Tuesday, August 17, 2010

നെരൂദ-നിന്നെ മണ്ണറിഞ്ഞിട്ടു നാളേറെയായിരിക്കുന്നു...




നിന്നെ മണ്ണറിഞ്ഞിട്ടു നാളേറെയായിരിക്കുന്നു:
അപ്പം പോലെ, മരക്കാതൽ പോലെ നിബിഡം നീ,
നീയൊരുടൽ, അസ്സലുള്ള സത്തകളുടെ സഞ്ചയം,
നിനക്കുണ്ടൊരു വേലമരത്തിന്റെ ഘനം, പച്ചപ്പയറിന്റെ ഭാരം.

ജനാലകൾ കൊട്ടിത്തുറക്കുംപോലെ നിന്റെ കണ്ണുകൾ വിടരുമ്പോൾ
അതിൽ വെളിച്ചപ്പെടുന്നു വസ്തുക്കൾ;
നിന്റെയുണ്മയ്ക്കെന്റെ തെളിവതുമാത്രമല്ല പക്ഷേ;
കളിമണ്ണിൽ മെനഞ്ഞു ചീഹ്വാനിലെ അതിശയച്ചൂളയിൽ ചുട്ടെടുത്തതാണു നിന്നെ.

ജീവികളലിഞ്ഞുപോവുന്നു വായു പോലെ, ജലം പോലെ, മഞ്ഞു പോലെ;
അവ്യക്തമാണവ, കാലം തൊടുമ്പോൾ കാണാതാവുകയാണവ,
മരിക്കും മുമ്പേ പൊടിഞ്ഞുപോവുകയാണവ.

എന്റെ ശവക്കുഴിയിലെന്നോടൊപ്പമൊരു കല്ലായി നീ വന്നുവീഴും ,
നാം പ്രണയിച്ചുതീർക്കാത്ത നമ്മുടെ പ്രണയത്തിലൂടെ
ഈ മണ്ണു ജീവിക്കും, നമ്മോടൊപ്പം.


(പ്രണയഗീതകം-15)


1 comment:

kavyam said...

എന്താണീ ചീഹ്വന്‍