ഞാൻ മരിച്ചാലതിജീവിക്കുകയത്രയുമൂറ്റത്തോടെ,
അതുകണ്ടു ക്ഷോഭിക്കട്ടെ തണുപ്പും വിളർച്ചയും;
തെക്കുദിക്കിൽ പാളട്ടെ മായാത്ത നിന്റെ കണ്ണുകൾ,
സൂര്യനിലേക്കൊച്ചപ്പെടട്ടെ നിന്റെ ഗിത്താറിന്റെ വദനം.
നിന്റെ ചിരിയും നിന്റെ ചുവടുകളുമിടറുന്നതെനിക്കിഷ്ടമല്ല,
ഞാനിഷ്ടദാനം നല്കിയ ചിരി മരിക്കുന്നതെനിക്കിഷ്ടമല്ല.
എന്റെ നെഞ്ചിലേക്കു വിളിക്കരുത്: ഞാനവിടെയില്ല.
എന്റെയഭാവത്തിൽ ജീവിക്കുക ഒരു വീട്ടിലെന്നപോലെ.
അത്രയും വിസ്തൃതമായൊരു വീടാണത്, അഭാവം:
നിനക്കു നടക്കാമതിന്റെ ചുമരുകൾക്കുള്ളിലൂടെ,
വെറും വായുവിൽ തൂക്കിയിടാം ചിത്രങ്ങൾ.
അത്രയും സുതാര്യമായൊരു വീടാണത്, അഭാവം:
ജീവനില്ലാത്ത എനിക്കു കാണാം ജീവനോടുള്ള നിന്നെ.
നീ സങ്കടപ്പെട്ടാൽ പ്രിയേ, മരിക്കുമേ ഞാൻ രണ്ടാമതും.
(പ്രണയഗീതകം-94)
No comments:
Post a Comment