Friday, July 30, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-11

 

ScanImage17

ഒരു തൊഴിലു തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം കിട്ടിയപ്പോഴത്തെ എന്റെ അവസ്ഥയാണു ഞാൻ ഈ പറഞ്ഞത്. അതേ സമയം അങ്ങനെയൊരു സ്വാതന്ത്ര്യം എടുത്തുപയോഗിക്കാനുള്ള കെല്പെനിക്കുണ്ടായിരുന്നോ? ഒരു തൊഴിലിൽ ചേർന്നു വിജയിക്കാമെന്നുള്ള ആത്മവിശ്വാസം എനിക്കു ബാക്കി നില്പ്പുണ്ടായിരുന്നോ? സ്വയം വിലയിരുത്താൻ ഞാനാശ്രയിച്ചത് പുറമേയുള്ള വിജയങ്ങളെയായിരുന്നില്ല, മറിച്ച് അങ്ങയെയായിരുന്നു. ഒരു നിമിഷനേരത്തേക്ക് അതെനിക്കൊരു ബലം നലികിയിരുന്നെവെന്നേയുള്ളു; അതേ സമയം അങ്ങയുടെ ഭാരമാകട്ടെ, എന്നും ബലത്തതായിരുന്നു, എന്നെ വലിച്ചു താഴ്ത്തുന്നതായിരുന്നു. ഞാൻ ഒരു കാലത്തും ഒന്നാം ക്ളാസ്സു കടക്കാൻ പോകുന്നില്ല, ഞാൻ കരുതി- പക്ഷേ ഞാൻ അതൊപ്പിച്ചെടുത്തു; എനിക്കൊരു സമ്മാനം കൂടി കിട്ടി. എന്നാൽ ഞാൻ ജിംനേഷ്യത്തിലേക്കുള്ള പ്രവേശനപരീക്ഷയിൽ എന്തായാലും തോല്ക്കും- ഇല്ല, അങ്ങനെയുമുണ്ടായില്ല, അതിലും ഞാൻ വിജയിച്ചു. പക്ഷേ അതുകൊണ്ട് എനിക്കാത്മവിശ്വാസമുണ്ടായില്ല; എനിക്കുറപ്പായിരുന്നു-അങ്ങയുടെ മുഖത്തെ നിഷേധഭാവം അതിനെനിക്കു മതിയായ തെളിവുമായിരുന്നു- ഞാനെത്രത്തോളം വിജയിക്കുന്നുവോ, അത്രയും മോശമായിരിക്കും തുടർന്നുണ്ടാകാൻ പോകുന്നതെന്ന്. പലപ്പോഴും മനക്കണ്ണിൽ ഞാൻ കണ്ടു, അദ്ധ്യാപകരുടെ ഭയാനകമായ ഒരു യോഗം ചേർന്നിരിക്കുകയാണ്‌, ഞാൻ ഒന്നാം ക്ളാസ്സിൽ ജയിച്ചതെങ്ങനെ, പിന്നെ രണ്ടാം ക്ളാസ്സിൽ ജയിച്ചതെങ്ങനെ, അതും കഴിഞ്ഞു മൂന്നാം ക്ളാസ്സിലും ഞാനെങ്ങനെ വിജയിച്ചു എന്ന അപൂർവവും അപഹാസ്യവുമായ സംഗതി അന്വേഷിച്ചു കണ്ടുപിടിയ്ക്കാൻ; കുട്ടികളിൽ വച്ച് ഏറ്റവും കഴിവു കെട്ടവനും, അറിവില്ലാത്തവനുമായ ഞാൻ എങ്ങനെ ഈ ക്ളാസ്സിൽ കടന്നുകൂടി എന്ന് അവർക്കറിയണം- എല്ലവരുടെയും ശ്രദ്ധ എന്റെ മേലായ സ്ഥിതിയ്ക്ക് സ്വാഭാവികമായും എന്നെ കഴുത്തിനു പിടിച്ച് പുറത്തു തള്ളുകയും ചെയ്യും; ഇങ്ങനെയൊരു പേക്കിനാവിൽ നിന്നു മോചിതരായ മറ്റു നീതിമാന്മാർക്കു സന്തോഷിക്കുകയുമാവാം. മനസ്സിൽ ഇത്തരം ധാരണകളുമായി ജീവിച്ചുപോകാൻ ഒരു കുട്ടിയ്ക്കു സാധ്യമല്ല. സാഹചര്യം ഇതായിരിക്കെ, ഞാനെങ്ങനെ പഠനത്തിൽ ശ്രദ്ധിക്കാൻ? എന്നിൽ താത്പര്യത്തിന്റെ ഒരു തീപ്പൊരി കൊളുത്താൻ ആർക്കാവും?  ക്ളാസ്സുകളിൽ എനിക്കുള്ള താത്പര്യം, ക്ളാസുകളിലെന്നല്ല, ആ നിർണ്ണായകകാലഘട്ടത്തിൽ എനിക്കു ചുറ്റുമുള്ള സകലതിലും എന്റെ താത്പര്യം, ബാങ്കിനെ കബളിപ്പിക്കുന്ന ഒരു ക്ളാർക്ക് താൻ ഏതു നിമിഷവും പിടിക്കപ്പെടുമെന്ന അറിവോടെ, തന്റെ നിത്യജോലിയിൽ കാണിക്കുന്ന താത്പര്യം പോലെയേ ഉണ്ടായിരുന്നുള്ളു. പ്രധാനവിഷയത്തെ അപേക്ഷിച്ച് എത്രയും വിദൂരവും തുച്ഛവുമായിരുന്നു അത്. മെട്രിക്കുലേഷൻ വരെ ഇതിങ്ങനെ പോയി; അതു ഞാൻ ജയിക്കുകയും ചെയ്തു, കള്ളത്തരം കാണിച്ചുകൊണ്ട്; അതോടെ ഒക്കെ നിലയ്ക്കുകയും ചെയ്തു. ഞാൻ ഇപ്പോൾ സ്വതന്ത്രനാണ്‌. ജിംനേഷ്യത്തിലെ  സമ്മർദ്ദങ്ങളൊക്കെ ഇരിക്കെത്തന്നെ തന്നിൽത്തന്നെ മുഴുകിക്കഴിയാൻ എനിക്കു സാധിച്ചിരുന്നുവെങ്കിൽ, സ്വതന്ത്രനായ സ്ഥിതിയ്ക്ക് അതേതു വരെപ്പോകാം? അപ്പോൾ ഒരു തൊഴിൽ തിരഞ്ഞെടുക്കുന്നതിൽ യഥാർത്ഥത്തിൽ ഞാൻ സ്വതന്ത്രനായിരുന്നില്ല, കാരണം എനിക്കറിയാമായിരുന്നു: മുഖ്യവിഷയം മറ്റൊന്നായിരിക്കെ ഏതു തൊഴിലായാലും എനിക്കതൊക്കെ ഒരുപോലെയാണെന്ന്; സ്കൂളിലെ പാഠ്യവിഷയങ്ങളോട് എനിക്കുണ്ടായിരുന്ന അതേ ഉദാസീനത തന്നെയാണ്‌ ഇവിടെയുമുള്ളതെന്ന്. അപ്പോൾ ആ ഉദാസീനതയ്ക്ക് ഇടം കൊടുക്കുന്നതും, എന്റെ ദുരഭിമാനത്തെ അത്രയ്ക്കങ്ങു പരുക്കേല്പ്പിക്കാത്തതുമായ ഒരു തൊഴിൽ തിരഞ്ഞെടുക്കുക എന്നതേ എനിക്കു ചെയ്യാനുള്ളു. സ്വാഭാവികമായും അതി നു പറ്റിയത് നിയമമായിരുന്നു. ദുരഭിമാനത്തിന്റെയോ, മൂഢമായ പ്രതീക്ഷയുടെയുടെയോ പുറത്ത് എതിർദിശയിലേക്കുള്ള ചില ദുർബലമായ പരിശ്രമങ്ങൾ നടത്തിയത്- രണ്ടാഴചത്തെ കെമിസ്റ്റ്റി പഠനം, അല്ലെങ്കിൽ അരക്കൊല്ലത്തെ ജർമ്മൻ- എന്റെ ബോധ്യങ്ങൾ ശരിയാണെന്നു വരുത്താനേ ഉതകിയുള്ളു.  അങ്ങനെ ഞാൻ നിയമം പഠിച്ചു. അതിനർത്ഥം, പരീക്ഷയ്ക്കു മുമ്പുള്ള കുറേ മാസങ്ങൾ സ്വന്തം മാനസികാരോഗ്യം തകർത്തുകൊണ്ട് അക്ഷരാർത്ഥത്തിൽ അറുക്കപ്പൊടി തിന്ന് എനിക്കു ജീവിക്കേണ്ടിവന്നു എന്നാണ്‌; അതാകട്ടെ, എനിക്കു മുമ്പ് ഒരായിരം വായകൾ ചവച്ചുതുപ്പിയതും. ഒരർത്ഥത്തിൽ എന്റെ അഭിരുചിക്കു യോജിച്ചുപോകുന്നതുമായിരുന്നു അതെന്നും പറയാം, ജിംനേഷ്യത്തിലെ പഠനവും പില്ക്കാലത്ത് എനിക്കു കിട്ടിയ ജോലിയുമൊക്കെ; എല്ലാം എന്റെ ദുരവസ്ഥയുമായി പൂർണ്ണമായി ഒത്തുപോകുന്നതു തന്നെ. എന്തായാലും ഇക്കാര്യത്തിൽ ഞാൻ നല്ല ദൂരവീക്ഷണം കാണിച്ചുവെന്നു പറയണം; കുട്ടിയായിരിക്കുമ്പോൾത്തന്നെ എന്റെ പഠനത്തെയും തൊഴിലിനെയും കുറിച്ച് ഏറെക്കുറെ വ്യക്തമായ ഒരു ധാരണ എനിക്കുണ്ടായിരുന്നു. അതുവഴി ഒരു മോക്ഷം ഞാൻ പ്രതീക്ഷിച്ചിരുന്നതല്ല; അതു ഞാൻ പണ്ടേ കൈവിട്ടിരിക്കുന്നു.

പക്ഷേ സ്വന്തം വിവാഹത്തിന്റെ പ്രാധാന്യവും സാധ്യതയും പരിഗണിക്കുന്നതിൽ ഞാൻ അങ്ങനെയൊരു ദീർഘവീക്ഷണം പ്രകടിപ്പിച്ചതേയില്ല. ഇത്, എന്റെ അതേവരെയുള്ള ജീവിതത്തിലെ ഏറ്റവും വലിയ ഭീകരത, ഒരു മുന്നറിയിപ്പുമില്ലാതെയാണ്‌ എന്റെ മേൽ വന്നു പതിച്ചത്. കുട്ടി മുതിർന്നത് അത്ര സാവകാശത്തിലായിരുന്നു; ഇത്തരം കാര്യങ്ങൾ പുറമേയ്ക്കെങ്കിലും അത്ര ദൂരത്തുമായിരുന്നു; ഇടയ്ക്കൊക്കെ അതിനെക്കുറിച്ചൊക്കെ ചിന്തിക്കേണ്ട ആവശ്യം വന്നിരുന്നുവെന്നേയുള്ളു; സ്ഥിരവും നിർണ്ണായകവുമായ ഒരു യാതന, അത്രയും തീക്ഷ്ണവുമായ ഒന്ന്, അതൊരുങ്ങിക്കൊണ്ടിരിക്കുകയാണെന്നു തിരിച്ചറിയാൻ ഒരു വഴിയുമുണ്ടായിരുന്നില്ല. പരമാർത്ഥം പറഞ്ഞാൽ വിവാഹത്തിനുള്ള എന്റെ പരിശ്രമങ്ങൾ അങ്ങയിൽ നിന്നു രക്ഷപ്പെടാനുള്ള വൻതോതിലുള്ള ശ്രമങ്ങളായിരുന്നു, ഞാൻ അത്രയ്ക്കും പ്രതീക്ഷയർപ്പിച്ചതും- അതേ തോതിൽ കനത്തതായിരിക്കും അതിന്റെ പരാജയമെന്നും അതിനർത്ഥമുണ്ടായിരുന്നു.  

1 comment:

Echmukutty said...

ആ‍ദ്യമായി ഈ കത്ത് ഞാൻ വായിയ്ക്കാനിടയായത് ജീവിതത്തിന്റെ പാതാളത്തിൽ വെച്ചായിരുന്നു. പിന്നെപ്പിന്നെ പരാജയം ഉറപ്പായ എന്റെ എല്ലാ പരീക്ഷാ ദിവസങ്ങളിലും ഈ വരികൾ ഞാനോർമ്മിച്ചു.

നന്ദി, സുഹൃത്തെ. ഞാനിവിടെയെത്താൻ വൈകിപ്പോയി. സാരമില്ല. മുഴുവൻ പോസ്റ്റുകളും വായിയ്ക്കാതിരിയ്ക്കാൻ കഴിയില്ലെന്ന് പറഞ്ഞുകൊള്ളട്ടെ.