നമ്മൾ രണ്ടുപേരും കുറ്റക്കാരല്ലെന്നതിന് ഏറ്റവും വ്യക്തമായ ഉദാഹരണമാണിതെന്നു തോന്നുന്നു. ഏ ബീ-യ്ക്ക് ചില ഉപദേശങ്ങൾ നല്കുകയാണ്, ഒന്നുമൊളിയ്ക്കാതെയും തന്റെ ജീവിതവീക്ഷണത്തിനു നിരക്കുന്നതും; അത്ര സുന്ദരമൊന്നുമല്ലെങ്കിലും നഗരത്തിൽ പതിവുള്ളതാണത്; ഒരുപക്ഷേ ആരോഗ്യത്തിനു കേടു വരുത്താത്തതും. ഈ ഉപദേശം ബീ-യ്ക്ക് ഒരുതരത്തിലുള്ള ധാർമ്മികബലവും നല്കുന്നില്ല; വർഷങ്ങളുടെ പരിചയം കൊണ്ട് അയാൾ അപകടത്തിന്റെ വഴിയിൽ നിന്നു മാറിനടക്കാൻ പഠിക്കുമെന്നു കരുതാതിരിക്കാൻ ന്യായവുമില്ല; അതിനൊക്കെപ്പുറമേ, അയാൾ ഇങ്ങനെ ഒരുപദേശം സ്വീകരിച്ചുകൊള്ളണമെന്ന നിർബന്ധവുമില്ല; എന്തായാലും, ബി-യുടെ ലോകം തകർന്നു തരിപ്പണമാകാൻ പോകുന്ന അവസരത്തിലൊന്നുമല്ല ഉപദേശം ഉണ്ടായിരിക്കുന്നതും. അങ്ങനെയൊന്നാണു പക്ഷേ സംഭവിച്ചത്- അതിനു കാരണം അങ്ങ് എ ആയതും ഞാൻ ബി ആയതും.
നമ്മൾ രണ്ടുപേരും പഴി കേൾക്കേണ്ടവരല്ലെന്നത് വിശാലമായ ഒരർത്ഥത്തിൽ കാണാനും എനിക്കു കഴിയുന്നുണ്ട്; നമ്മൾ തമ്മിൽ ഇതു പോലൊരു ഏറ്റുമുട്ടൽ ഇരുപതു വർഷത്തിനു ശേഷം വ്യത്യസ്തമായ ഒരു സന്ദർഭത്തിൽ നടന്നിരിക്കുന്നല്ലോ. നടന്നുകഴിഞ്ഞ സ്ഥിതിയ്ക്ക് അതു ഭീകരം തന്നെയായിരുന്നുവെങ്കിലും ഹാനികരമായിരുന്നില്ല- മുപ്പത്താറു കഴിഞ്ഞ എന്നിൽ ഹനിക്കാനായി എന്തിരിക്കുന്നു ബാക്കി?. വിവാഹം കഴിക്കാനുള്ള എന്റെ അവസാനത്തെ പദ്ധതിയെക്കുറിച്ച് അങ്ങയോടു പറഞ്ഞതിനെത്തുടർന്നുള്ള കലുഷമായ ദിവസങ്ങളിലൊന്നിൽ അങ്ങു നടത്തിയ ഒരു അഭിപ്രായപ്രകടനത്തിന്റെ കാര്യമാണു ഞാൻ പരാമർശിക്കുന്നത്. അങ്ങു പറഞ്ഞതിന്റെ ഏകദേശരൂപം ഇതായിരുന്നു: ‘അവൾ ഏതോ ബ്ലൗസു നോക്കിയെടുത്തിട്ടുകൊണ്ടുവന്നു-പ്രേഗിലെ ജൂതത്തികൾക്ക് അതൊക്കെ നല്ല വശമാണല്ലോ-, അതു കണ്ടപാടെ നീ അവളെക്കേറിയങ്ങ് കല്യാണം കഴിക്കാനും തീരുമാനിച്ചു. എത്രയും വേഗം, ഒരാഴ്ചയ്ക്കുള്ളിൽ, നാളെ, ഇന്നുതന്നെ. എനിക്കു നിന്റെ മനസ്സിലിരുപ്പു പിടികിട്ടുന്നില്ല; മുതിർന്ന ഒരുത്തൻ; നഗരത്തിൽ ജീവിക്കുന്നവൻ; എന്നിട്ട് ആദ്യം കാണുന്ന പെണ്ണിനെ പോയി വിവാഹം കഴിക്കാനേ നിനക്കു തോന്നിയുള്ളു? ഇതിനൊക്കെ വേറെ വഴികളൊന്നുമില്ലേ? നിനക്കു പേടിയാണെങ്കിൽ പറഞ്ഞോ, ഞാൻ കൂടെ വരാം.‘ ഇത്രയൊന്നുമല്ല അങ്ങു പറഞ്ഞത്, ഇതിനെക്കാൾ വെട്ടിത്തുറന്നുമാണ്; പക്ഷേ എനിക്കതിന്റെ വിശദാംശങ്ങൾ ഓർമ്മയിൽ വരുന്നില്ല; എന്റെ കാഴ്ച മങ്ങിപ്പോയിരിക്കണം; അമ്മയുടെ പെരുമാറ്റമാണു ഞാൻ കൂടുതൽ ശ്രദ്ധിച്ചത്: അങ്ങയുടെ അഭിപ്രായത്തോടു പൂർണ്ണമായ യോജിപ്പായിരുന്നുവെങ്കിലും മേശപ്പുറത്തു നിന്ന് എന്തോ എടുത്തുകൊണ്ട് അമ്മ മുറി വിട്ടു പോവുകയായിരുന്നു.
മുമ്പൊരിക്കലും അങ്ങെന്നെ വാക്കുകൾ കൊണ്ട് ഇത്രയും മുറിപ്പെടുത്തിയിട്ടുണ്ടാവില്ല, തന്റെ അവജ്ഞ ഇത്രയും തുറന്നു പ്രകടിപ്പിച്ചിട്ടുമില്ല. ഇരുപതുകൊല്ലം മുമ്പ് ഇതേ മാതിരി അങ്ങെന്നോടു സംസാരിക്കുമ്പോൾ പ്രായത്തിൽ കവിഞ്ഞ മിടുക്കു കാണിക്കുന്ന ഒരു കുട്ടിയോടുള്ള ബഹുമാനം അങ്ങയുടെ കണ്ണുകളിൽ കണ്ടെത്താമായിരുന്നു; ഇനിയും പൊന്തയിൽ തല്ലി നേരം കളയാതെ ഇവനെ നേരേ ജീവിതത്തിലേക്കു കടത്തിവിടാവുന്നതേയുള്ളു. ഇന്നു പക്ഷേ ആ പരിഗണന അങ്ങയുടെ അവജ്ഞയുടെ ആഴം കൂട്ടുകയാണു ചെയ്യുക; എന്തെന്നാൽ ജീവിതത്തിലേക്കു കാലെടുത്തു വയ്ക്കാൻ തുടങ്ങിയ കുട്ടി അവിടെത്തന്നെ തറഞ്ഞുനിന്നുപോയിരിക്കുന്നു; അങ്ങയുടെ കണ്ണിൽ ഇന്നവന് ഒരനുഭവത്തിന്റെയെങ്കിലും സമ്പത്തുണ്ടായിട്ടില്ല, മറിച്ച് ഇരുപതു കൊല്ലത്തിന്റെ ദൈന്യതയാണ് അവൻ കൂട്ടിവച്ചിരിക്കുന്നത്. ഞാൻ ഒരു പെൺകുട്ടിയെ തിരഞ്ഞെടുക്കുന്നത് അങ്ങയെ സംബന്ധിച്ച് ഒരു വിഷയമേ ആയിരുന്നില്ല. ഒരു സംഗതി നടത്തിക്കൊണ്ടുപോകാനുള്ള എന്റെ ആത്മബലത്തെ അങ്ങ് (അബോധപൂർവമായി) അമർത്തിപ്പിടിക്കുകയായിരുന്നു; ഇന്നാകട്ടെ, അതിനിത്ര വിലയേയുള്ളുവെന്ന് അങ്ങ് (അബോധപൂരവമായി) വിശ്വസിക്കുകയും ചെയ്യുന്നു. രക്ഷപ്പെടാൻ മറ്റു ദിശകളിലൂടെ ഞാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് അങ്ങയ്ക്കു യാതൊന്നുമറിയില്ലായിരുന്നു, അതിനാൽ ഈ വിവാഹശ്രമത്തിലേക്ക് എന്നെ നയിച്ച ചിന്താധാരയെക്കുറിച്ചും അങ്ങയ്ക്കു യതൊരു ധാരണയുമുണ്ടായില്ല; അതങ്ങയ്ക്ക് ഊഹിച്ചെടുക്കേണ്ടിയിരുന്നു; ആ നിഗമനമാകട്ടെ, എന്നെക്കുറിച്ച് അങ്ങയ്ക്കുള്ള പൊതുധാരണയ്ക്ക് ചേർന്നുപോകുന്നതുമായിരുന്നു: അത്രയ്ക്കു താണതും, നിന്ദ്യവും, അപഹാസ്യവും. ആ രീതിയിൽത്തന്നെ അതെന്റെ മുഖത്തു നോക്കിപ്പറയാനും അങ്ങയ്ക്ക് ഒരു നിമിഷം പോലും അറച്ചുനില്ക്കേണ്ടിയും വന്നില്ല. ഈ വിവാഹം വഴി ഞാൻ അങ്ങയ്ക്കു വരുത്തുന്ന പേരുദോഷത്തിനു മുന്നിൽ അന്ന് അങ്ങെനിക്കേല്പ്പിച്ച ദ്രോഹം ഒന്നുമല്ലെന്നായിരുന്നു അങ്ങയുടെ അഭിപ്രായം.
വിവാഹം കഴിക്കാനുള്ള എന്റെ ശ്രമങ്ങളുടെ കാര്യത്തിൽ അങ്ങയ്ക്കു തിരിച്ചുപറയാൻ എന്തൊക്കെയുണ്ടെന്ന് എനിക്കറിയാത്തതല്ല: അതൊക്കെ അങ്ങു പറയുകയും ചെയ്തിട്ടുണ്ട്- എഫ്-ഉമായുള്ള വിവാഹനിശ്ചയത്തിൽ നിന്ന് രണ്ടു തവണ ഒഴിഞ്ഞുമാറിയിട്ട് വീണ്ടുമതു പുതുക്കാൻ നോക്കുന്ന ഒരാളുടെ തീരുമാനങ്ങളിൽ തനിക്കത്ര മതിപ്പില്ലെന്നും, വിവാഹനിശ്ചയം ആഘോഷിക്കാൻ അച്ഛനെയും അമ്മയെയും ബർലിനിലേക്കു ഞാൻ ബലമായി പിടിച്ചുവലിച്ചു കൊണ്ടുപോയിട്ട് അതെല്ലാം വൃഥാവിലായെന്നുമൊക്കെ. അതൊക്കെ സത്യം തന്നെ- പക്ഷേ അങ്ങനെയൊന്നിലേക്കു കാര്യങ്ങൾ എത്തിയതെങ്ങനെ?
രണ്ടു വിവാഹശ്രമങ്ങൾക്കും പിന്നിലെ അടിസ്ഥാനപരമായ ആശയം തികച്ചും ന്യായം തന്നെയായിരുന്നു: കുടുംബമായി ജീവിക്കുക, സ്വതന്ത്രനാവുക. അങ്ങയ്ക്ക് അഹിതം തോന്നേണ്ട ആശയമൊന്നുമല്ല അത്; പക്ഷേ, ഇങ്ങനെയൊരു കുട്ടിക്കളിയുണ്ടല്ലോ, ഒരാൾ മറ്റൊരാളുടെ കൈയിൽ പിടിച്ചിട്ട്, ശരിക്കും പിടിച്ചുവച്ചിട്ട്, ഇങ്ങനെ വിളിച്ചുപറയുകയാണ്: ‘പൊയ്ക്കോ, പൊയ്ക്കോ, താനെന്താ പോകാത്തത്?’ അതു പോലെയാണത് യഥാർത്ഥത്തിൽ. നമ്മുടെ കാര്യത്തിൽ അതല്പ്പം കൂടി സങ്കീർണ്ണമാണെന്നേയുള്ളു; കാരണം, ‘പൊയ്ക്കോ’ എന്നു പറയുമ്പോൾ അങ്ങതു ശരിക്കും അർത്ഥമാക്കുക തന്നെയാണ്; അങ്ങയുടെ വ്യക്തിബലം കൊണ്ട് താനറിയാതെ തന്നെ അങ്ങെന്നെ പിടിച്ചുനിർത്തുകയായിരുന്നല്ലോ; ശരിക്കു പറഞ്ഞാൽ പിടിച്ചുതാഴ്ത്തുകയായിരുന്നു.
രണ്ടു പെൺകുട്ടികളുടെ കാര്യത്തിലും എന്റെ തിരഞ്ഞെടുപ്പ് ഒട്ടും മോശമായിരുന്നില്ല, എനിക്കവർ വീണുകിട്ടുകയായിരുന്നു എന്നതു ശരിയാണെങ്കിൽത്തന്നെയും. ഭീരുവും, സംശയാലുവും, അമാന്തക്കാരനുമായ ഞാൻ പെട്ടെന്ന് ഒരു ബ്ലൗസിന്റെ ആകർഷണത്തിൽ വീണുപോയിട്ട് ഒരു തീരുമാനമെടുത്തു എന്ന് അങ്ങു വിശ്വസിക്കുമ്പോൾ അങ്ങയുടെ തികഞ്ഞ തെറ്റിദ്ധാരണയുടെ മറ്റൊരു ലക്ഷണമാണു പ്രകടമാവുന്നത്. മറിച്ച് സാമാന്യയുക്തിക്കു ചേരുന്ന വിവാഹങ്ങളാകുമായിരുന്നു രണ്ടും, രാവും പകലും, ആദ്യത്തെത്തവണ വർഷങ്ങളായി, രണ്ടാമത്തെത്തവണ മാസങ്ങളും, ആ പദ്ധതിയിൽ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു എന്റെ ചിന്താശേഷിയൊക്കെ എന്നാണ് അതുകൊണ്ടർത്ഥമാക്കുന്നതെങ്കിൽ.
