പ്രിയേ, നമുക്കു പോകാം വീട്ടിലേക്കിനി,
എഴികളിൽ പിടിച്ചുകയറുന്നു മുല്ലവള്ളികളവിടെ:
നിന്നെക്കാൾ മുമ്പേ നിന്റെ കിടപ്പറയിലെത്തുമല്ലോ,
പൂപ്പാദുകങ്ങളുമണിഞ്ഞു നഗ്നമായ വേനല്ക്കാലം.
ലോകമാകെയലഞ്ഞതാണു നമ്മുടെ നാടോടിച്ചുംബനങ്ങൾ:
അർമ്മേനിയ-മണ്ണു കിളച്ചെടുത്ത കൊഴുത്ത തേൻതുള്ളി,
പച്ചപ്രാവായ സിലോൺ, പിന്നെ യാങ്ങ്-ത്‌സി-
പകലും രാത്രിയും വേറുപെടുത്തുന്ന പ്രാചീനസഹനം.
ഒക്കെക്കഴിഞ്ഞു മടങ്ങുന്നു നാം പ്രിയേ, മിന്നുന്ന കടലും താണ്ടി,
രണ്ടു കണ്ണുകാണാക്കിളികളെപ്പോലെ സ്വന്തം ചുമരും നോക്കി,
ഏതോ വിദൂരവസന്തത്തിലെ കൂടും തേടി.
പ്രണയത്തിനാവതില്ലല്ലോ ഇളവില്ലാതെ പാറിനടക്കാൻ;
സ്വന്തം ചുമരിലേക്ക്, കടല്പാറകളിലേക്കു മടങ്ങുന്നു നമ്മുടെ ജീവിതങ്ങൾ,
സ്വദേശത്തേക്കു മടങ്ങുന്നു നമ്മുടെ ചുംബനങ്ങൾ.
(പ്രണയഗീതകം-33)
1 comment:
beautiful..!
Post a Comment