Tuesday, August 31, 2010

സ്ബിഗ്നിയെഫ് ഹെർബെർട്ട്- ഗദ്യകവിതകൾ- 1


വായനശാലയിൽ നടന്നത്

ചുവന്ന മുടിക്കാരി ഒരു പെൺകുട്ടി ഒരു കവിതയ്ക്കു മേൽ കുനിഞ്ഞിരിക്കുകയാണ്‌. കുന്തം പോലെ കൂർത്ത പെൻസിൽ കൊണ്ട് അവൾ വാക്കുകളെ വെളുത്ത കടലാസ്സിലേക്കു പകർത്തുന്നു; അവയെ വരികളും സ്വരചിഹ്നങ്ങളും യതികളുമായി പരാവർത്തനം ചെയ്യുന്നു. മരിച്ചുവീണ കവിയുടെ വിലാപമിതാ, ഉറുമ്പുകൾ കാർന്നുതിന്നൊരുടുമ്പിനെപ്പോലെ.

വെടിയൊച്ചക്കൾക്കിടയിൽ ഞങ്ങളവനെ ചുമന്നുകൊണ്ടുപോകുമ്പോൾ ചൂടു വിടാത്ത അവന്റെയുടൽ വചനത്തിൽ ഉയിത്തെഴുന്നേല്ക്കുമെന്നായിരുന്നു എന്റെ വിശ്വാസം. ഇന്നിതാ, വാക്കുകളുടെ മരണം കണ്ടുനില്ക്കെ ജീർണ്ണതയ്ക്കതിരില്ലെന്നു ഞാനറിയുന്നു. നമ്മൾ അവശേഷിപ്പിച്ചുപോകുന്നത് കരിമണ്ണിൽ ചിതറിയ വാക്കുകളൂടെ തുണ്ടുകൾ മാത്രമായിരിക്കും. ഇല്ലായ്മയ്ക്കും ചാരത്തിനും മേൽ ചില ഉച്ചാരണചിഹ്നങ്ങൾ.


മരിച്ചവർ

കാറ്റും വെളിച്ചവും കടക്കാത്തൊരിടത്തൊതുങ്ങിക്കഴിയേണ്ടിവന്നതിനാൽ അവരുടെ മുഖങ്ങളപ്പാടെ മാറിപ്പോയിരിക്കുന്നു. സംസാരിക്കാൻ അവർക്കത്രമേൽ കൊതിയുണ്ടെങ്കിലും പൂഴിമണ്ണ്‌ അവരുടെ ചുണ്ടുകളെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു. ചില വേളകളിൽ മാത്രമേ അവർ വായുവിൽ അള്ളിപ്പിടിച്ച് ശിശുക്കളെപ്പോലെ ചേലില്ലാതെ തലയുയർത്തിപ്പിടിക്കാൻ നോക്കുന്നുള്ളു. യാതൊന്നും അവർക്കുന്മേഷം നല്കുന്നില്ല, ക്രിസാന്തമങ്ങളും മെഴുകുതിരികളുമൊന്നും. തങ്ങളുടെ അവസ്ഥയുമായി രഞ്ജിപ്പിലെത്താൻ അവർക്കാകുന്നില്ല, തങ്ങൾ വസ്തുക്കളാണെന്ന അവസ്ഥയുമായി.


കൊച്ചുപട്ടണം

പകൽ പഴങ്ങളും കടലുമുണ്ട്, രാത്രിയിൽ നക്ഷത്രങ്ങളും കടലും. ഒരു കുമ്പിൾ നിറയെ പ്രസരിപ്പാർന്ന നിറങ്ങളാണ്‌ ഡി ഫിയോറി തെരുവ്. ഉച്ച. പച്ചത്തണലത്ത് സൂര്യൻ വെള്ളവടി കൊണ്ടു തല്ലുന്നു. ഒരു വാകത്തോപ്പിൽ മൂരിക്കാളകൾ നിഴലുകൾക്കു സ്തുതി ചൊല്ലുന്നു. എന്റെ പ്രണയാഭ്യർത്ഥനയ്ക്കു ഞാൻ തെരഞ്ഞെടുത്തത് ആ മുഹൂർത്തം. കടൽ നിഷ്പന്ദമാവുന്നു, കൊച്ചുപട്ടണമോ, അത്തിപ്പഴം വില്ക്കുന്ന പെൺകുട്ടിയുടെ മാറിടം പോലെ വിങ്ങുകയും ചെയ്യുന്നു.


ഏഴു മാലാഖമാർ

എല്ലാ പ്രഭാതത്തിലും ഏഴു മാലാഖമാർ പ്രത്യക്ഷരാവുന്നു. കതകിനു മുട്ടാൻ നില്ക്കാതെ അവർ കടന്നുവരുന്നു. ഒരു മാലാഖ എന്റെ നെഞ്ചിൽ നിന്ന് എന്റെ ഹൃദയം പറിച്ചെടുക്കുന്നു. മറ്റുള്ളവരും അതുതന്നെ ചെയ്യുന്നു. പിന്നെ അവരുടെ ചിറകുകൾ കൊഴിയുകയും, അവരുടെ മുഖങ്ങൾ വെള്ളിനിറം മാഞ്ഞ് കരിഞ്ചുവപ്പാവുകയും ചെയ്യുന്നു. മെതിയടികൾ അമർത്തിച്ചവിട്ടി അവർ പുറത്തു പോവുന്നു. ഒരൊഴിഞ്ഞ കൊച്ചു മൺകുടം പോലെ അവർ എന്റെ ഹൃദയത്തെ ഒരു കസേരയിൽ ഉപേക്ഷിച്ചിരിക്കുന്നു. ഒരു ദിവസമാകെ വേണ്ടിവരുന്നു എനിക്കതിനെ വീണ്ടും നിറച്ചെടുക്കാൻ; അല്ലെങ്കിൽ അടുത്ത പ്രഭാതത്തിൽ മാലാഖമാർ വന്നുപോകുമ്പോൾ വെള്ളിനിറമായിരിക്കുമെനിക്ക്, ചിറകുകളുമുണ്ടാവും.


തുന്നൽക്കാരി

തോരാത്ത മഴയായിരുന്നു കാലത്തു മുഴുവൻ. തെരുവിനപ്പുറത്തുള്ള ഒരു സ്ത്രീയുടെ അടക്കമാണന്ന്. ഒരു തുന്നൽക്കാരി. അവൾ സ്വപ്നം കണ്ടത് ഒരു വിവാഹമോതിരം; അവൾ മരിച്ചതോ ഒരു വിരലുറയുമായി. എല്ലാവർക്കും അതൊരു തമാശയായി. ബഹുമാന്യനായ മഴ ആകാശത്തെ ഭൂമിയോടിഴചേർക്കുന്നു. അതുകൊണ്ടും ഫലമുണ്ടാകാൻ പോകുന്നില്ല.


കഫേ

ഗ്ളാസ്സിൽ ഒന്നുമില്ലെന്ന് പെട്ടെന്നു നിങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നു; നിങ്ങൾ ചുണ്ടിലേക്കു വയ്ക്കുന്നത് ഒരു ഗർത്തമാണ്‌. മാർബിൾ മേശകൾ മഞ്ഞിന്റെ അലകുകൾ പോലെ ഒഴുകിമായുന്നു. കണ്ണാടികൾ മാത്രം കണ്ണാടികളെ കണ്ണിറുക്കിക്കാണിക്കുന്നു; അവർക്കു മാത്രമേ അനന്തതയിൽ വിശ്വാസമുള്ളു.

എട്ടുകാലിയുടെ കൊല്ലുന്ന കുതിപ്പിനു കാത്തുനില്ക്കാതെ രക്ഷപ്പെടാനുള്ള സമയമാണിത്. വേണമെങ്കിൽ രാത്രിയിൽ മടങ്ങിവന്ന് താഴ്ത്തിയ പാളികൾക്കിടയിലൂടെ അകത്ത് ഫർണീച്ചറിന്റെ കശാപ്പുശാല നിങ്ങൾക്കു കണ്ടുനില്ക്കുകയുമാവാം. മൃഗീയമായി കൊല ചെയ്യപ്പെട്ട കസേരകളും മേശകളും പുറമടിച്ചു കിടക്കുന്നു; അവയുടെ കാലുകൾ ചുണ്ണാമ്പുവായുവിൽ എറിച്ചു നില്ക്കുന്നു.


ലവൽ ക്രോസ് കാവല്ക്കാരൻ

176 എന്നാണ്‌ അയാളുടെ പേര്‌; ഒരു ജനാലയുള്ള വലിയൊരു മൺകട്ടയിലാണ്‌ അയാളുടെ താമസം. അയാൾ-ചലനത്തിൽപ്പെട്ട ഒരു കീഴുദ്യോഗസ്ഥൻ- പുറത്തു വന്ന് പാഞ്ഞുപോകുന്ന തീവണ്ടികളെ കുഴമാവു പോലെ ഭാരം തൂങ്ങുന്ന കൈകൾ കൊണ്ട് സല്യൂട്ടു ചെയ്യുന്നു.

മൈലുകളോളം ഒന്നും കാണാനില്ല. ഒരു കയറ്റവും നടുവിൽ ഒറ്റപ്പെട്ട മരങ്ങളുടെ ഒരു കാവുമായി ഒരു സമതലം. മരങ്ങൾ ഏഴുണ്ടെന്നറിയാൻ മുപ്പതു കൊല്ലം നിങ്ങൾ അവിടെ കഴിയണമെന്നുമില്ല.


ഹെര്‍ബെര്‍ട്ട്-വിക്കിപീഡിയ ലിങ്ക്