നിന്റെ കൈകളിലൊന്നുപോലെ നേരാർന്നവൾ, നഗ്നയായ നീ.
അതുപോലെ സ്നിഗ്ധം, സരളം, പൂർണ്ണം, സുതാര്യം, ലൗകികം.
നിന്നിലുണ്ട് ചന്ദ്രന്റെ വടിവുകൾ, ആപ്പിൾത്തോപ്പിലെ നടവഴികൾ,
ഗോതമ്പുകതിർ പോലെ മെലിഞ്ഞവൾ, നഗ്നയായ നീ.
ക്യൂബൻ നാട്ടുരാത്രി പോലെ നീലിച്ചവൾ, നഗ്നയായ നീ,
നിന്റെ മുടിയിലുണ്ട് മുന്തിരിവള്ളികൾ, നക്ഷത്രങ്ങൾ,
പൊന്നു കൊണ്ടൊരു പള്ളിയിൽ വേനലിന്റെ വിലാസം പോലെ
വിപുലം, സുവർണ്ണം, നഗ്നയായ നീ.
നിന്റെയൊരു വിരൽനഖം പോലെ ചെറുതാണു, നഗ്നയായ നീ,
അതുപോലെ സുരൂപം, സൂക്ഷ്മ,മരുണം; പിന്നെ പകലുദയമാവുമ്പോൾ
ഒരു പാതാളലോകത്തിൽ നീ പോയി മറയുന്നു,
ഉടുവസ്ത്രങ്ങളുടെ, ദിനകൃത്യങ്ങളുടെ നെടുവിലത്തിലെന്നപോലെ:
നിന്റെ തെളിമ മങ്ങുന്നു, അതില കൊഴിക്കുന്നു, വസ്ത്രം ധരിക്കുന്നു-
പിന്നെയുമൊരു നഗ്നമായ കൈത്തണ്ട മാത്രമാവുന്നു.
(പ്രണയഗീതകം-27)
link to image
No comments:
Post a Comment