Monday, August 9, 2010

നെരൂദ-പ്രണയമതിന്റെ രുചിയെന്നിൽപ്പടർത്തിയെങ്കിൽ...



പ്രണയമതിന്റെ ചുണ്ടുകളെന്നിൽപ്പടർത്തിയെങ്കിൽ!
വസന്തമില്ലാതൊരു നിമിഷം പോലും ഞാനറിയാതിരുന്നെങ്കിൽ!
ദുഃഖത്തിനു ഞാൻ വിറ്റതെന്റെ കൈകൾ മാത്രം,
അതിനാൽ പ്രിയേ, തന്നിട്ടു പോവുക നിന്റെ ചുംബനങ്ങൾ.

നിന്റെ പരിമളം കൊണ്ടു മറയ്ക്കുക പകൽവെളിച്ചം,
നിന്റെ മുടി കൊണ്ടടയ്ക്കുക വാതിലുകളൊക്കെയും,
ഉറക്കം ഞെട്ടി ഞാൻ കരഞ്ഞാൽ -മറക്കരുതേ-
ഞാനൊരു ബാലൻ, സ്വപ്നത്തിൽ വഴി തെറ്റിയവൻ.

രാത്രിയുടെയിലകൾക്കിടയിലവൻ തിരയുന്നു നിന്റെ കൈകൾ,
ഗോതമ്പുകതിരുകൾ കണക്കെ നിന്റെ ലാളനകൾ,
നിഴലിന്റെ, ചൈതന്യത്തിന്റെ കണ്ണഞ്ചുന്ന പ്രഹർഷം.

ഒരു നിഴല്ക്കോട്ടയാണു പ്രിയേ,  ഈ സ്വപ്നരാത്രി,
അതിലെനിക്കു തുണ വരിക പിരിയാതെ നീ,
പുലരി പിറക്കുന്ന നേരമായെന്നു നീ പറഞ്ഞിട്ടറിയട്ടെ ഞാൻ.

(പ്രണയഗീതകം-21)




1 comment:

ajaypisharody said...

പ്രണയകാവ്യങ്ങൾ വേനൽ,
വർഷം, വസന്തം ശൈത്യം, ഹേമന്തം,ശരത്
എന്നിവപൊലെ മാറി മാറി ഒഴുകുന്നു
ഇങ്ങനെ പ്രണയിച്ച് പ്രണയിച്ച്
ഒരു താജ്മഹൽ പണിയുക
പലർക്കും വേണ്ടി.