രണ്ടുപേരിൽ ഒരാളും എന്നെ നിരാശപ്പെടുത്തിയില്ല- ഞാനാണ് ഇരുവരെയും നിരാശപ്പെടുത്തിയത്. ഇന്ന് എനിക്കവരെക്കുറിച്ചുള്ള വിലയിരുത്തൽ ഞാൻ അവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന കാലത്തേതിൽ നിന്ന് ഒട്ടും മാറിയിട്ടില്ല.
എന്റെ രണ്ടാമത്തെ ശ്രമത്തിന്റെ കാര്യത്തിൽ എനിക്കാദ്യമുണ്ടായ അനുഭവത്തിൽ നിന്നു ഞാൻ പാഠം പഠിച്ചില്ല , മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഞാനൊരു ഗൗരവം കാണിച്ചില്ല എന്നുള്ള അങ്ങയുടെ ചിന്തയും യാഥാർത്ഥ്യത്തിനു നിരക്കുന്നതല്ല. അതു രണ്ടും രണ്ടാണ്- ആദ്യത്തേതിൽ നിന്നുള്ള അനുഭവങ്ങൾ കൊണ്ടുതന്നെയാണ് രണ്ടാമത്തേതിൽ എനിക്കു പ്രതീക്ഷയുണ്ടായതും; അതിൽ കൂടുതൽ പ്രത്യാശയ്ക്കും ഞാൻ വഴി കണ്ടു. വിശദാംശങ്ങളിലേക്കൊന്നും ഞാൻ പോകുന്നില്ല.
എന്നിട്ടു പിന്നെ ഞാനെന്തുകൊണ്ടു വിവാഹം ചെയ്തില്ല? ചില തടസ്സങ്ങളുണ്ടായിരുന്നു, എവിടെയുമെന്നപോലെ; ജീവിതമെന്നത് എന്തായാലും അത്തരം തടസ്സങ്ങളെ കണക്കിലെടുത്തുതന്നെ മുന്നോട്ടു പോവുകയുമാണല്ലോ. പക്ഷേ അടിസ്ഥാനപരമായ തടസ്സം, ഒറ്റയൊറ്റ തടസ്സങ്ങളുമായി അതിനു ബന്ധമൊന്നുമില്ല, വിവാഹത്തിന് മാനസികവും ആത്മീയവുമായി കഴിവുള്ളവനല്ല ഞാൻ എന്നതായിരുന്നു. അതിന്റെ ബാഹ്യമായ ലക്ഷണങ്ങളായിരുന്നു, വിവാഹം കഴിക്കാൻ തീരുമാനമെടുത്ത നിമിഷം മുതൽ എന്റെ ഉറക്കം നഷ്ടപ്പെട്ടു എന്നത്; രാവും പകലും എന്റെ തല പൊള്ളുകയാണ്; എന്റേത് ജീവിതമേ അല്ലാതായിക്കഴിഞ്ഞു; നൈരാശ്യത്തിൽ വീണു ചഞ്ചലപ്പെടുകയാണു ഞാൻ. ഈ അവസ്ഥ വരുത്തിവച്ചത് എന്റെ ആധികളാണെന്നു ഞാൻ പറയുന്നില്ല, എന്റെ വിഷാദസ്വഭാവവും, ചുഴിഞ്ഞുനോക്കാനുള്ള പ്രവണതയും കാരണം എണ്ണമറ്റ വേവലാതികൾ പിന്നാലെ കൂടുന്നതിൽ അസ്വാഭാവികത ഒന്നുമില്ലെംകിലും. ഇതൊന്നുമല്ല പക്ഷേ, നിർണ്ണായകമായ ഘടകം; ശവം തിന്നുതീർക്കുന്ന പുഴുക്കളെപ്പോലെയേയുള്ളു അവ; ശരിക്കും നിർണ്ണായകമായ പ്രഹരം വരുന്നത് മറ്റൊരിടത്തു നിന്നാണ്. ഉത്കണ്ഠയുടെയും ബലഹീനതയുടെയും ആത്മനിന്ദയുടെയും ഒരുമിച്ചുള്ള സമ്മർദ്ദമാണത്.
image courtesy-The Huffington Post
No comments:
Post a Comment