Tuesday, July 27, 2010

നെരൂദ-ഇവിടെ നിന്നകലെ

image

ഇന്ത്യാ, ഞാൻ സ്നേഹിച്ചിട്ടില്ല നിന്റെ കീറത്തുണികളെ,
പൊളിച്ചടുക്കിയ നിന്റെ പഴന്തുണിസമുദായത്തെയും.
തുറന്നുവച്ച കണ്ണുകളുമായി വർഷങ്ങൾ ഞാൻ നടന്നു
വെറുപ്പിന്റെ മുനമ്പുകൾ കയറാൻ
ക്ളാവു പിടിച്ച നഗരങ്ങളിലൂടെ,
ഉറുക്കുകൾക്കിടയിലൂടെ,
കരാളമായ നട്ടെല്ലുകളിൽ
ഘോരനിവേദ്യങ്ങൾ കഴിക്കുന്ന ക്ഷേത്രങ്ങളിലൂടെ.
തന്റെ സഹോദരന്റെ യാതനയ്ക്കു മേൽ വീണുകിടക്കുന്ന
നിന്ദിതനെ ഞാൻ കണ്ടു,
കഠിനവേദനയുടെ പുഴകളായ തെരുവുകൾ കണ്ടു,
പൂക്കളുടെ തടിച്ച വിരൽനഖങ്ങൾക്കിടയിൽ ഞെരിയുന്ന
കൊച്ചുഗ്രാമങ്ങൾ കണ്ടു,
പുരുഷാരത്തിനിടയിൽ ഞാൻ കടന്നുചെന്നു,
കാലത്തിന്റെ കാവല്ക്കാരനായി,
കരുവാളിച്ച വടുക്കളും അടിമകളുടെ ക്ളേശങ്ങളും
വേർതിരിക്കാനായി.
ദേവാലയങ്ങളിലേക്കു ഞാൻ കടന്നുചെന്നു,
വെൺകളിയും രത്നക്കല്ലും പടുത്ത പടവുകൾ,
ചോരയുടെ ചെളിയും മരണവും,
സാമ്പ്രാണിപ്പുകയില്‍ തല മന്ദിച്ച പുരോഹിതന്മാർ,മൃഗതുല്യർ,
തറയിൽ വീണുരുളുന്ന നാണയങ്ങൾക്കായി കലഹിക്കുന്നവർ;
കണ്ണില്പ്പെടാത്ത മനുഷ്യജന്മമേ,
വൈരത്തോടെ നാവുകൾ നീട്ടുകയാണ്‌
ഭാവഹത്തിന്റെ പാദങ്ങളുള്ള കൂറ്റൻ വിഗ്രഹങ്ങൾ,
കുങ്കുമനിറമുള്ള ശിലാലിംഗത്തിനു മേൽ തെന്നിവീഴുകയാണ്‌
നുള്ളിയെടുത്ത പൂവിതളുകൾ.

 

(കാന്റോ ജനറൽ)

ഇതു കൂടി വായിക്കൂ

1 comment:

Ambi said...

കഠിനവേദനയുടെ പുഴകളായ തെരുവുകൾ.......
KOLLAM...INIYUM MARIYITTILLA THERUVUKALUDE RODHANANGAL....