എറിക് ലോൺറോട്ടിന്റെ സാഹസിയായ നിശിതബുദ്ധിയെ കുഴക്കിയ നിരവധി പ്രശ്നങ്ങളുണ്ടായിട്ടുണ്ടെങ്കിലും, അവയിലൊക്കെ വച്ചേറ്റവും വിചിത്രമായത്-കണക്കൊപ്പിച്ച രീതിയിൽ അത്ര വിചിത്രമായത്, എന്നു വേണമെങ്കിൽ പറയാം-ട്രീസ്റ്റി-ലെ-റോയ് വില്ലായിൽ വച്ച്, യൂക്കാലിപ്റ്റസ് മരങ്ങളുടെ അവിച്ഛിന്നഗന്ധത്തിനിടയിൽ കലാശിച്ചതും കൃത്യമായ ഇടവേള വച്ചു നടന്നതുമായ ആ കൊലപാതകങ്ങളുടെ പരമ്പര തന്നെയായിരുന്നു. അവസാനത്തെ കൊല തടയാൻ എറിക് ലോൺറോട്ടിനു കഴിഞ്ഞില്ല എന്നതു സത്യം തന്നെ, എന്നാൽ അദ്ദേഹം അതു മുൻകൂട്ടിക്കണ്ടിരുന്നുവെന്നതു നിസ്തർക്കമത്രെ. അതുപോലെതന്നെ, യാർമോലിൻസ്കിയെ കൊന്ന ദുർഭഗനായ കൊലയാളി ഇന്നയാളാണെന്നൂഹിക്കാനും അദ്ദേഹത്തിനു കഴിയാതെപോയി. പക്ഷേ, ദുഷ്ടമായ ആ സംഭവപരമ്പരയുടെ നിഗൂഢമായ ഘടനയും, അതിൽ ഡാൻഡി ഷാർലക് എന്നിരട്ടപ്പേരുള്ള റെഡ് ഷാർലക് വഹിച്ചിരിക്കാവുന്ന പങ്കും അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നതു തന്നെയാണ്. ഈ അക്രമി(തന്റെ തരക്കാരായ മറ്റു പലരെയും പോലെ)സ്വന്തം അഭിമാനത്തെപ്പിടിച്ച് ആണയിട്ടിരുന്നതാണ്, എറിക് ലോൺറോട്ടിനെ വീഴ്ത്തുമെന്ന്; ഈ ഭീഷണി കേട്ട് അദ്ദേഹം പക്ഷേ വിരണ്ടുപോയില്ല. താനൊരു തർക്കബുദ്ധിയാണെന്നാണ് ലോൺറോട്ട് സ്വയം കരുതിപ്പോന്നത്; ആഗസ്റ്റ് ഡ്യൂപിനെപ്പോലെ ഒരാൾ; എന്നാൽ ഒരു സാഹസികന്റേതായ ചിലത് അദ്ദേഹത്തിലുണ്ടായിരുന്നു, ഒരു ചൂതാട്ടക്കാരന്റെയും.
ആദ്യത്തെ കൊല നടന്നത് ഹോട്ടൽ ദു നോർദ്ദിൽ വച്ചാണ്-വെള്ളത്തിനു പൂഴിയുടെ നിറമായ അഴിമുഖത്തിനഭിമുഖമായി ഉയർന്നുനിൽക്കുന്ന ആ പ്രിസത്തിൽ വച്ച്. ആ എടുപ്പിലേക്ക്(അതിൽ ഒരാശുപത്രിയുടെ വെള്ളഭിത്തികളും, ജയിലുകളുടെ നമ്പരിട്ട മുറികളും,ആകെക്കൂടി ഒരു വേശ്യാലയത്തിന്റെ പടുതിയും ഒത്തുചേരുന്നുവെന്നത് കുപ്രസിദ്ധമത്രെ)ഡിസംബർ മൂന്നാം തീയതി റബ്ബി യാർമോലിൻസ്കി എത്തിച്ചേർന്നു: വെള്ളാരങ്കണ്ണുള്ള ഒരു നരച്ച താടിക്കാരൻ, മൂന്നാമതു താൽമൂദ് കോൺഗ്രസ്സിലേക്ക് പൊഡോൾസ്കിൽ നിന്നുള്ള പ്രതിനിധി.
ഹോട്ടൽ ദു നോർദ്ദ് അദ്ദേഹത്തിനിഷ്ടമായോ ഇല്ലയോ എന്നത് നാമറിയാനേ പോകുന്നില്ല; കാർപ്പേത്യൻ മലനിരകളിലെ മൂന്നു കൊല്ലത്തെ യുദ്ധവും, മൂവായിരം കൊല്ലത്തെ നരഹത്യകളും പീഡനവും അതിജീവിക്കാൻ തന്നെ പ്രാപ്തനാക്കിയ അതേ പ്രാചീനസഹനത്തോടെ ഇതിനെയും കൈക്കൊള്ളുകയായിരുന്നു അദ്ദേഹം. R എന്ന നിലയിലെ ഒരു മുറിയാണ് അദ്ദേഹത്തിനു നൽകിയത്, ഗലീലിയിലെ ടെട്രാർക്ക്-ആഡംബരസമന്വിതം തന്നെ-താമസിച്ചിരുന്ന സ്യൂട്ടിനെതിരെയുള്ള ഒരു മുറി.
യാർമോലിൻസ്കി അത്താഴം കഴിഞ്ഞിട്ട് തന്റെ നിരവധി പുസ്തകങ്ങളും അൽപം ചില വസ്ത്രങ്ങളും ഭിത്തിയലമാരയിൽ അടുക്കിവച്ചു; പിന്നെ, പരിചയമില്ലാത്ത ആ നഗരം ഒന്നു ചുറ്റിക്കാണണമെന്നുണ്ടായിരുന്നുവെങ്കിലും അത് അടുത്ത ദിവസത്തേക്കു മാറ്റിവച്ചിട്ട് പാതിരാത്രിയാകും മുമ്പേ അദ്ദേഹം വിളക്കണച്ച് ഉറങ്ങാൻ കിടന്നു. ( അടുത്ത മുറിയിൽ കിടപ്പുണ്ടായിരുന്ന ടെട്രാർക്കിന്റെ ഡ്രൈവർ ബോധിപ്പിച്ചതാണിത്.) ഡിസംബർ നാലാം തീയതി രാവിലെ പതിനൊന്നരയ്ക്ക്
യിദ്ദിഷ് ത്‌സീറ്റംഗിലെ ഒരു റിപ്പോർട്ടർ യാർമോലിൻസ്കിയെ ഫോണിൽ വിളിച്ചു, പക്ഷേ ഡോ. യാർമോലിൻസ്കി ഫോണെടുത്തില്ല. പിന്നെ മുറിയിൽ അദ്ദേഹത്തെ കണ്ടെത്തുമ്പോൾ നിലത്തു വീണുകിടക്കുകയാണദ്ദേഹം; മുഖത്തിന്റെ നിറം പകർന്നുകഴിഞ്ഞിരുന്നു; പഴയ മട്ടിൽ കൈയില്ലാത്ത വലിയൊരു മേലങ്കി മാത്രമേ ദേഹത്തുണ്ടായിരുന്നുള്ളു. ഹാളിലേക്കുള്ള വാതിലിനടുത്താണ് അദ്ദേഹം കിടന്നിരുന്നത്; കത്തി കൊണ്ട് ആഞ്ഞുകുത്തിയത് നെഞ്ചു പിളർന്നിരുന്നു. രണ്ടു മണിക്കൂർ കഴിഞ്ഞ് അതേ മുറിയിൽ വച്ച് പത്രക്കാരുടെയും ഫോട്ടോഗ്രാഫർമാരുടെയും പോലീസുകാരുടെയും തിരക്കിനിടയിൽ ഇൻസ്പെക്ടർ ട്രെവിറാനസും ലോൺറോട്ടും ശാന്തരായി വിഷയം ചർച്ച ചെയ്തു.
'നാമിവിടെ മൂന്നു കാലുള്ള പൂച്ചയെ തിരഞ്ഞ് സമയം പാഴാക്കണമെന്നില്ല,' ധാർഷ്ട്യം തോന്നിക്കുന്ന ഒരു ചുരുട്ടു വീശിക്കൊണ്ട് ട്രെവിറാനസ് പറ്യുകയായിരുന്നു. 'ഗലീലിയിലെ ടെട്രാർക്കിന്റെ കൈവശമാണ് ലോകത്തെ ഏറ്റവും മികച്ച ഇന്ദ്രനീലക്കല്ലുകളുള്ളതെന്ന് സകലർക്കുമറിയാം. അതു മോഷ്ടിക്കാനിറങ്ങിയ ഏതോ ഒരുത്തൻ വഴി പിശകി ഇതിനകത്തു കയറിപ്പോയി. ശബ്ദം കേട്ട് യാർമോലിൻസ്കി ഉണർന്നു. കള്ളന് അയാളെ കൊല്ലേണ്ടതായും വന്നു.-എങ്ങനെയുണ്ട്?'
'സാധ്യമാണ്, പക്ഷേ അത്ര താത്പര്യമുണർത്തുന്നതായില്ല,' ലോൺറോട്ട് പറഞ്ഞു. 'നിങ്ങൾ പറഞ്ഞേക്കും താത്പര്യമുണർത്തേണ്ട ഒരു ബാധ്യതയും യാഥാർത്ഥ്യത്തിനില്ലെന്ന്. അതിനെന്റെ മറുപടി യാഥാർത്ഥ്യം ആ ബാധ്യത വിഗണിച്ചേക്കാമെങ്കിലും നാം അതു ചെയ്തുകൂടാ എന്നായിരിക്കും. നിങ്ങളുടെ പക്ഷത്തിൽ യാദൃച്ഛികതയ്ക്കു വലിയൊരു പങ്കു കാണുന്നു. ഇവിടെ മരിച്ചുകിടക്കുന്നത് ഒരു ദൈവശാസ്ത്രപണ്ഡിതനാണ്. ഞാൻ ഇഷ്ടപ്പെടുക തികച്ചും ദൈവശാസ്ത്രപരമായ ഒരു വിശദീകരണമായിരിക്കും; അല്ലാതെ സങ്കൽപ്പത്തിലുള്ള ഏതോ രത്നമോഷ്ടാവിന്റെ സാങ്കൽപ്പികമായ ഭാഗ്യക്കേടുകളല്ല.'
ട്രെവിറാനസിന്റെ മുഖം ഇരുണ്ടു.
'എനിക്ക് നിങ്ങൾ ഈ പറയുന്ന ദൈവശാസ്ത്രപരമായ വിശദീകരണത്തിലൊന്നും വലിയ താത്പര്യമില്ല,' അയാൾ രസക്ഷയത്തോടെ പറഞ്ഞു,'എന്റെ താത്പര്യം അജ്ഞാതനായ ഈ കക്ഷിയെ കൊല ചെയ്തയാളെ പിടികൂടുക എന്നതു മാത്രമാണ്.'
'അത്രയ്ക്കജ്ഞാതനൊന്നുമല്ല,' ലോൺറോട്ട് തിരുത്തി. 'ഇതാ, അദ്ദേഹത്തിന്റെ സമ്പൂർണ്ണകൃതികൾ.' ഭിത്തിയലമാരയിൽ അടുക്കിവച്ചിരുന്ന ഒരുകൂട്ടം നെടുങ്കൻ പുസ്തകങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി:
കബാലായുടെ സമർത്ഥനം; റോബർട്ട് ഫ്ലഡ്ഡിന്റെ തത്വശാസ്ത്രത്തെക്കുറിച്ച് ഒരു പഠനം; സെഫർ യെത്‌സീരായുടെ ഒരു പദാനുപദവിവർത്തനം; ബാൽ ഷെം-ഒരു ജീവചരിത്രം; ഹസീദുകളുടെ ചരിത്രം; ടെട്രഗ്രമാറ്റണെക്കുറിച്ച്(ജർമ്മനിൽ)
ഒരു പ്രബന്ധം; പെന്റാറ്റ്യൂക്കിലെ ദൈവനാമങ്ങളെക്കുറിച്ച് മറ്റൊരു പ്രബന്ധം. ഇൻസ്പെക്ടർ അവയെ ഭീതിയോടെ, ഒരുതരം അറപ്പോടെതന്നെയെന്നു പറയാം, തുറിച്ചുനോക്കി. എന്നിട്ടയാൾ പൊട്ടിച്ചിരിച്ചു.
'ഞാനൊരു പാവം കൃസ്ത്യാനി,' അയാൾ പറഞ്ഞു. 'നിങ്ങൾ വേണമെങ്കിൽ അതൊക്കെ കെട്ടിയെടുത്തു വീട്ടിൽ കൊണ്ടുപൊയ്ക്കോളൂ; ജൂതന്മാരുടെ അന്ധവിശ്വാസവും കൊണ്ടിരിക്കാൻ എനിക്കു നേരമില്ല.'
'ഈ കൊലപാതകം ജൂതന്മാരുടെ അന്ധവിശ്വാസത്തിന്റെ ചരിത്രത്തിൽ പെടുന്നതാണെന്നും വരാം,' ലോൺറോട്ട് പിറുപിറുത്തു.
'ക്രിസ്തുമതത്തെപ്പോലെ,' യിദ്ദിഷ് ത്‌സീറ്റംഗിന്റെ പത്രാധിപർ കൂട്ടിച്ചേർക്കാൻ ധൈര്യം കാണിച്ചു; ഈയാൾ വെള്ളെഴുത്തുകാരനും, വളരെ ലജ്ജാലുവും, നിരീശ്വരവാദിയുമായിരുന്നു.
ആരും അയാളെ ശ്രദ്ധിക്കാൻ പോയില്ല. ഒരു പോലീസുകാരൻ യാർമോലിൻസ്കിയുടെ കൊച്ചുടൈപ്പുറൈറ്ററിൽ കണ്ടെത്തിയ ഒരു കടലാസ്സുതാളിൽ മുഴുമിക്കാതെ കിടന്ന ഒരു വാക്യമുണ്ടായിരുന്നു:
നാമത്തിന്റെ ആദ്യത്തെ അക്ഷരം എഴുതിക്കഴിഞ്ഞു.
ലോൺറോട്ട് പുഞ്ചിരി വന്നതടക്കി. ഒരു നിമിഷം കൊണ്ട് പുസ്തകപ്രേമിയും ഹീബ്രു പണ്ഡിതനുമായി മാറിയ അദ്ദേഹം പരേതന്റെ പുസ്തകങ്ങൾ അടുക്കിക്കെട്ടി തന്റെ മുറിയിലെത്തിക്കാൻ ഏർപ്പാടു ചെയ്തു. കേസന്വേഷണം പാടേ വിഗണിച്ചിട്ട് അദ്ദേഹം അവ വായിച്ചു പഠിക്കാൻ തുടങ്ങി. ഒരു റോയൽ ഒക്റ്റാവോ പുസ്തകം അദ്ദേഹത്തിന്
ഭക്തന്മാർ എന്ന മതസമൂഹത്തിന്റെ സ്ഥാപകനായ ഇസ്രായേൽ ബാൽ ഷെം തോവിന്റെ ഉപദേശങ്ങൾ വെളിവാക്കിക്കൊടുത്തു; മറ്റൊരു ഗ്രന്ഥത്തിൽ നിന്ന് ദൈവത്തിന്റെ അവാച്യനാമമായ ടെട്രാഗ്രമാറ്റണിന്റെ മാന്ത്രികതയും ഭീഷണതയുമറിഞ്ഞു; മൂന്നാമതൊന്നിൽ നിന്ന്, ദൈവത്തിന് ഒരു ഗുപ്തനാമമുള്ളതായും,അതിൽ (മാസിഡോണിയായിലെ അലെക്സാണ്ഡറുടെ കൈവശമുണ്ടായിരുന്നതായി പേഴ്സ്യക്കാർ പറയുന്ന സ്ഫടികഗോളത്തിലെന്നപോലെ) ദൈവത്തിന്റെ ഒമ്പതാമത്തെ ഭാവമായ അനശ്വരത-അതായത് ത്രികാലങ്ങളിൽ ഗർഭിതമായിരിക്കുന്ന സർവ്വചരാചരങ്ങളെക്കുറിച്ചുമുള്ള അപരോക്ഷജ്ഞാനം- സംക്ഷിപ്തമായിരിക്കുന്നുവെന്നുമുള്ള ആശയം പഠിച്ചു. ദൈവനാമങ്ങൾ തൊണ്ണൂറ്റൊമ്പതെന്നാണു പാരമ്പര്യം; വികലമായ ഈ ഗൂഢസംഖ്യയ്ക്കു വിശദീകരണമായി ഹീബ്രുപണ്ഡിതന്മാർ മുന്നോട്ടുവയ്ക്കുന്നത് ഇരട്ടസംഖ്യകളുടെ പേരിലുള്ള മിസ്റ്റിൿഭയത്തെയാണ്; അതേസമയം അദൃഷ്ടമായ ആ പദം നൂറാമതൊരു നാമമാണെന്ന് ഹസീദുകൾ വാദിക്കുന്നു-ദൈവത്തിന്റെ നൂറാമത്തെ നാമം,കേവലനാമം.
ലോൺറോട്ട് ഈവിധം പഠനത്തിൽ മുഴുകിയിരിക്കുന്ന കാലത്താണ്, യിദ്ദിഷ് ത്‌സീറ്റംഗിന്റെ പത്രാധിപർ ഒരു ദിവസം അദ്ദേഹത്തെ കാണാനെത്തി. ആ കൊലപാതകത്തെക്കുറിച്ചു സംസാരിക്കാനാണ് അയാൾ ചെന്നത്; ലോൺറോട്ട് പക്ഷേ, സംസാരിക്കാൻ തുടങ്ങിയത് ദൈവത്തിന്റെ നിരവധിനാമങ്ങളെക്കുറിച്ചായിരുന്നു. അടുത്ത ദിവസം മൂന്നുകോളത്തിൽ പത്രക്കാരനെഴുതി, ചീഫ് ഡിറ്റകറ്റീവ് എറിക് ലോൺറോട്ട് കൊലയാളിയുടെ പേരു കണ്ടെത്താനായി ദൈവനാമങ്ങളെക്കുറിച്ചു പഠിക്കുകയാണെന്ന്. പത്രക്കാരുടെ ലഘൂകരണങ്ങൾ പരിചയമായിരുന്ന ലോൺറോട്ടിന് അത്ഭുതം തോന്നിയില്ല. ആരെക്കൊണ്ടും ഏതു പുസ്തകവും വാങ്ങിപ്പിക്കാമെന്നു കണ്ടെത്തിയ ഒരു പുസ്തകക്കച്ചവടക്കാരനാവട്ടെ, യാർമോലിൻസ്കിയുടെ ഹസീദുകളുടെ ചരിത്രത്തിന്റെ ഒരു വില കുറഞ്ഞ പതിപ്പ് അടിച്ചിറക്കി വിലപ്പനയ്ക്കു വയ്ക്കുകയും ചെയ്തുകഴിഞ്ഞിരുന്നു.
രണ്ടാമത്തെ കൊല നടക്കുന്നത് ജനുവരി മൂന്നാം തീയതി രാത്രി നഗരത്തിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്ത് തീരെ നിർജ്ജനവും നിശ്ശൂന്യവുമായ ഒരിടത്തുവച്ചാണ്. പുലർച്ചയോടടുപ്പിച്ച് ഏകാന്തമായ ആ പ്രദേശത്തുകൂടി കുതിരപ്പുറത്തു റോന്തു ചുറ്റുകയായിരുന്ന ഒരു പൊലീസുകാരൻ പഴയൊരു പെയിന്റുകമ്പനിയുടെ പടിക്കൽ പോഞ്ചോ ധരിച്ച ഒരാൾ മലർന്നടിച്ചു കിടക്കുന്നതു കണ്ടു. കത്തി കൊണ്ടാഞ്ഞു കുത്തിയത് നെഞ്ചു പിളർന്നിരുന്നു; കല്ലിച്ച മുഖം ചോര കൊണ്ടു മുഖാവരണമണിഞ്ഞപോലെ കാണപ്പെട്ടു. ചുമരിന്മേൽ, പെയിന്റുകടകൾക്കു പതിവുള്ള ഡൈമൺരൂപങ്ങൾക്കിടയിൽ ചില വാക്കുകൾ ചോക്കു കൊണ്ടു കോറിയിട്ടിരുന്നു. പൊലീസുകാരൻ അതു കൂട്ടിവായിച്ചു...അന്നു വൈകിട്ട് ട്രെവിറാനസും ലോൺറോട്ടും കൊല നടന്ന വിദൂരരംഗത്തേക്കു തിരിച്ചു. അവരുടെ കാറിനിരുപുറവ്‌ഉമായി തട്ടിമറിഞ്ഞുകിടന്ന നഗരത്തിന്റെ ചിഹ്നങ്ങൾ അവസാനിച്ചു; ആകാശം വിസ്തൃതമായിവന്നു; ഇഷ്ടികച്ചൂളകൾക്കും അങ്ങിങ്ങു കണ്ട പോപ്ലാർ മരങ്ങൾക്കുമിടയിൽ വീടുകൾ അഗണ്യമായി. അവർ ദുരിതം പിടിച്ച ആ ലക്ഷ്യസ്ഥാനത്തെത്തി-ഒരു മുടുക്കുവഴി; അതിന്റെ കൈയാലകൾക്ക് അസ്തമയത്തിന്റെ ധാരാളിത്തം. മരിച്ചയാളെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു; ദാനിയൽ സൈമൺ അസെവെദോ ആയിരുന്നു അത്. നഗരത്തിന്റെ വടക്കൻ പ്രാന്തങ്ങളിൽ ഒരുവിധം പേരെടുത്തവൻ; കാലിതെളിപ്പുകാരനിൽ നിന്ന് ബൂത്തുപിടുത്തക്കാരനായി ഉയർന്ന ഈയാൾ പിൽക്കാലം മോഷ്ടാവും പോലീസുകാരുടെ ചാരനുമായി തരം താണിരുന്നു. ( ആ മരണം അയാൾക്കു ചേർന്നതു തന്നെയെന്നു പറയണം: കത്തി കൊണ്ടു കളിയ്ക്കുമെങ്കിലും തോക്കു പിടിക്കാനറിയാത്ത ചട്ടമ്പികളുടെ തലമുറയിലെ അവസാനത്തെ കണ്ണിയാണല്ലോ അയാൾ.)ഭിത്തിയിൽ ചോക്കു കൊണ്ടെഴുതിയിരുന്നത് ഇതാണ്:
നാമത്തിന്റെ രണ്ടാമത്തെ അക്ഷരം എഴുതിക്കഴിഞ്ഞു.
മൂന്നാമത്തെ കൊല നടന്നത് ഫെബ്രുവരി മൂന്നാം തീയതി രാത്രിയിലായിരുന്നു. ഒരു മണിയടിക്കുന്നതിനൽപ്പം മുമ്പ് ഇൻസ്പെക്ടർ ട്രെവിറാനസിന്റെ ഓഫീസിലേക്ക് ഒരു ഫോൺ വന്നു. ഏതോ വലിയ രഹസ്യം പുറത്തുവിടുകയാണെന്ന ഭാവത്തിൽ തൊണ്ട കനത്ത ഒരു പുരുഷശബ്ദം സംസാരിച്ചു; തന്റെ പേര് ഗിൻത്‌സ്ബർഗ്(അതോ ഗിൻസ്ബെർഗോ)എന്നാണെന്നും, ന്യായമായ പ്രതിഫലം തരാമെങ്കിൽ യാർമോലിൻസ്കിയുടെയും അസെവെദോയുടെയും
ഇരട്ടബലിയെ ചൂഴ്‌ന്നുനിൽക്കുന്ന നിഗൂഢതയിലേക്കു വെളിച്ചം വീശാൻ താൻ തയ്യാറാണെന്നും അയാൾ പറഞ്ഞു. അപ്പോഴേക്കും ചൂളമടികളുടെയും തകരപ്പീപ്പികളുടെയും കാതടപ്പിക്കുന്ന ഒച്ചപ്പാടിൽ സംസാരിക്കുന്നയാളിന്റെ ശബ്ദം മുങ്ങിപ്പോകുന്നു. അതോടെ ഫോൺ നിശ്ശബ്ദമാവുകയും ചെയ്യുന്നു. സംഗതി ഒരു ചെണ്ടകൊട്ടിക്കലാവാനുള്ള സാധ്യത വിഗണിക്കാതെതന്നെ (കാർണിവൽ കൊണ്ടുപിടിച്ചു നടക്കുന്ന സമയമായിരുന്നല്ലോ) ട്രെവിറാനസ് അന്വേഷണം നടത്തി ഫോൺ വന്നത് റൂ ഡി ടൗലണിൽ നാവികർ പതിവുകാരായ ലിവർപൂൾ ഹൗസ് എന്ന മദ്യക്കടയിൽ നിന്നാണെന്നു മനസ്സിലാക്കി; കോസ്മോരമയും, കാപ്പിക്കടയും, വേശ്യാലയവും, വേദപുസ്തകക്കടയും തൊട്ടുരുമ്മി നിൽക്കുന്ന ഒരു തെരുവാണ് ഈ റൂ ഡി ടൗലൺ. ട്രെവിറാനസ് കടയുടമസ്ഥനെ തിരിച്ചുവിളിച്ചു- മാനസാന്തരപ്പെട്ട ഒരു കുറ്റവാളിയായിരുന്നു ബ്ലായ്ക്ക് ഫിന്നെഗൻ എന്നു പേരുള്ള ഈ അയർലണ്ടുകാരൻ; മാന്യതയുടെ കാര്യത്തിൽ ഉത്കണ്ഠപ്പെടുന്നയാളെന്നല്ല, അതൊരെടുക്കാച്ചുമടായി തലയിലേറ്റി നടക്കുന്നയാളെന്നു തന്നെ പറയണം. ഫോൺ ഒടുവിൽ ഉപയോഗിച്ചത് തന്റെ മുറിയിൽ വാടകയ്ക്കു താമസിക്കുന്ന ഒരു ഗ്രൈഫിയസ് ആണെന്നും, അയാൾ അൽപം മുമ്പേ ചില സ്നേഹിതരുമൊത്ത് പുറത്തേക്കിറങ്ങിയിട്ടേയുള്ളുവെന്നും അയാൾ പറഞ്ഞു. ട്രെവിറാനസ് അപ്പോൾത്തന്നെ ലിവർപൂൾ ഹൗസിലേക്കു പുറപ്പെട്ടു. അവിടെവച്ച് കടയുടമ ബോധിപ്പിച്ചതാണിത്:
എട്ടു ദിവസം മുമ്പ് ഗ്രൈഫിയസ് എന്നൊരാൾ ബാറിനു തൊട്ടു മുകളിലുള്ള ഒരു മുറി വാടകയ്ക്കെടുത്തിരുന്നു; എല്ലു തെഴുത്ത മുഖവും പുകഞ്ഞ താടിയും മുഷിഞ്ഞു കറുത്ത സൂട്ടുമായി ഒരു രൂപം. ഫിന്നെഗൻ കനത്ത വാടകയാണു ചോദിച്ചതെങ്കിലും (അയാൾ ആ മുറി എന്തിനാണ് ഉപയോഗപ്പെടുത്തിയിരുന്നതെന്നൂഹിക്കാൻ ട്രെവിറാനസിന് പ്രയാസമുണ്ടായില്ല) ഗ്രൈഫിയസ് അപ്പോൾത്തന്നെ അത്രയും കൊടുത്ത് മുറി വാടകയ്ക്കെടുത്തു. അയാൾ പുറത്തേക്കിറങ്ങാറുതന്നെയില്ലായിരുന്നു; ആഹാരമൊക്കെ മുറിയിൽ വരുത്തിക്കഴിക്കുകയായിരുന്നു. വാസ്തവം പറഞ്ഞാൽ ബാറിൽ അയാളുടെ മുഖം കണ്ടിട്ടുതന്നെയില്ല. സംഭവം നടന്ന അന്നു രാത്രി അയാൾ ഫിന്നെഗാന്റെ ഓഫീസിലെ ഫോൺ ഉപയോഗിക്കാനായി താഴേക്കിറങ്ങിവന്നിരുന്നു. ഈ സമയത്ത് വെളിയിൽ ഒരു ഇരട്ടക്കുതിരവണ്ടി വന്നുനിന്നു. വണ്ടിക്കാരൻ സീറ്റിൽത്തന്നെ ഇരുന്നതേയുള്ളു. അയാൾ ഒരു കരടിമുഖം വച്ചുകെട്ടിയിരുന്നതായി കടയിലിരുന്ന ചില പതിവുകാർ ഓർക്കുന്നുണ്ട്.
ഹാർലെക്വിൻ വേഷം ധരിച്ച രണ്ടുപേർ വണ്ടിയിൽ നിന്നിറങ്ങി; രണ്ടുപേർക്കും ഉയരം കഷ്ടിയായിരുന്നു; ഇരുവരും നന്നായി കുടിച്ചിട്ടുമുണ്ടായിരുന്നു. ഉച്ചത്തിൽ പീപ്പികളുമൂതിക്കൊണ്ട് അവർ ഫിന്നെഗാന്റെ ഓഫീസിൽ ഇടിച്ചുകയറി ഗ്രൈഫിയസിനെ പൂണ്ടടക്കം പിടിച്ചു. അയാൾക്ക് അവരെ പരിചയമുള്ളപോലെ തോന്നിയെങ്കിലും അയാളുടെ പ്രതികരണം തണുപ്പൻമട്ടിലായിരുന്നു. മൂന്നുപേരും തമ്മിൽ ചുരുക്കമായിട്ടെന്തോ യിദ്ദിഷിൽ സംസാരിച്ചു-അയാൾ പതിഞ്ഞ കനത്ത ശബ്ദത്തിൽ, അവർ ചെവി തുളയ്ക്കുന്ന ഒച്ചയിലും- പിന്നെ അവർ കോണി കയറി അയാളുടെ മുറിയിലേക്കു പോയി; കാൽ മണിക്കൂറിനകം അവർ ഇറങ്ങിവന്നു; മൂവരും വലിയ സന്തോഷത്തിലായിരുന്നു; കാലുറയ്ക്കാതെ നടന്ന ഗ്രൈഫിയസും മറ്റിരുവരെയും പോലെ നന്നായി കുടിച്ചിരുന്നതായി കാണപ്പെട്ടു. പൊയ്മുഖം വച്ച ആ കോമാളിവേഷക്കാർക്കു നടുവിൽ തല നീരാതെ അയാൾ നടന്നു. (കുള്ളന്മാരുടെ വേഷത്തിൽ ചുവപ്പും മഞ്ഞയും പച്ചയും നിറത്തിലുള്ള ഡൈമൺ രൂപങ്ങളുണ്ടായിരുന്നതായി ബാറിലിരുന്ന ഒരു സ്ത്രീ ഓർക്കുന്നുണ്ട്.) രണ്ടുതവണ അയാൾ തടഞ്ഞുവീഴാൻ പോയി; രണ്ടുതവണ കോംആളികൾ അയാളെ നേരേ പിടിച്ചുനിർത്തി. പിന്നെ മൂന്നുപേരും വണ്ടിയിൽ കയറി ചതുരാകൃതിയിൽ വെള്ളം പരന്നു കിടക്കുന്ന തുറമുഖം ലക്ഷ്യമാക്കി ഓടിച്ചുപോയി. ഒടുവിൽ കയറിയ കോമാളിവേഷക്കാരൻ വണ്ടിയുടെ ചവിട്ടുപടിയിൽ നിന്നുകൊണ്ട് കടയുടെ മുന്നിലുള്ള ഒരു പലകയിൽ ഒരശ്ലീലചിത്രവും ചില വാക്കുകളും കോറിയിട്ടു.
ട്രെവിറാനസ് പുറത്തിറങ്ങി നോക്കി; അതൂഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു:
നാമത്തിന്റെ അവസാനത്തെ അക്ഷരം എഴുതിക്കഴിഞ്ഞു.
ഇൻസ്പെകറ്റർ പിന്നെ ഗ്രൈഫിയസ്-ഗിൻസ്ബർഗിന്റെ കുടുസ്സുമുറി പരിശോധിച്ചു. തറയിൽ നക്ഷത്രാകൃതിയിൽ രക്തം ചിന്തിക്കിടന്നിരുന്നു; ഏതോ ഹംഗേറിയൻ സിഗററ്റിന്റെ തുണ്ടുകൾ മൂലകളിൽ; മേശപ്പുറത്ത് ഒട്ടേറെ കുറിപ്പുകൾ കൈ കൊണ്ടെഴുതിയിട്ടുള്ള ഒരു ലത്തീൻ പുസ്തകം-ല്യൂസ്ഡെന്റെ
ഫിലോലോഗസ് ഹിബ്രായോഗ്രേക്കസിന്റെ 1739-ലെ ഒരു പതിപ്പ്. ട്രെവിറാനസ് അതിനെ അവജ്ഞയോടെ ഒന്നു നോക്കിയിട്ട് ലോൺറോട്ടിന് ആളയച്ചു വരുത്തി. ഇൻസ്പെക്റ്റർ നടന്നിരിക്കാവുന്ന ഒരു തട്ടിക്കൊണ്ടുപോകലിനു സാക്ഷികളായിരുന്നവരുടെ പരസ്പരവിരുദ്ധമായ മൊഴികൾ രേഖപ്പെടുത്തുകയായിരുന്നപ്പോൾ ലോൺറോട്ട് തൊപ്പിയൂരാൻ കൂടി മിനക്കെടാതെ ഇരുന്നു വായന തുടങ്ങി. നാലു മണിയ്ക്ക് അവർ അവിടെ നിന്നിറങ്ങി. വളഞ്ഞു പുളഞ്ഞ റൂ ഡി ടൗലണിലൂടെ തലേരാത്രിയിലെ നിറക്കടലാസ്സുകളുടെയും തൊങ്ങലുകളുടെയും കൂമ്പാരത്തിൽ ചവിട്ടി നടക്കുമ്പോൾ ട്രെവിറാനസ് ഇങ്ങനെ അഭിപ്രായപ്പെട്ടു:
'ഇന്നു രാത്രി നടന്നതൊക്കെ ഒരു കപടനാടകമാണെന്നു വരുമോ?'
എറിക് ലോൺറോട്ട് ഒരു പുഞ്ചിരിയോടെ ഫിലോലോഗസിന്റെ മുപ്പത്തിമൂന്നാമദ്ധ്യായത്തിൽ അടിവരയിട്ടിരുന്ന ഒരു ഭാഗം ഗൗരവം നിറഞ്ഞ സ്വരത്തിൽ വായിച്ചുകേൾപ്പിച്ചു:
ഡീസ് ജൂഡിയോറം...'അതായത് ജൂതന്മാർക്ക് ദിവസം തുടങ്ങുന്നത് സൂര്യാസതമയത്തോടെയും അതവസാനിക്കുന്നത് അടുത്ത ദിവസം അസ്തമയത്തിലുമാണെന്ന്.'
'അപ്പോൾ ഇതാണോ ഇന്നുരാത്രി നിങ്ങൾക്കു കിട്ടിയ ഏറ്റവും വിലപ്പെട്ട തെളിവ്?' ഇൻസ്പെകറ്റർ വിപരീതാർത്ഥത്തിൽ ചോദിച്ചു.
'അല്ല, അതിനെക്കാൾ വിലപ്പെട്ടതാണ് നിങ്ങളുമായി ഫോണിൽ സംസാരിക്കുമ്പോൾ ഗിൻസ്ബർഗ് ഉപയോഗിച്ച ഒരു വാക്ക്.'
ഒന്നിനു പിറകെ ഒന്നായുണ്ടായ ഈ തിരോധാനങ്ങളും മരണങ്ങളും സായാഹ്നപത്രങ്ങൾ വലിയൊരു വിഷയമാക്കി.
ലാ ക്രൂസ് ഡി ലാ എസ്പാദാ ഈ അക്രമസംഭവങ്ങളെ കഴിഞ്ഞ സന്ന്യാസസഭയിൽ ദർശിച്ച ആദരണീയമായ അടുക്കും ചിട്ടയുമായി താരതമ്യം ചെയ്തെഴുതി. മൂന്നു ജൂതന്മാരെ ഉന്മൂലനം ചെയ്യാൻ മൂന്നു മാസമെടുത്ത, ഗൂഢവും ലോഭിച്ചുള്ളതുമായ ഈ നരമേധത്തിന്റെ അസഹനീയമായ പോക്കിനെ ഏൺസ്റ്റ് പലാസ്റ്റ്
എൽ മർട്ടീറിൽ വിമർശിച്ചു. ഇത് ഒരു ജൂതവിരുദ്ധഗൂഢാലോചനയാവാം എന്ന ഭയാനകമായ സാദ്ധ്യതയെ യിദ്ദിഷ് ത്‌സീറ്റംഗിന്റെ പത്രാധിപർ തള്ളിക്കളഞ്ഞു; അതേസമയം ചുഴിഞ്ഞു ചിന്തിക്കുന്ന പലർക്കും ഈ മൂന്നു നിഗൂഢതകൾക്ക് മറ്റൊരു വിശദീകരണം നൽകാൻ കഴിയുന്നില്ല എന്ന വസ്തുത കൂടി കണക്കിലെടുക്കണമെന്ന് അദ്ദേഹത്തിനഭിപ്രായമുണ്ട്. നഗരത്തിന്റെ തെക്കൻ ഭാഗത്തെ പ്രധാനചട്ടമ്പിയായ ഡാൻഡി റെഡ് ഷാർലക്ക് തന്റെ ദേശത്ത് ഇത്തരം സംഭവങ്ങൾ ഇതേവരെ നടന്നിട്ടില്ലെന്നു പ്രഖ്യാപിക്കുകയും, കുറ്റകരമായ അനാസ്ഥയുടെ പേരിൽ ഇൻസ്പെക്റ്റർ ട്രെവിറാനസിനെ പഴിചാരുകയും ചെയ്തു.
മാർച്ച് ഒന്നാം തീയതി ഇതേ ട്രെവിറാനസിന്റെ പേരിൽ മുദ്ര വച്ച വലിയൊരു കവർ വന്നു. തുറന്നു നോക്കുമ്പോൾ അതിൽ ഒരു ബാരുച് സ്പിനോസ ഒപ്പു വച്ച ഒരു കത്തും, നഗരത്തിന്റെ വിസ്തരിച്ചുള്ള ഒരു ഭൂപടവും(ബെയ്ഡേക്കറിൽ നിന്നു കീറിയെടുത്തതു തന്നെ) ഉള്ളതായി കണ്ടു. മാർച്ച് മൂന്നാം തീയതി നാലാമതൊരു കൊല നടക്കാൻ പോകുന്നില്ല എന്നൊരു പ്രവചനമാണ് കത്തിലുണ്ടായിരുന്നത്; എന്തെന്നാൽ പടിഞ്ഞാറുഭാഗത്തെ പെയിന്റുകമ്പനിയും, റൂ ഡി ടൗലൺ മദ്യക്കടയും ഒരു മിസ്റ്റിക് സമഭുജത്രികോണത്തിന്റെ കൃത്യമായ വശങ്ങളാവുന്നുണ്ടല്ലോ; ത്രികോണത്തിന്റെ മൂന്നു പാർശ്വങ്ങൾക്കും തികച്ചും തുല്യമായ ദൈർഘ്യമാണുള്ളതെന്ന് ഭൂപടത്തിൽ ചുവന്ന മഷി കൊണ്ടു വരച്ചു വ്യക്തമാക്കിയിരുന്നു. ട്രെവിറാനസ് യൂക്ലിഡിയൻ ക്ഷേത്രഗണിതരീതിയിലുള്ള ഈ യുക്തിവാദം മടുപ്പോടെ ഒന്നോടിച്ചുനോക്കിയിട്ട് കത്തും ഭൂപടവും കൂടി ലോൺറോട്ടിന്റെ പേർക്കയച്ചുകൊടുത്തു; ഇത്തരം തല തിരിഞ്ഞ ചിന്തകൾക്ക് ഏറ്റവും അർഹൻ അങ്ങോർ തന്നെയാണ്.
എറിക് ലോൺറോട്ട് അവ സുസൂക്ഷ്മം പഠിച്ചു. മൂന്നു ബിന്ദുക്കളും സത്യത്തിൽ സമദൂരത്തിലായിരുന്നു. കാലത്തിന്റെ കാര്യത്തിൽ സമതിയുണ്ടായിരുന്നതാണ്(ഡിസംബർ മൂന്ന്, ജനുവരി മൂന്ന്, ഫെബ്രുവരി മൂന്ന്); ഇപ്പോൾ സ്ഥലത്തിന്റെ കാര്യത്തിലും അതായി...താൻ ആ പ്രഹേളികയുടെ കുരുക്കഴിക്കാറായി എന്ന് പൊടുന്നനേ അദ്ദേഹത്തിനൊരു തോന്നലുണ്ടായി. ഒരു ഡിവൈഡറും കോമ്പസ്സും ആ വെളിപാടിനു പൂർത്തീകരണം നൽകുകയും ചെയ്തു. ഒരു മന്ദഹാസത്തോടെ (അടുത്തിടെ സമ്പാദിച്ച)
ടെട്രാഗ്രമാറ്റൺ എന്ന വാക്കുരുവിട്ടുകൊണ്ട് അദ്ദേഹം ഇൻസ്പെക്റ്റർക്കു ഫോൺ ചെയ്തു.
'നിങ്ങൾ ഇന്നലെ രാത്രി അയച്ചുത്‌അന്ന ആ ത്രികോണത്തിനു നന്ദി പറയാൻ വിളിച്ചതാണ്,' അദ്ദേഹം പറഞ്ഞു. 'നമ്മുടെ രഹസ്യത്തിന്റെ മറ നീക്കാൻ അതാണെന്നെ സഹായിച്ചത്. നാളെ, വെള്ളിയാഴ്ച, കൊലയാളികൾ അഴികൾക്കു പിന്നിലായിരിക്കും, നമുക്കൊന്നു സ്വസ്ഥമാവുകയും ചെയ്യാം.'
'അപ്പോൾ അവർ നാലാമതൊരു കൊല പ്ലാൻ ചെയ്യുകയല്ലെന്നാണോ പറയുന്നത്?'
'അവർ നാലാമതൊരു കൊല പ്ലാൻ ചെയ്യുകയാണ് എന്നതിനാൽത്തന്നെ നമുക്കു സ്വസ്ഥമായിട്ടിരിക്കാമെന്നാണു ഞാൻ പറയുന്നത്,' ഫോൺ വച്ചുകൊണ്ട് ലോൺറോട്ട് പറഞ്ഞു.
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അദ്ദേഹം തെക്കൻ റയിൽവേയുടെ ഒരു ട്രെയിനിൽ ആളൊഴിഞ്ഞ ട്രീസ്റ്റി ലെ റോയ് വില്ലാ ലക്ഷ്യമാക്കി യാത്ര ചെയ്യുകയായിരുന്നു. എന്റെ കഥ നടക്കുന്ന നഗരത്തിനു തെക്കു ഭാഗത്തായി, തുകൽ ഫാക്റ്ററികളീയും ഓടകളിലെയും മാലിന്യങ്ങൾ വന്നിറങ്ങി മലിനമായതും, ചെളികെട്ടിയതുമായ ഒരു പുഴ ഒഴുകുന്നുണ്ട്. അതിന്റെ മറുകരയിൽ, ഫാക്റ്ററികൾ നിറഞ്ഞ ഒരു പ്രാന്തപ്രദേശത്ത് ബാഴ്സിലോണാക്കാരൻ ഒരു ഒരു റൗഡിത്തലവന്റെ തണലിൽ ഒട്ടേറെ ചട്ടമ്പികൾ സ്വൈരവിഹാരം നടത്തുന്നുണ്ട്. ഓർത്തപ്പോൾ ലോൺറോട്ടിനു പുഞ്ചിരി വന്നു, അവരിൽ ഏറ്റവും കുപ്രസിദ്ധൻ, റെഡ് ഷാർലക് തന്റെ ഈ രഹസ്യയാത്രയുടെ ഉദ്ദേശ്യമറിയാൻ എന്തുതന്നെ നൽകില്ല! അസെവെദോ ഷാർലക്കിന്റെ വലംകൈ ആയിരുന്നയാളാണ്, നാലാമത്തെ ഇര ഷാർലക് തന്നെയായേക്കാം എന്നൊരു വിദൂരസാധ്യത മനസ്സിൽ വന്നുവെങ്കിലും അദ്ദേഹം അതു തള്ളിക്കളഞ്ഞു...അദ്ദേഹം ആ പ്രഹേളികയുടെ ചുരുളഴിച്ചുകഴിഞ്ഞിരുന്നു; അതിന്റെ ബാഹ്യമായ വിശദാംശങ്ങൾ, അതായത് യാഥാർത്ഥ്യം(പേരുകൾ,അറസ്റ്റുകൾ, മുഖങ്ങൾ, വിചാരണയുടെയും ശിക്ഷയുടെയും നടപടിക്രമങ്ങൾ) അപ്പോൾ അദ്ദേഹത്തിന്റെ ശ്രദ്ധ ആകർഷിച്ചതേയില്ല. മൂന്നുമാസത്തെ കൂനിപ്പിടിച്ചിരുന്നുള്ള അന്വേഷണത്തിനു ശേഷം അദ്ദേഹത്തിന് ഒന്നു വിശ്രമിക്കണമായിരുന്നു, ഒന്നു നടക്കാൻ പോകണമായിരുന്നു. ആ കൊലപാതങ്ങൾക്കുള്ള വിശദീകരണം അജ്ഞാതരാരോ അയച്ച ഒരു ത്രികോണരൂപത്തിലും, പൊടി പിടിച്ച ഒരു ഗ്രീക്കുപദത്തിലുമാണല്ലോ കിടക്കുന്നതെന്ന് അദ്ദേഹം മനസ്സിൽ പറഞ്ഞു. ആ നിഗൂഢത ഇപ്പോൾ അത്ര സുതാര്യമായിത്തോന്നി; അതിന്റെ പേരിൽ നൂറു ദിവസം ചിലവഴിക്കേണ്ടിവന്നത് ഒരു നാണക്കേടായും അദ്ദേഹത്തിനു തോന്നി.
ആളൊഴിഞ്ഞ ഒരു ലോഡിംഗ് പ്ലാറ്റ്ഫോമിൽ ട്രെയിൻ നിന്നു. ലോൺറോട്ട് വണ്ടിയിൽ നിന്നിറങ്ങി. പ്രഭാതത്തെ ഓർമ്മിപ്പിക്കുന്ന പരിത്യക്തമായ ഒരു സായാഹ്നമായിരുന്നു അത്. ഇരുട്ടു വീഴുന്ന പുൽമൈതാനങ്ങളിൽ നിന്നു വീശിവന്ന കാറ്റ് തണുത്തതും ഈറനാർന്നതുമായിരുന്നു. ലോൺറോട്ട് പുൽപ്പരപ്പിലൂടെ നടന്നുകേറി. അദ്ദേഹം നായ്ക്കളെ കണ്ടു; ഒരിടുക്കുവഴിൽ നിർത്തിയിട്ടിരുന്ന ഒരു ലോറിയോ വാനോ കണ്ടു; ചക്രവാളരേഖ കണ്ടു; ഒരു ചെളിക്കുണ്ടിൽ നിന്നു കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കുന്ന ഒരു വിളറിയ കുതിരയെ കണ്ടു. ചുറ്റുമുള്ള ഇരുണ്ട യൂക്കാലിപ്റ്റസ് മരങ്ങളോളം ഉയരത്തിലുള്ള ട്രിസ്റ്റി ലെ റോയ് വില്ലായുടെ ദീർഘചതുരത്തിലുള്ള മട്ടുപ്പാവ് കാഴ്ചയിൽ പെടുമ്പോൾ നല്ല ഇരുട്ടായിക്കഴിഞ്ഞിരുന്നു. ഇനി ഒരുദയവും ഒരസ്തമയവും മാത്രമേ(ഒരു പ്രാചീനവെളിച്ചം കിഴക്കും മറ്റൊന്നു പടിഞ്ഞാറും) തന്നെ നാമാന്വേഷകരുടെ നിശ്ചിതമുഹൂർത്തത്തിൽ നിന്നു വേർതിരിക്കുന്നുള്ളുവെന്ന് അദ്ദേഹം മനസ്സിലോർത്തു.
വില്ലായുടെ അനിയതമായ അതിർത്തിക്കു ചുറ്റുമായി തുരുമ്പു പിടിച്ച ഇരുമ്പുവേലിയിട്ടിരുന്നു. മുൻവശത്തെ ഗേറ്റ് അടച്ചിരിക്കുകയായിരുന്നു. അകത്തു കടക്കാമെന്ന വലിയ പ്രതീക്ഷയൊന്നും കൂടാതെ ലോൺറോട്ട് വളപ്പിനു ചുറ്റും നടന്നു നോക്കി. ഒരു വലം വച്ച് വീണ്ടും അഴിയിട്ട ഗേറ്റിനു മുന്നിലെത്തി. കമ്പിയഴികൾക്കിടയിലൂടെ കൈ കടത്തിനോക്കിയപ്പോൾ(തികച്ചും യാന്ത്രികമായൊരു പ്രവൃത്തിയായിരുന്നു അത്) ഓടാമ്പൽ കണ്ടുകിട്ടി. തുരുമ്പു പിടിച്ച ഇരുമ്പിന്റെ കരച്ചിൽ കേട്ട് അദ്ദേഹം ഒന്നു ഞെട്ടി. വിലക്ഷണമായ ഒരു വിധേയതയോടെ ഗേറ്റ് മലർക്കെത്തുറന്നു.
യൂക്കാലിപ്റ്റസ് മരങ്ങൾക്കിടയിലൂടെ, കൊഴിഞ്ഞ ഇലകളുടെ തലമുറകൾ അട്ടിയിട്ടുകിടന്നിരുന്നതിനു മേൽ ചവിട്ടി ലോൺറോട്ട് മുന്നോട്ടു നീങ്ങി. വീട് അടുത്തു നിന്നു നോക്കിയപ്പോൾ അർത്ഥമില്ലാത്ത സമമിതികളുടെയും, ഭ്രാന്തമെന്നു പറയാവുന്ന ആവർത്തനങ്ങളുടെയും ഒരു കൂമ്പാരമായിട്ടാണു കണ്ടത്. ഇരുളടഞ്ഞ ഒരു ചുമർപ്പഴുതിൽ കണ്ട വികാരശൂന്യയായ ഒരു ഡയാനയുടെ മാറ്റൊലിയായി മറ്റൊരു ചുമർപ്പഴുതിൽ രണ്ടാമതൊരു ഡയാന ഉണ്ടായിരുന്നു; ഒരു ബാൽക്കണി മറ്റൊരു ബാൽക്കണിയിൽ പ്രതിഫലിച്ചു; ഈരണ്ടു കോണിപ്പടികൾ ഓരോ തട്ടിലും വന്നു സന്ധിച്ചു. ഇരട്ടമുഖമുള്ള ഒരു ഹെർമീസ്പ്രതിമ വിലക്ഷണമായ നിഴൽ വീഴ്ത്തിനിന്നു. പറമ്പു ചുറ്റിനടന്നപോലെ ലോൺറോട്ട് വീടു ചുറ്റിനടന്നുകണ്ടു. ഓരോ സൂക്ഷ്മാംശവും അദ്ദേഹം പരിശോധിച്ചു; മട്ടുപ്പാവിന്റെ അതേ നിരപ്പിൽ ഇടുങ്ങിയ ഒരു വെളിയടയുള്ളത് അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടു.
അദ്ദേഹം അതു തള്ളിത്തുറന്നു; ഒരു കൂട്ടം മാർബിൾപ്പടവുകൾ ഒരു നിലവറയിലേക്കിറങ്ങിപ്പോയി. വാസ്തുശിപ്പിയുടെ അഭിർഉചികൾ ഇതിനകം മുൻകൂട്ടിക്കാണാൻ പഠിച്ചിരുന്ന ലോൺറോട്ട് സമാനമായ ഒരുകൂട്ടം പടവുകൾ എതിരെയുണ്ടാവുമെന്നൂഹിച്ചു. ഊഹം തെറ്റിയില്ല; അദ്ദേഹം അതു കയറിച്ചെന്ന് കൈയുയർത്തി ഒരു സൂത്രവാതിൽ തുറന്നു.
ഒരു പ്രകാശശകലം അദ്ദേഹത്തെ ഒരു ജനാലയ്ക്കലേക്കു നയിച്ചു. അദ്ദേഹം അതു തുറന്നിട്ടു; വൃത്തരൂപമായ മഞ്ഞച്ചന്ദ്രന്റെ ചോടെ, പരിപാലനമില്ലാതെ കിടന്ന പൂന്തോട്ടത്തിൽ രണ്ടു ജലധാരകളുടെ ബാഹ്യരേഖ തെളിഞ്ഞു. ലോൺറോട്ട് വീടിനകം ചുറ്റിനടന്നുകണ്ടു. തീൻമുറികളിലേക്കു തുറക്കുന്ന ഇടനാഴികൾ താണ്ടി സമാനമായ നടുമുറ്റങ്ങളിൽ, പലപ്പോഴും ഒരേ നടുമുറ്റത്തും അദ്ദേഹം ചെന്നിറങ്ങി.പൊടിയടിഞ്ഞ കോണിപ്പടികൾ കയറിച്ചെന്നത് വൃത്താകാരത്തിലുള്ള മുഖമണ്ഡപങ്ങളിലാണ്; അവിടെ, മുഖാമുഖം നോക്കിനിൽക്കുന്ന ദർപ്പണങ്ങളിൽ അദ്ദേഹം അനന്തമായി പെരുകി. ജനാലകൾ തുറന്നും അവയിലൂടെ എത്തിനോക്കിയും അദ്ദേഹത്തിനു മടുത്തു: പരിത്യക്തവും നിരുന്മേഷവുമായ അതേ ഉദ്യാനത്തിന്റെ വ്യത്യസ്തമായ ഉയരങ്ങളിലും കോണുകളിലുമുള്ള കാഴ്ചകളേ കാണാനുള്ളു. അകത്ത് നിറം മങ്ങുന്ന വിരിയിട്ട ഫർണ്ണിച്ചറും, നേർത്ത മസ്ലിൻ തുണി കൊണ്ടു മൂടിയിട്ട ചില്ലുതൂക്കുവിളക്കുകളും കണ്ടുകണ്ട് അദ്ദേഹത്തിനു മടുത്തു. ഒരു കിടപ്പുമുറി അദ്ദേഹത്തിന്റെ ശ്രദ്ധയാകർഷിച്ചു-അതിനുള്ളിൽ ഒരു കളിമൺപൂപ്പാത്രത്തിൽ ഒരേയൊരു പൂവ്; ഒന്നു തൊട്ടതും അതിന്റെ പ്രാചീനദളങ്ങൾ ഉതിർന്നുവീണു. രണ്ടാമത്തെ നിലയിൽ, അവസാനത്തെ നിലയിൽ, വീട് അന്തമറ്റപോലെയും വളർന്നുപെരുകുന്ന പോലെയും കാണപ്പെട്ടു. വീടിത്രയ്ക്കു വലുതല്ല, അദ്ദേഹം മനസ്സിൽ പറഞ്ഞു; ഈ മങ്ങിയ വെളിച്ചം, സമമിതികൾ, കണ്ണാടികൾ, പഴക്കം, എന്റെ പരിചയക്കുറവ്, ഏകാന്തത ഇതൊക്കെയാണ് ഇതിനെ ഇത്ര വലുതാക്കുന്നത്.
ഒരു പിരിയൻകോണി കയറി അദ്ദേഹം മട്ടുപ്പാവിലെത്തി. ജനാലച്ചില്ലുകളുടെ ഡൈമൺകള്ളികൾക്കിടയിലൂടെ ഇളംനിലാവരിച്ചിറങ്ങി. ആ കള്ളികൾക്ക് ചുവപ്പും മഞ്ഞയും പച്ചയും നിറമായിരുന്നു. ആശ്ചര്യചകിതവും തല ചുറ്റിക്കുന്നതുമായ ഒരോർമ്മയുണർന്ന് അദ്ദേഹം തറഞ്ഞുനിന്നു.
നിഷ്ഠുരന്മാരായ രണ്ടു കുറ്റിയാന്മാർ ചാടിവീണ് അദ്ദേഹത്തെ നിരായുധനാക്കി; നല്ല പൊക്കമുള്ള മറ്റൊരാൾ ഗൗരവത്തോടെ അഭിവാദ്യം ചെയ്തിട്ട് ഇങ്ങനെ പറഞ്ഞു:
'നിങ്ങൾ വലിയ ദയ കാണിച്ചു. നിങ്ങൾ കാരണം ഒരു രാത്രിയും പകലും ഞങ്ങൾ ലാഭിച്ചു.'
അതു റെഡ് ഷാർലക് ആയിരുന്നു. അനുചരന്മാർ ലോൺറോട്ടിന്റെ കൈകൾ കൂട്ടിക്കെട്ടി. അൽപനിമിഷത്തിനു ശേഷം താൻ ഇങ്ങനെ ചോദിക്കുന്നതായി ലോൺറോട്ട് കേട്ടു:'ഷാർലക്, താൻ ആ രഹസ്യനാമത്തിനു പിന്നാലെയാണോ?'
ഷാർലക് മാറിനിൽക്കുകയായിരുന്നു. ഹ്രസ്വമായ ആ മൽപ്പിടുത്തത്തിൽ അയാൾ പങ്കെടുത്തതേയില്ല. ലോൺറോട്ടിന്റെ റിവോൾവർ കൈ നീട്ടിവാങ്ങാൻ മാത്രമേ അയാൾ ഒന്നനങ്ങിയിള്ളു. പിന്നെ അയാൾ സംസാരിച്ചു; അയാളുടെ ശബ്ദത്തിൽ അന്തിമവിജയത്തിന്റെ മടുപ്പും, പ്രപഞ്ചത്തോളം വലിയ ഒരു വെറുപ്പും, ആ വെറുപ്പിന്റെയത്ര വിപുലമായ ഒരു വിഷാദവും ലോൺറോട്ട് കേട്ടു.
'അല്ല,' ഷാർലക് പറഞ്ഞു,'അതിനെക്കാൾ ദുർബലവും ക്ഷണികവുമായ ഒന്നിന്റെ പിന്നാലെയാണു ഞാൻ-എറിക് ലോൺറോട്ടിന്റെ പിന്നാലെയാണു ഞാൻ. മൂന്നുകൊല്ലം മുമ്പ് റൂ ഡി ടൗലണിലെ ഒരു ചൂതുമടയിൽ വച്ച് നിങ്ങൾ എന്റെ സഹോദരനെ അറസ്റ്റു ചെയ്ത് ജയിലിടച്ചു. വെടിവയ്പ്പു നടക്കുന്നതിനിടയിൽ എന്റെയാൾക്കാർ എന്നെ ഒരു കുതിരവണ്ടിയിൽ കയറ്റി രക്ഷപ്പെടുത്തിയിരുന്നു; പക്ഷേ ഒരു വെടിയുണ്ട എന്റെ അടിവയറ്റിൽ തുളഞ്ഞുകയറിയിരുന്നു. ഒമ്പതു രാപകലുകൾ ആളൊഴിഞ്ഞ ഈ വില്ലായിൽ ജ്വരബാധിതനായി, നരകവേദനയും തിന്ന് ഞാൻ കിടന്നു; ഉദയാസ്തമയങ്ങൾ നോക്കിനിൽക്കുന്ന കുത്സിതനായ ഇരട്ടമുഖമുള്ള ആ ജാനസ് എന്റെ നിദ്രകളെ പേക്കിനാവുകൾ കൊണ്ടു നിറച്ചു; എന്റെ ഉണർച്ചകളെ സംഭീതമാക്കി. എന്റെ ദേഹം എനിക്കുതന്നെ ജുഗുപ്സാവഹമായി മാറി. ഇരട്ടമുഖം പോലെത്തന്നെ ബീഭത്സമാണ് രണ്ടു കണ്ണുകളും രണ്ടു ശ്വാസകോശങ്ങളുമെന്നെനിക്കു തോന്നിത്തുടങ്ങി. ഒരു അയർലണ്ടുകാരൻ എന്നെ ക്രിസ്തുവിലേക്കു മാനസാന്തരപ്പെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു; അയാൾ ഗോയീമുകളുടെ ആ ചൊല്ല് ഇടയ്ക്കിടെ ആവർത്തിക്കും:
എല്ലാ വഴികളും റോമിലേക്കു നയിക്കുന്നു. രാത്രിയിൽ എന്റെ ജ്വരം ആ രൂപകത്തിൽ വേരുകളാഴ്ത്തി മുതിർത്തു; രക്ഷപ്പെടാൻ അസാധ്യമായ ഒരു രാവണൻകോട്ടയാണ് ഈ ലോകമെന്ന് എനിക്കു തോന്നി. എന്തെന്നാൽ എല്ലാ വഴികളും, അവ തെക്കോട്ടോ വടക്കോട്ടോ പോകുന്നതായി കാണപ്പെട്ടാൽക്കൂടി, യഥാർത്ഥത്തിൽ റോമിലേക്കു പോവുകയാണല്ലോ. ആ റോം എനിക്കൊരേ സമയം എന്റെ സഹോദരൻ കിടന്നു മരിക്കുന്ന ജയിൽമുറിയും ഈ ട്രീസ്റ്റി ലെ റോയ് വില്ലായുമായിരുന്നു. ആ രാവുകളുടനീളം ഇരട്ടമുഖമുള്ള ആ ദേവനെ വിളിച്ചും, ജ്വരത്തിന്റെയും ദർപ്പണങ്ങളുടെയും സർവ്വദൈവങ്ങളെ വിളിച്ചും ഞാൻ സത്യം ചെയ്തു, എന്റെ സഹോദരനെ തുറുങ്കിലടച്ച മനുഷ്യനു ചുറ്റുമായി ഞാനൊരു വല നെയ്യുമെന്ന്. ഞാൻ അതു നെയ്തു കഴിഞ്ഞു; കെണി മുറുകുകയും ചെയ്തുകഴിഞ്ഞു. അതിന്റെ കണ്ണികൾ മരിച്ച ഒരു റബ്ബി, ഒരു കോമ്പസ്സ്, പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു മതസമൂഹം, ഒരു ഗ്രീക്കുപദം, ഒരു കഠാര, ഒരു പെയിന്റുകമ്പനിയിലെ ഡൈമൻകള്ളികൾ എന്നിവയായിരുന്നു...
'പരമ്പരയിലെ ആദ്യരാശി എനിക്കു വീണുകിട്ടുകയായിരുന്നു. ഞാൻ ചില സഹായികളുമൊത്ത്-ഡാനിയൽ അസെവെദോയും കൂട്ടത്തിലുണ്ടായിരുന്നു-ടെട്രാർക്കിന്റെ ഇന്ദ്രനീലക്കല്ലുകൾ മോഷ്ടിക്കാൻ പരിപാടിയിട്ടിരുന്നു. പക്ഷേ അസെവെദോ ഞങ്ങളെ വെട്ടിക്കാൻ നോക്കി; ഞങ്ങൾ മുൻകൂർ കൊടുത്ത പണം കൊണ്ടു കുടിച്ചു ലക്കുകെട്ട അവൻ ഒരു ദിവസം മുമ്പേ കാര്യം നടത്താൻ ശ്രമിച്ചു. പക്ഷേ ഹോട്ടലിനുള്ളിൽ കയറിപ്പറ്റിയപ്പോൾ അവനു സകലതും കൂടിക്കുഴഞ്ഞു. പുലർച്ചയ്ക്കു രണ്ടുമണിയ്ക്ക് അവൻ അബദ്ധത്തിൽ ചെന്നുകയറിയത് യാർമോലിൻസ്കിയുടെ മുറിയിലാണ്; ഉറക്കം വരാത്ത കാരണം റബ്ബി എഴുന്നേറ്റ് എന്തോ എഴുതാനിരിക്കുകയായിരുന്നു. ദൈവനാമത്തെക്കുറിച്ചുള്ള എന്തോ പ്രബന്ധമോ കുറിപ്പോ മറ്റോ ആയിരുന്നു; ഇത്രയും ടൈപ്പു ചെയ്തു കഴിഞ്ഞിരുന്നു:
നാമത്തിന്റെ ആദ്യത്തെ അക്ഷരം എഴുതിക്കഴിഞ്ഞു.
അനങ്ങിപ്പോകരുതെന്ന് അസെവെദോ വിലക്കി; യാർമോലിൻസ്കി മണിയടിക്കാനായി കൈയെത്തിച്ചു; അതു ഹോട്ടൽ ജോലിക്കാരെ മുഴുവൻ ഉണർത്തുമായിരുന്നു. അസെവെദോ കത്തിയെടുത്ത് ഒറ്റക്കുത്തു കൊടുത്തു. ഒരനൈച്ഛികചേഷ്ടയായിരുന്നു അത്; കൊല്ലുന്ന പോലെ അനായാസവും സുരക്ഷിതവുമായ മറ്റൊന്നില്ലെന്ന് അരനൂറ്റാണ്ടുകാലത്തെ അക്രമജീവിതത്തിൽ നിന്ന് അവൻ പഠിച്ചിരുന്നു. പത്തുദിവസം കഴിഞ്ഞ് യിദ്ദിഷ് ത്‌സീറ്റംഗിൽ ഞാൻ വായിച്ചു, നിങ്ങൾ യാർമോലിൻസ്കിയുടെ മരണത്തിനുള്ള വിശദീകരണം അദ്ദേഹത്തിന്റെ കൃതികളിൽ തിരയുന്നുണ്ടെന്ന്. ഞാൻ അദ്ദേഹമെഴുതിയ ഹസീദുകളുടെ ചരിത്രം വാങ്ങി വായിച്ചു. ദൈവത്തിന്റെ പവിത്രനാമം ഉച്ചരിക്കാനുള്ള ഭീതിയിൽ നിന്ന് ആ നാമം സർവ്വശക്തവും നിഗൂഢവുമാണെന്ന ആശയം ഉരുത്തിരിഞ്ഞിട്ടുള്ളതായി ഞാൻ മനസ്സിലാക്കി. ആ ഗുപ്തനാമത്തിന്റെ സാക്ഷാത്ക്കാരത്തിനായി ചില ഹസീദുകൾ മനുഷ്യബലി വരെ നടത്തിയിട്ടുള്ളതായും ഞാൻ വായിച്ചു. റബ്ബിയെ ഹസീദുകൾ ബലി കൊടുത്തതാവാം എന്നു നിങ്ങൾ അനുമാനിക്കുന്നതായി എനിക്കു ബോധ്യപ്പെട്ട നിമിഷം മുതൽ ആ അനുമാനത്തെ ബലപ്പെടുത്താൻ വേണ്ടുന്നതൊക്കെ ഞാൻ ചെയ്തു. യാർമോലിൻസ്കി മരണപ്പെട്ടത് ഡിസംബർ മൂന്നാം തീയതി രാത്രിയിലാണ്; രണ്ടാമത്തെ ബലിക്കായി ഞാൻ ജനുവരി മൂന്നാം തീയതി തെരഞ്ഞെടുത്തു. റബ്ബിയുടെ മരണം നടന്നത് വടക്കുദിക്കിലാണ്; രണ്ടാമത്തെ ബലി അതിനാൽ പടിഞ്ഞാറു വേണ്ടിയിരുന്നു. ഡാനിയൽ അസെവെദോ ആയിരുന്നു ഞങ്ങൾക്കു വേണ്ട ബലിമൃഗം; അവൻ മരിക്കേണ്ടവനായിരുന്നു; എടുത്തുചാട്ടക്കാരനും വഞ്ചകനുമായിരുന്നു അവൻ. അന്നവൻ പിടിയിൽ പെട്ടുപോയിരുന്നെങ്കിൽ ഞങ്ങളുടെ പരിപാടിയാകെ പൊളിഞ്ഞേനെ. എന്റെ ഒരു സഹായി അവനെ കുത്തിക്കൊന്നു. അവന്റെ ശവത്തെ ആദ്യത്തേതുമായി ബന്ധപ്പെടുത്താൻ പെയിന്റുകമ്പനിയുടെ ചുമരിൽ ഡൈമൺകള്ളികൾക്കിടയിൽ ഞാൻ ഇങ്ങനെ കുത്തിക്കുറിച്ചിട്ടു:
നാമത്തിന്റെ രണ്ടാമത്തെ അക്ഷരം എഴുതിക്കഴിഞ്ഞു.
'മൂന്നാമത്തെ "കൊലപാതകം" അരങ്ങേറിയത് ഫെബ്രുവരി മൂന്നാം തീയതിയാണ്. അത്, ട്രെവിറാനസ് ഊഹിച്ചപോലെ വെറുമൊരു നാടകമായിരുന്നു. ഞാൻ തന്നെയായിരുന്നു ഗ്രൈഫിയസ്-ഗിൻത്‌സ്ബർഗ്-ഗിൻസ്ബർഗ്. റൂ ഡി ടൗലണിലെ ചെള്ളു പിടിച്ച ആ കുടുസ്സുമുറിയിൽ അന്തമില്ലാത്തതെന്നു തോന്നിയ ഒരാഴ്ച ഒരു കള്ളത്താടിയും വച്ചുകെട്ടി ഞാൻ കഴിച്ചുകൂട്ടി. എന്റെ സ്നേഹിതന്മാർ എന്നെ തട്ടിക്കൊണ്ടുപോകാനെത്തുന്നത് പിന്നെയാണ്. വണ്ടിയുടെ ചവിട്ടുപടിയിൽ നിന്നുകൊണ്ട് അവരിൽ ഒരുവൻ തൂണിൽ ഇങ്ങനെ കോറിയിട്ടു:
നാമത്തിന്റെ അവസാനത്തെ അക്ഷരം എഴുതിക്കഴിഞ്ഞു. ആ പരമ്പര മൂന്നു കൊലകൾ അടങ്ങിയതാണെന്നാണ് അതു നൽകുന്ന സൂചന. സാമാന്യജനം മനസ്സിലാക്കിയതും അങ്ങനെതന്നെയായിരുന്നു. ഞാൻ പക്ഷേ, ലക്ഷ്യങ്ങൾ ആവർത്തിച്ചിട്ടുതന്നു, നിങ്ങൾ, തർക്കവാദിയായ എറിക് ലോൺറോട്ട്, ഈ പരമ്പര നാലു രാശികൾ അടങ്ങിയതാണെന്ന് ആലോചിച്ചു കണ്ടുപിടിക്കണം, അതിനായി. ഒരു കൊല വടക്ക്, മറ്റു രണ്ടെണ്ണം കിഴക്കും പടിഞ്ഞാറും, എങ്കിൽ നാലാമതൊന്ന് തെക്കു നടന്നുതന്നെയാവണം; ടെട്രാഗ്രമാറ്റൺ,ദൈവനാമം,JHVH,നാലക്ഷരങ്ങൾ അടങ്ങിയതുമാണല്ലോ. കോമാളിവേഷക്കാരും പെയിന്റുകമ്പനിയിലെ ചിഹ്നവും നാലു രാശികളെത്തന്നെ സൂചിപ്പിക്കുന്നു. ല്യൂസ്ഡന്റെ ഗ്രന്ഥത്തിലെ ഒരു പ്രത്യേകഭാഗം ഞാൻ അടിവരയിട്ടുവച്ചു; ജൂതന്മാർ ദിവസം ഗണിക്കുന്നത് അസ്തമയം തൊട്ട് അസ്തമയം വരെയാണെന്ന് ആ ഭാഗം വ്യക്തമാക്കുന്നു. മരണങ്ങൾ നടന്നത് നാലാം തീയതികളിലാണെന്ന് അങ്ങനെ സ്പഷ്ടമാകുന്നു. ട്രെവിറാനസിന്റെ പേർക്ക് ആ ത്രികോണം അയച്ചതും ഞാൻ തന്നെയായിരുന്നു. വിട്ടുപോയ ബിന്ദു നിങ്ങൾ കൂട്ടിച്ചേർക്കുമെന്ന് എനിക്ക് കാലേകൂട്ടി അറിയാമായിരുന്നു. പരിപൂർണ്ണസമഭുജത്തെ നിർണ്ണയിക്കുന്ന ബിന്ദു; കൃത്യമായ മരണം നിങ്ങളെ കാത്തിരിക്കുന്ന സ്ഥാനം നിശ്ചയിക്കുന്ന ആ ബിന്ദു. ഇതൊക്കെ ഞാൻ ആസൂത്രണം ചെയ്തുവയ്ക്കുകയായിരുന്നു എറിക് ലോൺറോട്ട്, നിങ്ങളെ ട്‌റീസ്റ്റി ലെ റോയിയിലെ ഏകാന്തതയിലേക്കാകർഷിച്ചു വരുത്താൻ.'
ലോൺറോട്ട് ഷാർലക്കിന്റെ കണ്ണുകളിലേക്കു നോക്കിയില്ല. മരങ്ങളിലേക്കും, ഇരുണ്ട മഞ്ഞയും പച്ചയും ചുവപ്പും നിറത്തിൽ ഡൈമൺകള്ളികളായി ചിതറിയ ആകാശത്തേക്കും അദ്ദേഹത്തിന്റെ നോട്ടം പോയി. അദ്ദേഹത്തിന് ഒരു കുളിരു തോന്നി, ഒപ്പം വ്യക്തിപരമല്ലാത്തതും ഇന്നതെന്നു പറയാനാവാത്തതുമായ ഒരു വിഷാദവും. രാത്രിയായിക്കഴിഞ്ഞിരുന്നു; താഴെ, പരിത്യക്തമായ ഉദ്യാനത്തിൽ നിന്ന് ഒരു കിളിയുടെ മറുവിളി കിട്ടാത്ത കരച്ചിൽ കേട്ടു. ലോൺറോട്ട് അവസാനമായിട്ടൊരിക്കൽക്കൂടി സ്ഥലകാലങ്ങളിൽ പൊരുത്തം കാത്ത ആ മരണങ്ങളുടെ പ്രഹേളികയെക്കുറിച്ചു ചിന്തിച്ചുനോക്കി.
'തന്റെ നൂലാമാലയിൽ മൂന്നു രേഖകൾ അധികമാണു ഷാർലക്,' ഒടുവിൽ അദ്ദേഹം പറഞ്ഞു. ' ഒരൊറ്റ നേർരേഖ മാത്രമുള്ള ഒരു ഗ്രീക്കുനൂലാമാലയുള്ളത് എനിക്കറിയാം. ആ നേർവരയിലൂടെ പോയി എത്രയോ ചിന്തകന്മാർക്കു വഴി തുലഞ്ഞിരിക്കുന്നു; അങ്ങനെയിരിക്കെ വെറുമൊരു കുറ്റാന്വേഷകനു വഴി തെറ്റുന്നതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു. മറ്റൊരവതാരത്തിൽ നിങ്ങളെന്നെ വേട്ടയാടുമ്പോൾ ഷാർലക്, ആദ്യത്തെ കൊല Aയിൽ വച്ചു നടിക്കുക(അല്ലെങ്കിൽ നടത്തുക), Aയിൽ നിന്ന് എട്ടു മൈലകലെ Bയിൽ വച്ച് രണ്ടാമതൊരു കൊല, മൂന്നാമത്തെ കൊല Aയിലും Bയിലും നിന്ന് നാലു മൈൽ വീതം ദൂരത്തിൽ അവയുടെ മദ്ധ്യത്ത് Cയിൽ വച്ചുമാകട്ടെ. പിന്നെ Dയിൽ എന്നെ കാത്തുകിടക്കുക, Aയിലും Cയിലും നിന്ന് രണ്ടു മൈൽ അകലെ അവയ്ക്കു മദ്ധ്യത്തു തന്നെ. Dയിൽ വച്ച് എന്നെ കൊല്ലുക; ഇവിടെ ഈ ട്രിസ്റ്റി ലെ റോയിയിൽ വച്ച് നിങ്ങൾ എന്നെ കൊല്ലാൻ പോകുന്നപോലെ.'
'അടുത്ത തവണ ഞാൻ നിങ്ങളെ കൊല്ലുമ്പോൾ' ഷാർലക് പറഞ്ഞു 'അത്തരമൊരു നൂലാമാല തന്നെ ഞാൻ കരുതിവയ്ക്കാം, ഒരൊറ്റ നേർവര കൊണ്ടു നിർമ്മിച്ചതും, അദൃശ്യവും, അന്തമറ്റതുമായ ഒരു നൂലാമാല.'
അയാൾ ചില ചുവടുകൾ പിന്നോട്ടു വച്ചു. പിന്നെ ഉന്നം പിഴയ്ക്കാതെ നോക്കിക്കൊണ്ട് നിറയൊഴിച്ചു.
_______________________________________________________________________________________________________________
ഡ്യൂപ്പിൻ-എഡ്ഗാർ ആലൻ പോയുടെ സൃഷ്ടിയായ ഡിറ്റക്റ്റീവ്,തർക്കവാദി.
റബ്ബി-യഹൂദമതപണ്ഡിതൻ.
ടെട്രാർക്ക്-പഴയ റോമൻ ഭരണക്രമമനുസരിച്ച് ഒരു പ്രവിശ്യാഭരണാധികാരി.
കബാലാ-പഴയ നിയമത്തിന്റെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾക്ക് യഹൂദപണ്ഡിതർ നൽകുന്ന ഗൂഢാർത്ഥവ്യാഖ്യാനം.
സെഫർ യസീര-കബാലായുടെ ആധാരഗ്രന്ഥം.
ഇസ്രായേൽ ബാൽ ഷെം തോവ്-പതിനെട്ടാം നൂറ്റാണ്ടിൽ ഹസീദിസം എന്ന മിസ്റ്റിക് മതസമൂഹം സ്ഥാപിച്ചു.
ഹസീദ്-ഹസീദിസത്തിന്റെ അനുയായി.
പെന്റാറ്റ്യൂക്-പഴയനിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ
ടെട്രാഗ്രമാറ്റൺ-നാലക്ഷരമുള്ള ഹീബ്രു ദൈവനാമം-JHVH
ഗോയീം-അന്യമതസ്ഥർ,നിന്ദാവചനം.
പോഞ്ചൊ-ഒരുതരം മേലങ്കി.
ബെഡെയ്ക്കർ-സഞ്ചാരികൾക്കുള്ള ഗൈഡ്.
കാർണ്ണിവൽ-നാൽപ്പതു നൊയമ്പിനു മുമ്പുള്ള വസന്തോത്സവം.
സ്പിനോസ(1632-1677)-ഡച്ചുകാരനായ യഹൂദദാർശനികൻ; യൂക്ലിഡിന്റെ ക്ഷേത്രഗണിതരീതിയിൽ ഒരു സ്വയസിദ്ധപ്രത്യയത്തിൽ നിന്ന് അനുസിദ്ധമാകുന്ന ഒരു ദാർശനികപദ്ധതി രൂപീകരിച്ചു.
നൂലാമാല-labyrinth,വഴി തുലഞ്ഞുപോകുന്ന കുടിലദുർഗ്ഗം.