Sunday, July 25, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-10

 

image0-1

അങ്ങയുടെ ശിക്ഷണരീതി മൊത്തത്തിൽ ഏതു വിധത്തിൽ ഫലിച്ചുവെന്നതിനു മതിയായൊരുദാഹരണമാണ്‌ ഇർമ്മയുടെ കാര്യം. ഒരു ഭാഗത്തു നിന്നു നോക്കുമ്പോൾ അവൾ പുറത്തു നിന്നു വരുന്നു, അങ്ങയുടെ കൂടെ ജോലിക്കു ചേരുമ്പോൾ അവൾ മുതിർന്നിരിക്കുന്നു; ജോലി തരുന്നയാളെന്ന നിലയ്ക്കുള്ള ഒരു ബന്ധമേ അവൾക്കങ്ങയോടുള്ളു; അതു കാരണം ഭാഗികമായിട്ടേ അങ്ങയുടെ സ്വാധീനം അവൾക്കേല്ക്കേണ്ടിവരുന്നുമുള്ളു, അതുമല്ല അതിനെ ചെറുക്കാൻ കഴിവുള്ള പ്രായത്തിലുമാണവൾ. മറ്റൊരു ഭാഗത്താകട്ടെ പക്ഷേ, അവൾക്കങ്ങയോടു രക്തബന്ധമുണ്ട്, തന്റെ അച്ഛന്റെ സഹോദരനെന്ന നിലയ്ക്ക് അവൾക്കങ്ങയോടു ബഹുമാനമാണ്‌, അതിനാൽ ഒരു തൊഴിലുടമയെന്നതിനേക്കാൾ അധികാരം അവൾക്കു മേൽ ചുമത്താൻ അങ്ങയ്ക്കു കഴിയുകയും ചെയ്യും. എന്നിട്ടുകൂടി ഈ പെൺകുട്ടി, അത്ര ആരോഗ്യവതിയല്ലാതിരുന്നിട്ടും സമർഥയും ബുദ്ധിമതിയും അദ്ധ്വാനിയും വിനയവതിയും വിശ്വസ്തയും നിസ്വാർത്ഥയുമായ ഈ പെൺകുട്ടി, അങ്ങയെ ജോലി തരുന്നയാൾ എന്ന നിലയിൽ ബഹുമാനിക്കുകയും അമ്മാവനെന്ന നിലയിൽ സ്നേഹിക്കുകയും ചെയ്തിരുന്ന ഈ കുട്ടി, മുമ്പും പിമ്പും പല ജോലികളിലും തന്റെ മികവു കാണിച്ചവൾ അങ്ങയുടെ കണ്ണിൽ നല്ലൊരു ക്ളാർക്ക് ആയില്ല. വാസ്തവമെന്തെന്നാൽ, ഞങ്ങളുടെ കൂടി സമ്മർദ്ദത്തിന്റെ ഫലമായിട്ടാണെന്നു സമ്മതിക്കട്ടെ, മക്കൾക്കങ്ങയോടുള്ള ബന്ധത്തിനു തുല്യമായിട്ടുള്ള ഒന്നിലേക്കാണ്‌ അവൾ തള്ളിയിടപ്പെട്ടത്; മറ്റുള്ളവരെ (ഇർമ്മ ഉൾപ്പെടെ)  തന്റെ വിധേയരാക്കാൻ അങ്ങയുടെ വ്യക്തിത്വത്തിനുണ്ടായിരുന്ന ശക്തിയാകട്ടെ, അവൾക്കു മേലും അതിന്റെ പ്രഭാവം ചെലുത്തി അവളെ മറവിക്കാരിയും ശ്രദ്ധയില്ലാത്തവളുമാക്കി ( അതും പക്ഷേ അങ്ങയുടെ കാര്യത്തിൽ മാത്രമായിരുന്നുവെന്നു ഞാൻ വിശ്വസിക്കട്ടെ, ഒരു കുട്ടി കടന്നുപോകേണ്ടിവരുന്ന ആഴമേറിയ യാതന അവൾ സഹിച്ചിട്ടില്ലെന്നും); പരപരിഹാസവും ധിക്കാരത്തിന്റെ ഒരു ഛായ കൂടിയും ( അതിനുള്ള പ്രാപ്തി അവൾക്കുണ്ടായിരുന്നെങ്കിൽ) അവളിൽ വളർത്തി. ഇതൊക്കെ പറയുമ്പോൾ, അവളുടെ അനാരോഗ്യവും മറ്റസംതൃപ്തികളും മോശപ്പെട്ട കുടുംബജീവതവുമൊന്നും ഞാൻ കണക്കിലെടുക്കുന്നില്ലെന്നും പറയട്ടെ. അങ്ങയ്ക്കവളോടുള്ള ബന്ധത്തെക്കുറിച്ച് എനിക്കു കൃത്യമായൊരു വെളിച്ചം കിട്ടിയത് അങ്ങ അവളെക്കുറിച്ചു നടത്തിയ ഈയൊരു പരാമർശത്തിൽ നിന്നായിരുന്നു (ഞങ്ങൾക്കതൊരു ക്ളാസ്സിക് തന്നെയായിരുന്നു): ദൈവദൂഷണം പോലെ തോന്നുമെങ്കിലും മറ്റുള്ളവരോടുള്ള അങ്ങയുടെ പെരുമാറ്റത്തിലെ ജാഗ്രതക്കുറവിന്‌ അസാധാരണമായൊരു ഉദാഹരണമായിരുന്നു അത്: ‘കിടന്നിടം വൃത്തികേടാക്കിയിട്ടാണ്‌ ആളു ചത്തത്.’

അങ്ങയുടെ സ്വാധീനവലയങ്ങളും അവയിൽ നിന്നു വിട്ടുപോരാൻ ഞങ്ങൾ നടത്തിയ യുദ്ധങ്ങളും വർണ്ണിക്കാനാണെങ്കിൽ എത്രയോ ബാക്കി കിടക്കുന്നു; പക്ഷേ എനിക്കു കാലുറയ്ക്കാത്തൊരു ദേശമാണത്; പലതും എനിക്കു കെട്ടിച്ചമയ്ക്കേണ്ടിയും വരും. അതിനും പുറമേ, ബിസിനസ്സിനും കുടുംബത്തിനും അകലെയായിരിക്കുമ്പോൾ അങ്ങു കൂടുതൽ കാരുണ്യവാനും, സന്തോഷവാനും, പരചിന്തയുള്ളവനും സഹാനുഭൂതിയുള്ളവനും(പുറമെ കൂടിയും എന്നാണു ഞാൻ അർഥമാക്കുന്നത്) ആവുകയായിരുന്നു; വിദേശയാത്ര നടത്തുന്ന ഒരു സ്വേച്ഛാധിപതിയുടെ കാര്യം പോലെയാണത്; അവിടെ അയാൾ തന്റെ ദുഷ്പ്രമത്തത കാണിക്കേണ്ടതില്ലല്ലോ; ഏറ്റവും താഴെക്കിടയിലുള്ളവരുമായിപ്പോലും അയാൾക്കു സ്വതന്ത്രമായി ഇടപഴകാം. വാസ്തവം പറയണമല്ലോ, ഫ്രാൻസെൻസ്ബാദിൽ വച്ചെടുത്ത ഫോട്ടോകളിൽ മുഖം മുഷിഞ്ഞ മറ്റു കൊച്ചുമനുഷ്യർക്കിടയിൽ പ്രസരിപ്പോടെ നീണ്ടു നിവർന്നു നില്ക്കുന്ന അങ്ങയെ കണ്ടാൽ വിദേശയാത്ര നടത്തുന്ന ഒരു രാജാവിനെപ്പോലെ തന്നെയുണ്ട്.  അങ്ങയുടെ കുട്ടികൾക്കും അതു കൊണ്ടു ഗുണമുണ്ടായേനെ; അതിനു പക്ഷേ, കുട്ടികളായിരിക്കുമ്പോൾത്തന്നെ അതു തിരിച്ചറിയാനുള്ള കഴിവ് അവർക്കുണ്ടാവുകയും വേണമായിരുന്നു; അതു സാദ്ധ്യമായിരുന്നില്ലല്ലോ. അങ്ങനെയെങ്കിൽ എനിക്കും അങ്ങയുടെ സ്വാധീനത്തിന്റെ ഏറ്റവും ഉള്ളിലുള്ളതും, കർക്കശവും, ഇടുങ്ങിയതുമായ വൃത്തത്തിനുള്ളിൽ പെട്ടുകിടക്കുകയും വേണ്ടിയിരുന്നുല്ല; യഥാർഥത്തിൽ സംഭവിച്ചതതാണ്‌.

ഇതു വഴി അങ്ങു പറയുന്നതു പോലെ കുടുംബവികാരമെന്നത് എനിക്കില്ല്ലാതെ പോയോ? അങ്ങനെയല്ല,നിഷേധാർഥത്തിലാണ്‌ അതെന്നിൽ പ്രകടമായതെന്നേയുള്ളു; അങ്ങയിൽ നിന്നു വിട്ടുപോരാൻ ഉള്ളിൽ നടക്കുന്ന ( ഒരിക്കലും പൂർത്തിയാകാത്ത) യത്നം. പക്ഷേ കുടുംബത്തിനു വെളിയിലുള്ളവരോടുള്ള എന്റെ ബന്ധത്തെയും അങ്ങയുടെ സ്വാധീനം മോശമായി ബാധിച്ചു. ഞാൻ മറ്റുള്ളവർക്ക് എന്തും ചെയ്തുകൊടുക്കുന്നത് സ്നേഹവും ആത്മാർത്ഥതയും കൊണ്ടാണെന്നും, അങ്ങയ്ക്കും വീട്ടുകാർക്കും യാതൊന്നും ചെയ്യാത്തത് എന്റെ ഹൃദയശൂന്യതയും കള്ളത്തരവും കൊണ്ടാണെന്നുമാണ്‌ അങ്ങു ധരിച്ചിരിക്കുന്നതെങ്കിൽ അങ്ങ്യ്ക്കു തെറ്റി. ഒരു പത്താമത്തെത്തവണ ഞാൻ ആവർത്തിക്കട്ടെ: മറ്റേതു ചുറ്റുപാടായിരുന്നാലും ഇത്രയും ഭീരുവും ലജ്ജാലുവുമായിരുന്നേനെ ഞാൻ; പക്ഷേ അവിടെ നിന്ന് ഞാനിന്നെത്തിനില്ക്കുന്നിടത്തേക്കുള്ള വഴി ദീർഘവും ഇരുളടഞ്ഞതുമായിരുന്നു. (ഈ കത്തിൽ ഇതേവരെ ഞാൻ മനഃപൂർവം മറച്ചുപിടിച്ചതായി കാര്യമായിട്ടൊന്നുമില്ല. ഇവിടം മുതൽ പക്ഷേ, ഏറ്റുപറയാൻ അത്രയും ദുഷ്കരമായ ചിലത് എനിക്കു മറച്ചുവയ്ക്കേണ്ടിവരും. ഞാനിതിവിടെ പറയുന്നത് അങ്ങുമിങ്ങും മങ്ങിയും മാഞ്ഞും വ്യക്തത പോരാതെയാണു ചിത്രം കാണപ്പെടുന്നതെങ്കിൽ അതിനു കാരണം തെളിവുകളുടെ അഭാവമാണെന്ന് അങ്ങു ധരിച്ചുപോകരുതെന്നതിനാലാണ്‌: ചിത്രത്തിൽ കണ്ണെടുത്തു നോക്കാൻ പറ്റാത്തവിധം തെളിച്ചം നല്കാൻ മതിയായത്ര തെളിവുകൾ കിടപ്പുണ്ട്. ഒരിടനില കണ്ടെത്തുക ദുഷ്കരമാണ്‌.) അതെന്തുമാകട്ടെ, ഞാൻ മുമ്പു സൂചിപ്പിച്ചത് ഒരിക്കല്ക്കൂടി ഓർമ്മിപ്പിക്കട്ടെ. അങ്ങയുടെ സാന്നിദ്ധ്യത്തിൽ എനിക്കെന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു; പകരമെനിക്കു കിട്ടിയതോ, അതിരറ്റ ഒരു കുറ്റബോധവും. ( ഈ അതിരില്ലായ്മ മനസ്സിൽ വച്ചുകൊണ്ട് ഞാൻ ഒരാളെക്കുറിച്ച് കൃത്യമായി ഇങ്ങനെ എഴുതിയിട്ടുണ്ട്: ‘താൻ മരിച്ചാലും നാണക്കേടു ബാക്കിനില്ക്കുമെന്നായിരുന്നു അയാളുടെ ഭയം.’) മറ്റുള്ളവരോടൊപ്പം നില്ക്കുമ്പോൾ പെട്ടെന്നു മറ്റൊരാളാവാൻ എനിക്കു കഴിഞ്ഞിരുന്നില്ല; മറിച്ച് എന്റെ കുറ്റബോധം കൂടുകയാണു ചെയ്തത്. ഞാൻ മുമ്പു പറഞ്ഞപോലെ കടയിൽ വച്ച് അങ്ങവരോടു ചെയ്യുന്ന പാപങ്ങൾക്ക് ഞാനായിട്ടൊരു നിവൃത്തി കാണണമെന്നായിരുന്നു എന്റെ തോന്നൽ. അതുമല്ലല്ലോ, ഞാനിടപെടുന്ന ഏതൊരാളെക്കുറിച്ചും ഒരെതിരഭിപ്രായം (പ്രകടമായും അല്ലാതെയും) അങ്ങയ്ക്കവരെക്കുറിച്ചു പറയാനുണ്ടാവും; അതിന്റെ ഉത്തരവാദിത്തവും മനസ്സാ ഞാനേറ്റു. ബിസിനസ്സിലാവട്ടെ, വീട്ടിലാവട്ടെ, ഒട്ടു മിക്കവരെയും ( എന്റെ ബാല്യത്തിൽ ഏതെങ്കിലും രീതിയിൽ പ്രാധാന്യമുള്ളവരായി ഞാൻ കണ്ടിരുന്ന ആരെങ്കിലുമൊരാളുണ്ടോ, വിമർശനം കൊണ്ട് അങ്ങു പിച്ചിച്ചീന്താത്തതായി?) അവിശ്വാസത്തോടെ കാണണമെന്നാണല്ലോ അങ്ങെന്നെ പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിയുന്നത്; വിചിത്രമെന്നു പറയട്ടെ, അങ്ങയ്ക്കൊരു ഭാരമായിരുന്നില്ല ആ അവിശ്വാസം ( അതു കൊണ്ടുനടക്കാനുള്ള കരുത്ത് അങ്ങയ്ക്കുണ്ടായിരുന്നു; ഒരു ഭരണാധികാരിയുടെ ലക്ഷണവുമായിരുന്നു അത്); കുട്ടിയായ എനിക്കു പക്ഷേ, അതിനെ സാധൂകരിക്കുന്ന യാതൊന്നും  എവിടെയും കണ്ണില്പ്പെട്ടിരുന്നില്ല; എല്ലായിടത്തും ഞാൻ കണ്ടത് എനിക്കൊരിക്കലും കൈയെത്തിപ്പിടിക്കാനാവാത്തത്ര മികവു കാണിക്കുന്നവരെയാണ്‌; അതെന്നോടു തന്നെയുള്ള അവിശ്വാസമായി മാറി, മറ്റെല്ലാവരോടുമുള്ള ബന്ധത്തിലെ തീരാത്ത ഉത്കണ്ഠയായി. അങ്ങനെ അന്യരും അങ്ങയിൽ നിന്നു രക്ഷപ്പെടാനുള്ളൊരിടമായില്ല എനിക്ക്. ഇക്കാര്യത്തിൽ അങ്ങു സ്വയം കബളിപ്പിക്കുകയായിരുന്നു; അതിനു കാരണം എനിക്കന്യരോടുള്ള ബന്ധത്തെക്കുറിച്ചു വ്യക്തമായൊരു ധാരണ അങ്ങയ്ക്കില്ലാത്തതും, കുടുംബത്തിൽ നിന്നെനിക്കു കിട്ടാത്തത് പുറമെ നിന്നു ഞാൻ സമ്പാദിക്കുകയാണെന്ന സംശയവും അസൂയയും (അങ്ങയ്ക്കെന്നെ ഇഷ്ടമല്ലെന്നല്ലല്ലോ ഞാൻ പറയുന്നത്?) കലർന്ന വിചാരവുമാവണം. കുടുംബത്തിനു പുറത്തെ എന്റെ ജീവിതം മറ്റൊന്നാവാം അങ്ങു കരുതിയത്. ആനുഷംഗികമായി പറയട്ടെ, ശരിക്കുമെന്റെ കുട്ടിക്കാലത്തേ സ്വന്തം വിലയിരുത്തലിനോടുള്ള അവിശ്വാസത്തിൽ നിന്ന് എനിക്കൊരു സാന്ത്വനം ലഭിച്ചിട്ടുള്ളു; ഞാൻ സ്വയം പറയും: ‘താൻ ഒക്കെ വല്ലാതെ പെരുപ്പിച്ചു കാണുകയാണ്‌, വെറും നിസ്സാരമായവയെ വലിയ അപവാദങ്ങളായി കാണുകയാണ്‌.’ ഈ സാന്ത്വനമാകട്ടെ, ലോകപരിചയം കൂടിവന്നതോടെ എനിക്കു മിക്കവാറും നഷ്ടപ്പെട്ട ഒന്നുമായിരുന്നു.

യഹൂദമതത്തിലും അങ്ങയിൽ നിന്നൊരു രക്ഷ എനിക്കു കിട്ടിയില്ല. എന്തെങ്കിലുമൊരു രക്ഷ കിട്ടുമെന്നു വിചാരിക്കാവുന്നൊരിടമായിരുന്നു അത്; കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, അതിനുള്ളിൽ വച്ചു നാം പരസ്പരം കണ്ടേത്തിയേക്കുമായിരുന്നുവെന്നോ, അതിൽ നിന്നു നാം ഒരുമിച്ചു തുടങ്ങുമായിരുന്നുവെന്നോ പ്രതീക്ഷിക്കാവുന്നൊരിടം. പക്ഷേ എന്തു മാതിരി യഹൂദമതമായിരുന്നു എനിക്കങ്ങയിൽ നിന്നു കിട്ടിയത്! ഇത്രയും കാലത്തിനുള്ളിൽ വ്യത്യസ്തമായ മൂന്നുതരം വീക്ഷണങ്ങളാണ്‌ എനിക്കതിനോടുണ്ടായിരിക്കുന്നത്.

കുട്ടിയായിരിക്കുമ്പോൾ ഞാൻ സ്വയം കുറ്റപ്പെടുത്തിയിരുന്നു, ഇടയ്ക്കിടെ സിനഗോഗിൽ പോകാത്തതിനും, ഉപവാസമെടുക്കാത്തതിനും മറ്റും. ഞാനെന്തോ തെറ്റു ചെയ്യുകയാണെന്നായിരുന്നു എന്റെ വിശ്വാസം, എന്നോടല്ല, അങ്ങയോട്; കുറ്റബോധം എന്നെ കീഴ്പ്പെടുത്തി- അതുപക്ഷേ അവസരം നോക്കിക്കിടക്കുകയായിരുന്നുവെന്നേയുള്ളു.

പില്ക്കാലത്ത് മുതിർന്ന കുട്ടിയായപ്പോൾ എനിക്കു മനസ്സിലായില്ല, യഹൂദമതത്തിന്റെ തീർത്തും നിസ്സാരമായ ഒരവശിഷ്ടത്തിന്റെ ഉടമയായ അങ്ങയ്ക്കെങ്ങനെ സമാനമായ ഒരവശിഷ്ടത്തിൽ പിടിച്ചുതൂങ്ങാത്തതിന്റെ പേരിൽ ( ഭക്തി കാണിക്കാനെങ്കിലും, എന്നാണങ്ങു പറഞ്ഞത്) എന്നെ കുറ്റപ്പെടുത്താനാവുമെന്ന്. എനിക്കു കാണാൻ പറ്റിയിടത്തോളം ശരിക്കുമൊരു അവശിഷ്ടം തന്നെയായിരുന്നു അത്, ഒരു തമാശ, അതുപോലുമല്ല. അങ്ങു വർഷത്തിൽ നാലു ദിവസം സിനഗോഗിൽ പോയിരുന്നു; അങ്ങയ്ക്കു കൂടുതൽ അടുപ്പം ഒരു താത്പര്യവുമില്ലാതെ അവിടെ വന്നുപോകുന്നവരോടായിരുന്നു, അതിനെ ഗൗരവത്തിലെടുക്കുന്നവരോടായിരുന്നില്ല; ഒരു ചടങ്ങു കഴിക്കുന്നപോലെ അങ്ങു പ്രാർത്ഥനകളിൽ പങ്കുകൊണ്ടു; ചിലനേരത്ത് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അപ്പോൾ നടക്കുന്ന പ്രാർത്ഥനയുടെ ഏട് പുസ്തകത്തിൽ അങ്ങെനിക്കു കാണിച്ചു തന്നിരുന്നു; പിന്നെ സിനഗോഗിനുള്ളിലായിരിക്കുന്നിടത്തോളം നേരം ( അതായിരുന്നു പ്രധാനം) ഇഷ്ടമുള്ളിടത്ത് എനിക്കു ചുറ്റിക്കറങ്ങി നടക്കാമായിരുന്നു. അങ്ങനെ കോട്ടുവായിട്ടും ഉറക്കം തൂങ്ങിയും മണിക്കൂറുകൾ  കഴിച്ചുകൂട്ടുന്നതിനിടയിൽ (പില്ക്കാലത്ത് അത്രയും മുഷിച്ചിൽ ഞാൻ അനുഭവിച്ചിരിക്കുന്നത് ഡാൻസ് ക്ളാസ്സിൽ വച്ചാണെന്നു തോന്നുന്നു) അവിടെ കിട്ടുന്ന അല്പം ചില വിനോദങ്ങളിൽ ആനന്ദം കണ്ടെത്താൻ ഞാൻ ശ്രമിച്ചു; ഉദാഹരണത്തിന്‌ പെട്ടകം തുറക്കുമ്പോൾ; അതു കാണുമ്പോൾ എനിക്കോർമ്മ വന്നിരുന്നത് മേളകളിലെ ഷൂട്ടിംഗ് ഗാലറിയായിരുന്നു. അവിടെപ്പക്ഷേ ഉന്നത്തിൽ കൊള്ളിച്ചാൽ ഒരു വാതിൽ തുറന്ന് രസമുള്ളതെന്തെങ്കിലും പുറത്തു വരുമായിരുന്നെങ്കിൽ, ഇവിടെ എന്നു കാണാനുള്ളത് തലയറ്റ ഒരേ പാവകളെത്തന്നെയായിരുന്നുവെന്നേയുള്ളു. അതിനും പുറമേ പേടിച്ചു വിരണ്ടാണ്‌ ഞാൻ അതിനുള്ളിൽ കഴിഞ്ഞിരുന്നത്; അത്രയധികം ആളുകളെ കാണുന്നതു മാത്രമല്ല( അതു പറയേണ്ട കാര്യമില്ലല്ലോ), തോറയിൽ നിന്നു വായിക്കാൻ എന്നെയും വിളിച്ചേക്കാം എന്നൊരിക്കൽ അങ്ങു പറഞ്ഞതും അതിനു കാരണമായി. അങ്ങനെയൊരു സാദ്ധ്യത മുന്നിൽ കണ്ടുകൊണ്ട് വർഷങ്ങൾ ഞാൻ പേടിച്ചു വിറച്ചിരുന്നു. ഇതല്ലാതെ മറ്റൊന്നും എന്റെ മുഷിച്ചിലിനെ കാര്യമായി ശല്യപ്പെടുത്താനുണ്ടായിരുന്നില്ല; പിന്നെയൊന്നുണ്ടായെന്നു പറയാൻ എന്റെ ബാർ- മിത് സ്വായുടെ സമയത്തു മാത്രം; അതിനു പക്ഷേ അപഹാസ്യമായ ഒരു മനഃപാഠമേ വേണ്ടിവന്നുള്ളു; അതിൽ നിന്നുണ്ടായത് അപഹാസ്യമായ ഒരു പരീക്ഷ പാസ്സാകൽ പോലെയൊന്നും. പിന്നെ ചിലപ്പോൾ തോറാ വായിക്കാൻ അങ്ങയെ വിളിക്കുമ്പോൾ അങ്ങതു വലിയ മോശം വരാതെ നിർവഹിച്ചു വരുന്നതും ഞാൻ കണ്ടിട്ടുണ്ട്; ചില നാളുകളിൽ മരിച്ചവരുടെ പ്രാർത്ഥന നടക്കുമ്പോൾ അങ്ങു സിനഗോഗിൽ നിന്നിട്ട് എന്നെ പറഞ്ഞയക്കും. കുറേക്കാലത്തേക്ക്, എന്നെ പറഞ്ഞയക്കുന്നതും എന്റെ അറിവ് അത്രയ്ക്കാഴമുള്ളതല്ലാത്തതും കാരണമാവാം, മോശപ്പെട്ടതെന്തോ ചെയ്യാനാണ്‌ അങ്ങ് സിനഗോഗിൽ നില്ക്കുന്നതെന്ന് എനിക്കന്നു തോന്നിയിരുന്നു. അപ്പോൾ സിനഗോഗിൽ ഇങ്ങനെയൊക്കെയായിരുന്നു; വീട്ടിലാകട്ടെ, അതിലും പരിതാപകരമായിരുന്നു; പെസഹായുടെ ആദ്യരാത്രിയോടെ അതു കഴിയും. അതും പക്ഷേ, വളർന്നുവരുന്ന ഞങ്ങൾ കുട്ടികളുടെ സ്വാധീനം കാരണമാകാം, ( ആ സ്വാധീനത്തിന്‌ അങ്ങെന്തിനു വഴങ്ങിക്കൊടുത്തു? അതു കൊണ്ടുവന്നത് അങ്ങായതു കൊണ്ടുതന്നെ.) പൊട്ടിച്ചിരിയുമൊക്കെയായി ഒരു പ്രഹസനമായിരുന്നു. അങ്ങനെ വിശ്വാസമെന്ന പേരിൽ എനിക്കു പകർന്നുകിട്ടിയത് ഇത്രയൊക്കെയായിരുന്നു; അങ്ങയുടേതായി അതിൽ കൂട്ടിച്ചേർത്തത് പെരുന്നാളുകളിൽ അച്ഛനോടൊപ്പം വരുന്ന ‘കോടീശ്വരനായ ഫുക്കിന്റെ മക്കളെ’ ചൂണ്ടിക്കാട്ടുന്ന അങ്ങയുടെ കൈ മാത്രം. ഇങ്ങനെയൊരു വസ്തു വച്ചുകൊണ്ട് ഒരാൾക്കു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം കഴിയുന്നതും വേഗം അതിനെ ഒഴിച്ചുവിടുക എന്നതല്ലാതെ മറ്റെന്തായിരിക്കുമെന്ന് എനിക്കൊരു ധാരണയുമില്ലായിരുന്നു; അതിനെ ഒഴിച്ചുവിടുക എന്നതു തന്നെയാണ്‌ ഏറ്റവും പൂജനീയമായ പ്രവൃത്തിയായി അനിക്കു തോന്നിയത്.

അതിനും ശേഷം മറ്റൊരു വീക്ഷണത്തിലൂടെ ഞാൻ അതിനെ കണ്ടുതുടങ്ങി; അതിലും ദുഷ്ടമനസ്സോടെ ഞാൻ അങ്ങയെ വഞ്ചിക്കുകയായിരുന്നുവെന്നു വിശ്വസിക്കാൻ അങ്ങയ്ക്കു കഴിയുന്നതെങ്ങനെ എന്ന് എനിക്കൊരു ധാരണയുമുണ്ടായി. അങ്ങു ഗ്രാമത്തിലെ അടഞ്ഞ സമൂഹം വിട്ടു പോരുമ്പോൾ യഹൂദമതത്തിന്റെ ചില അവശിഷ്ടങ്ങൾ കൂടി കൊണ്ടുപോന്നിരുന്നു; അതത്രയധികമൊന്നും ഉണ്ടായിരുന്നില്ല; നഗരത്തിലെ ജീവിതവും പട്ടാളത്തിലെ സേവനവും കഴിഞ്ഞപ്പോൾ അതു ശോഷിച്ചുശോഷിച്ച് മിക്കവാറും ഇല്ലാതാവുകയും ചെയ്തിരിക്കുന്നു. എന്നാല്ക്കൂടി ഒരുതരം യഹൂദജീവിതം നിലനിർത്താൻ അങ്ങയുടെ ചെറുപ്പത്തിലെ ഓർമ്മകളും ബിംബങ്ങളും മതിയാകുമായിരുന്നു, ആ തരം താങ്ങ് അത്രയധികം ആവശ്യമില്ലാത്ത ഒരു കൂട്ടത്തിലാണ്‌ അങ്ങയുടെ പിറവി എന്നാതിനാൽ പ്രത്യേകിച്ചും; പിന്നെ, സമൂഹത്തെക്കുറിച്ചുള്ള സന്ദേഹങ്ങളുമായി കൂടിക്കുഴഞ്ഞാലല്ലാതെ മതപരമായ സന്ദേഹങ്ങൾ കൊണ്ടുലയുന്നതുമായിരുന്നില്ല അങ്ങയുടെ പ്രകൃതം. അടിസ്ഥാനപരമായി നോക്കുമ്പോൾ അങ്ങയുടെ ജീവിതത്തെ നയിച്ചിരുന്ന വിശ്വാസമെന്നത് യഹൂദമതത്തിലെ ഒരു പ്രത്യേകവർഗം കൊണ്ടുനടന്നിരുന്ന അഭിപ്രായങ്ങൾ ആത്യന്തികസത്യങ്ങളാണെന്ന അങ്ങയുടെ വിശ്വാസമായിരുന്നു; ആ അഭിപ്രായങ്ങൾ അങ്ങയുടെ അങ്ങയുടെ പ്രകൃതത്തിന്റെതന്നെ ഘടകമായി മാറിപ്പോയിരുന്നതിനാൽ തന്നെത്തന്നെ വിശ്വസിക്കലുമായിരുന്നു അത്. അതില്പ്പോലും ആവശ്യത്തിനുള്ളത്ര യഹൂദത്തമൊക്കെയുണ്ടായിരുന്നു; പക്ഷേ കൈമാറേണ്ട ഒരു പാരമ്പര്യമെന്ന നിലയ്ക്ക് കുട്ടിയ്ക്കതു പോരായിരുന്നു: എടുത്തുകൊടുക്കുമ്പോഴേക്കും ചോർന്നുപോകാനുള്ളതേയുണ്ടായിരുന്നുള്ളു അത്. അങ്ങയുടെ ചെയ്യുപ്പകാലത്തെ ഓർമ്മകളായിരുന്നു അതിന്റെ ഒരു ഭാഗം; അതെന്തായാലും മറ്റൊരാൾക്കു പങ്കുവയ്ക്കാൻ കഴിയില്ലതന്നെ; അങ്ങയുടെ ഭീഷണമായ വ്യക്തിത്വമായിരുന്നു മറ്റേ ഭാഗം. യഹൂദമത്തിന്റെ പേരിൽ അങ്ങനുഷ്ടിച്ചിരുന്ന ഒരു പിടി നിസ്സാരതകൾക്ക് ( ആ നിസ്സാരതയ്ക്കു ചേർന്ന അലക്ഷ്യഭാവം  ആ ചടങ്ങുകഴിക്കലിലും കാണാം) അതിലും കവിഞ്ഞ എന്തെങ്കിലുമൊരു അർത്ഥമുണ്ടെന്ന് ഭയം കൊണ്ടു ശ്രദ്ധ കൂർത്ത ഒരു കുട്ടിയെ മനസ്സിലാക്കിക്കുക അസാദ്ധ്യം തന്നെയായിരുന്നു. അങ്ങയ്ക്കതൊക്കെ പഴയൊരു കാലത്തിന്റെ ഓർമ്മയുണർത്തുന്ന വസ്തുക്കളായിരുന്നു; അതു കൊണ്ടാണ്‌ എനിക്കവ കൈമാറാൻ അങ്ങാഗ്രഹിച്ചതും; അതേസമയം അങ്ങയ്ക്കു തന്നെ അതിന്റെയൊക്കെ അർത്ഥം നഷ്ടപ്പെട്ടുകഴിഞ്ഞ സ്ഥിതിയ്ക്ക് പ്രേരണ ചെലുത്തിയോ, ഭീഷണിപ്പെടുത്തിയോ അല്ലാതെ അതെങ്ങനെ കൈമാറാൻ? അതു വിജയിക്കാൻ പോകുന്നില്ല എന്നത് ഒരു വശത്ത്; മറുവശത്ത് തന്റെ ഭാഗം ദുർബലമാണെന്നംഗീകരിക്കാനുള്ള മടി കാരണം എന്റെ ബാഹ്യമായ പിടിവാശി അങ്ങയെ ദേഷ്യം പിടിപ്പിക്കുകയും ചെയ്യും.

എല്ലാം കൂടി ഒറ്റപ്പെട്ടൊരു പ്രതിഭാസമല്ല. താരതമ്യേന വിശ്വാസം നിലനിന്നിരുന്ന ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കു കുടിയേറിയ പരിവർത്തനകാലത്തെ തലമുറയില്പ്പെട്ട ജൂതന്മാരുടെ കാര്യത്തിൽ പൊതുവേ സംഭവിച്ച ഒന്നാണത്. അങ്ങനെയൊരവസ്ഥ മുൻപേ നിലനിന്നിരുന്നതു തന്നെ; പാരുഷ്യങ്ങൾ അനേകമായിരുന്ന നമ്മുടെ ബന്ധത്തിലേക്ക് നീറ്റുന്ന മറ്റൊന്നു കൂടി അതു കൊണ്ടുവന്നു എന്നുമാത്രം. നേരേ മറിച്ച്, ഈ വിഷയത്തിലും, ഞാൻ ചെയ്യുന്ന പോലെ, അങ്ങും താൻ നിരപരാധിയാണെന്നു വിശ്വസിക്കേണ്ടിവരും; പക്ഷേ ആ നിരപരാധിത്വം അങ്ങു തെളിയിക്കേണ്ടത് അങ്ങയുടെ പ്രകൃതവും ആ കാലഘട്ടത്തിന്റെ പ്രത്യേകതയും അടിസ്ഥാനമാക്കിയായിരിക്കണം, അല്ലാതെ ബാഹ്യമായ ചുറ്റുപാടുകൾ വച്ചല്ല, മറ്റു ജോലികളും ആധികളുമുള്ളതിനാൽ തനിക്കതിൽ ശ്രദ്ധയൂന്നാൻ പറ്റാതെ പോയി എന്നു പ്രഖ്യാപിച്ചിട്ടല്ല. അവിശ്വസിക്കേണ്ടതില്ലാത്ത തന്റെ നിരപരാധിത്വത്തെ അന്യർക്കെതിരെ ന്യായീകരണമില്ലാത്ത നീരസമായി അങ്ങു വളച്ചൊടിച്ചിരുന്നത് ഈ രീതിയിലായിരുന്നല്ലോ. എവിടെയുമെന്നപോലെ ഇവിടെയും അത്രവേഗം ഖണ്ഡിക്കാവുന്ന ഒരു വാദമാണത്. അങ്ങു സ്വന്തം കുട്ടികൾക്കു നല്കേണ്ടിയിരുന്ന ശിക്ഷണത്തിലെ ഏതെങ്കിലും ഒരിനമല്ല ഇവിടത്തെ പ്രശ്നം, മറിച്ച് അനുകരണീയമായ ഒരു ജീവിതമാണ്‌. അങ്ങയുടെ മതവിശ്വാസം ഒന്നുകൂടി ബലത്തതായിരുന്നുവെങ്കിൽ അത്രയ്ക്കു ബലമുണ്ടായേനേ അങ്ങയുടെ ജീവിതമെന്ന മാതൃകയ്ക്കും; അതു പറയേണ്ടതുമില്ലല്ലോ. ഇതും ഒരു വിമർശനമായിട്ട് അങ്ങെടുക്കരുത്, അങ്ങയുടെ വിമർശനങ്ങളെ ചെറുക്കാനുള്ള ഒരു ശ്രമമെന്നേയുള്ളൂ ഇത്. അടുത്ത കാലത്തായി ഫ്രാങ്ക്ളിൻ തന്റെ ചെറുപ്പകാലത്തെക്കുറിച്ചെഴുതിയ ഓർമ്മക്കുറിപ്പുകൾ വായിച്ചുകൊണ്ടിയിക്കുകയാണല്ലോ അങ്ങ്. ഞാൻ ആ പുസ്തകം അങ്ങ്യ്ക്കു വായിക്കാൻ തന്നത് വേണമെന്നു വച്ചിട്ടുതന്നെയാണ്‌- അതുപക്ഷേ അങ്ങു പരിഹാസരൂപേണ പറഞ്ഞപോലെ സസ്യാഹാരശീലത്തെക്കുറിച്ച് അതിൽ ചെറിയൊരു ഭാഗമുള്ളതു കൊണ്ടൊന്നുമല്ല- മറിച്ച്, ഗ്രന്ഥകാരനും അദ്ദേഹത്തിന്റെ പിതാവും തമ്മിലും,  അദ്ദേഹവും തന്റെ മകനും തമ്മിലുമുള്ള ബന്ധത്തെക്കുറിച്ച് മകനു വേണ്ടിയെഴുതിയ ആ ഓർമ്മക്കുറിപ്പുകളിൽ അത്ര സ്വാഭാവികമായ ശൈലിയിൽ അദ്ദേഹം വിവരിച്ചിട്ടുള്ളതു കൊണ്ടാണ്‌. അതിൽ പ്രത്യേകിച്ചൊരു ഭാഗം ചൂണ്ടിക്കാട്ടാനൊന്നും ഞാനില്ല.

ജൂതമതസംബന്ധമായ വിഷയങ്ങളിൽ ഞാൻ കൂടുതൽ താത്പര്യമെടുക്കുന്നു എന്ന തോന്നലിനെത്തുടർന്ന് അടുത്ത കാലത്തായി അങ്ങയിൽ ദൃശ്യമായ മനോഭാവം അങ്ങയുടെ മതവിശ്വാസത്തെ സംബന്ധിച്ച് എനിക്കുണ്ടായിരുന്ന അഭിപ്രായത്തെ ശരിവയ്ക്കുന്നതായിരുന്നു. ഞാനെന്തു ചെയ്താലും, എന്റെ താത്പര്യങ്ങളുടെ പൊതുസ്വഭാവത്തെക്കുറിച്ചു പ്രത്യേകിച്ചും, അതിലൊരു വിപ്രതിപത്തി അങ്ങയ്ക്കു മുൻകൂറായിട്ടുണ്ടാവും; അതങ്ങ് ഇവിടെയും കാണിച്ചു. ആ പൊതുസ്വഭാവമിരിക്കെത്തന്നെ ഇവിടെയെങ്കിലും അങ്ങൊരു ചെറിയ വിട്ടുവീഴ്ച കാണിക്കുമെന്നു ഞാൻ പ്രതീക്ഷിച്ചുപോയി. എന്തൊക്കെയായാലും അങ്ങയുടെതന്നെ വിശ്വാസത്തിന്റെ വിശ്വാസമാണല്ലോ ഇവിടെ ഉയിരെടുക്കുന്നത്, ഒപ്പം നമുക്കിടയിൽ പുതിയൊരു ബന്ധത്തിനുള്ള സാധ്യതയും. ഈ വക സംഗതികളിൽ അങ്ങെന്തെങ്കിലും താത്പര്യമെടുത്തിരുന്നെവെങ്കിൽ അതുകൊണ്ടുതന്നെ ഞാനതിനെ സംശയത്തോടെയേ വീക്ഷിക്കുമായിരുന്നുള്ളു എന്ന സത്യം ഞാൻ മറച്ചുവയ്ക്കുന്നില്ല. ഇക്കാര്യത്തിൽ ഞാൻ അങ്ങയെക്കാൾ ഏതെങ്കിലും തരത്തിൽ ഭേദമാണെന്നു സ്വപ്നം കാണാൻ തന്നെ ഞാനില്ല. പക്ഷേ അതൊന്നും പരീക്ഷീക്കപ്പെടുക പോലുമുണ്ടായില്ല. മധ്യവർത്തി ഞാനായതു കൊണ്ടുമാത്രം ജൂതമതം അങ്ങയ്ക്കു ജുഗുപ്സാവഹമായി, വിശുദ്ധഗ്രന്ഥങ്ങൾ വായിക്കാൻ കൊള്ളാത്തവയായി; അങ്ങയ്ക്കവ ‘ഓർക്കാനമുണ്ടാക്കി’. അതിനർത്ഥം എന്റെ ചെറുപ്പത്തിൽ അങ്ങെനിയ്ക്കു കാണിച്ചുതന്ന തരം ജൂതമതമാണു സത്യമായതെന്നും, അതിനതീതമായി മറ്റൊന്നുമില്ലെന്നുമാവാം. പക്ഷേ അങ്ങതിൽ വാശി കാണിക്കുമെന്നത് ചിന്തിക്കാൻ കൂടി പറ്റാത്തതായിരുന്നു. പക്ഷേ അങ്ങനെയെങ്കിൽ അങ്ങയുടെ ‘ഓർക്കാനം’ (അതിന്റെ ഉന്നം ഒന്നാമതായി ജൂതമതമല്ല, ഞാനാണെന്ന പരമാർത്ഥം വേറെ) കൊണ്ടർത്ഥമാകുന്നത് സ്വന്തം വിശ്വാസവും അക്കാര്യത്തിൽ എനിക്കു കിട്ടിയ ശിക്ഷണവും പോരായ്മ നിറഞ്ഞതായിരുന്നു എന്നു സമ്മതിക്കുകയാണ്‌, അതിനെക്കുറിച്ചോർമ്മപ്പെടുത്തുന്നതു തനിക്കൊട്ടും ഇഷ്ടമല്ല എന്നു പറയുകയാണ്‌, അങ്ങനെയൊരോർമ്മപ്പെടുത്തലിനെ തുറന്ന വിദ്വേഷം കൊണ്ടു നേരിടുമെന്നാണ്‌. ഇതിനിടയ്ക്കു പറയട്ടെ, ഞാൻ പുതുതായി സമ്പാദിച്ച ജൂതവിശ്വാസത്തെക്കുറിച്ച് അങ്ങയ്ക്കുള്ള നിഷേധാർത്ഥത്തിലുള്ള മതിപ്പ് അതിശയോക്തിപരമായിരുന്നു; ഒന്നാമതായി എന്റെ വിശ്വാസം അങ്ങയുടെ ശാപം പേറുന്നതായിരുന്നു; രണ്ടാമതായി, അതിന്റെ പൂർണ്ണവികാസത്തിന്‌ സഹജീവികളോടുള്ള എന്റെ അടിസ്ഥാനബന്ധം നിർണ്ണായകവുമായിരുന്നു- എന്നു പറഞ്ഞാൽ എനിക്കതു പ്രാണഹരമായിരുന്നു.

എന്റെ എഴുത്തിനോടും, അങ്ങയ്ക്കറിയാത്ത അതിനോടു ബന്ധപ്പെട്ടവയോടുമുള്ള അങ്ങയുടെ അനിഷ്ടം കുറച്ചുകൂടി ന്യായയുക്തമായിരുന്നു. ഇവിടെ സ്വന്തം പരിശ്രമം കൊണ്ടുതന്നെ ഞാൻ അങ്ങയിൽ നിന്ന് ഒരല്പ്പം സ്വാതന്ത്ര്യം നേടുകയായിരുന്നു; ഒരു കാലടിയ്ക്കടിയില്പ്പെട്ടു വാലു ഞെരിഞ്ഞുപോയ ഒരു പുഴു സ്വയം വലിച്ചുപറിച്ചെടുത്ത് ശേഷിച്ച അഗ്രഭാഗവുമായി ഇഴഞ്ഞുപോകുന്നതാണ്‌ അതെന്നെ ഓർമ്മപ്പെടുത്തുന്നതെന്ന കാര്യം ഞാൻ മറച്ചുവയ്ക്കുന്നുമില്ല. താരതമ്യേന സുരക്ഷിതനാണു ഞാനവിടെ; എനിക്കു ശ്വാസം വിടാമെന്നായിരിക്കുന്നു; എന്റെ എഴുത്തിനോടുള്ള അങ്ങയുടെ അനിഷ്ടവും എനിക്കത്ര അഹിതമാവുന്നില്ല. എന്റെ അഹന്തയ്ക്കും ഉത്കർഷേച്ഛയ്ക്കുമേല്ക്കുന്ന പ്രഹരങ്ങളായിരുന്നു എന്റെ പുസ്തകങ്ങൾ വരുമ്പോൾ അങ്ങയുടെ പ്രതികരണം (ഞങ്ങൾക്കിടയിൽ ഐതിഹാസികരൂപം വരിച്ചിരുന്നു അവ) : ‘എന്റെ കട്ടിലിന്റെ തലയ്ക്കലെ മേശപ്പുറത്തു വച്ചേക്കൂ!’ എന്റെ പുസ്തകങ്ങൾ വരുന്ന സമയത്തു മിക്കവാറും അങ്ങു ചീട്ടുകളിയിലായിരിക്കുമല്ലോ. പക്ഷേ എനിക്കാ പ്രതികരണം സ്വീകാര്യവുമായിരുന്നു; അതിനു കാരണം ധിക്കാരപരമായ എന്റെ വിദ്വേഷം മാത്രമല്ല, നമ്മുടെ ബന്ധത്തെക്കുറിച്ച് എനിക്കുള്ള കാഴ്ചപ്പാടിനെ വീണ്ടുമതു ശരിവയ്ക്കുന്നു എന്നതു മാത്രമല്ല, അതിനൊക്കെയുമടിയിൽ ആ വാക്കുകൾക്ക് ഇങ്ങനെയൊരത്ഥം കൂടി ഞാൻ കേൾക്കുന്നുവെന്നതു കൊണ്ടുകൂടിയാണ്‌: ‘നീയിപ്പോൾ സ്വതന്ത്രനാണ്‌!’ അതൊരു വ്യാമോഹമായിരുന്നു എന്നതു സത്യം തന്നെ; ഞാൻ സ്വതന്ത്രനായിരുന്നില്ല; അല്പ്പം കൂടി ശുഭപ്രതീക്ഷയോടെ പറഞ്ഞാൽ, ഞാൻ ഇനിയും സ്വതന്ത്രനായിട്ടില്ല. ഞാൻ എഴുതിയതൊക്കെ അങ്ങയെക്കുറിച്ചായിരുന്നു, അങ്ങയുടെ നെഞ്ചത്തു തല ചായ്ച്ചുകൊണ്ടു കരഞ്ഞുപറയാൻ കൊതിച്ചതൊക്കെയാണ്‌ ഞാൻ എഴുതിവച്ചത്. അങ്ങയിൽ നിന്നു മനഃപൂർവം ദീർഘിപ്പിച്ച ഒരു വേറിടലായിരുന്നു അത്; അതിലേക്കെന്നെ തള്ളിയിട്ടത് അങ്ങായിരുന്നുവെങ്കിലും ഞാൻ നിശ്ചയിച്ച ദിശയിലേക്കാണ്‌ അതു നീങ്ങിയത്. പക്ഷേ എത്ര തുച്ഛമായിരുന്നു അതെല്ലാം! അതിനെക്കുറിച്ചു പരാമർശിക്കാൻ എന്തെങ്കിലുമൊരു കാരണമുണ്ടെങ്കിൽ അതു സംഭവിച്ചത് എന്റെ ജീവിതത്തിലാണ്‌ എന്നതു മാത്രമേയുള്ളു- മറ്റെവിടെയായാലും അതു ശ്രദ്ധയില്പ്പെടാതെ പോകുമായിരുന്നു- , എന്റെ ജീവിതത്തെ ഭരിച്ചത് അതായിരുന്നു എന്നതും: ബാല്യത്തിൽ അതൊരു മുന്നറിയിപ്പായിരുന്നു, പിന്നീടതു പ്രത്യാശയായിരുന്നു, പിന്നെ പലപ്പോഴുമതു കൊടുംനൈരാശ്യവുമായിരുന്നു, എന്റെ അല്പം ചില തീരുമാനങ്ങളെടുക്കാൻ -അങ്ങയുടെ രൂപത്തിൽ- അതെന്നോടു കല്പ്പിക്കുകയും ചെയ്തു.

