Saturday, July 31, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-12

ScanImage001

അതിനോടു ബന്ധപ്പെട്ട സകലതിലും ഞാനൊരു പരാജയമായിരുന്നു എന്നതിനാൽ വിവാഹം കഴിക്കാനുള്ള എന്റെ ശ്രമങ്ങൾ അങ്ങയെ ബോധ്യപ്പെടുത്തുന്നതിലും ഞാൻ പരാജയമായേക്കും എന്നാണെന്റെ ഭീതി. എന്നാൽത്തന്നെയും ഈ കത്തിന്റെ വിജയം ആശ്രയിച്ചിരിക്കുന്നത് അതിനെത്തന്നെയാണ്‌; എന്തെന്നാൽ ഒരു ഭാഗത്ത് എന്റെ സ്വാധീനത്തിലുള്ള ശക്തികൾ എന്റെ പരിശ്രമങ്ങളിൽ കേന്ദ്രീകരിക്കുമ്പോൾ മറുഭാഗത്ത് അങ്ങയുടെ ശിക്ഷണഫലമായി കൈവന്നുവെന്നു ഞാൻ വിവരിച്ച നിഷേധാത്മകശക്തികൾ- ദൗർബല്യം, ആത്മവിശ്വാസമില്ലായ്മ, കുറ്റബോധം- ആർത്തിരമ്പിവന്നു നിലയുറപ്പിക്കുകയും, എനിക്കും വിവാഹത്തിനുമിടയിൽ ഒരു കന്മതിൽ കെട്ടുകയുമായിരുന്നു. എന്റെ വിശദീകരണം എനിക്കുതന്നെ ദുഷ്കരമായിരിക്കുന്നു, കാരണം എത്രയോ പകലുകളും രാവുകളും അതിനെക്കുറിച്ചുതന്നെ ചിന്തിച്ചും, ചുഴിഞ്ഞന്വേഷിച്ചും എനിക്കുതന്നെ അതിനെക്കുറിച്ച് ഒരു വ്യക്തതയില്ലാതായിരിക്കുന്നു. ഒരു വിശദീകരണം എളുപ്പമാക്കുന്ന എന്തെങ്കിലുമൊന്നുണ്ടെങ്കിൽ അത് ഈ വിഷയത്തെക്കുറിച്ച് അങ്ങയ്ക്കുള്ള പൂർണ്ണമായ തെറ്റിദ്ധാരണയാണ്‌; ആ തെറ്റിദ്ധാരണയെ അല്പമൊന്നു തിരുത്താൻ നോക്കുന്നത് അത്രയ്ക്കു പ്രയാസമുള്ളതായി എനിക്കു തോന്നുന്നില്ല.

ഒന്നാമതായി, വിവാഹം കഴിക്കാനുള്ള എന്റെ ശ്രമങ്ങളുടെ പരാജയത്തെ അങ്ങു കാണുന്നത് മറ്റു പരാജയങ്ങളുടെ പരമ്പരയിൽ ഒന്നായിട്ടാണ്‌; അടിസ്ഥാനപരമായി എനിക്കതിൽ വിയോജിപ്പുമില്ല,പക്ഷേ ആ പരാജയങ്ങൾക്കു കാരണമായി ഞാൻ നേരത്തേ മുമ്പോട്ടു വച്ച വിശദീകരണത്തെ അങ്ങയ്ക്കംഗീകരിക്കേണ്ടി വരുമെന്നേയുള്ളു. യഥാർത്ഥത്തിൽ അതും ആ പരമ്പരയിൽ പെട്ടതു തന്നെ; എന്റെ കാര്യത്തിൽ അതിനുള്ള പ്രാധാന്യം അങ്ങത്രയ്ക്കു വില കുറച്ചു കാണുന്നുവെന്നുമാത്രം. എത്രയ്ക്കെന്നുപറഞ്ഞാൽ, അതിനെക്കുറിച്ചു സംസാരിക്കുമ്പോഴൊക്കെ തികച്ചും വ്യത്യസ്തമായ വിഷയങ്ങളെക്കുറിച്ചായിരിക്കും നാം സംസാരിക്കുക. വിവാഹം കഴിക്കാനുള്ള എന്റെ ശ്രമങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനമായിരുന്നുവോ, അത്ര പ്രധാനമായിരുന്നില്ല ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ അങ്ങയുടെ ഒരു ജീവിതാനുഭവവും എന്നു പറയാൻ കൂടി ധൈര്യപ്പെടുകയാണു ഞാൻ. അത്രയും പ്രാധാന്യമുള്ള യാതൊന്നും അങ്ങയുടെ ജീവിതത്തിലുണ്ടായിട്ടില്ലെന്നർത്ഥമാക്കുകയല്ല ഞാൻ. മറിച്ച്, എന്റെതിനെക്കാൾ സംഭവബഹുലവും കലുഷവുമായിരുന്നു അത്; പക്ഷേ അക്കാരണം കൊണ്ടുതന്നെ എന്റെ കാര്യത്തിൽ സംഭവിച്ചതു പോലെയൊന്ന് അങ്ങയുടെ ജീവിത്തതിൽ ഉണ്ടായതുമില്ല. ഒരാൾക്ക് ഉയരം കുറഞ്ഞ അഞ്ചു പടികളും, ഇനിയൊരാൾക്ക് മറ്റേ അഞ്ചു പടികളുടെ അത്ര ഉയരമുള്ള ഒരു പടിയും കയറേണ്ടിവരുന്നതു പോലെയാണത്; ഒന്നാമന്‌ ഒരു കാൽവയ്പ്പിൽ അഞ്ചല്ല, വേറെ നൂറും ആയിരവും പടികൾ ചാടിക്കയറാം; അത്രയും മഹത്തരവും ഊർജ്ജസ്വലവുമായ ഒരു ജീവിതമാകാം അയാൾ നയിച്ചിട്ടുണ്ടാവുക; പക്ഷേ അയാൾ കയറിപ്പോയ ഒരു പടിയും അയാളെ സംബന്ധിച്ച് അത്ര പ്രാധാന്യമുള്ളതായിരിക്കുകയില്ല, രണ്ടാമന്‌ ആദ്യത്തെ ആ ഒരു പടിയെന്നതു പോലെ; തന്റെ എല്ലാ ശക്തിയും സംഭരിച്ചിട്ടും അയാൾക്കതിലേക്കു കാലെടുത്തു വയ്ക്കാനാകുന്നില്ല, അതിൽ കയറിനില്ക്കാനാകുന്നില്ല, അതിനപ്പുറം കടക്കാനുമാകുന്നില്ല.

