ഒരുദ്യാനം നിറഞ്ഞുനില്ക്കെ
വഴില്ക്കണ്ട മരത്തിലെ
ശുഷ്കിച്ചൊരത്തിപ്പഴത്തിനാണു
നിനക്കു കൊതി.
നിനക്കു കണ്ണില്പ്പെടുന്നില്ല
സൗന്ദര്യമുള്ളവൾ.
കളിയും ചിരിയുമാണു
നീയൊരു കിഴവിയുമായി.
എനിക്കു കരയാൻ തോന്നുന്നു,
വായ നാറുന്നവൾ,
നഖം കൂർത്തവൾ,
സ്വാദു കെട്ട അത്തിപ്പഴം,
മടങ്ങി,മടങ്ങി
ഉണങ്ങിക്കെട്ട വെള്ളുള്ളി പോലെ-
യൊഴിഞ്ഞവൾ,
അവളുടെ പിടിയില്പ്പെട്ടു-
പോയല്ലോ നീ.
ഒരു പൂവുമില്ല, പാലുമില്ല
തന്റെയുടലിലെങ്കിലും
നിന്റെയരപ്പട്ടയിലവൾ തന്റെ
പിടി മുറുക്കിയല്ലോ.
ഇനിയൊരുനാൾ മരണം വന്നു
നിന്റെ കണ്ണു തുറക്കും,
അന്നു നീയവളുടെ മുഖം കാണും:
ഒരു കരിമ്പൻപല്ലിയുടെ
ചുളിഞ്ഞ ചർമ്മം.
ഇനിയുപദേശിക്കാനില്ല ഞാൻ.
നിന്റെ കൊതി വലിയ്ക്കുമിടത്തേക്കു
പൊയ്ക്കൊൾക നീ.
2 comments:
അതെ, കൊതി മാത്രമാണ് ജീവിതം.
വിരക്തിയെന്ന് പറയുന്നവർക്ക്, വിരക്തിയോടോണ് കൊതി.
എപ്പോഴും വായിയ്ക്കുന്നുണ്ട്.
കമന്റിടാനുള്ള മര്യാദ കാണിയ്ക്കാറില്ലെന്നുമാത്രം.
കൊതി വലിയ്ക്കുന്ന ഇടം..
Post a Comment