Wednesday, July 7, 2010

നെരൂദ-കൊർദോബയിലെ കൊടുങ്കാറ്റുകൾക്ക്

image
ജ്വലിക്കുന്ന നട്ടുച്ച
പൊന്നിന്റെ വാളു പോലെ
വെട്ടിത്തിളങ്ങുന്നു,
പൊടുന്നനേ
ഇടി മുരളുന്നു
ഒരു ചെമ്പൻചെണ്ടത്തലയിൽ
വന്നുവീണ പാറ പോലെ,
ഒരു പതാക
വലിച്ചുകീറുംപോലെ
വെട്ടിപ്പിളരുന്നു വായു,
മാനത്തിനൂട്ട വീഴുന്നു,
അതിലുള്ള വെള്ളമെല്ലാം
പച്ചനിറത്തിൽ
ഭൂമിയിലേക്കു വീഴുന്നു,
ഭൂമിയിൽ ഭൂമിയിൽ
ആട്ടിൻപറ്റങ്ങൾ പുള്ളി കുത്തിയ
ഭൂമിയിൽ.
കോലാഹലം നിറഞ്ഞതത്രെ
മുകളിൽ നിന്നു ചീറ്റുന്ന
വെള്ളത്തിന്റെ വിക്രമം:
നിങ്ങൾ കരുതും
ആകാശത്തൂടെ കുളമ്പടിച്ചുപായുകയാണു
കുതിരകളെന്ന്,
വെള്ളിമലകൾ വീഴുന്നു,
കസേരകളും ചാരുകസേരകളും വീഴുന്നു,
അതിൽപ്പിന്നെ
മിന്നൽപ്പിണർ ഉജ്ജ്വലിക്കുന്നു
കുതിക്കുന്നു
വീശിപ്പായുന്നു,
ആകാശത്തിന്റെ താഡനങ്ങളിൽ
പാടങ്ങൾ കിടുങ്ങുന്നു,
ഇടിമിന്നലുകൾ
ഒറ്റയാൻ മരങ്ങളെ
നരകത്തിന്റെ ഗന്ധകത്തീ വച്ചു
പൊള്ളിക്കുന്നു,
വെള്ളം പിന്നെ
ആലിപ്പഴമാകുന്നു,
അതു ചുമരുകളിടിയ്ക്കുന്നു,
കോഴിക്കൂടുകൾ
തകർക്കുന്നു,
വിരണ്ട തിത്തിരിപ്പക്ഷികളെ
ഒഴുക്കിപ്പായുന്നു,
അടയ്ക്കാക്കുരുവിയെ
കൂട്ടിലേക്കയയ്ക്കുന്നു;
ഒരു പാമ്പു പുളയുന്നു
നിലത്തു വീണ മിന്നൽ പോലെ,
മാനത്തിന്റെ കല്ലേറിൽക്കുഴഞ്ഞ്
ഒരു പ്രാപ്പിടിയൻ വീഴുന്നു,
ഉന്മത്തവും പ്രചണ്ഡവുമായ
ഒരു കാറ്റു പുറപ്പെടുന്നു
മലനിരകളിൽ നിന്ന്,
കെട്ടും പൊട്ടിച്ചതലറിനടക്കുന്നു
താഴവാരങ്ങളിൽ.
കാറ്റൊരു കൂറ്റൻ
ഭ്രാന്തനത്രെ,
ഏതോ കെട്ടുകഥയിൽ നിന്നു
രക്ഷപ്പെട്ടവൻ,
കൈകൾ പരത്തി വീശി
ഗ്രാമങ്ങളിൽ കോലാഹലം കൂട്ടുകയാണവൻ:
ഈ ഭ്രാന്തൻ കാറ്റ്
അതികായരായ പേരാലുകളെ പ്രഹരിക്കുന്നു,
സൗമ്യശീലരായ അരളിമരങ്ങളുടെ
മുടി പിടിച്ചുവലിക്കുന്നു,
മരത്തടികളും വീപ്പകളും
ചില്ലുവണ്ടികളും കട്ടിൽക്കൂടുകളും പേറിപ്പായുന്ന
കുത്തിയൊഴുക്കു പോലെ
ഹുങ്കാരം മുഴക്കുന്നു.
പൊടുന്നനേയതാ,
ലംബമാനമായ
തെളിഞ്ഞ പകൽ
വീണ്ടും വരവാകുന്നു,
അഴിഞ്ഞുലഞ്ഞ മുടിക്കെട്ടിനു
നീലനിറം,
ചോരച്ചുവപ്പായ
സൂര്യനെന്ന പതക്കത്തിനു
വൃത്തമാണാകാരം,
ഒരിലയുമനങ്ങുന്നില്ല,
താരസ്ഥായിയിൽ പാടുന്ന
ഗായികമാരാണു
ചീവീടുകൾ,
സൈക്കിളേറി വരുന്ന പോസ്റ്റുമാൻ
കടലാസുപ്രാവുകൾ പറത്തിവിടുന്നു,
ആരോ ഒരാൾ
കുതിരപ്പുറത്തേറുന്നു,
ഒരു കാളക്കൂറ്റൻ മുക്രയിടുന്നു,
വേനലെത്തിക്കഴിഞ്ഞു
മാന്യരേ,
അല്ലാതൊന്നും
സംഭവിച്ചിട്ടില്ല.


link to image

No comments: