നമ്മുടെ പ്രണയകാലം കടന്നുപോകും,
മറ്റൊരു നീലിമ വന്നുചേരും;
അതേയസ്ഥികളെ മൂടും മറ്റൊരു ചർമ്മം:
വസന്തത്തെ നോക്കിനില്ക്കും മറ്റുചില കണ്ണുകൾ.
നമ്മുടെ കാലത്തെ കെട്ടിയിടാൻ വെമ്പിയവർ,
പുകയുടെ വ്യാപാരികൾ, ഗുമസ്തന്മാർ,
ക്രയവിക്രയക്കാർ, കൈമാറ്റത്തൊഴിലുകാർ,
തങ്ങൾ നെയ്ത ചരടുകളില്പ്പിണഞ്ഞു കിടക്കുമവർ.
കടന്നുപോകും കണ്ണട വച്ച ക്രൂരദൈവങ്ങൾ,
പുസ്തകം കൈയിലെടുത്ത രോമാവൃതസത്വം,
പച്ചച്ചെള്ളുകളും, ചിലപ്പൻകിളികളും.
ലോകം പുതുമയിൽ കുളിച്ചുകേറുമ്പോൾ
ജലത്തിൽ പിറവിയെടുക്കും മറ്റുചില കണ്ണുകൾ,
കണ്ണീരു നനയ്ക്കാതെ വിളയും ഗോതമ്പുകതിരുകൾ.
(പ്രണയഗീതകം-96)
1 comment:
പ്രിയ ശ്രീ രവികുമാര്‍,
കാഫ്‌കയെ മലയാളത്തില്‍ വായിച്ചാണ് താങ്കളെ പരിചയം,ആദ്യം.അന്ന് തൃശൂര്‍ കറന്റ് ബുക്‌സില്‍ അതിന്റെ കൈയെഴുത്തുപ്രതിയെത്തുമ്പോള്‍ ഞാനവിടെ ജോലിക്കാരനായിരുന്നു.പബ്ലിക്കേഷനില്‍.
പരിഭാഷ കൃത്യമായും പിന്തുടരുന്നു.വേറിട്ട പരിശ്രമം.അഭിനന്ദനങ്ങള്‍.
Post a Comment