Thursday, July 15, 2010

നെരൂദ- യാത്രയും ശോകവും പിന്നിട്ടെത്തുന്നു ഞാൻ പ്രിയേ…



യാത്രയും ശോകവും പിന്നിട്ടെത്തുന്നു ഞാൻ പ്രിയേ,
നിന്റെ ശബ്ദത്തിലേക്ക്, ഗിത്താറിൽപ്പറക്കുന്ന നിന്റെ കൈയിലേക്ക്,
ചുംബനങ്ങളാൽ ശരല്ക്കാലത്തെത്തടുക്കുന്ന തീയിലേക്ക്,
മാനത്തു വട്ടം ചുറ്റിപ്പറക്കുന്ന രാത്രിയിലേക്ക്.

ഏവർക്കുമാവശ്യപ്പെടുന്നു ഞാനപ്പവും കോയ്മയും;
ഭാവി നഷ്ടമായ വേലക്കാരന്നു ഭൂമിയും.
എന്റെ ചോരയുമെന്റെ പാട്ടും വിശ്രമിക്കുമെന്നാരും കരുതേണ്ട!
മരിക്കണം പ്രിയേ, നിന്റെ പ്രണയം ഞാൻ  വേണ്ടെന്നു വയ്ക്കാൻ.

അതിനാൽ: പ്രശാന്തചന്ദ്രന്റെ നൃത്തഗീതം വായിക്കുക,
ഒഴുകുന്ന ഗിത്താറിൽ ജലഗീതം വായിക്കുക,
കിനാവു കണ്ടെന്റെ തല നീരാതെപോകട്ടെ:

ഞാനുറങ്ങാത്ത ഉറക്കമെല്ലാം അഭയം കണ്ടതിവിടെ,
ഉറങ്ങുന്ന യാത്രികന്റെ രാത്രിയെ കാത്തും കൊണ്ടു
നിന്റെ കൈ ജീവിക്കുന്ന, പറക്കുന്ന ഈ വള്ളിക്കുടിലിൽ

(പ്രണയഗീതകം-88)

2 comments:

Satheesh Balachandran said...

Dear Revi, You are a "Creative" Translator, "par excellence". Kindly publish all your "translations". Regards.

Vayady said...

"യാത്രയും ശോകവും പിന്നിട്ടെത്തുന്നു ഞാൻ പ്രിയേ,
നിന്റെ ശബ്ദത്തിലേക്ക്, ഗിത്താറിൽപ്പറക്കുന്ന നിന്റെ കൈയിലേക്ക്,
ചുംബനങ്ങളാൽ ശരല്ക്കാലത്തെത്തടുക്കുന്ന തീയിലേക്ക്,
മാനത്തു വട്ടം ചുറ്റുന്ന രാത്രിയിലേക്ക്"
കൊള്ളാം ഈ പരിഭാഷ..ഇഷ്ടമായി :)