Thursday, July 22, 2010

നെരൂദ-നിറഞ്ഞ സ്ത്രീ, പൊള്ളുന്ന ചന്ദ്രൻ, മാംസളമായൊരാപ്പിൾ...



നിറഞ്ഞ സ്ത്രീ, പൊള്ളുന്ന ചന്ദ്രൻ, മാംസളമായൊരാപ്പിൾ,
കടൽപ്പായലിന്റെ, കുഴഞ്ഞ ചെളിയുടെ, വെളിച്ചത്തിന്റെ സാന്ദ്രഗന്ധം;
നിന്റെ സ്തംഭങ്ങൾക്കിടയിൽ വിടരുന്നതേതിരുണ്ട തെളിമ?
ഇന്ദ്രിയങ്ങളാൽ പുരുഷൻ സ്പർശിക്കുന്നതേതാദിമരാത്രിയെ?

ഹാ, പ്രണയമൊരു പ്രയാണം, ജലത്തിൽ, നക്ഷത്രങ്ങളിൽ,
ശ്വാസം മുട്ടുന്ന വായുവിൽ, ധാന്യങ്ങളുടെ ചണ്ഡവാതങ്ങളിൽ:
പ്രണയം മിന്നല്പിണരുകളുടെ പോരാട്ടം,
 ഒരു തേൻതുള്ളിയുടെ മാധുര്യത്തിനു കീഴടങ്ങുന്ന രണ്ടുടലുകൾ.

ചുംബിച്ചു ചുംബിച്ചു നിന്റെ കുഞ്ഞപാരതയിൽ യാത്രപോകുന്നു ഞാൻ,
നിന്റെ വിളുമ്പുകളിൽ, നിന്റെ പുഴകളിൽ, നിന്റെ സൂക്ഷ്മഗ്രാമങ്ങളിൽ;
പൌരുഷാഗ്നി പ്രഹർഷത്തിന്റെ രൂപമെടുക്കുന്നു,

ചോരയുടെ ഇടുക്കുചാലുകളിലൂടിരമ്പിപ്പായുന്നു,
ഒടുവിലൊരു നിശാപുഷ്പമായിത്തൂവുന്നു,
തെളിഞ്ഞും തെളിയാതെയും ഇരുട്ടിലൊരു നാളം.

(പ്രണയഗീതകം-12)


3 comments:

Ambi said...

pranaya vikarangale...
athin mel nritham vaikunna chinthakal
vikruthamakkapedathe...
oru paribhaasha.
Nandhi...

ചാർ‌വാകൻ‌ said...

പ്രണയത്തെ ഇത്ര തീവ്രമായി അനുഭവിച്ച കവി.
പോസ്റ്റു ചെയ്ത രവിക്ക് അഭിനന്ദനം.

dilsha said...

othiri nanni