Sunday, August 1, 2010

നെരൂദ-നിന്റെ രാത്രിയെ തൊട്ടില്ല ഞാൻ, നിന്റെ വായുവിനെ, പുലരിയെ...




നിന്റെ രാത്രിയെ തൊട്ടില്ല ഞാൻ, നിന്റെ വായുവിനെ, പുലരിയെ.
ഞാൻ തൊട്ടതു മണ്ണിനെ, കുല കുത്തിയ പഴങ്ങളുടെ നേരിനെ,
തെളിനീരു കാതോർത്തു വിളയുമാപ്പിൾപ്പഴങ്ങളെ,
മരക്കറകൾ വാസനിക്കുന്ന നിന്റെ ദേശത്തെ കളിമണ്ണിനെ.

നിന്റെ കണ്ണുകൾ രൂപമെടുത്ത ക്വിഞ്ചാമാലിയിൽ നിന്ന്
നിന്റെ കാലടികൾ പണിത ഫ്രൊണ്ടേര വരെ
ഞാൻ പരിചയിച്ച കളിമണ്ണു നീ:
നിന്റെയരക്കെട്ടു തൊടുമ്പോൾ ഞാൻ തൊടുന്നതു കതിരിട്ട പാടത്തെ.

അരൗക്കോയിലെപ്പെണ്ണേ, നിനക്കറിയുമോ,
നിന്നെ പ്രണയിക്കും മുമ്പു നിന്റെ ചുംബനങ്ങൾ ഞാൻ മറന്നു ,
ഹൃദയം മറന്നില്ല പക്ഷേ, നിന്റെ ചുണ്ടുകൾ .

മുറിപറ്റിയവനെപ്പോലെ തെരുവുകൾ ഞാനലഞ്ഞു
ഒടുവിൽ ഞാനറിഞ്ഞു പ്രിയേ- കണ്ടെത്തി ഞാനെന്റെയിടം,
ചുംബനങ്ങളുടെയും അഗ്നിപർവതങ്ങളുടെയും ദേശം.

(പ്രണയഗീതകം-5)

ചിത്രം- ഗോഗാങ്ങ് (1897)

No comments: