Monday, July 6, 2009

ഇന്നത്തെ ഈസോപ്പ്‌

image31

25. കിനാവു കണ്ട പാൽക്കാരി

പാൽക്കുടവും തലയിൽ വച്ച്‌ അങ്ങാടിയിലേക്കു പോകുംവഴി പാൽക്കാരി പകൽക്കിനാവു കണ്ടു. 'ഈ പാലു വിറ്റുകിട്ടുന്ന കാശു കൊണ്ട്‌ ഞാൻ മുന്നൂറു മുട്ട വാങ്ങും. അതിൽ കുറേ ചീഞ്ഞുപൊയ്ക്കോട്ടെ, എന്നാലും ഒരിരുനൂറെണ്ണം എന്തായാലും വിരിയും. കോഴിക്കു നല്ല വില കിട്ടുന്ന പെരുന്നാളിന്‌ ഒക്കേറ്റിനേം വിറ്റ്‌ ഞാൻ നല്ലൊരുടുപ്പു വാങ്ങും. പച്ചനിറം വേണോ അതോ-വേണ്ട, വേണ്ട, പച്ച തന്നെ മതി; എനിക്കതാണിണക്കം. എന്നിട്ട്‌ അതുമിട്ടുകൊണ്ട്‌ ഞാൻ അങ്ങാടിയിലൂടെ നടക്കുമ്പോൾ കാണാം, വരുന്നോ വരുന്നോ എന്നു ചോദിച്ച്‌ ചെറുപ്പക്കാർ എന്റെ പിന്നാലെ. ഊംഹും, ഒന്നിനെയും ഗൗനിക്കാതെ തലയും വെട്ടിച്ച്‌ ഞാൻ ഇങ്ങനെയങ്ങു നടക്കും.' കിനാവിൽ അത്രയ്ക്കു മുഴുകിപ്പോയ അവൾക്ക്‌ അതിന്റെ അവസാനരംഗം ഒന്നഭിനയിച്ചുകാണിക്കാതിരിക്കാനും പറ്റിയില്ല. അതാ കിടക്കുന്നു, പാൽക്കാരിയുടെ പാൽക്കുടവും പകൽക്കിനാവും !

വരാനുള്ളതു വന്നുകഴിഞ്ഞു എന്നമട്ടിൽ ചിന്തിക്കുന്നതു ബുദ്ധിയല്ല.

26. തോട്ടവും വേലിയും

അദ്ധ്വാനിയായ ഒരു കൃഷിക്കാരൻ മരിച്ചപ്പോൾ അയാളുടെ മുന്തിരിത്തോട്ടങ്ങൾ കഴിവും ബുദ്ധിയും കെട്ട മകന്റെ കൈയിലായി. അയാൾ ആദ്യം ചെയ്തത്‌ തോട്ടത്തിനു ചുറ്റും വച്ചു പിടിപ്പിച്ചിരുന്ന വേലിപ്പത്തൽ മൊത്തം വെട്ടിക്കളയുകയാണ്‌; വേലിപ്പത്തലിൽ മുന്തിരി കായ്ക്കില്ലല്ലോ എന്നതായിരുന്നു ആ വിഡ്ഢി കണ്ട ന്യായം. പക്ഷേ വേലി പോയതോടെ തോട്ടത്തിൽ ആർക്കും കയറി നിരങ്ങാമെന്നായി; അധികനാൾ വേണ്ടിവന്നില്ല, മനുഷ്യരും മൃഗങ്ങളും കൂടി തോട്ടം നിരപ്പാക്കി. അങ്ങനെ, മുന്തിരി കായ്ക്കാനല്ല വേലിപ്പത്തൽ വയ്ക്കുന്നതെന്നും ഒരു തോട്ടം കൈവശം വയ്ക്കുന്നതുപോലെ തന്നെ പ്രധാനമാണ്‌ അതു നടത്തിക്കൊണ്ടുപോകുന്നതെന്നും പഠിഞ്ഞപ്പോഴേക്കും അയാൾക്കു കാലം വൈകിയിരുന്നു.

image139

27. സിംഹവും കഴുതയും

സിംഹവും കഴുതയും കൂടി വേട്ടയ്ക്കു പോയി; കുറേനേരം കഴിഞ്ഞ്‌ അവർ കാട്ടാടുകൾ തമ്പടിച്ചിരുന്ന ഒരു ഗുഹയിലെത്തി. സിംഹം �ഗുഹാമുഖത്തു കാത്തുനിൽക്കുമ്പോൾ കഴുത ഉള്ളിൽക്കയറി മുക്രയിട്ടും തൊഴിച്ചും ബഹളം വച്ചും ആടുകളെ വിരട്ടി പുറത്തേക്കോടിച്ചു. സിംഹം കുറെയെണ്ണത്തിനെ കൊന്നുകഴിഞ്ഞപ്പോൾ കഴുത പുറത്തേക്കുവന്ന്‌ തന്റെ പരാക്രമം എങ്ങനെയുണ്ടായിരുന്നുവെന്ന്‌ സിംഹത്തോടു ചോദിച്ചു. താൻ ശൗര്യത്തോടെയല്ലേ പൊരുതിയതെന്നും ആടുകളെ മുഴുവൻ താൻ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ലേയെന്നും അവനറിയണം. 'അതിനെന്താ സംശയം,' സിംഹം പറഞ്ഞു. 'നീ കഴുതയാണെന്ന്‌ നേരത്തേ അറിയില്ലായിരുന്നുവെങ്കിൽ ഞാൻ തന്നെ വിരണ്ടോടിയേനെ.'

28. കിഴവനും മരണവും

വലിയൊരു കെട്ടു വിറകും ചുമന്ന്‌ വഴിയേറെ നടന്നു തളർന്ന ഒരു കിഴവൻ കെട്ടും താഴെയിട്ട്‌ ഈ നികൃഷ്ടജന്മത്തിൽ നിന്ന്‌ തന്നെയൊന്നു മോചിപ്പിക്കണേയെന്ന്‌ മരണത്തെ വിളിച്ചു പറഞ്ഞു. മരണം നേരെ കിഴവന്റെ മുന്നിൽ വന്നു നിന്നിട്ട്‌ എന്താ വേണ്ടതെന്നു ചോദിച്ചു. 'ഒന്നും വേണ്ടങ്ങുന്നേ,' കിഴവൻ പറഞ്ഞു. 'ഈ കെട്ടൊന്നു പൊക്കിത്തന്നാൽ മതി.'
മരണത്തിനു വേണ്ടി ദാഹിക്കുമ്പോലെയല്ല, അതിനെ നേരിൽ കാണുമ്പോൾ.

No comments: