Friday, July 3, 2009

ഇന്നത്തെ ഈസോപ്പ്


15. അഴകിയ കാകൻ

മേനിക്കണ്ടപ്പനായ ഒരു കാക്കയ്ക്ക്‌ എവിടുന്നോ കുറേ മയിൽപ്പീലി കിട്ടി. അതും കുത്തി നടന്നപ്പോൾതാൻ ആളു മാറിയെന്നായി അവന്റെ വിചാരം. ഇനി തന്റെ പഴയ ചങ്ങാതിമാരോടൊപ്പം നടക്കുന്നത്‌ ഒരുകുറവായിത്തോന്നിയതിനാൽ അവൻ മയിലുകൾ മേഞ്ഞുനടക്കുന്നിടത്തേക്കു ചെന്നു. മയിലുകൾക്കുപക്ഷേ പെട്ടെന്നുതന്നെ അവന്റെ ആൾമാറാട്ടം പിടികിട്ടി. അവർ അവനെ വളഞ്ഞ്‌ പീലികൾഊരിമാറ്റി; എന്നിട്ട്‌ കൊത്തിയോടിക്കുകയും ചെയ്തു. നിർഭാഗ്യവാനായ കാക്ക വീണ്ടും തന്റെകൂട്ടരോടൊപ്പം ചേരാൻ നോക്കിയെങ്കിലും അവരും അവനെ അടുപ്പിക്കാൻ കൂട്ടാക്കിയില്ല. എന്തായിരുന്നുപീലിയും കുത്തിയുള്ള അവന്റെ നടപ്പും മട്ടും! അവരിലൊരാൾ അവന്‌ ഇങ്ങനെയൊരുപദേശവുംനൽകി: സ്വന്തം തൂവലുകൾ കൊണ്ടു തൃപ്തിപ്പെട്ടിരുന്നെങ്കിൽ നിന്നെക്കാൾ കേമന്മാരായവരുടെശിക്ഷയിൽ നിന്നു നീ രക്ഷപ്പെട്ടേനേ; നിന്നോടൊപ്പമുള്ളവരുടെ അവജ്ഞയും നിനക്കുകിട്ടുമായിരുന്നില്ല.

16. കുറുക്കനും പൂച്ചയും

ശത്രുക്കളിൽ നിന്നു രക്ഷ നേടാൻ ഒരു നൂറു വിദ്യകൾ തനിക്കറിയാമെന്ന്‌ പൂച്ചയോടു വീമ്പുപറയുകയായിരുന്നു കുറുക്കൻ. 'എനിക്കൊരു വഴിയേ അറിയൂ,' പൂച്ച പറഞ്ഞു.'പക്ഷേ അതുകൊണ്ട്‌ഞാൻ ഒപ്പിച്ചുപോരാറുമുണ്ട്‌.' അവരങ്ങനെ സംസാരിച്ചുനിൽക്കുന്ന സമയത്ത്‌ അകലെ വേട്ടനായ്ക്കൾകുരയ്ക്കുന്നതു കേട്ടു. പൂച്ച ഉടനേതന്നെ അടുത്തുകണ്ട മരത്തിൽ ഓടിക്കയറി ഇലകൾക്കിടയിൽഒളിച്ചിരുപ്പായി. 'എനിക്കറിയാവുന്ന വിദ്യ ഇതാണ്‌,' പൂച്ച പറഞ്ഞു.' താനെന്താ ചെയ്യാൻ പോകുന്നത്‌?' കുറുക്കൻ ആദ്യം ഇങ്ങനെ ചെയ്താലോ എന്നാലോചിച്ചു; പിന്നെ മറ്റൊരുവഴിയെക്കുറിച്ചാലോചനയായി. അവൻ അങ്ങനെ കൂട്ടിയും കിഴിച്ചും നിൽക്കുമ്പോഴേക്കും നായ്ക്കൾഅടുത്തെത്തി. ആലോചനകൾക്കൊടുവിൽ കുറുക്കൻ അവർക്കിരയാവുകയും ചെയ്തു.

ഉറപ്പില്ലാത്ത നൂറു വഴികളേക്കാൾ തീർച്ചയുള്ള ഒരു വഴി നല്ലത്‌.


17. മെഴുകുതിരി

കൊഴുപ്പു കട്ടകുത്തി തടിച്ചുവീർത്ത ഒരു മെഴുകുതിരി ഒരു ദിവസം രാത്രി വീരവാദം മുഴക്കി, സൂര്യനുംചന്ദ്രനും നക്ഷത്രങ്ങളും ചേർന്നാലുള്ളതിനെക്കാൾ പ്രകാശമാണ്‌ താന്‍ ചൊരിയുന്നതെന്ന്‌. ഈസമയത്ത്‌ കാറ്റൊന്നിളകി; മെഴുകുതിരി കെട്ടുപോവുകയും ചെയ്തു. ആരോ മെഴുകുതിരി വീണ്ടുംകൊളുത്തിയിട്ട്‌ അതിനെ ഇങ്ങനെ ഉപദേശിച്ചു: 'നീ കത്തിക്കോ ചങ്ങാതി. പക്ഷേ ആനാവൊന്നടക്കണം. ആകാശത്തെ വിളക്കുകൾ ഊതിയാൽ കെടുന്നവയല്ല.'



No comments: