിൽ പിന്നിലുള്ള സഞ്ചിയിൽ സ്വന്തം ദോഷങ്ങളായിരിക്കും. അതു കാരണം ഒരാളും സ്വന്തം ദോഷങ്ങൾ കാണുന്നില്ല; അതേസമയം ഒരു നിമിഷം പോലും അയൽക്കാരന്റെ ദോഷങ്ങൾ കാണാതിരിക്കുന്നുമില്ല.

image_24

58. രത്നം കിട്ടിയ കോഴി

പറമ്പിൽ ചികഞ്ഞുനടക്കുമ്പോൾ പൂവൻകോഴിക്കൊരു രത്നം കിട്ടി. ഇതെന്തോ വിലപിടി പ്പുള്ള സംഗതിയാണെന്ന്‌ അവനു മനസ്സിലായി; അതേസമയം അതു കൊണ്ട്‌ എന്തു ചെയ്യണമെന്ന്‌ അവനു ധാരണയുണ്ടായതുമില്ല. അവൻ പറഞ്ഞു, 'നിന്റെ വിലയറിയാവുന്നവർക്ക്‌ നീ കനപ്പെട്ടൊരു വസ്തു തന്നെയെന്നു സമ്മതിക്കുന്നു. പക്ഷേ ലോകത്തെ സകല രത്നങ്ങളേക്കാളും എനിക്കാവശ്യം ഒരരിമണിയാണ്‌.'

കാണുന്നവന്റെ കണ്ണിലാണ്‌ വസ്തുക്കളുടെ മൂല്യം.

046

59. കാക്കയും കൂജയും

ദാഹിച്ചുവലഞ്ഞ കാക്ക ദൂരെ ഒരു കൂജയിരിക്കുന്നതു കണ്ട്‌ വലിയ സന്തോഷത്തോടെ അങ്ങോട്ടു പറന്നുചെന്നു. അടുത്തെത്തിയപ്പോഴല്ലേ മനസ്സിലാവുന്നത്‌ കൂജയുടെ ഏറ്റവും അടിയിൽ ഒരിത്തിരി വെള്ളമേയുള്ളുവെന്ന്‌; എന്തു വിദ്യ കാണിച്ചിട്ടും അവനതു കുടി ക്കാൻ പറ്റിയില്ല. കൂജ മറിച്ചിട്ട്‌ പൊട്ടിച്ചാലോ എന്നുവരെ ആലോചിച്ചതാണ്‌; പക്ഷേ അതിനവനു ശക്തിയുമില്ല. അങ്ങനെ നിരാശനായി ഇരിക്കുമ്പോഴാണ്‌ അടുത്തു കുറേ വെള്ളാരംകല്ലു കിടക്കുന്നത്‌ അവന്റെ കണ്ണിൽപ്പെട്ടത്‌. അവൻ അതു പെറുക്കി ഓരോന്നായി കൂജയിലേക്കിട്ടു. അങ്ങനെ വെള്ളം കൂജയുടെ അടിയിൽ നിന്ന്‌ വാവട്ടം വരെ എത്തി; കാക്ക സുഖമായി തന്റെ ദാഹം തീർക്കുകയും ചെയ്തു.

ആവശ്യം വരുമ്പോൾ അതു നിവർത്തിക്കാനുള്ള വഴിയും തേടും.

No comments: