Wednesday, August 11, 2010

നെരൂദ- എന്റെ വിരൂപേ, തൊലി ചതഞ്ഞൊരു ബദാംകായ നീ...



എന്റെ വിരൂപേ, തൊലി ചതഞ്ഞൊരു  ബദാംകായ നീ,
എന്റെ സുന്ദരീ, തെന്നൽ പോലത്തെ ചാരുത നീ,
എന്റെ വിരൂപേ, രണ്ടു വായകൾക്കുണ്ടല്ലോ നിന്റെ വായ,
എന്റെ സുന്ദരീ, തണ്ണിമത്തൻ പോലെ കുളിരുന്നു നിന്റെ ചുംബനങ്ങൾ.

എന്റെ വിരൂപേ, എവിടെപ്പോയൊളിച്ചു നിന്റെ മാറത്തുള്ളവ?
അവയത്ര തുച്ഛം രണ്ടു കപ്പു  ഗോതമ്പു പോലെ.
എനിക്കു കൊതി നിന്റെ മാറിൽ രണ്ടു ചന്ദ്രന്മാരെ കാണാൻ:
നിന്റെ കോയ്മയുടെ കൂറ്റൻ ഗോപുരങ്ങൾ.

എന്റെ വിരൂപേ, കടലിന്റെ കലവറയിലുമില്ല നിന്റെ കാൽനഖങ്ങൾ,
എന്റെ സുന്ദരീ, ഓരോ പൂവും, തിരയും, നക്ഷത്രവുമെണ്ണി
നിന്റെയുടലിന്റെ കണക്കു ഞാനെടുത്തിരിക്കുന്നു

എന്റെ വിരൂപേ, ആ പൊന്നരക്കെട്ടിനാൽ നിന്നെ ഞാൻ പ്രേമിക്കുന്നു,
എന്റെ സുന്ദരീ, ആ നെറ്റിയിലെ ഒരു ചുളിവിനാൽ നിന്നെ ഞാൻ പ്രേമിക്കുന്നു,
എന്റെ പ്രിയേ,  ഇരുളും വെളിച്ചവുമാണു നീയെന്നതിനാൽ നിന്നെ ഞാൻ പ്രേമിക്കുന്നു.



(പ്രണയഗീതകം-20)



ചിത്രം-ഗോഗാങ്ങ്‌

1 comment:

ajaypisharody said...

നോവുമാത്മാവിനെന്നും
സാന്ത്വനം പകരുവാൻ
വാഴ്വിൽ മറ്റെന്തൗഷധം
കാവ്യം പോൽ, സംഗീതം പോൽ..

Don't do experiments with love.
Why do you picturise your family members in your poems. Why not you capturise pictures from nature..
All human beings are beautiful by creation but humans distort them. Irony of life. This is not an impressive translation.