Thursday, August 12, 2010

നെരൂദ-ഒരു വട്ടം കൂടി പ്രിയേ, പകലിന്റെ വല കെടുത്തുന്നു വേലകൾ,ചക്രങ്ങൾ...



ഒരിക്കല്ക്കൂടി പ്രിയേ, പകലിന്റെ വല കെടുത്തുന്നു ജോലികൾ, ചക്രങ്ങൾ,
പ്രാണൻ പോകുന്ന കുറുകലുകൾ, വിടവാങ്ങലുകൾ...
രാവിനു നാമടിയറ വയ്ക്കുന്നു കാറ്റിലാടുന്ന ഗോതമ്പുകതിരുകൾ,
മണ്ണിലും വെളിച്ചത്തിലും നിന്നു നട്ടുച്ച കൊയ്ത വിളകൾ.

ഒഴിഞ്ഞ താളിൻ നടുവിൽ ഏകാകി ചന്ദ്രൻ,
അവൻ താങ്ങിനില്ക്കുന്നു മാനത്തിന്നഴിമുഖത്തിന്റെ തൂണുകൾ,
കിടപ്പറയ്ക്കു സുവർണ്ണമായൊരാലസ്യം പകരുന്നു,
രാത്രിയ്ക്കൊരുക്കങ്ങൾ നടത്തി നിന്റെ കൈകൾ പെരുമാറുന്നു.

പ്രിയേ, രാത്രീ, പ്രചണ്ഡഗോളങ്ങളെ തിളക്കി,
പിന്നെയവയ മുക്കിത്താഴ്ത്തുന്ന മാനത്തിന്നിരുട്ടിൽ
ഗഹനമായൊരു പുഴ ചൂഴുന്ന കുംഭഗോപുരമേ…

ഒടുവിലൊരേയൊരിരുണ്ടയിടമാവുന്നു നാം,
സ്വർഗ്ഗീയഭസ്മം വന്നുവീഴുന്നൊരു ചഷകം,
അലസമൊഴുകുന്നൊരു വൻപുഴയുടെ തുടിപ്പിലൊരു തുള്ളി.


(പ്രണയഗീതകം-84)


link to image

No comments: