98. ഉറുമ്പും പ്രാവും
ദാഹം തീർക്കാൻ വെള്ളത്തൊട്ടിയിലിറങ്ങിയ ഉറുമ്പ് കാലിടറി വെള്ളത്തിൽ വീണുപോയി. ഭാഗ്യത്തിന് അടുത്തൊരു മരത്തിലിരുന്ന പ്രാവ് ഒരില കൊത്തി വെള്ളത്തിലിട്ടുകൊടുത്തു. ഇലയിൽ പറ്റിപ്പിടിച്ചുകയറിയ ഉറുമ്പ് തുഴഞ്ഞു കരപിടിക്കുകയും ചെയ്തു. അൽപനേരം കഴിഞ്ഞപ്പോൾ ഒരു പക്ഷിപിടുത്തക്കാരൻ അതുവഴി വന്നു. അവൻ പ്രാവിനെ കെണിയിലാക്കാനായി വല വിരിച്ചതും ഉറുമ്പ് അവന്റെ കാലിൽ കടിച്ചുതൂങ്ങി. അവൻ വലയുമിട്ടെറിഞ്ഞ് അലറിക്കരഞ്ഞു. തന്റെ ജീവൻ അപകടത്തിലാണെന്നു മനസ്സിലാക്കിയ പ്രാവ് പറന്നു രക്ഷ പെടുകയും ചെയ്തു.
നല്ലതു ചെയ്യുന്നവന് നല്ലതേ വരൂ.
99. ചെന്നായയും ആട്ടിടയന്മാരും
ചെന്നായ കുടിലിനുള്ളിലേക്കൊളിഞ്ഞുനോക്കിയപ്പോൾ കുറേ ആട്ടിടയന്മാർ ആട്ടിറച്ചിയും നിന്ന് സുഖമായിട്ടിരിക്കുന്നതു കണ്ടു. 'ഞാൻ ഇങ്ങനെയൊരത്താഴം കഴിക്കുന്നത് ഇവരുടെ കണ്ണിൽപ്പെട്ടിരുന്നെങ്കിൽ ഇവരെന്നെ നരകം കാണിച്ചേനെ,' ചെന്നായ ആരോടുമല്ലാതെ പറഞ്ഞു.
തങ്ങൾ ചെയ്യുന്ന തെറ്റുകൾ മറ്റുള്ളവർ ചെയ്തു കണ്ടാലെ ചിലർക്കു കണ്ണിൽപ്പെടൂ.
100. സിംഹത്തോലണിഞ്ഞ കഴുത
എവിടുന്നോ ഒരു സിംഹത്തോൽ കിട്ടിയ കഴുത അതുമിട്ടു നടന്ന് കണ്ട മൃഗങ്ങളെയൊക്കെ വിരട്ടിയോടിച്ചു. കുറുക്കനെ കണ്ടപ്പോൾ കഴുത അവനെയും പേടിപ്പിക്കാൻ നോക്കി; പക്ഷേ കഴുതയുടെ ശബ്ദം കേട്ടപ്പോൾ അവനു കാര്യം മനസ്സിലായി. അവൻ പറഞ്ഞു, 'ഞാനും പേടിച്ചുപോയേനെ; പക്ഷേ നിന്റെ കഴുതകരച്ചിൽ കള്ളി വെളിച്ചത്താക്കി.'
തനിക്കിണങ്ങാത്ത വേഷമെടുക്കുന്നവൻ അമിതാഭിനയം കാണിച്ച് പുറത്താകും.
101. കുളക്കരയിലെ കലമാൻ
വേനൽക്കാലത്തൊരു ദിവസം ദാഹം തീർക്കാൻ കുളക്കരയിലെത്തിയ കലമാൻ വെള്ളത്തിൽ തന്റെ പ്രതിബിംബവും കണ്ടു നിൽപ്പായി. 'എന്റെ കൊമ്പുകൾക്ക് എന്തു ഭംഗിയും ബലവുമാണ്! 'അവൻ സ്വയം പറഞ്ഞു. 'എന്നിട്ടു കാലിനാണെങ്കിൽ ഒരു ചന്തവുമില്ല, ബലവുമില്ല!' പ്രകൃതി തനിക്കു നൽകിയ ശരീരലക്ഷണങ്ങളെ അവൻ അങ്ങനെ നിരൂപിച്ചും വിമർശിച്ചും നിൽക്കുന്ന സമയത്ത് നായാട്ടുകാരും നായ്ക്കളും അവനെ വളഞ്ഞു. അവന്റെ ആക്ഷേപത്തിനു പാത്രമായ കാലുകൾ അവനെ അവരിൽ നിന്നു രക്ഷപെടുത്തി ദൂരെയെത്തിച്ചു; പക്ഷേ അവനു സന്തോഷവും അന്തസ്സും നൽകിയ കൊമ്പുകളാവട്ടെ ഒരു വള്ളിപ്പടർപ്പിൽ കുരുങ്ങി അവനു മുന്നോട്ടു നീങ്ങാനാവാതെ വന്നു. പിന്നാലെയെത്തിയ നായാട്ടുകാർ അവന്റെ ജീവനെടുക്കുകയും ചെയ്തു.
നിസ്സാരമെന്നു നാം ഗണിക്കുന്ന പ്രത്യേകതകളാവാം യഥാർത്ഥത്തിൽ നമ്മുടെ വിലപ്പെട്ട ഗുണങ്ങൾ.
102. ആട്ടിൻതോലണിഞ്ഞ ചെന്നായ
വേഷം മാറിയാൽ ജീവിക്കാനെളുപ്പമായെന്ന വിചാരത്തോടെ ഒരു ചെന്നായ ആട്ടിൻതോലെടുത്തു പുതച്ചു. എന്നിട്ടവൻ ഒരാട്ടിൻപറ്റത്തിനിടയിൽ കയറിക്കൂടി അവയോടൊപ്പം മേഞ്ഞുനടന്നു; ആട്ടിടയനു പോലും അവന്റെ ആൾമാറാട്ടം മനസ്സിലായില്ല. രാത്രിയായപ്പോൾ മറ്റാടുകളോടോപ്പം അവനും ആലയിലായി. പക്ഷേ അത്താഴത്തിന് ആട്ടിറച്ചി വേണമെന്നു തോന്നിയ ഇടയൻ കശാപ്പു ചെയ്യാൻ ആലയിൽ കയറി പിടികൂടിയത് ആടായി നിൽക്കുന്ന ചെന്നായയെ.
103. വീമ്പടിച്ച സഞ്ചാരി
പുറംനാടുകളിൽ ഒരുപാടു യാത്ര ചെയ്തുവന്ന ഒരാൾ നാട്ടിലെത്തി അന്യനാടുകളിൽ താൻ നടത്തിയ പരാക്രമങ്ങളെക്കുറിച്ച് നാട്ടുകാരോടു വീമ്പടിക്കുകയായിരുന്നു. കൂട്ടത്തിലയാൾ ഇങ്ങനെയും ഒന്നു തട്ടിവിട്ടു: താൻ റോഡ്സിലായിരുന്നപ്പോൾ ഒരു ചാട്ടം ചാടി; മറ്റൊരാൾക്കും അതിനടുത്തെത്താൻ പോലും കഴിഞ്ഞില്ല; സക്ഷികളെ വേണമെങ്കിൽ റോഡ്സിൽ ചെന്നാൽ താൻ കാണിച്ചുതരാം. 'സംഗതി ശരിയായേക്കാം,' കേട്ടിരുന്ന ഒരാൾ അഭിപ്രായ പ്പെട്ടു. 'എങ്കിൽപ്പിന്നെ അതിനു സാക്ഷികളുടെ ആവശ്യവുമില്ലല്ലോ. ഇവിടം റോഡ്സ് ആണെന്നു കരുതിക്കൊണ്ട് ഒന്നു ചാടിക്കാണിച്ചാൽ മതി.'
വീമ്പടിക്കുന്നവന്റെ വായടയ്ക്കാൻ ഏറ്റവും നല്ല വഴി പറയുന്നതു ചെയ്തുകാണിക്കാൻ പറയുകയാണ്.
104. രണ്ടു ഭാര്യയുള്ളയാൾ
ഒരാൾക്കു രണ്ടു ഭാര്യമാരെ വയ്ക്കാവുന്ന ഒരു കാലമുണ്ടായിരുന്നു; നര കേറിത്തുടങ്ങിയ മധ്യവസ്കനായ ഒരാൾക്ക് ഒരേ സമയം രണ്ടു സ്ത്രീകളോട് ഇഷ്ടമായി; അയാൾ രണ്ടു പേരെയും വിവാഹം ചെയ്തു. ചെറുപ്പക്കാരിയും ഉല്ലാസവതിയുമായ ഒരു ഭാര്യയ്ക്ക് ഭർത്താവ് എപ്പോഴും ചെറുപ്പമായിട്ടിരിക്കണം; അൽപം പ്രായം കൂടിയ മറ്റേ ഭാര്യയ്ക്കാവട്ടെ, അയാൾക്കു തന്നേക്കാൾ ചെറുപ്പം തോന്നാനും പാടില്ല. അങ്ങനെ ചെറുപ്പക്കാരി ഭാര്യ തരം കിട്ടുമ്പോഴൊക്കെ ഭർത്താവിന്റെ നരച്ച മുടി പിഴുതെടുത്തുകളയും; മറ്റേ ഭാര്യ കറുത്തമുടിയിലും കൈവച്ചു. അയാളങ്ങനെ തന്റെ ഭാര്യമാരുടെ ശുശ്രൂഷയിൽ മയങ്ങി കുറച്ചുനാൾ ചെന്നു; ഒരു ദിവസം കാലത്ത് കണ്ണാടി നോക്കുമ്പോൾ തലയിൽ ഒറ്റ മുടിയില്ല.
പലരുടെയും ഇംഗിതങ്ങൾക്കു വഴങ്ങി സ്വന്തം വിശ്വാസപ്രമാണങ്ങൾക്കു നീക്കുപോക്കു വരുത്തുന്നവൻ ഒടുവിൽ ഒരു വിശ്വാസപ്രമാണവുമില്ലാത്തവനായി മാറും.
105. പിശുക്കൻ
തന്റെ സ്വത്തുക്കൾ ഒരിക്കലും കൈവിട്ടുപോകരുതെന്ന ചിന്തയോടെ ഒരു പിശുക്കൻ തനി ക്കുള്ളതെല്ലാം വിറ്റ് വലിയൊരു സ്വർണ്ണക്കട്ടി വാങ്ങി നിലത്തു കുഴിച്ചിട്ടു. അയാൾ ഇടയ്‌ക്കിടെ അവിടെപ്പോയി നോക്കുന്നതുകണ്ടു സംശയം തോന്നിയ വേലക്കാരൻ അയാളില്ലാത്ത നേരത്ത് അതും കുഴിച്ചെടുത്ത് സ്ഥലം വിട്ടുകളഞ്ഞു. പിശുക്കൻ തിരിച്ചുവന്ന് സ്വർണം പോയതു കണ്ട് മാറത്തടിച്ചു കരഞ്ഞപ്പോൾ സങ്കടം തീർക്കാൻ അയൽക്കാരൻ ഇങ്ങനെയൊരുപദേശം നൽകി; 'താൻ വിഷമിക്കേണ്ട. ഒരു കല്ലെടുത്ത് അവിടെ കുഴിച്ചിടുക. എന്നിട്ട് അതു തന്റെ സ്വർണ്ണക്കട്ടിയാണെന്നങ്ങു കരുതിക്കോളുക. തനിക്കുപയോഗമില്ലാത്ത സ്ഥിതിയ്ക്ക് സ്വർണ്ണത്തിന്റെ സ്ഥാനത്ത് കല്ലായാലും മതി.'
കൂട്ടിവയ്ക്കാതെ ചിലവഴിച്ചാലേ പണത്തിനു വിലയുണ്ടാവൂ.
No comments:
Post a Comment