വിവാഹം കഴിക്കുക, കുടുംബമായി ജീവിക്കുക, വന്നുചേരുന്ന കുട്ടികളെയൊക്കെ കൈക്കൊള്ളുക, അരക്ഷിതമായ ഈ ലോകത്ത് അവർക്കു താങ്ങായി നില്ക്കുക, എന്തെങ്കിലും മാർഗ്ഗനിർദ്ദേശം പോലും നല്കുക- ഇതാണ്‌ ഒരു മനുഷ്യനു കൈവരിക്കാവുന്നതിന്റെ അങ്ങേയറ്റം എന്നാണ്‌ എന്റെ ബോദ്ധ്യം. പലരും അത് അനായാസമായി നടത്തിക്കൊണ്ടുപോകുന്നുവെന്നത് മറിച്ചൊരു തെളിവാകുന്നില്ല; കാരണം, ഒന്നാമതായി മിക്കവർക്കും അതിനു കഴിയാറില്ല, പിന്നെ രണ്ടാമതാകട്ടെ, ആ ചുരുക്കം പേരുടെ കാര്യത്തിൽ അവർ എന്തെങ്കിലും ചെയ്തിട്ടല്ല അങ്ങനെയാവുന്നത്, അതങ്ങനെ ആയിപ്പോകുന്നതാണ്‌. എന്റെ മനസ്സിലുള്ള ‘അങ്ങേയറ്റം’ അതല്ല എന്നു ഞാൻ സമ്മതിക്കുന്നു; എന്നാൽത്തന്നെയും വളരെ മഹത്തായതും ആദരവർഹിക്കുന്നതുമാണത് (‘ചെയ്യുന്നതും’ ‘സംഭവിച്ചുപോകുന്നതും’ തമ്മിൽ അത്രയ്ക്കൊരു വേർതിരിവില്ല എന്നതോർക്കുമ്പോൾ പ്രത്യേകിച്ചും.) ആത്യന്തികമായി നോക്കുമ്പോൾ ഈ ‘അങ്ങേയറ്റം’ എന്ന പ്രശ്നം പോലുമില്ല, ഏറെക്കുറെ അതിനോടടുത്തുവരാനുള്ള ദുർബലമെങ്കിലും മാന്യമായ ഒരു ശ്രമം മാത്രം. ചൂടു കിട്ടാൻ സൂര്യന്റെ കേന്ദ്രത്തിലേക്കു തന്നെ പറന്നുചെല്ലണമെന്നില്ലല്ലോ; എന്നാൽ വല്ലപ്പോഴും വെയിലു വീഴുന്ന ഭൂമിയുടെ വൃത്തിയുള്ള ചെറിയൊരു കോണിലേക്ക് ഇഴഞ്ഞുകേറുകയും വേണം.


2 comments:

ചാർ‌വാകൻ‌ said...

അപ്പോൾ അതാണുകാര്യമെല്ലേ..ഇപ്പം മനസ്സിലായി,എല്ലാം മനസ്സിലായി(ഇന്നസെന്റ്)

Echmukutty said...

ചൂടു കിട്ടാൻ സൂര്യന്റെ കേന്ദ്രത്തിലേയ്ക്ക് തന്നെ പറന്നു ചെല്ലണമെന്നില്ലല്ലോ...