നോവിൽ നിന്നു നോവിലേക്കു തുരുത്തുകൾ താണ്ടുന്നു പ്രണയം,
കണ്ണീരു തേവിത്തേവിയതു വേരുകളിറക്കുന്നു,
ഹൃദയമൊരു മാംസഭോജി; അതൊളിവേട്ടയ്ക്കിറങ്ങുമ്പോൾ
ആർക്കുമാർക്കുമാവില്ലതിനെത്തടുക്കാൻ.
നീയും ഞാനുമതിനാൽത്തേടി ഒരു മാളം, ഒരന്യഗ്രഹം,
നിന്റെ മുടിയെത്തൊടില്ലുപ്പിന്റെ പരലുകളവിടെ,
ഞാനായിട്ടൊരു ദുരിതം പിറക്കില്ലവിടെ,
വേദനയിൽ നിന്നു മുക്തമായിരിക്കുമപ്പമവിടെ.
ദൂരങ്ങളുമടിക്കാടുകളും കണ്ണികോർത്തൊരു ഗ്രഹം,
നിഷ്ഠുരവും നിർജ്ജനവുമായൊരു ശിലാകൂടം:
അവിടെ ബലത്തൊരു കൂടു കൂട്ടാൻ നാം കൊതിച്ചു,
ക്ഷതങ്ങളില്ലാതെ, മുറിപ്പാടുകളില്ലാതെ, വാക്കുകളില്ലാതെ.
അതല്ല പ്രണയം പക്ഷേ: അതുന്മാദികളുടെ നഗരം;
വരാന്തകളിൽ വിളറിവെളുക്കുന്നു ആ നഗരവാസികൾ.
(പ്രണയഗീതകം-71)
No comments:
Post a Comment