114. കുറുക്കനും മരംവെട്ടിയും
വേട്ടനായ്ക്കൾ പിന്തുടർന്നോടിച്ച കുറുക്കൻ വഴിയിൽ ഒരു മരംവെട്ടി നിൽക്കുന്നതു കണ്ട് തനിക്ക് ഒളിച്ചിരിക്കാൻ ഒരിടം കാട്ടിത്തരണമെന്ന് അയാളോടപേക്ഷിച്ചു. അയാൾ സ്വന്തം കുടിൽ കാണിച്ചുകൊടുത്തു; കുറുക്കൻ ഒരു മൂലയ്ക്കു പതുങ്ങിയിരിക്കുകയും ചെയ്തു. പിന്നാലെ വേട്ടക്കാരുമെത്തി; ഒരു കുറുക്കനെ അവിടെങ്ങാനും കണ്ടോയെന്ന് അവർ മരം വെട്ടിയോടന്വേഷിച്ചു. 'ഇല്ല,' അയാൾ പറഞ്ഞു, എന്നിട്ടു പക്ഷേ ഒരു വിരൽ കൊണ്ട് കുടിലിനു നേർക്കു ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്നാൽ വേട്ടക്കാർക്ക് ആ സൂചന മന സ്സിലായില്ല; അവർ അയാളുടെ വാക്കു വിശ്വസിച്ച് നേരേ മുന്നോട്ടോടിപ്പോയി. അവർ കണ്ണിൽ നിന്നു മറഞ്ഞു എന്നുറപ്പായപ്പോൾ കുറുക്കൻ പതിയെ കുടിലിൽ നിന്നിറങ്ങി മരംവെട്ടിയോട് ഒന്നും പറയാതെ സ്ഥലം വിടാനൊരുങ്ങി. ഇത്കണ്ട് അയാൾ കുറുക്കനെ ഇങ്ങനെ ഭത്സിച്ചു , 'നന്ദികെട്ട ജന്തു! വിളിച്ചു വീട്ടിക്കേറ്റിയ ഒരാളോട് ഇങ്ങനെയാണോ പെരുമാറേണ്ടത്? നീയിപ്പോൾ ജീവനോടിരിക്കുന്നെങ്കിൽ അതു ഞാൻ കാരണമാന് ; എന്നിട്ട് ഒരു നന്ദിവാക്കു പോലും പറയാതങ്ങിറങ്ങിപ്പോവുകയും.' 'ഇങ്ങനെ വേണം വിളിച്ചുകേറ്റാൻ!' തിരിഞ്ഞുനിന്നുകൊണ്ട് കുറുക്കൻ പറഞ്ഞു. 'നിങ്ങളുടെ വാക്കു പോലെ പ്രവൃത്തിയും നന്നായിരുന്നെങ്കിൽ ഞാനിങ്ങനെ നന്ദികേടു കാണിക്കില്ലായിരുന്നു.'
ഒരു വാക്കിലുള്ളത്ര ദുഷ്ട് ഒരു ചേഷ്ടയിലുമുണ്ട്.
