Wednesday, August 25, 2010

നെരൂദ-ഹാ, പൈൻമരങ്ങളുടെ വൈപുല്യമേ...

File:Wheat-Field-with-Cypresses-(1889)-Vincent-van-Gogh-Met.jpg

ഹാ, പൈൻമരങ്ങളുടെ വൈപുല്യമേ, തകരുന്ന തിരകളുടെ മർമ്മരമേ,
വെളിച്ചങ്ങളുടെ വിളംബവിലാസമേ, ഏകാന്തത്തിലെ മണിനാദമേ,
കളിപ്പാവേ, നിന്റെ കണ്ണുകളിൽ ചായുന്നു സന്ധ്യ,
കരയിൽ വീണ ശംഖേ, നിന്റെ നാദത്തിൽ ഗാനം ചെയ്യുന്നു ഭൂമി.
നിന്നിൽപ്പാടുന്നു പുഴകൾ, എന്റെയാത്മാവു പ്രയാണം ചെയ്യുന്നവയിൽ,
നിന്റെ ഹിതം പോലെ, നിന്റെ ഹിതം തേടിയും.
നിന്റെ പ്രത്യാശയുടെ വില്ലിനുന്നമാക്കുകയെന്റെ പാത,
എങ്കിലെന്റെയാവനാഴിയൊഴിക്കുമല്ലോ ഞാ,നുന്മത്തൻ.
നാലുചുറ്റും ഞാൻ കാണുന്നു പുകമഞ്ഞു പോലെ നിന്റെ ജഘനത്തെ,
നിന്റെ മൂകത നായാടുന്നു എന്റെ വ്യഥിതനേരങ്ങളെ;
എന്റെ ചുംബനങ്ങൾ നങ്കൂരമിടുന്നു, എന്റെയീറൻ മോഹം കൂടണയുന്നു
സുതാര്യശിലകളായ നിന്റെ കൈകളിൽ.
ഹാ, മായുന്ന സന്ധ്യയിൽ മാറ്റൊലിക്കൊള്ളുന്നു
പ്രണയമിരുൾ ചാലിച്ച നിന്റെ നിഗൂഢനാദം!
ഗഹനമായ വേളകളിൽ, ഗോതമ്പുപാടങ്ങളിൽ
കതിരുകൾ കാറ്റിന്റെ മണികൾക്കു നാവുകളാവുന്നതും
                                                                 ഞാൻ കണ്ടതങ്ങനെ.

(ഇരുപതു പ്രണയകവിതകള്‍ – 3)

വാന്‍ ഗോഗ് - ഗോതമ്പുപാടം (1889) –വിക്കിമീഡിയ

No comments: