Saturday, July 31, 2010

നെരൂദ-നേരം പുലരുന്നു: ഇന്നലെയൊന്നാകെയൂർന്നുവീഴുന്നു...


 നേരം പുലരുന്നു: ഇന്നലെയൊന്നാകെയൂർന്നുവീഴുന്നു

വെളിച്ചത്തിന്റെ വിരലുകളിൽ, നിദ്രാണനേത്രങ്ങളിൽ,
പച്ചിലച്ചുവടും വച്ചെത്തും നാളെ:
ആരും തടുക്കില്ല പുലരിയുടെ പുഴയെ.

ആരും തടുക്കില്ല നിന്റെ കൈകളുടെ പുഴയെ,
നിന്റെ നിദ്രാണനേത്രങ്ങളെ, പ്രിയേ.
നടുപ്പകലിനും നിഴലടച്ച സൂര്യനുമിടയിൽ
കാലത്തിന്റെ പ്രകമ്പനം നീ.

അതില്പ്പിന്നെ നിന്നെപ്പൊതിയുന്നു മാനത്തിന്റെ ചിറകുകൾ,
നിന്നെ കോരിയെടുക്കുന്നു, എന്റെ കൈകളിലെത്തിക്കുന്നു,
സമയം തെറ്റാതെ, നിഗൂഢോപചാരത്തോടെ.

അതിനാൽ ഞാൻ കീർത്തിക്കുന്നു പകലിനെ, ചന്ദ്രനെ,
കടലിനെ, കാലത്തെ, ഓരോരോ ഗ്രഹങ്ങളെ,
നിന്റെ ദൈനന്ദിനശബ്ദത്തെ, നിന്റെ നിശാചർമ്മത്തെ.


(പ്രണയഗീതകം-49)