115. വിരുന്നുപോയ നായ
ഒരു ധനികൻ ഒരു മാന്യനെ വിരുന്നിനു വിളിച്ചു. ഈ സമയത്തു തന്നെ ധനികന്റെ നായ മാന്യന്റെ നായയെ കണ്ടുമുട്ടി അവനെയും വീട്ടിലേക്കു ക്ഷണിച്ചു, 'വാ ചങ്ങാതി, ഇന്നത്തെ അത്താഴം നമുക്കൊരുമിച്ചാകാം.' ക്ഷണം സ്വീകരിച്ച മാന്യന്റെ നായ സദ്യവട്ടങ്ങൾ കാണാനായി നേരത്തേതന്നെ സ്ഥലത്തെത്തി. എന്തൊരു സദ്യയായിരിക്കും, അവൻ സ്വയം പറയുകയായിരുന്നു, എന്റെയൊരു ഭാഗ്യം നോക്കണേ! ഞാൻ മൂക്കുമുട്ടെ തിന്നാൻ പോവുകയാണ്. പിന്നെ കുറച്ചെടുത്തു മാറ്റിവയ്ക്കുകയും വേണം. നാളത്തേക്ക് ഒന്നും കിട്ടിയില്ലെങ്കിലോ. അവൻ വാലാട്ടിക്കൊണ്ട് തന്റെ ചങ്ങാതിയുടെ നേർക്ക് ഒരു കള്ളനോട്ടമയച്ചു. പക്ഷേ അവന്റെ വാലാട്ടൽ കുശിനിക്കാരന്റെ കണ്ണിൽപ്പെട്ടു. അയാൾ അവന്റെ കാലിനു പിടിച്ച് ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു. നിലത്തു ചെന്നുവീണ നായ മോങ്ങിക്കൊണ്ട് തെരുവിലേക്കോടി. മറ്റു നായ്ക്കൾ ചുറ്റും കൂടി സദ്യ എങ്ങനെയുണ്ടായിരുന്നുവെന്നന്വേഷിച്ചു. 'സത്യം പറയാമല്ലോ' വിഷാദം കലർന്ന ഒരു പുഞ്ചിരിയോടെ നായ പറഞ്ഞു. 'എനിക്ക് ഒന്നുമോർമ്മനിൽക്കുന്നില്ല. പൊതിരെ കുടിച്ചു ബോധം പോയതിനാൽ ഞാനെങ്ങനെ ആ വീട്ടിനു പുറത്തായെന്നുപോലും എനിക്കറിയില്ല.'
പിൻവാതിലിലൂടെ ഉള്ളിൽക്കയറുന്നവൻ ജനാലയിലൂടെ പുറത്തുപോകേണ്ടിവരും.
116. അമ്പും പരുന്തും
ചെന്നുകൊണ്ടത് പരുന്തിന്റെ നെഞ്ചിനുതന്നെ. പ്രാണവേദനയോടെ താഴേക്കു പതിക്കുമ്പോൾ തനിക്കേറ്റ അമ്പിന്റെ കട പരുന്തിന്റെ കണ്ണിൽപ്പെട്ടു; തന്റെതന്നെ തൂവലുകൾ കൊണ്ടാണ് അതിനു ചിറകു പിടിപ്പിച്ചിരിക്കുന്നത്.
നാം തന്നെ എടുത്തുകൊടുക്കുന്ന ആയുധങ്ങൾ കൊണ്ട് മുറിവു പറ്റുമ്പോൾ അതിനെന്തു മൂർച്ചയും വേദനയുമാണ്!
117. ആട്ടിടയനും ചെന്നായയും
ചെന്നായ ആട്ടിൻപറ്റത്തിനു പിന്നാലെ നടന്നതല്ലാതെ അവയെ ആക്രമിക്കാനോ തിന്നാനോ ഒന്നും പോയില്ല. അവന്റെ നല്ലനടത്തയിൽ ആദ്യമൊക്കെ ആട്ടിടയൻ വീണുപോയതുമില്ല. പക്ഷേ ഇത്രനാളായിട്ടും അവൻ ഒരാടിനെപ്പോലും തൊടാതിരുന്നപ്പോൾ അയാൾക്കവനെ വിശ്വാസം വന്നു തുടങ്ങി. എന്തിനു പറയുന്നു, ഒരു ദിവസം ചന്തയ്ക്കു പോകേണ്ട ആവശ്യം വന്നപ്പോൾ അയാൾ ആടുകളെ നോക്കാൻ ചെന്നായയെ ഏൽപ്പിക്കുകയും ചെയ്തു. ചുമതലയേൽക്കേണ്ട താമസം, ആടുകളെയൊന്നാകെ അവൻ കൊന്നുതിന്നു. ചന്തയിൽപ്പോയി തിരിച്ചുവന്ന ആടിടയൻ തന്റെ ആടുകളെല്ലാം നഷ്ടമായതു കണ്ടപ്പോൾ അലമുറയിട്ടു കരഞ്ഞു: 'ഞാനെന്തൊരു വിഡ്ഢി! ആടിനെ നോക്കാൻ ചെന്നായയെ ഏൽപ്പിച്ച എനിക്കിതു തന്നെ കിട്ടണം.'
