Friday, July 2, 2010

നെരൂദ-ഞാൻ ചില കാര്യങ്ങൾ വിശദീകരിക്കുന്നു

image

 

നിങ്ങൾ ചോദിക്കും:
എവിടെപ്പോയി ലൈലാക്കുകൾ?
പോപ്പിപ്പൂക്കളുടെ കംബളം വിരിച്ച വേദാന്തങ്ങൾ?
തന്റെ വാക്കുകളിൽ
തുളകളും കിളികളും പെയ്ത മഴയും?

എല്ലാ വിശേഷവും ഞാൻ പറയാം.

മാഡ്രിഡിലൊരിടത്തായിരുന്നു
എന്റെ താമസം;
മണികളും മരങ്ങളും
ഘടികാരങ്ങളുമുണ്ടായിരുന്നു അവിടെ.

അവിടെ നിന്നാൽ നിങ്ങൾക്കു കാണാം
തുകലിന്റെ കടല്പ്പരപ്പു പോലെ
സ്പെയിനിന്റെ വരണ്ട മുഖം.
    പൂക്കളുടെ വീടെന്നായിരുന്നു
എന്റെ വീടിനു പേര്‌,
എവിടെയും പൊട്ടിവിരിഞ്ഞു നിന്നിരുന്നില്ലേ
ജെറേനിയം പൂക്കൾ.
നായ്ക്കളും കുട്ടികളുമൊക്കെയായി
കാണാൻ ഭംഗിയുള്ളൊരു വീട്.
    റൗൾ, നിനക്കോർമ്മയുണ്ടോ?
നിനക്കോർമ്മയുണ്ടോ, റഫേൽ?
    ഫെദറിക്കോ, മണ്ണിനടിയില്ക്കിടന്നു നീയോർക്കുന്നുണ്ടോ,
എന്റെ വീടിന്റെ ബാല്ക്കണികൾ?
വേനൽവെയിൽ പൂക്കൾ കൊണ്ടു
നിന്റെ വാ മൂടിയിട്ടുണ്ടവിടെ.
    സഹോദരാ, എന്റെ സഹോദരാ!

എവിടെയും ഒച്ചപ്പാടായിരുന്നു,
ചരക്കുകളുടെ ഉപ്പുചുവയായിരുന്നു,
റൊട്ടികളുടെ ത്രസിക്കുന്ന കൂനകളായിരുന്നു,
എന്റെ ആർഗ്വെയ്സ് ദേശത്തിന്റെ അങ്ങാടിക്കടകൾ,
മീനുകൾക്കിടയിൽ വറ്റിയ മഷിക്കുപ്പി പോലെ ഒരു പ്രതിമയും:
കയിലുകളിൽ എണ്ണ നിറഞ്ഞു,
ആഴ്ന്നുപതിക്കുന്ന കാലടികളും കൈകളും
തെരുവിൽ നിറഞ്ഞു,
മീറ്ററുകൾ, ലിറ്ററുകൾ,
ജീവിതത്തിന്റെ തീക്ഷ്ണരസം,
കൂന കൂട്ടിയ മീനുകൾ,
കാറ്റുകാട്ടി തളരുന്ന തണുത്ത സൂര്യനു ചോടെ
മേല്ക്കൂരകളുടെ ക്ഷേത്രഗണിതം,
ഉന്മത്തരായ ഉരുളക്കിഴങ്ങുകൾ വെളുവെളെ,
കടലിലേക്കു തിരമറിയുന്ന തക്കാളിപ്പഴങ്ങൾ.

ഒരു പ്രഭാതത്തിൽ ഇതൊക്കെയും കത്തിയെരിഞ്ഞു.
ഒരു പ്രഭാതത്തിൽ ഭൂമി പിളർന്നുപൊന്തിയ തീജ്വാലകൾ
മനുഷ്യരെ വെട്ടിവിഴുങ്ങുകയായിരുന്നു-
അതില്പ്പിന്നെ അഗ്നിയായിരുന്നു,
വെടിമരുന്നായിരുന്നു അതില്പ്പിന്നെ,
അതില്പ്പിന്നെ ചോരയായിരുന്നു.

വിമാനങ്ങളും മൂറുകളുമുള്ള കൊള്ളക്കാർ,
മോതിരങ്ങളും പ്രഭ്വിമാരുമുള്ള കൊള്ളക്കാർ,
അനുഗ്രഹം വിതറാൻ കറുത്ത പുരോഹിതന്മാരുള്ള കൊള്ളക്കാർ,
അവർ ആകാശത്തു നിന്നിറങ്ങിവന്നു,
കുഞ്ഞുങ്ങളെ കൊല്ലാൻ,
കുഞ്ഞുങ്ങളുടെ ചോര തെരുവിലൂടെ ഒഴുകിനടന്നു,
കുഞ്ഞുങ്ങളുടെ ചോര പോലെ തന്നെ തടവില്ലാതെ.

കുറുനരികളും വെറുക്കുന്ന കുറുനരികൾ,
മുരത്ത കള്ളിമുള്ളു പോലും ചവച്ചുതുപ്പുന്ന കല്ലുകൾ,
അണലികളുമറയ്ക്കുന്ന അണലികൾ!

നിങ്ങൾക്കു നേർക്കുനേർ നിന്നു ഞാൻ കണ്ടു,
സ്പെയിനിന്റെ രക്തം മുതിർത്തുയരുന്നതും
അഭിമാനത്തിന്റെയും കത്തികളുടെയും ഒറ്റത്തിരയിൽ
നിങ്ങളെ മുക്കിത്താഴ്ത്തുന്നതും!

ചതിയന്മാരായ സേനാധിപന്മാരേ:
എന്റെ മരിച്ച വീടു കാണൂ,
തകർന്നുപോയ സ്പെയിനിനെ നോക്കൂ:
എന്നാലോരോ പുരയിൽ നിന്നും പൂക്കളല്ല,
ഉരുകിയ ലോഹമൊഴുകുന്നു,
സ്പെയിനിലെ ഓരോ കുഴിയിൽ നിന്നും
സ്പെയിൻ പുറത്തുവരുന്നു,
മരിച്ച ഓരോ കുട്ടിയിൽ നിന്നും
കണ്ണുകളുള്ള ഒരു തോക്ക്,
ഓരോ പാതകത്തിൽ നിന്നും വെടിയുണ്ടകൾ,
ഒരുനാളവ നിങ്ങളുടെ നെഞ്ചത്തുന്നം കാണും .

നിങ്ങൾ ചോദിക്കും:
എന്തുകൊണ്ടു തന്റെ കവിത ഉറക്കത്തെയും,ഇലകളെയും,
തന്റെ നാട്ടിലെ കൂറ്റൻ അഗ്നിപർവതങ്ങളെയും കുറിച്ചു
ഞങ്ങളോടു പറയുന്നില്ല?

തെരുവുകളിലെ രക്തം വന്നുകാണൂ,
തെരുവുകളിലെ രക്തം
വന്നുകാണൂ,
തെരുവുകളിലെ
രക്തം വന്നുകാണൂ!

 

 

link to image

1 comment:

ശ്രീനാഥന്‍ said...

come and see the blood in the streets! നെരൂദയുടെ ഈ മാസ്റ്റർപീസ് തർജ്ജമ ഭംഗിയായി ചെയ്തതിനു നന്ദി.