29. ആയയും ചെന്നായയും
ഇരതേടി നടന്ന ചെന്നായ ഒരു വീടിനു മുന്നിലെത്തിയപ്പോൾ അകത്തു കുഞ്ഞു കരയുന്ന തും ആയ അതിനെ ശാസിക്കുന്നതും കേട്ട് അവിടെ നിന്നു. ആയ പറയുകയാണ്, 'വേഗം കരച്ചിലു നിർത്തിക്കോ, ഇല്ലെങ്കിൽ നിന്നെ ഞാൻ ചെന്നായക്കു തിന്നാനിട്ടുകൊടുക്കും, പറഞ്ഞേക്കാം.' അതുകേട്ട ചെന്നായ തന്റെ അത്താഴം കുശാലായി എന്ന സന്തോഷത്തോടെ വീടിനു പുറത്തു കാത്തുകിടന്നു; ആയ പറഞ്ഞപോലെതന്നെ ചെയ്യുമെന്നായിരുന്നു അവന്റെ വിചാരം. ഒടുവിൽ ഇരുട്ടായി; കുഞ്ഞ് കരച്ചിൽ നിർത്തുകയും ചെയ്തു; കുഞ്ഞിനെ എടുത്തു ലാളിച്ചുകൊണ്ട് ആയ ഇങ്ങനെ പറയുന്നതാണ് ചെന്നായ പിന്നെ കേട്ടത്: 'എന്റെ തങ്കമല്ലേ. ഇനിയാ കള്ളച്ചെന്നായ വന്നാൽ നമുക്കവനെ തല്ലിക്കൊല്ലണം!' ചെന്നായയ്ക്ക് താൻ അവമാനിക്കപ്പെട്ടപോലെയാണു തോന്നിയത്; നിരാശനായ അവൻ ഇനി തിരിച്ചുപോവുകതന്നെ എന്നു തീരുമാനിച്ചു. വയറും കാളി (ചെന്നായയുടെ വിശപ്പ് അതിനേ അറിയൂ) തിർച്ചുനടക്കുമ്പോൾ അവൻ തന്നത്താൻ പിറുപിറുക്കുകയായിരുന്നു, 'മനസ്സിലൊന്നു വച്ചു കൊണ്ട് മറ്റൊന്നു പറയുന്നവരെ വിശ്വസിക്കാൻ പോയതാണ് എനിക്കു പറ്റിയ തെറ്റ്!
30. രണ്ടു കലങ്ങൾ
ഒരു മൺകലവും ഒരോട്ടുകലവും വെള്ളപ്പൊക്കത്തിൽപ്പെട്ട് പുഴയിലൂടൊഴുകിവരികയായിരുന്നു. തന്റെ ഓരം ചേർന്നൊഴുകിയാൽ താൻ രക്ഷിച്ചുകൊള്ളാമെന്ന് ഓട്ടുകലം മൺകലത്തോടു പറഞ്ഞു. അതു കേട്ട് മൺകലം ഇങ്ങനെ പറഞ്ഞു; 'എനിക്കതിൽ വിരോധമൊന്നുമില്ല. പക്ഷേ എനിക്കത്ര ധൈര്യം പോര. നിങ്ങൾ എന്നിൽ നിന്നു മാറിയൊഴുകിയാൽ ഞാൻ ഒഴുകി രക്ഷപെട്ടോളാം. പക്ഷേ നമ്മൾ തമ്മിൽ അടുത്താൽ ചേതം പറ്റുന്നത് എനിക്കായിരിക്കും.'
അതിശക്തരായ അയൽക്കാരോട് അടുക്കാതിരിക്കുക. ഒരേറ്റുമുട്ടലുണ്ടായാൽ നശിക്കാൻ പോകുന്നത് ശേഷി കുറഞ്ഞവനായിരിക്കും.
31. മുക്കുവനും കലക്കവെള്ളവും
ഒരു മുക്കുവൻ പുഴയിൽ മീൻപിടിക്കാൻ പോയി. വല വിരിച്ചിട്ട് അയാൾ രണ്ടു മരമുട്ടികളെടുത്ത് വെള്ളം കലക്കാൻ തുടങ്ങി; മീനുകളെ വലയിലേക്കോടിച്ചുകയറ്റാനുള്ള വിദ്യയായിരുന്നു അത്. പുഴക്കരെ താമസക്കാരനായ ഒരു ചങ്ങാതിക്ക് അതൊരു മന പ്രയാസമായി. അയാൾ ചെന്ന് മുക്കുവനെ ചീത്ത പറഞ്ഞു; കുടിക്കാനുള്ള വെള്ളം കലക്കുന്നതു ശരിയാണോ എന്നായിരുന്നു അയാളുടെ ചോദ്യം. 'എനിക്കതിൽ വിഷമമില്ലാതില്ല,' മുക്കുവൻ പറഞ്ഞു. 'പക്ഷേ വെള്ളം കലക്കിയാലേ എനിക്കു ജീവിക്കാൻ പറ്റൂ.'
32. കുറുക്കനും മുഖംമൂടിയും
കുറുക്കൻ ഒരു നാടകനടന്റെ വീട്ടിൽ ചെന്നുകേറി പരിശോധന നടത്തുമ്പോൾ വിശേഷപ്പെട്ടൊരു മുഖംമൂടി കണ്ടു: മനുഷ്യശിരസ്സിന്റെ ഒന്നാന്തരമൊരനുകരണം. 'എത്ര ചന്തമുള്ളൊരു തല!' കുറുക്കൻ ഉറക്കെപ്പറഞ്ഞു. 'കഷ്ടം, തലച്ചോറെന്നതില്ല!'
മുഖം നന്നായാൽ പോരാ, അതിനു ചേർന്ന ബോധവും കൂടി വേണം.
33. ചെന്നായയും ആട്ടിൻകുട്ടിയും
കൂട്ടം തെറ്റിയ ഒരു ആട്ടിൻകുട്ടിയെ ചെന്നായ പിന്തുടരുകയായിരുന്നു. രക്ഷപെടാൻ പഴുതൊന്നുമില്ലെന്നു കണ്ടപ്പോൾ ആട്ടിൻകുട്ടി തിരിഞ്ഞുനിന്ന് ഇങ്ങനെ പറഞ്ഞു, 'ഞാനെന്തായാലും നിങ്ങളുടെ ഇരയായിപ്പോയി. എന്റെ ജീവിതം അവസാനിക്കാൻ ഇനി അധികനേരമില്ലാത്ത സ്ഥിതിയ്ക്ക് ഞാൻ ഒന്നാനന്ദിച്ചോട്ടെ. നിങ്ങൾ ഒരു പാട്ടു പാടിയാൽ ഞാൻ അതിനൊപ്പിച്ച് രണ്ട് ചുവടു വയ്ക്കാം.' ഉടനെ ചെന്നായ ചൂളമടിച്ചു പാടാൻ തുടങ്ങി, ആട്ടിൻകുട്ടി അതിനൊപ്പിച്ചു നൃത്തം ചെയ്യാനും. പാട്ടു കേട്ട നായ്ക്കൾ എന്താ നടക്കുന്നതെന്നറിയാൻ ഓടിയെത്തി. നായ്ക്കളെ കണ്ട ചെന്നായ നിലംതൊടാതെ ഓടി രക്ഷപെട്ടു.
വിഡ്ഢിവേഷം കെട്ടുന്നവന് തന്റെ നിലയും വിലയും കളയേണ്ടിവരും.
No comments:
Post a Comment