ചില മിത്രങ്ങളുണ്ടെങ്കിൽ ശത്രുക്കൾ വേറെ വേണ്ട.
118. വാലു പോയ കുറുക്കൻ
കെണിയിൽ വാലു കുടുങ്ങിയ കുറുക്കന് ജീവൻ രക്ഷിക്കണമെങ്കിൽ വാലു കളഞ്ഞേപറ്റൂ എന്നായി. വാലിനു പകരം വാലിന്റെ കുറ്റിയുമായി നിൽക്കുന്ന തന്നെ കൂട്ടുകാർ കളിയാക്കിക്കൊല്ലുമല്ലോയെന്നോർത്തപ്പോൾ താനെന്തിനിങ്ങനെ ജീവൻ രക്ഷിച്ചു എന്നുപോലും അവൻ ചിന്തിച്ചുപോയി. എന്തായാലും പറ്റിയതു പറ്റി; വീണതു വിദ്യയാക്കുക എന്നതിലാണു മിടുക്കിരിക്കുന്നത്. അവൻ തന്റെ കൂട്ടരുടെ ഒരു പൊതുയോഗം വിളിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞു: 'എനിക്കിപ്പോൾ എന്തു സുഖമാണെന്നോ!' അവൻ പറഞ്ഞു. 'ഒന്നാലോചിച്ചുനോക്കിയാൽ കാണാൻ ഭംഗിയില്ലാത്തതും അനാവശ്യവുമായ ഒരു വച്ചുകെട്ടല്ലേ ഈ വാലെന്നു പറയുന്നത്? നായ്ക്കൾ നമ്മെയിട്ടോടിക്കുമ്പോൾ എന്തൊരസൗകര്യമാണത്! കുന്തിച്ചിരുന്നൊന്നു വർത്തമാനം പറയാൻ നോക്കിയാൽ അതും പറ്റുമോ! ചങ്ങാതിമാരേ, നിങ്ങളും എന്നെപ്പോലെ വാലു കളയണമെന്നൊരു നിർദ്ദേശം ഞാൻ നിങ്ങളുടെ മുന്നിൽ വയ്ക്കുകയാണ്.' അവനിരുന്നുകഴിഞ്ഞപ്പോൾ സാമർത്ഥ്യക്കാരനായ ഒരു മുതുകുറുക്കൻ എഴുന്നേറ്റ് തന്റെ സമൃദ്ധമായ നീണ്ട വാൽ ഒന്നു കുടഞ്ഞുവീശിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: 'അല്ല ചങ്ങാതി, നിന്നെപ്പോലെ എനിക്കും വാലു നഷ്ടപ്പെടിരുന്നെങ്കിൽ നീ ഇപ്പറഞ്ഞത് എനിക്കും വിശ്വാസമായേനെ. പക്ഷെ അങ്ങനെയൊന്നു സംഭവിക്കാത്തിടത്തോളം കാലം ഞാൻ ഈ വാലും കൊണ്ടു നടക്കുകയേയുള്ളു.'
ഉപദേശം സ്വീകരിക്കുമ്പോൾ അതിനു പിന്നിൽ മറ്റു താൽപര്യങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തുക.
119. സൂര്യന്റെ കല്യാണം
നല്ല വേനൽക്കാലത്തൊരു ദിവസം സൂര്യന്റെ കല്യാണമായെന്ന് ജന്തുക്കൾക്കിടയിൽ ഒരു ശ്രുതി പരന്നു. മൃഗങ്ങൾക്കും പക്ഷികൾക്കുമൊക്കെ വളരെ സന്തോഷമായി. തവളകൾക്കായിരുന്നു വലിയ ഉത്സാഹം. പക്ഷേ ദു:ഖിക്കേണ്ട അവസരമാണതെന്നു പറഞ്ഞ് ഒരു കിഴവൻതവള അവരെ പി്ന്തിരിപ്പിച്ചുകളഞ്ഞു: 'ഒരു സൂര്യൻ കൊണ്ടുതന്നെ നമ്മുടെ ചതുപ്പുകൾ വരണ്ടുണങ്ങുന്ന സ്ഥിതിക്ക് പന്ത്രണ്ടു കുഞ്ഞുസൂര്യന്മാർ കൂടി ഉണ്ടായാലത്തെ സ്ഥിതിയെന്താ?'
120. ഈച്ചയും കാളയും
കുറേ നേരം കാളയുടെ തലക്കുചുറ്റും വട്ടമിട്ടു പറന്നുനടന്ന ഈച്ച ഒടുവിൽ അതിന്റെ ഒരു കൊമ്പിൽ ചെന്നിരുന്നു. 'എന്റെ ഭാരം ശല്യമായി തോന്നുന്നെങ്കിൽ പറഞ്ഞോളൂ,' ഈച്ച കാളയോടു പറഞ്ഞു, 'ഞാൻ പോയേക്കാം.' 'ഓ, നീ അതൊന്നും ആലോചിച്ചു വിഷമിക്കേണ്ട,' കാള പറഞ്ഞു. 'നീ ഇരുന്നാലും പോയാലും എനിക്കൊരുപോലെയാണ്. പിന്നെ സത്യം പറഞ്ഞാൽ നീ വന്നിരുന്നത് ഞാൻ അറിഞ്ഞതുപോലുമില്ല.'
മനസ്സെത്ര ചെറുതാകുന്നുവോ അത്രയ്ക്കു ഗർവു കൂടുകയും ചെയ്യും.
121. ഉഴവുകാളയും മൂരിക്കുട്ടനും
പാടത്തു പുളച്ചുനടന്ന മൂരിക്കുട്ടൻ അന്യന്റെ വിടുപണി ചെയ്യുന്നതിന് ഉഴവുകാളയെ പരിഹസിച്ചു. കാള പക്ഷേ മറുത്തൊന്നും പറയാതെ തന്റെ ജോലി ചെയ്തുകൊണ്ടിരുന്നു. ഇതു നടന്ന് അധികനാളായില്ല, വലിയൊരു പെരുന്നാൾ വന്നു. കാളയ്ക്ക് അന്നു ജോലിയിൽ നിന്നു വിടുതൽ കിട്ടി. മൂരിക്കുട്ടനെ ബലി കൊടുക്കാൻ വേണ്ടി വളഞ്ഞുപിടിച്ചു കൊണ്ടു പോവുകയും ചെയ്തു. 'നിന്റെ അലസതയ്ക്ക് ഇതു തന്നെ കിട്ടണം,' കാള പറഞ്ഞു. 'കഴുത്തിൽ മഴു വീഴുന്നതിനെക്കാൾ നുകം വയ്ക്കുന്നതാണ് എനിക്കിഷ്ടം.'
122. കഴുതയും വിഗ്രഹവും
ദേവവിഗ്രഹവുമായി ഊരുവലത്തിനിറങ്ങിയ കഴുത ആളുകൾ നമസ്കരിക്കുന്നത് തന്നെയാണെന്നു ഭ്രമിച്ചുപോയി. താനൊരു ആരാധനാപാത്രമായല്ലോയെന്നൊർത്ത് അഭിമാനം കൊണ്ട കഴുത പിന്നെ ഒരടി നടക്കാൻ കൂട്ടാക്കിയതുമില്ല. കഴുതക്കാരൻ ചാട്ടയെടുത്ത് അ വന്റെ പുറത്തൊന്നു പൂശിയിട്ട് ഇങ്ങനെ പറഞ്ഞു; 'മരക്കഴുതേ, നിന്നെയല്ല, നിന്റെ പുറത്തിരിക്കുന്ന വിഗ്രഹത്തെയാണ് അവർ പൂജിക്കുന്നത്!'
അന്യർക്കു ചെല്ലേണ്ട അംഗീകാരം തനിക്കവകാശപ്പെടുന്നവൻ വിഡ്ഢിയാണ്.
No comments:
Post a Comment