Thursday, August 19, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-16

 

പക്ഷേ വിവാഹത്തിന്‌ എനിക്കുള്ള ഏറ്റവും വലിയ വിഘാതമായി ഞാൻ കണ്ടത് എന്നിൽ അത്രയ്ക്കാഴത്തിൽ വേരോടിയ ഈയൊരു ബോധ്യമായിരുന്നു: ഒരു കുടുംബത്തിനു വഴികാട്ടുക പോകട്ടെ, അതിനെ പരിപാലിക്കാൻ തന്നെ അങ്ങയിൽ സ്വാഭാവികമായി ഇഴുകിച്ചേർന്നിരിക്കുന്നതായി ഞാൻ കണ്ട നല്ലതും ചീത്തയുമായ സകലതും വേണ്ടിയിരിക്കുന്നു. എന്നു പറഞ്ഞാൽ, ശക്തി, പരപുച്ഛം, നല്ല ആരോഗ്യം, ഒരു പരിധി വരെയുള്ള അമിതത്വം, സംഭാഷണവൈഭവം, അനഭിഗമ്യത, ആത്മവിശ്വാസം, മറ്റാരിലും തൃപ്തിയില്ലായ്മ, ലോകത്തിനു മേൽ ഒരധീശത്വമനോഭാവം, സ്വേച്ഛാപരത, മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള ജ്ഞാനം, ആരിലും വിശ്വാസമില്ലായ്മ, ഒപ്പം, ഒരു ന്യൂനതയുമില്ലാത്ത മറ്റു ഗുണങ്ങൾ, പരിശ്രമശീലം, മനസ്സാന്നിദ്ധ്യം, ധൈര്യം എന്നിവയും. അതേസമയം ഇതിലൊന്നുപോലും എനിക്കില്ല, ഉണ്ടെങ്കിൽത്തന്നെ അത്രയും കുറഞ്ഞ അളവിലും; അങ്ങനെയുള്ള ഞാനാണാണോ ഒരു വിവാഹമെന്ന സാഹസത്തിനൊരുമ്പെടുക- അതും സ്വന്തം ദാമ്പത്യത്തിൽ അങ്ങയ്ക്കു തന്നെ എന്തുമാത്രം മല്ലു പിടിയ്ക്കേണ്ടിവരുന്നുവെന്നും, സ്വന്തം മക്കളുടെ കാര്യത്തിൽ അങ്ങൊരു തികഞ്ഞ പരാജയമായിരിക്കുന്നുവെന്നും കണ്മുന്നിൽ കണ്ടുകൊണ്ടിരിക്കെ? ഇങ്ങനെയൊരു ചോദ്യം വാച്യമായി ഞാൻ സ്വയം ചോദിച്ചിരുന്നുവെന്നല്ല, അതിനൊരു മറുപടി വാച്യമായി ഞാൻ നല്കിയിരുന്നുവെന്നുമല്ല; അല്ലാതെ സാമാന്യബോധം വച്ചുതന്നെ എനിക്കതു കൈകാര്യം ചെയ്യാവുന്നതേയുണ്ടായിരുന്നുള്ളു; അങ്ങയെക്കണക്കല്ലാത്ത മറ്റു ചിലരെ ( ഉദാഹരണത്തിന്‌ റിച്ചാർഡമ്മാവൻ) എനിക്കു ചൂണ്ടിക്കാണിക്കാമായിരുന്നു; അതൊന്നും കണക്കാക്കാതെ എനിക്കു വിവാഹം കഴിക്കാമായിരുന്നു; ഞാനതിനടിയില്പ്പെട്ടു ഞെരിഞ്ഞുതകർന്നില്ലെന്നും വരുമായിരുന്നു- അതുതന്നെ വലിയൊരു കാര്യമാകുമായിരുന്നു, എന്നെ സംബന്ധിച്ചിടത്തോളം അതുതന്നെ അധികമായിരുന്നു. പക്ഷേ ഞാൻ അങ്ങനെയൊരു ചോദ്യം ചോദിക്കാൻ പോയില്ല; മറിച്ച് കുട്ടിക്കാലം മുതലേ അനുഭവമായിരുന്നല്ലോ എനിക്കത്. വിവാഹത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഓരോ കൊച്ചുകാര്യത്തിലും ഞാൻ ആത്മപരിശോധന നടത്തിയിരുന്നു; സ്വന്തം ദൃഷ്ടാന്തവും ശിക്ഷണവും കൊണ്ട് അങ്ങെന്നെ എന്റെ കഴിവില്ലായ്മ ബോദ്ധ്യപ്പെടുത്തിയിരുന്ന ഓരോ കൊച്ചുകാര്യത്തിലും. ഓരോ ചെറിയ കാര്യത്തിലും ശരിയാകുന്നതും, അതിലൊക്കെ അങ്ങയുടെ ഭാഗം ശരിയായിരുന്നുവെന്നു വരുന്നതുമായ ഒന്ന് ഏറ്റവും വലിയ കാര്യത്തിൽ, വിവാഹത്തിന്റെ കാര്യത്തിലും ശരിയായിരുന്നേ പറ്റൂ. വിവാഹത്തിനുള്ള ശ്രമങ്ങൾ നടത്തുന്നതു വരെയുള്ള എന്റെ ജീവിതം മനശ്ശല്യങ്ങളും വിപൽസൂചനകളുമിരിക്കെത്തന്നെ കണക്കുകളൊന്നും കൃത്യമായി വയ്ക്കാൻ മിനക്കെടാതെ അന്നന്നത്തെ കാര്യം തള്ളിക്കൊണ്ടുപോകുന്ന ഒരു വ്യാപാരിയുടേതായിരുന്നു. ചെറിയ ചില ലാഭങ്ങൾ ഉണ്ടാക്കുന്നത് അത്രയും അപൂർവമായതിനാൽ അയാൾ അതിനെ മനസ്സിലിട്ടു താലോലിക്കുകയും, തന്റെ ഭാവനയിൽ അതിനെ പെരുപ്പിച്ചു കാണുകയും ചെയ്യുമ്പോൾത്തന്നെ ബാക്കിയൊക്കെ നഷ്ടങ്ങളാണയാൾക്ക്. എല്ലാം കണക്കിൽ കൊള്ളിക്കുമ്പോൾത്തന്നെ വരവും ചെലവും പൊരുത്തപ്പെടുത്താൻ അയാൾ മുതിരുന്നില്ല. അപ്പോഴാണ്‌ അയാൾ കണക്കുകൾ ശരിപ്പെടുത്തേണ്ട കാലം വരുന്നത്, എന്നു പറഞ്ഞാൽ വിവാഹം ചെയ്യാനുള്ള എന്റെ ശ്രമമുണ്ടാകുന്നത്. അന്നുവരെയുള്ള വലിയ തുകകൾ കണക്കു കൂട്ടിനോക്കുമ്പോൾ ഉണ്ടായ ചെറിയ ലാഭങ്ങൾ പോലും ഒന്നുമല്ലാതെയാകുന്നു, ശേഷിക്കുന്നത് അത്രയും വമ്പിച്ച ഒരൊറ്റ ബാധ്യതയും. ഭ്രാന്തു പിടിക്കാതെ ഇനി പോയി വിവാഹം കഴിച്ചോളൂ!

ഇങ്ങനെ അവസാനിക്കുന്നു അങ്ങയുമൊത്ത് ഇതുവരെയുള്ള എന്റെ ജീവിതം; ഭാവിയിലേക്ക് അതു കരുതിവച്ചിരിക്കുന്നതും ഈ വിധം.

No comments: