Monday, August 16, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-15

ഞാനിതൊന്നുകൂടി വിശദമാക്കാൻ നോക്കാം. മറ്റെവിടെയുമെന്നതിനെക്കാൾ കൂടുതലായി ഇവിടെയാണ്‌, വിവാഹം കഴിക്കാനുള്ള എന്റെ ഈ ശ്രമത്തിലാണ്‌, അങ്ങയുമായുള്ള എന്റെ ബന്ധത്തിലെ പ്രത്യക്ഷത്തിൽ പരസ്പരവിരുദ്ധമെന്നു തോന്നുന്ന ഘടകങ്ങളുടെ ഏറ്റുമുട്ടൽ തീക്ഷ്ണമാകുന്നത്. പരിപൂർണ്ണമായ ആത്മവിമോചനത്തിനും സ്വാതന്ത്ര്യത്തിനുമുള്ള പ്രതിജ്ഞയാണ്‌ വിവാഹം. എനിക്കൊരു കുടുംബമുണ്ടാകും- എന്റെ അഭിപ്രായത്തിൽ ഒരാൾക്കു കൈവരിക്കാവുന്നതിൽ വച്ചേറ്റവും ഉന്നതമായ നേട്ടമാണത്; എന്നു പറഞ്ഞാൽ, അങ്ങു കൈവരിച്ചവയിൽ വച്ചേറ്റവും ഉന്നതമായതും അതു തന്നെയാണ്‌. അങ്ങനെ ഞാൻ അങ്ങയ്ക്കു തുല്യനാവുന്നു, പഴയതും, പുതിയതുമായ സകല നാണക്കേടുകളും വിസ്മൃതമാവുന്നു. ഇതൊരു യക്ഷിക്കഥ പോലെയാണെന്നതു ഞാൻ സമ്മതിക്കുന്നു; അതിനെ സംശയാസ്പദമാക്കുന്ന ഘടകവും അതു തന്നെ. എത്രയോ അധികമാണത്; അത്രയും കൈവരിക്കുക അസാദ്ധ്യം തന്നെയാണ്‌. തടവിൽ കിടക്കുന്ന ഒരാൾക്ക് അവിടെ നിന്നു രക്ഷപ്പെടാൻ മാത്രമല്ല -അതു ചിലപ്പോൾ സാദ്ധ്യമാകാവുന്നതേയുള്ളു- അതിനൊപ്പം, അപ്പോൾത്തന്നെ, തടവറയുടെ സ്ഥാനത്ത് തനിക്കായി ഒരു സുഖവാസകേന്ദ്രം പണിയാനുള്ള ഉദ്ദേശമാണുള്ളതെന്നു പറയുന്ന പോലെയാണത്. രക്ഷപ്പെടുകയാണെങ്കിൽ അയാൾക്കു തന്റെ പണി നടക്കില്ല; ഇനി പണിയാൻ പോയാലോ, രക്ഷപ്പെടൽ നടക്കുകയുമില്ല. അങ്ങയുമായുള്ള അസന്തുഷ്ടമായ ബന്ധത്തിൽ നിന്ന് എനിക്കൊരു മുക്തി വേണമെങ്കിൽ സാധ്യമായിടത്തോളം അങ്ങയുമായി ഒരു ബന്ധവുമില്ലാത്ത എന്തെങ്കിലുമൊന്നു ഞാൻ ചെയ്യണം; വിവാഹമാണ്‌ ഏറ്റവും ഉന്നതവും മാന്യവുമായ മോചനമാർഗ്ഗമെന്നതിൽ സംശയമില്ല; അതേ സമയം, അങ്ങയോട് ഏറ്റവും അടുത്ത ബന്ധമുള്ളതും അതിനു തന്നെ. അപ്പോൾ പുറത്തുകടക്കാൻ ശ്രമിക്കുക എന്നാൽ അതൊരുതരം ഭ്രാന്താണെന്നേ വരുന്നുള്ളു; ഓരോ ശ്രമത്തിനും ശേഷം ഭ്രാന്തു നിങ്ങൾക്കു ശിക്ഷ കിട്ടുകയും ചെയ്യും.

ഈ അടുത്ത ബന്ധം തന്നെയാണ്‌ ഒരു തരത്തിൽ വിവാഹത്തിലേക്ക് എന്നെ ആകർഷിക്കുന്നതും. അതു മൂലം നമുക്കിടയിൽ വരുന്ന തുല്യതയാണ്‌ എന്റെ മനസ്സിൽ വരുന്നത്; ആ തുല്യത എത്ര മനോഹരമാണെന്ന് മറ്റാരെക്കാളുമേറെയായി അങ്ങയ്ക്കു മനസ്സിലാവുകയും ചെയ്യും: കാരണം, അപ്പോൾ ഞാൻ സ്വതന്ത്രനും, നന്ദിയുള്ളവനും, കുറ്റബോധമില്ലാത്തവനും, സത്യസന്ധനുമായ ഒരു മകനായിരിക്കും; അങ്ങയോ, മനശ്ശല്യങ്ങളകന്ന, അധികാരത്തിന്റെ മുഷ്കില്ലാത്ത, അനുകമ്പാകുലനായ, ചരിതാർത്ഥനായ പിതാവും. പക്ഷേ അങ്ങനെയൊന്നുണ്ടായി വരണമെങ്കിൽ ഇതേവരെ നടന്നതൊക്കെ നടന്നിട്ടില്ലെന്നു ഗണിക്കേണ്ടിവരും, എന്നു പറഞ്ഞാൽ, നമ്മെത്തന്നെ മായ്ച്ചുകളയേണ്ടിവരും.

പക്ഷേ നമ്മൾ നമ്മളായ സ്ഥിതിയ്ക്ക് വിവാഹം എനിക്കു വിലക്കപ്പെട്ടിരിക്കുന്നു; കാരണം അത് അങ്ങയുടെ അധീനത്തിലുള്ള ദേശമത്രെ. ലോകത്തിന്റെ ഭൂപടം ചുരുളഴിച്ചിട്ട് അങ്ങതിൽ നീണ്ടുനിവർന്നു കിടക്കുന്നതായി ഞാൻ ചിലനേരം സങ്കല്പ്പിച്ചുപോകാറുണ്ട്. അങ്ങയുടെ ശരീരം മറയ്ക്കാത്തതോ, അങ്ങയുടെ കൈ എത്താത്തതോ ആയ പ്രദേശം മാത്രമേ എനിക്കു ജീവിക്കാനായി വിധിക്കപ്പെട്ടിട്ടുള്ളു എന്നെനിക്കു തോന്നിപ്പോവും. അങ്ങയുടെ വ്യാപ്തിയെക്കുറിച്ചുള്ള എന്റെ സങ്കല്പം വച്ചു നോക്കുമ്പോൾ അങ്ങനെയുള്ള പ്രദേശങ്ങൾ എത്രയും ചുരുക്കമാണ്‌, അത്രയും വിഷണ്ണവുമാണവ- വിവാഹം അതിൽ പെടുന്നുമില്ല.

ഈ താരതമ്യം തന്നെ തെളിവാണ്‌, ബിസിനസ്സിൽ നിന്നെന്നപോലെ വിവാഹത്തിൽ നിന്നും സ്വന്തം ദൃഷ്ടാന്തം വഴി അങ്ങെന്നെ ആട്ടിയോടിക്കുകയായിരുന്നുവെന്നു സമർത്ഥിക്കാനല്ല എന്റെ ശ്രമമെന്ന്. നേരേ മറിച്ചാണത്- എന്തൊക്കെ വിദൂരസാമ്യമുണ്ടായാൽപ്പോലും. അങ്ങയുടേത് എന്റെ കണ്മുന്നിലുള്ള മാതൃകാദാമ്പത്യമായിരുന്നു -സ്ഥിരതയിൽ, പരസ്പരസഹായത്തിൽ, കുട്ടികളുടെ എണ്ണത്തിൽ; കുട്ടികൾ വളർന്ന് അങ്ങയുടെ മനസ്സമാധാനത്തെ അധികമധികം ശല്യപ്പെടുത്താൻ തുടങ്ങിയപ്പോൾക്കൂടി അങ്ങയുടെ വിവാഹബന്ധത്തെ അതു കാര്യമായി സ്പർശിച്ചതേയില്ല. ഈ ഉദാഹരണത്തിൽ നിന്നായിരിക്കാം വിവാഹത്തെക്കുറിച്ചുള്ള എന്റെ ആദർശം രൂപപ്പെട്ടതും. വിവാഹത്തിനുള്ള എന്റെ ആഗ്രഹം നിഷ്ഫലമായിപ്പോയത് മറ്റു ചില കാരണങ്ങളാലായിരുന്നു. സ്വന്തം കുട്ടികളുമായുള്ള അങ്ങയുടെ ബന്ധത്തിലാണതു കിടക്കുന്നത്- ഈ കത്തിന്റെ ഒറ്റവിഷയവും അതു തന്നെ.

സ്വന്തം അച്ഛനമ്മമാരോടു ചെയ്ത പാതകങ്ങൾക്ക് പില്ക്കാലത്ത് തന്റെ കുട്ടികൾ അതേ നാണയത്തിൽ പകരം വീട്ടുമോയെന്ന ഭീതി കാരണമാണ്‌ ചിലർ വിവാഹം കഴിക്കുന്നതിൽ നിന്നൊഴിഞ്ഞുമാറുന്നതെന്നു പറഞ്ഞുകേട്ടിട്ടുണ്ട്.എന്റെ കാര്യത്തിൽ അതു പ്രസക്തമേയല്ലെന്നാണ്‌ എന്റെ വിശ്വാസം; കാരണം എന്റെ കുറ്റബോധം ഉത്ഭവിക്കുന്നതുതന്നെ അങ്ങയിൽ നിന്നുമാണ്‌; തുല്യതയില്ലാത്തതാണതെന്ന ബോധവും അതിനുണ്ട്- സത്യത്തിൽ ആ ബോധം തന്നെ എന്റെ ആത്മപീഡനത്തിനു കാര്യമായ പങ്കു വഹിക്കുകയും ചെയ്യുന്നു: ഒരാവർത്തനം അസാദ്ധ്യമാണ്‌. എന്തായാലും മിണ്ടാട്ടമില്ലാത്ത, മ്ളാനിയായ, ഉത്സാഹമില്ലാത്ത, ചിന്താകുലനായ ഒരു പുത്രനെ എനിക്കു തന്നെ സഹിക്കാൻ പറ്റില്ലെന്നേ ഞാൻ പറയൂ; ഞാൻ അവനെ കളഞ്ഞിട്ട് ഓടിപ്പോയേക്കാം; എന്റെ വിവാഹത്തിന്റെ കാര്യം വന്നപ്പോൾ അങ്ങാദ്യം ആലോചിച്ചപോലെ, മറ്റൊരു നാട്ടിലേക്കു ഞാൻ കുടിയേറിയെന്നും വന്നേക്കാം. അപ്പോൾ വിവാഹത്തിന്റെ കാര്യത്തിലുള്ള എന്റെ കഴിവുകേടിന്‌ അതും ഭാഗികമായ ഒരു കാരണമായിട്ടുണ്ടാവാം.

പക്ഷേ അതിലൊക്കെ വച്ച് ഏറ്റവും പ്രധാനമായിരുന്നു എന്നെച്ചൊല്ലിയുള്ള എന്റെ ഉത്കണ്ഠ. അതിനെ മനസ്സിലാക്കേണ്ടത് ഈ വിധമാണ്‌: നേരത്തേ ഞാൻ സൂചിപ്പിച്ചതാണല്ലോ, എന്റെ എഴുത്തും അതിനോടു ബന്ധപ്പെട്ട കാര്യങ്ങളും വഴി സ്വാതന്ത്ര്യത്തിനുള്ള ചെറിയ ചില ശ്രമങ്ങൾ, പലായനത്തിനുള്ള ശ്രമങ്ങൾ, ഒട്ടും ഫലം കാണാത്തവയും, ഞാൻ നടത്തിയിരുന്നുവെന്ന്. അതൊന്നും എന്നെ എങ്ങും കൊണ്ടെത്തിക്കാൻ പോകുന്നില്ല: അതിനുള്ള തെളിവുകൾ എത്രയെങ്കിലും എന്റെ കൈവശമുണ്ട്. എന്നാൽക്കൂടി എനിക്കവയെ കാത്തു സൂക്ഷിക്കാതെ വയ്യ- കൃത്യമായി പറഞ്ഞാൽ ജീവിതം തന്നെ എനിക്കിതായിരുന്നു: എനിക്കു തടുക്കാവുന്ന ഒരപകടവും- അതിനുള്ള സാദ്ധ്യത പോലും- അവയെ സമീപിക്കാതെ നോക്കുക. അങ്ങനെയൊരു അപകടസാദ്ധ്യതയാണു വിവാഹം; ശരി തന്നെ, ഏറ്റവും വലിയ പിന്തുണയ്ക്കുള്ള സാദ്ധ്യതയുമാണത്; പക്ഷേ ഒരപകടത്തിനുള്ള സാദ്ധ്യതയാണതെന്നതു തന്നെ എനിക്കു മതിയായ കാരണമായി. അതങ്ങനെയൊരപകടമായിപ്പോയാൽ ഞാനെന്തു ചെയ്യും! അങ്ങനെയൊരപകടത്തെക്കുറിച്ചുള്ള ബോധവുമായി- തെളിവില്ലെങ്കില്ക്കൂടി നിസ്തർക്കമാണത്- എങ്ങനെ ഞാനൊരു വിവാഹബന്ധം തുടർന്നുകൊണ്ടുപോകും! അതിനെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ എന്റെ മനസ്സൊന്നു ചാഞ്ചാടുമെങ്കില്ക്കൂടി അനന്തരഫലം സുനിശ്ചിതമാണ്‌: അതു കൂടാതെ ഞാൻ കഴിക്കണം. കൈയിലുള്ള ഒരു പക്ഷിയെയും പൊന്തയിലുള്ള മറ്റു രണ്ടിനെയും കുറിച്ചുള്ള ഉപമ അതിവിദൂരമായ ഒരർത്ഥത്തിലേ ഇവിടെ പ്രയോഗത്തിൽ വരുന്നുള്ളു. എന്റെ കൈയിൽ യാതൊന്നുമില്ല: പൊന്തയിലാവട്ടെ, എല്ലാമുണ്ടു താനും. എന്നാൽക്കൂടി എനിക്കു തിരഞ്ഞെടുക്കേണ്ടി വരുന്നത് ഒന്നുമില്ലായ്മയെയാണ്‌; എന്റെ സമരവും എന്റെ ജീവിതത്തിന്റെ അടിയന്തിരാവശ്യങ്ങളും അങ്ങനെയൊരു തീരുമാനത്തിന്‌ എന്നെ നിർബന്ധിക്കുകയാണ്‌. എന്റെ തൊഴിലിന്റെ കാര്യത്തിലും ഇങ്ങനെയൊരു തിരഞ്ഞെടുപ്പാണല്ലോ എനിക്കു നടത്തേണ്ടിവന്നത്.


link to image


2 comments:

kavyam said...

ആത്മ ഭാഷണം

G.manu said...

വിവര്‍ത്തനങ്ങള്‍ക്ക് ഒരുപാട് നന്ദി മാഷേ