Friday, July 23, 2010

നെരൂദ-നിന്റെ കാലടിയിൽ നിന്നു മുടിയിലേക്കു പരക്കുന്ന വെളിച്ചം...

image

നിന്റെ കാലടിയിൽ നിന്നു മുടിയിലേക്കു പരക്കുന്ന വെളിച്ചം,
നിന്റെ ലോലരൂപത്തെപ്പൊതിയുന്ന നിറവ്,
കടൽമുത്തിന്റേതല്ലത്, തണുത്ത വെള്ളിയുടേതുമല്ലത്:
നിന്നെത്തീർത്തതപ്പം, അഗ്നിയ്ക്കോമനയായ അപ്പം.

നിന്നോടൊത്തു മുളയെടുത്തു ധാന്യങ്ങൾ,
അനുകൂലകാലത്തിലതു നിന്നോടൊത്തു വിളഞ്ഞു,
ഗോതമ്പുമണികൾ നിന്റെ മുലകളെ ഇരട്ടിപ്പിച്ച നേരം
മണ്ണിൽ കാത്തുകിടക്കുന്ന കല്ക്കരിയായി എന്റെ പ്രണയം.

ഹാ, അപ്പം നിന്റെ നെറ്റിത്തടം, അപ്പം നിന്റെ കാലുകൾ, അപ്പം നിന്റെ ചുണ്ടുകൾ,
ഞാൻ വിഴുങ്ങുന്ന അപ്പം, ഓരോ പുലർവെട്ടത്തിനുമൊപ്പം പിറക്കുന്ന അപ്പം,
പ്രിയേ, പലഹാരക്കടകളുടെ കൊടിക്കൂറ നീ,

അഗ്നി നിനക്കു തന്നു ചോരയുടെ ഒരു പാഠം,
ധാന്യം നിന്നെ പഠിപ്പിച്ചു പാവനത്വം,
അപ്പം പഠിപ്പിച്ചു ഭാഷയും പരിമളവും.

(പ്രണയഗീതകം –13)

link to image