ഉദാഹരണത്തിന്‌ ഞാൻ തെരഞ്ഞെടുത്ത തൊഴിൽ. അക്കാര്യത്തിൽ അങ്ങെനിക്കു പൂർണ്ണസ്വാതന്ത്ര്യം തന്നുവെന്നും, അതങ്ങയുടെ ഔദാര്യത്തിന്റെയും സഹിഷ്ണുതയുടെയും ഗുണമായിരുന്നുവെന്നും ഞാൻ സമ്മതിക്കുന്നു. അതേസമയം ജൂതമദ്ധ്യവർഗ്ഗം തങ്ങളുടെ പുത്രന്മാരോടു പെരുമാറുന്ന പൊതുരീതിയ്ക്ക് അങ്ങും വഴങ്ങിക്കൊടുക്കുകയായിരുന്നുവെന്നും കാണണം; അതായിരുന്നു അങ്ങയ്ക്കു മാനദണ്ഡം- അല്ലെങ്കിൽ ആ വർഗ്ഗത്തിന്റെ മൂല്യങ്ങളെയാണ്‌ അങ്ങു പിൻപറ്റിയത്. ഒടുവിലായി, എന്റെ വ്യക്തിത്വത്തെക്കുറിച്ച് അങ്ങയ്ക്കുണ്ടായിരുന്ന ഒരു ധാരണപ്പിശകും അതിൽ ഒരു പങ്കു വഹിച്ചു. പരമാർത്ഥമെന്തെന്നാൽ, പിതാക്കന്മാർക്ക് പുത്രന്മാരെച്ചൊല്ലിയുള്ള അഭിമാനത്തിൽ നിന്ന്, എന്റെ യഥാർത്ഥജീവിതത്തെക്കുറിച്ചുള്ള അജ്ഞതയിൽ നിന്ന്, എന്റെ അനാരോഗ്യത്തിൽ നിന്നു സഞ്ചയിച്ച നിഗമനങ്ങളിൽ നിന്ന് അങ്ങെന്നെ കരുതിപ്പോന്നത് സൂക്ഷ്മബുദ്ധിയായ ഒരു ജോലിക്കാരനാണു ഞാനെന്നാണ്‌. അങ്ങയുടെ വീക്ഷണത്തിൽ കുട്ടിയായിരിക്കുമ്പോൾ ഞാൻ പഠിത്തത്തിൽത്തന്നെ ശ്രദ്ധയൂന്നിയിരുന്നു, പില്ക്കാലത്ത് എന്റെ എഴുത്തിലും. അതിനു പക്ഷേ യാഥാർത്ഥ്യവുമായി വിദൂരസാമ്യം പോലുമില്ല. ഞാൻ അധികമൊന്നും പഠിച്ചില്ലെന്നും, യത്നമെടുത്ത് യാതൊന്നും പഠിച്ചിട്ടില്ലെന്നും പറഞ്ഞാൽ അതായിരിക്കും കുറെക്കൂടി ശരിയും, അതിശയോക്തി കുറഞ്ഞതും; ഇടത്തരം ഓർമ്മശക്തിയും സാമാന്യമായ തരത്തിലുള്ള ബുദ്ധിയുമുള്ള സ്ഥിതിയ്ക്ക് എന്തോ ചിലതു മനസ്സിൽ തങ്ങിനിന്നുവെന്നുമാത്രം; അതുപക്ഷേ എടുത്തുപറയാനും വേണ്ടിയൊന്നുമില്ലതാനും. എന്തായാലും എന്റെ അറിവിന്റെ ആകെത്തുക, പ്രത്യേകിച്ചും അതിന്റെ അടിസ്ഥാനം, പുറമെയ്ക്കു സ്ഥിരവും അലട്ടില്ലാത്തതുമായ ഒരു ജീവിതത്തിൽ വിനിയോഗിച്ച സമയത്തിന്റെയും ധനത്തിന്റെയും തോതു വച്ചു നോക്കുമ്പോൾ തീർത്തും ദയനീയമായിരുന്നു, എനിക്കു പരിചയമുള്ള ഒട്ടു വളരെപ്പേരെ അപേക്ഷിച്ചു നോക്കുമ്പോൾ വിശേഷിച്ചും. ദയനീയമാണത്, പക്ഷേ എനിക്കു മനസ്സിലാകുന്നതും. ചിന്താശേഷിയുണ്ടായതില്പ്പിന്നെ സ്വന്തം ബൗദ്ധികാസ്തിത്വം എന്നതിൽ അത്രധികം ഉത്കണ്ഠാകുലനായിരുന്നു ഞാൻ; മറ്റുള്ളതൊന്നും എനിക്കൊരു വിഷയമേ ആയിരുന്നില്ല. നമ്മുടെ നാട്ടിലെ ജൂതവിദ്യാർത്ഥികൾ പൊതുവേ ഒരല്പം വിചിത്രസ്വഭാവികളായിരിക്കുമല്ലോ-എത്രയും അപൂർവമായ ജനുസ്സുകളെ അവർക്കിടയിൽ കണ്ടെത്താം; പക്ഷേ എന്റേതു പോലെ തണുത്ത ഒരുദാസീനത, മറച്ചുവയ്ക്കാൻ മിനക്കെടാത്ത, നാശമില്ലാത്ത, ബാല്യത്തിന്റെ നിസ്സഹായത നിറഞ്ഞ, പരിഹാസ്യതയോളമെത്തുന്ന, മൂഢമായ രീതിയിൽ പരിതൃപ്തമായ ഒരുദാസീനത, തന്നിൽത്തന്നെ അടങ്ങിയവനും, നിർവികാരമായ ഒരു ഭാവനാശേഷിയ്ക്കുടമയുമായ ഒരു കുട്ടിയുടെ ലക്ഷണം, അതു മറ്റെവിടെയും എന്റെ കണ്ണില്പ്പെട്ടിട്ടില്ല; അതു പക്ഷേ ഭയവും കുറ്റബോധവും കൊണ്ടു ഞെരിഞ്ഞ എന്റെ ഞരമ്പുകൾക്കുള്ള ഒരേയൊരു പ്രതിരോധവുമായിരുന്നു. എന്റെ ഉത്കണ്ഠകൾക്കേ എന്റെ മനസ്സിൽ സ്ഥാനമുണ്ടായിരുന്നുള്ളു, അതും അത്ര വ്യത്യസ്തമായ രീതികളിൽ. എന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠ ഉദാഹരണം. കണ്ണിൽപ്പെടാതെയായിരുന്നു അതിന്റെ തുടക്കം: ദഹനത്തെ സംബന്ധിച്ച് ഇടയ്ക്കൊക്കെ ചെറിയൊരു വേവലാതി, മുടി കൊഴിച്ചിൽ, ഇടിഞ്ഞ ചുമലുകൾ അങ്ങനെ ചിലതൊക്കെ; പിന്നെയത് പടിപടിയായി തീക്ഷ്ണത കൂടി ശരിക്കുമൊരു രോഗത്തില്ച്ചെന്നു കലാശിക്കുകയായിരുന്നു. ഇതൊക്കെ എന്തിന്റെ പേരിലായിരുന്നു? യഥാർത്ഥത്തിലത് ശരീരത്തിന്റെ രോഗമായിരുന്നില്ല. യാതൊന്നിലും എനിക്കൊരു തീർച്ചയുണ്ടായിരുന്നില്ല എന്നതിനാൽ, ഓരോ നിമിഷവും സ്വന്തം അസ്തിത്വം എനിക്കാവർത്തിച്ചുറപ്പിക്കേണ്ടി വന്നിരുന്നു എന്നതിനാൽ, എനിക്കെന്റേതെന്നു പറയാവുന്ന, നിസ്സന്ദേഹമായ, എന്റേതു മാത്രമായ, ഞാനൊരാളാൽ നിർണ്ണയിക്കപ്പെടുന്ന  ഒരാസ്തി എനിക്കില്ല്ലായിരുന്നു എന്നതിനാലും, സത്യത്തിൽ പൈതൃകം നിഷേധിക്കപ്പെട്ട ഒരു കുട്ടിയായിരുന്നു ഞാനെന്നതിനാൽ എനികേറ്റവും സമീപസ്ഥമായ ഒന്നിൽ, എന്റെ സ്വന്തം ശരീരത്തിൽ എനിക്കു തീർച്ച നഷ്ടപ്പെടുക എന്നതു സ്വാഭാവികം മാത്രമായിരുന്നല്ലോ. ഞാൻ കുതിച്ചുപൊങ്ങി, പക്ഷേ എന്റെ ഉയരവുമായി പൊരുത്തപ്പെടാൻ എനിക്കു കഴിഞ്ഞില്ല,എനിക്കു താങ്ങാനവാത്തതായിരുന്നു ആ ഭാരം; എന്റെ ചുമലുകൾ ഇറ്റിഞ്ഞു; ജിംനാസ്റ്റിൿസു ചെയ്യുന്നതു പോകട്ടെ, ഒന്നനങ്ങാൻ കൂടി എനിക്കു ഭയമായി; അങ്ങനെ ഞാൻ ബലം കെട്ടവനായി; തടസ്സമില്ലാതെ നടന്നുപോന്നതൊക്കെ - എന്റെ ദഹനശക്തി, ഉദാഹരണം- ഞാൻ ആശ്ചര്യത്തോടെ കണ്ട ദിവ്യാത്ഭുതങ്ങളായി. അക്കാരണം മതിയായിരുന്നു അതു നഷ്ടപ്പെടാനും. അങ്ങനെ എല്ലാതരത്തിലുമുള്ള രോഗഭീതികൾക്കു വഴി തുറക്കുകയായിരുന്നു; ഒടുവിൽ, വിവാഹം കഴിക്കാനുള്ള എന്റെ ആഗ്രഹത്തിനു മേൽ ( അതിലേക്കു ഞാൻ പിന്നെ വരാം)  എനിക്കെടുക്കേണ്ടിവന്ന മനുഷ്യശേഷിക്കുമപ്പുറത്തുള്ള യത്നത്തിന്റെ ഫലമായി എന്റെ ശ്വാസകോശങ്ങൾ ചോര കക്കി; ഇക്കാര്യത്തിൽ ഷോൺബോൺപലൈസിലെ ഫ്ളാറ്റു തന്നെ മതിയായ കാരണമായിരിക്കാം- ഞാൻ ആ ഫ്ളാറ്റെടുത്തത് എന്റെ എഴുത്തിന്‌ അതു വേണ്ടിവരുമെന്നു ഞാൻ വിശ്വസിച്ചതു കൊണ്ടായിരുന്നുവെങ്കിലും. അപ്പോൾ അങ്ങു സങ്കല്പ്പിച്ച പോലെ അമിതാദ്ധ്വാനം കൊണ്ടൊന്നുമല്ല ഇങ്ങനെയൊക്കെ വന്നത്. നല്ല ആരോഗ്യമുള്ള കാലത്ത് ഞാൻ സോഫയിൽ മടിപിടിച്ചുകിടന്ന സമയത്തിന്റെ ദൈർഘ്യമെടുത്താൽ അങ്ങ് ഒരായുസ്സിലെടുത്ത വിശ്രമത്തിന്റെ-രോഗം ബാധിച്ചു കിടന്ന നാളുകളുൾപ്പെടെ- പതിന്മടങ്ങു വരുമത്. തിരക്കും നടിച്ച് ഞാൻ അങ്ങയുടെ മുന്നിൽ നിന്നു പാഞ്ഞുപോയിരുന്നത് എന്റെ മുറിയിലെ സോഫയിൽ ചെന്നുകിടക്കാനായിരുന്നു. ഞാൻ ആകെച്ചെയ്ത ജോലിയുടെ കണക്കൊന്നെടുത്തുനോക്കിയാൽ , ഓഫീസിലെയും (അവിടെ എന്റെ ആലസ്യം അങ്ങനെയങ്ങു ശ്രദ്ധയില്പ്പെടാൻ പോകുന്നില്ല, പിന്നെ പേടി കാരണം അതിനൊരതിരുമുണ്ടായിരുന്നു)വീട്ടിലെയുമുൾപ്പെടെ, അതു വളരെക്കുറച്ചേയുണ്ടാവു; പ്രകൃതം കൊണ്ടു ഞാൻ അലസനല്ലെന്നു തോന്നുന്നു; പക്ഷേ എനിക്കു ചെയ്യാൻ ഒന്നുമുണ്ടായിരുന്നില്ല. ഞാൻ ജീവിച്ചിരുന്നിടത്ത് ഞാൻ അവമതിക്കപ്പെട്ടു, ഞാൻ തിരസ്കൃതനായി, എന്നെ അടിച്ചൊതുക്കി; മറ്റൊരിടത്തേക്കു രക്ഷപ്പെടാൻ ഞാൻ കഠിനയത്നങ്ങൾ തന്നെ നടത്തിയെങ്കിലും അതൊരിക്കലും ജോലിയായിരുന്നില്ല; കാരണം, ചെറിയ ചില അപവാദങ്ങളൊഴിച്ചാൽ എന്റെ കഴിവിനപ്പുറത്തുള്ളതായിരുന്നു അത്.

 

ചിത്രം-കാഫ്കയുടെ ഒരു സ്കെച്ച്

2 comments:

ANITHA HARISH said...

nice.... the sketch too....

Echmukutty said...

അച്ഛാ...എന്നു ഉറക്കെ വിളിച്ചു കേൾപ്പിയ്ക്കുവാൻ....