Sunday, July 25, 2010

നെരൂദ-ഈ രാത്രിയുടെ വാതിലടയുമ്പോൾ പ്രിയേ...


 

ഈ രാത്രിയുടെ വാതിലടയുമ്പോൾ പ്രിയേ,
നിഴലടഞ്ഞ ദേശങ്ങൾ കടന്നൊരു യാത്ര പോവുക നാം.
നിന്റെ സ്വപ്നങ്ങളടയ്ക്കുക:നിന്റെയാകാശവുമായി എന്റെ കണ്ണിലേയ്ക്കെത്തുക:
പരപ്പാർന്നൊരു പുഴയിലെന്നപോലെന്റെ ചോരയിൽ നിവർന്നു കിടക്കുക.

പൊയ്പ്പോയ നാളുകളുടെ കീറച്ചാക്കുകളിൽ നിത്യേനയെന്നോണം
കൊട്ടിത്തൂവിയ ക്രൂരമായ പകൽവെളിച്ചത്തിനു വിട;
വിട, ഘടികാരങ്ങളുടെയും ഓറഞ്ചുകളുടെയും രശ്മികൾക്കും;
സ്വാഗതം! തമസ്സേ, നിത്യനല്ലാത്ത ചങ്ങാതീ!

ഈ വഞ്ചിയിൽ, ജലത്തിൽ, മരണത്തിൽ, അഥവാ പുതുജീവിതത്തിൽ
വീണ്ടുമൊരുമിക്കുക നാം, ഉറങ്ങിയും ഉയ്രിത്തെഴുന്നേറ്റും:
ചോരയിൽ രാത്രിയുടെ പരിണയമത്രേ നാം.

എനിക്കറിയില്ല ആരു ജീവിക്കുന്നു, മരിക്കുന്നുവെന്ന്, ആരുറങ്ങുന്നു, ഉണരുന്നുവെന്ന്.
എനിക്കറിയാം പക്ഷേ, പ്രഭാതത്തിന്റെ ഉപഹാരങ്ങൾ
എന്റെ നെഞ്ചിലേക്കെത്തിക്കുന്നതു നിന്റെ ഹൃദയമെന്ന്.

 

(പ്രണയഗീതകം-82)

 


No comments: