മാണിക്യക്കല്ലുകൾ ചെന്തീനാമ്പുകളായി
കത്താൻ വെമ്പുന്നതെന്തുകൊണ്ട്?
ഗോമേദകത്തിന്റെ ഹൃദയത്തിന്
തേനറകളുടെ മഞ്ഞപ്പെവിടുന്നു കിട്ടി?
സ്വപ്നങ്ങളുടെ നിറം പകർന്നു രസിക്കാൻ
റോസാപ്പൂവിനു തോന്നിയതെന്തിനാൽ?
മുങ്ങിത്താണൊരന്തർവാഹിനി പോലെ
മരതകം മരവിയ്ക്കുന്നതെന്തുകൊണ്ട്?
ജൂൺ മാസത്തിലെ നക്ഷത്രവെളിച്ചത്തിൽ
ആകാശം വിളറുന്നതെന്തുകൊണ്ട്?
തന്റെ വാലിനു പുതുപുതു ചായങ്ങൾ
ഗൗളിയ്ക്കു കിട്ടുന്നതെവിടെനിന്ന്?
മറുപുറം കാണുന്ന രൂപപ്രകാരം
ഉപ്പിന്റെ പരലുകൾക്കെവിടുന്നു കിട്ടി?
ഉണരുമ്പോളിത്രയ്ക്കു കറുക്കാനായി
കൽക്കരി കിടന്നുറങ്ങിയതെവിടെയാവാം?
വിലാപത്തിന്റെ വരകൾ, പൊന്നിന്റെ ചിഹ്നങ്ങൾ
കടുവയതു വാങ്ങിയതെവിടെ നിന്ന്?
താൻ സുഗന്ധിയാണെന്നു പാലപ്പൂവിനു
ബോധമുദിച്ചതെന്നാവാം?
പൈൻമരം തന്റെ പരിമളം
കണക്കിലെടുത്തതെന്നാവും?
നാരങ്ങകൾ സൂര്യന്റെയതേ മതം
ശീലിക്കാൻ തുടങ്ങിയതേതു നാൾ?
പുക പറക്കാൻ പഠിച്ചതെന്ന്?
വേരുകൾ സംസാരിക്കുന്നതെപ്പോൾ?
നക്ഷത്രങ്ങൾക്കു വെള്ളം കിട്ടുന്നതെങ്ങനെ?
തേളു വിഷജന്തുവും
ആന സൗമ്യശീലനുമായതെങ്ങനെ?
ആമയുടെ ധ്യാനവിഷയമെന്താവാം?
നിഴലുകൾ പിൻവലിയുന്നതെവിടെയ്ക്ക്?
മഴയുടെ പാട്ടിന്റെ പല്ലവിയേത്?
കിളികൾ മരിയ്ക്കാൻ പോകുന്നതെങ്ങോട്ട്?
ഇലകൾ പച്ചയായതുമെന്തിന്?
നാമറിയുന്നതത്ര തുച്ഛം,
നാമൂഹിക്കുന്നതോ, അത്രയുമധികം.
അത്ര ക്ളേശിച്ചാലേ നമുക്കു പഠിയൂ,
ചോദ്യങ്ങൾ ചോദിക്കുമ്പോഴേക്കും
മരിച്ചും പോകുന്നു നാം.
അതിലും ഭേദമത്രേ,
ശ്മശാനത്തിലെത്താനായി,
ശ്രാദ്ധനാളെത്താനായി
മാനം കാത്തുവയ്ക്കുക;
നിങ്ങളുടെ തലയോട്ടിയുടെ ഊട്ടകളിലൂടെ
കാറ്റു നൂട്ട നൂഴുമ്പോൾ
എല്ലാ പ്രഹേളികകളും അതു പൊരുളു തിരിയ്ക്കും,
നിങ്ങളുടെ കാതുകളിരുന്ന തുളകളിൽ
പരമാർത്ഥമെന്തെന്നതടക്കം പറയും.
No comments:
Post a Comment