Tuesday, July 20, 2010

നെരൂദ-കാട്ടിൽ ദാഹാർത്തനായി വഴിതെറ്റിയലയുമ്പോൾ...

 image

കാട്ടിൽ ദാഹാർത്തനായി വഴിതെറ്റിയലയുമ്പോൾ
ഇരുണ്ട മരച്ചില്ല പൊട്ടിച്ചു ചുണ്ടോടു ചേർത്തു ഞാനതിന്റെ മന്ത്രണം:
ഞാൻ കേട്ടതു മഴയുടെ തേങ്ങലാകാം,
ഉടഞ്ഞ മണിയുടെ നാദമാകാം, തകർന്ന ഹൃദയമാകാം.

അകലെയകലെനിന്നതെന്നിലേക്കെത്തി,
ആഴത്തിലൊളിഞ്ഞും, മണ്ണിൽ മറഞ്ഞും;
പാതി വിടർന്ന ഇലകളുടെ ഈറൻ നിഴലുകളിലും
ശരല്ക്കാലങ്ങളുടെ വൈപുല്യങ്ങളിലുമമർന്ന  ഒരാക്രന്ദനം.

അവിടെ, കാടിന്റെ കിനാവിൽ നിന്നുണർന്ന ഒരു ഹെയ്സൽ മരച്ചില്ല
എന്റെ നാവിനു കീഴിലൊരു ഗാനം പാടി,
അലയുന്നൊരു സൗരഭ്യമെന്റെയുള്ളിൽ പടർന്നുകേറി,

പണ്ടേ ഞാൻ പരിത്യജിച്ച വേരുകൾ, എന്റെ ബാല്യത്തിന്റെ നഷ്ടദേശങ്ങൾ
പൊടുന്നനേയെന്നെത്തേടിയെത്തും പോലെ;
ഞാനവിടെ നിന്നു, നാടലയുന്നൊരു പരിമളത്തിന്റെ മുറിവും പേറി.

(പ്രണയഗീതകം –6)

link to image

1 comment:

Ambi said...

Shaanthamayirikunnu...