Monday, July 26, 2010

നെരൂദ-സ്തുതിഗീതം, പൂവൻകോഴിക്ക്


സ്പാനിഷ് മിനുക്കമുള്ള
തൂവലുകളുമായി
ഒരു പൂവൻകോഴിയെ
ഞാൻ കണ്ടു:
വെള്ളയും കരിമ്പടവും
അവനു കുപ്പായം,
മുട്ടോളം കാലുറകൾ,
വളഞ്ഞുകുത്തിയ
വാൽപ്പീലികളും.
മഞ്ഞപ്പാദുകങ്ങളിൽപ്പൂണ്ട
ചുവടുകൾക്ക്
കുതിമുള്ളുകളുടെ
ഉദ്ധതമായ തിളക്കം.
ചോരയുടെ തലപ്പാവണിഞ്ഞ
തലയെടുപ്പിൽ
അവന്റെ നില്പ്പിലെ അവജ്ഞ
കടുക്കുന്നു.
ഈ ഭൂമിയിൽ
ഞാൻ കണ്ടിട്ടില്ല
ഇത്രയും തീർച്ച,
ഇത്രയും വീരത്തവും:
ആ സൗന്ദര്യപ്രകടനത്തിനു
മേമ്പൊടിയായി
തീയൊരു
കൊടിയുയർത്തിയ പോലെ;
രണ്ടിരുണ്ട മിന്നലുകൾ
രണ്ടു കരിങ്കൽത്തീപ്പൊരികൾ
ഈ പൂവന്റെ
ഉദ്ധതനേത്രങ്ങൾ,
കാലുകൾ
നിലത്തു തൊട്ടുതൊടാതെ
നൃത്തച്ചുവടു വയ്ക്കുന്നവൻ.

ഒരു ഗോതമ്പുമണി
ഒരു റൊട്ടിക്കഷണം
കണ്ണില്പ്പെടേണ്ട താമസം,
പൊന്നുംതട്ടാൻ
ഇരുവിരലുകളിൽ
രത്നക്കല്ലെടുക്കുമ്പോലെ
അവനതു കൊക്കിലെടുക്കുന്നു,
തൊണ്ട കക്കുന്ന
വചോവിലാസത്താൽ
പിടകളെ വിളിക്കുന്നു,
ഉന്നതങ്ങളിൽ നിന്ന്
അതു താഴേക്കിട്ടു കൊടുക്കുന്നു.

ഇന്നോളം ഞാൻ കണ്ടിട്ടില്ല
ചോളമണി വീതിക്കുന്ന
ഈ പൂവനു കിട നില്ക്കാൻ
സ്വർണ്ണറേന്തയും
നക്ഷത്രങ്ങളുമണിഞ്ഞ
ഒരു രാഷ്ട്രത്തലവനെ,
ഈ തനിത്തങ്കനായകനെപ്പോലെ
ഗർവ്വിതനായൊരു ഗായകനെ.
തന്റെ പ്രപഞ്ചത്തിന്റെ
സിംഹാസനത്തിലിരുന്നു കൊണ്ട്
തന്റെ തറവാട്ടിലെ പെണ്ണുങ്ങളെ
സംരക്ഷിക്കുകയാണവൻ,
തനിക്കായിട്ടവനൊന്നും വേണ്ട,
അഭിമാനമല്ലാതെ മറ്റൊന്നും,
ചാട്ടുളി പോലെ
ഇരുപുറവും തല നീട്ടി
അവൻ
ജീവിതോപായം തേടുന്നത്
ആർത്തി തീരാത്ത
തന്റെ കുടുംബത്തിനു വേണ്ടി,
അവൻ സൂര്യനു നേർക്കു നടക്കുന്നു
പുതിയ തീരങ്ങൾ തേടുന്നു
ഇനിയുമൊരു
ഗോതമ്പുമണിയ്ക്കായി.

ആഭിജാത്യത്തിന്റെ ഗോപുരമേ,
ഹൃദയാലുവായ
യോദ്ധാവേ,
മാനത്തേക്കെടുത്തുപിടിച്ച
സങ്കീർത്തനമേ,
ശൃംഗാരത്തിന്റെ
ചടുലചലനമേ,
വർണ്ണത്തൂവലുകളുടെ വശ്യതേ,
ഞാൻ
നിന്നെ സ്തുതിക്കുന്നു,
വെളുത്തുകറുത്ത
പൂവൻ,
നാട്ടാണ്മയുടെ
ഞെളിഞ്ഞുനടത്തം,
ലോലമായ മുട്ടകൾക്കു
പിതാവ്,
പുലർച്ചയിലെ
മാടമ്പി,
കൂടു കൂട്ടാത്ത
മാനക്കാരൻ പക്ഷി,
അവൻ തന്റെ സേവനം
മനുഷ്യനു നല്കുന്നു
എന്നാൽ
തന്റെ വർഗ്ഗഗുണം
ബലികഴിക്കാതെ,
തന്റെ പാട്ടിന്റെ
ശ്രുതി താഴ്ത്താതെയും.

ഇത്രയും ഗർവിഷ്ഠമാണു
നടപ്പെങ്കിൽ
പിന്നെന്തിനു
പറക്കൽ?
പ്രണയത്തിന്റെ
സർവ്വസൈന്യാധിപനേ,
അത്രയും നക്ഷത്രങ്ങൾക്കു
കൊള്ളിമീനേ,

സ്തുതിഗീതം
നിന്റെ
ചേക്കയിൽ വന്നു വീണാൽ
മുഴുത്ത അവജ്ഞയോടെ
നീയിതിനെ ചികഞ്ഞിടും
നിന്റെ പിടകൾക്കു
വീതിച്ചും കൊടുക്കും.

 

link to image

3 comments:

Ambi said...

Ha Ha...
Nannairikunnu..
Kaviyude ee nalla nireekshanathe ethra bhangiyayi paribhaashapeduthiyirikunnu.
Nanni...

Anonymous said...

ഇതേ പുവന്‍ തന്നെയല്ലേ നമ്മുടെ വളപ്പുകളില്‍ നാളുനാളായി ചികഞ്ഞു നടക്കുന്നതും. എന്നിട്ടും "താക്കോല്‍ കൊടുക്കാതരുണോദയത്തില്‍.." എന്നല്ലാതെ മറ്റൊന്നും നമ്മുടെ കവിമന്യന്മാര്‍ പറഞ്ഞു കേട്ടിട്ടില്ല.

രാമൊഴി said...

nannaayittund..