Saturday, July 3, 2010

നെരൂദ-ചുറ്റിനടത്തം

pablo_neruda

മനുഷ്യനായിരുന്നിട്ടു മടുത്തെന്നായെനിക്ക്.
തുന്നല്ക്കടകളിൽ, സിനിമാക്കൊട്ടകകളിൽ ചെന്നുകേറുന്നുണ്ടു ഞാന്‍
ആകെശോഷിച്ചും, വിട്ടൊന്നും പറയാതെയും,
കമ്പിളിരോമം കൊണ്ടൊരരയന്നം
ഗർഭജലത്തിൽ, ചാമ്പലിൽ തുഴഞ്ഞുനീങ്ങും പോലെയും.

ക്ഷൗരക്കടകള്‍ മണക്കുമ്പോൾ തേങ്ങിക്കരഞ്ഞുപോകുന്നു ഞാൻ.
കല്ലു പോലെ, കമ്പിളി പോലെ ചടഞ്ഞൊന്നു കിടന്നാൽ മതിയെനിക്ക്,
കടകളും, തോപ്പുകളും, കച്ചവടച്ചരക്കുകളും,
കണ്ണടകളും ലിഫ്റ്റുകളും കാണേണ്ടെനിക്ക്.

എന്റെ കാലടികൾ, എന്റെ വിരൽനഖങ്ങൾ,എന്റെ മുടിയിഴകൾ,
എന്റെ നിഴലും മടുത്തെന്നായെനിക്ക്.
മനുഷ്യനായിരുന്നിട്ടു മടുത്തെന്നായെനിക്ക്.

എന്നാലും കേമമല്ലേ,ഒരു ലില്ലിപ്പൂ കാട്ടി
ഒരു കോടതിഗുമസ്തനെ വിരട്ടാനായാൽ,
ചെപ്പയ്ക്കൊന്നു കൊടുത്തൊരു കന്യാസ്ത്രീയെ കൊല്ലാനായാൽ.
അതുമൊരു രസമല്ലേ, ഉദ്ധരിച്ചൊരു കത്തിയുമായി
തണുത്തുമരയ്ക്കും വരെ തെരുവു നീളെയലറിപ്പായാൻ.

ആടിയും, നീണ്ടും, ഉറക്കംതൂങ്ങി വിറച്ചും,
മണ്ണിന്റെ നനവൂറിയ കുടലുകളിലേക്കാണ്ടും,
ഉറങ്ങിയും, ചിന്തയിലാണ്ടും,നിത്യേന തീറ്റയെടുത്തും
ഇരുട്ടത്തൊരു വേരായിക്കഴിയാനെനിക്കു വയ്യ.

ഇത്രയും നിർഭാഗ്യങ്ങളെനിക്കു വേണ്ട,
ഇനിയുമൊരു വേരാകാനെനിക്കു വയ്യ,
ഏകാന്തമായ പാതാളത്തിൽ,
വ്യസനം കൊണ്ടു മരിയ്ക്കുന്ന,
തണുപ്പു കൊണ്ടു മരയ്ക്കുന്ന ജഡങ്ങൾ
കുത്തിനിറച്ച കല്ലറയാവാനെനിക്കു വയ്യ.

അതല്ലേ ജയില്പ്പുള്ളിയെപ്പോലെന്റെ വരവു കാണുമ്പോൾ
പെട്രോളു പോലെ തിങ്കളാഴ്ചയ്ക്കു തീപിടിയ്ക്കുന്നു,
മുറി പറ്റിയ ചക്രം പോലതു കൂവിക്കൊണ്ടോടുന്നു,
ചോര പുരണ്ട ചുവടുകളുമായതു രാത്രിയിലേക്കു കടക്കുന്നു.

അതെന്നെ തിരുകിക്കേറ്റുന്നു ചില മൂലകളിലേക്ക്,
ഈറൻ പിടിച്ച വീടുകളിലേക്ക്,
ജനലഴികളിലൂടെല്ലുകളെറിച്ചുനില്ക്കുന്ന ആശുപത്രികളിലേക്ക്,
വിനാഗിരി മണക്കുന്ന ചെരുപ്പുകടകളിലേക്ക്,
വിലങ്ങൾ പോലെ കരാളമായ ചില തെരുവുകളിലേക്ക്.

ഗന്ധകച്ചായം പുരണ്ട കിളികളുണ്ട്,
ഞാൻ വെറുത്ത വീടുകളുടെ വാതിലുകളിൽ തൂങ്ങിക്കിടക്കുന്ന
ബീഭത്സമായ കുടല്മാലകളുണ്ട്,
കാപ്പിക്കപ്പിൽ മറന്നിട്ട വയ്പ്പുപല്ലുകളുണ്ട്,
ലജ്ജയും ഭീതിയും കൊണ്ടു പൊട്ടിക്കരയേണ്ട കണ്ണാടികളുണ്ട്,
എവിടെയുമുണ്ട് കുടകൾ, വിഷങ്ങൾ, പൊക്കിൾക്കൊടികളും.

ചുറ്റിനടത്തമാണു ഞാൻ, സ്വസ്ഥനായി,
കണ്ണുകളും, ചെരുപ്പുകളും, രോഷവും, മറവിയുമായി.
ഞാൻ കടന്നുപോകുന്നു, വളഞ്ഞുമാറിപ്പോകുന്നു,
ഓഫീസുകെട്ടിടങ്ങൾ, വികലാംഗർക്കുള്ള കടകൾ,
അയകളിൽ തോരയിട്ട മുറ്റങ്ങൾ:
അവയിലുണ്ടടിവസ്ത്രങ്ങൾ, തോർത്തുമുണ്ടുകൾ, ഷർട്ടുകൾ,
അവയിൽ നിന്നു മെല്ലെയിറ്റുന്നുണ്ട്
അഴുക്കുവെള്ളത്തിന്റെ കണ്ണുനീരും.

No comments: