Tuesday, July 6, 2010

റൂമി-7

 

image

അസ്സലുള്ള മനുഷ്യനാണു നിങ്ങളെങ്കിൽ
പ്രണയത്തിനു പണയം വയ്ക്കുക സർവതും.

അതിനാവില്ല നിങ്ങൾക്കെങ്കിൽ
ഈ കൂട്ടു വിട്ടു പൊയ്ക്കോളൂ.

പാതിമനസ്സു കൊണ്ടെത്തില്ല,
ആ മഹിമാവെന്നോർക്കുക.

ദൈവത്തെത്തേടിയിറങ്ങിയതല്ലേ,
എന്തിനു പിന്നെത്തങ്ങണം
വഴിവക്കിലെ വേശ്യാലയങ്ങളിൽ?

*

നിന്റെ പ്രണയത്തെക്കുറിച്ചോർക്കുമ്പോൾ
തേങ്ങിക്കരഞ്ഞുപോകുന്നു ഞാൻ.
നിന്റെ കാര്യം പറഞ്ഞുകേൾക്കുമ്പോൾ
ഉറക്കത്തിലെന്നപോലെന്തോ കുതറുന്നു
ഒന്നും നടക്കാത്ത നെഞ്ചിനുള്ളിൽ.

*

അന്യോന്യം മുഖം നോക്കി
ആയുസ്സു നാം കഴിച്ചു.
ഇന്നുമതങ്ങനെ.

എങ്ങനെ കാക്കും നാം
നമ്മുടെ പ്രണയരഹസ്യം?
പുരികങ്ങൾ കാര്യം പറയുന്നു,
അതു കേൾക്കുന്നു കണ്ണുകൾ.

*

കുടിലമായ തർക്കമല്ല
പ്രണയത്തിന്റെ രീതികൾ.
ഉന്മൂലനത്തിന്റേതാണാ വാതിൽ.

മാനത്തു കിളികൾ വരയ്ക്കുന്നു
സ്വാതന്ത്ര്യത്തിന്റെ മഹാവൃത്തങ്ങൾ.
അവയ്ക്കാപ്പഠിപ്പെവിടുന്നു കിട്ടി?

വീഴുകയായിരുന്നവ,
വീണുവീണു വരുമ്പോൾ
അവയ്ക്കു ചിറകും കിട്ടി.

*

വെളിച്ചങ്ങൾ വീണുനിറഞ്ഞ
നിശാസാഗരമാണു നാം,
തൊട്ടുതൊട്ടിരിക്കുമ്പോൾ
ചന്ദ്രനും മീനിനുമിടയിലെ-
യിടവുമാണു നാം.

*

ഈയാത്മാവെനിയ്ക്കാരു തന്നു?
പ്രാപ്പിടിയനെപ്പോലെന്റെ കണ്ണുകെട്ടിയവൻ;
വേട്ടയാടാനെന്നെയഴിച്ചുവിടും
ഇനിയധികം വൈകാതെയുമവൻ.

*

ഒരു സഞ്ചാരി കടന്നുപോകുമ്പോൾ
അവൻ പാറ്റിയ പൊടി തങ്ങിനില്ക്കുന്നു.
ആ വഴിയേ പൊടിയ്ക്കുള്ളിലൂടൊന്നു നോക്കൂ,
അകലെയകലെക്കാണാമനന്തത.

*

നല്ല ചെയ്തിക്കും ദുഷ്ചെയ്തിക്കു-
മപ്പുറത്തുണ്ടൊരു പാടം.
നമുക്കു സന്ധിക്കാമവിടെ.
ആ പുല്പ്പരപ്പിലാത്മാവു
മലർന്നുകിടക്കുമ്പോൾ
വാക്കുകളിലൊതുങ്ങില്ല ലോകം.
ഒരർത്ഥവും തോന്നിക്കില്ല
വാക്കുകൾ,ആശയങ്ങൾ,
അന്യോന്യമെന്നു പറഞ്ഞാലും.

No comments: