Sunday, July 4, 2010

നെരൂദ-അത്രയധികം പേരുകൾ

 image

 

തിങ്കളാഴ്ച ചൊവ്വാഴ്ചയോടു കെട്ടുപിണയുന്നു
ഒരാഴ്ച ഒരു കൊല്ലത്തോടും,
കാലത്തെ മുറിച്ചെടുക്കാനാവില്ല
നിങ്ങളുടെ തളർന്ന കത്രികകൾക്ക്,
പകലത്തെ പേരുകൾ
രാത്രിയിൽ ഒഴുക്കെടുത്തും പോകുന്നു.

ഒരാണും പെദ്രോയല്ല,
റോസയും മേരിയുമല്ല ഒരു പെണ്ണും.
മണലാണു, പൂഴിയാണു നമ്മൾ,
മഴയിലെ മഴയാണു നമ്മൾ.
വെനിസ്വേലകൾ, പരാഗ്വേകൾ, ചിലികൾ എന്നൊക്കെ
എന്നോടു പറയാറുണ്ടാളുകൾ;
എന്താണവർ പറയുന്നതെന്നൊരൂഹവും
എനിക്കു കിട്ടാറുമില്ല.
ഈ മണ്ണിന്റെ തൊലിപ്പുറമേ എനിക്കറിയൂ,
അതിനു പേരുമില്ലെന്നും എനിക്കറിയാം.

വേരുകൾക്കിടയിൽ ഞാൻ ജീവിച്ച കാലം
അവയായിരുന്നു പൂക്കളെക്കാളെനിക്കു ഹിതം,
കല്ലിനോടും ഞാനൊന്നിടപെട്ടിരുന്നു
അതിന്റെ വചനമോ, മണിനാദം പോലെ.

വസന്തമെത്ര ദീർഘം,
നീളുന്നതു ഹേമന്തത്തിലേക്ക്,
കാലത്തിനു ചെരുപ്പുകൾ പോയി:
ഒരാണ്ടിനുണ്ട് നാലു നൂറ്റാണ്ടിന്റെ ദൈർഘ്യം.

രാത്രിയിലുറക്കത്തിൽ എനിക്കെന്തു പേര്‌,
എനിക്കില്ലാത്ത പേരെന്ത്?
ഉറങ്ങിയതു ഞാനായിരുന്നില്ലെങ്കിൽ
ഉണരുമ്പോൾപ്പിന്നെ ഞാനാര്‌?

ഇതിനൊക്കെയർത്ഥമിത്:
ജീവിതത്തിലേക്കു കാലെടുത്തുവയ്ക്കുമ്പോൾ
നവജാതരാണു നാം;
നമ്മുടെ വായിൽ കുത്തിനിറയ്ക്കാതിരിക്കുക,
അത്രയധികം ഉറപ്പില്ലാത്ത പേരുകൾ,
അത്രയധികം വിഷാദോപചാരങ്ങൾ,
അത്രയധികം നിരർത്ഥകവചനങ്ങൾ,
അത്രയധികം ‘എന്റെയും’ ‘നിന്റെയും’,
അത്രയധികം കടലാസിലൊപ്പിടലുകൾ.

ഒക്കെയും ഞാനൊന്നു കുഴപ്പിക്കാൻ പോകുന്നു,
ഞാനൊക്കെയും തമ്മിലിണക്കും,
കൊത്തിവിരിയ്ക്കും, കൂട്ടിക്കലർത്തും, നഗ്നമാക്കും,
അങ്ങനെ ലോകത്തിന്റെ വെളിച്ചത്തിനുണ്ടാവും
സമുദ്രത്തിന്റെ ഏകത്വം,
ഉദാരവും വിപുലവുമായ പൂർണ്ണത,
പൊട്ടുന്ന പരിമളവും.

 

 

link to image