എത്ര വഴി നടക്കണം പ്രിയേ, ഒരു ചുംബനത്തിലെത്താൻ?
എത്രയേകാന്തതകളലഞ്ഞുതീർക്കണം നിന്റെ സാമീപ്യമെത്തുവാൻ?
മഴകൾക്കൊപ്പമുരുണ്ടുമറയുന്നു ഞാനിറങ്ങിപ്പോയ തീവണ്ടികൾ,
ദേശത്തുദയമായിട്ടില്ല വസന്തമിനിയും.
എന്നാലൊന്നാണെന്റെ പ്രിയേ, നീയും ഞാനും,
ഉടയാടകൾ മുതൽ വേരുകൾ വരെയൊന്നാണു നാം,
ശരത്തിൽ, ജലത്തിൽ, ജഘനത്തിലൊന്നാണു നാം,
ഒടുവിലൊന്നാകുന്നു നാം, നീ മാത്രമായി, ഞാൻ മാത്രമായി.
എത്ര പണിയെടുത്തിരിക്കും പുഴയിത്രയും കല്ലുകൾ കൂട്ടിവയ്ക്കാൻ;
ദേശങ്ങളും തീവണ്ടികളും വേർപെടുത്തിയ നമ്മൾക്കു
പ്രണയിക്കുകയല്ലാതെ മറ്റെന്തു ചെയ്യാൻ:
സകലവിഭ്രാന്തികൾക്കുമൊപ്പം, സ്ത്രീപുരുഷന്മാർക്കൊപ്പം,,
ലവംഗപുഷ്പങ്ങൾക്കു പിറപ്പു നല്കി
അവയ്ക്കു പഠിപ്പു നല്കുന്ന മണ്ണിനൊപ്പം.
(പ്രണയഗീതകം-2)
2 comments:
ഇഷ്ടമായി.
ഇഷ്ടപ്പെട്ടു.
Post a Comment